by Midhun HP News | May 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മെയ് പതിമൂന്നോടു കൂടി ഇത്തവണത്തെ കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം
നാളെ ( വ്യാഴാഴ്ച) രാത്രി 11.30 വരെ കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല എഒ മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍ (വളപട്ടണം മുതല്‍ ന്യൂ മാഹി വരെ), കാസര്‍കോട് (കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) ജില്ലകളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തീരങ്ങളില്‍ 0.5 മുതല്‍ 0.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറക്കുന്നത് ഒഴിവാക്കേണ്ടതാണ്. ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
by Midhun HP News | May 7, 2025 | Latest News, ദേശീയ വാർത്ത
ഇസ്ലാമാബാദ്: ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യന്‍ നടപടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാന്‍. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാന്‍ പ്രദേശത്തെ ഒമ്പതിടങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രമുഖ നേതാക്കളുടെതുള്‍പ്പെടെ പ്രതികരണം പുറത്തുവന്നത്. ഇന്ത്യയുടെ നടപടിക്ക് എതിരെ തിരിച്ചടിക്കാന്‍ പാകിസ്ഥാന് അവകാശമുണ്ടെന്നായിരുന്നു വിഷയത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആദ്യ പ്രതികരണം.
‘ഇന്ത്യന്‍ നടപടിക്ക് എതിരെ പാകിസ്ഥാന്‍ ശക്തമായ മറുപടി നല്‍കും. മുഴുവന്‍ രാഷ്ട്രവും പാകിസ്ഥാന്‍ സായുധ സേനയ്ക്കൊപ്പം നില്‍ക്കും. ശത്രുവിനെ എങ്ങനെ നേരിടണമെന്ന് പാകിസ്ഥാനും പാക് സൈന്യത്തിനും അറിയാം. എതിരാളികളുടെ ദുഷ്ട ലക്ഷ്യങ്ങൾ വിജയിക്കാന്‍ ഒരിക്കലും അനുവദിക്കില്ല,’ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
ഇന്ത്യന്‍ ആക്രമണത്തോടുള്ള പ്രതികരണങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് പാകിസ്ഥാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അത്തൗല്ല തരാര്‍ പ്രതികരിച്ചു. പാക് സൈന്യത്തിന്റെ പ്രതികരണങ്ങള്‍ക്ക് പൗരന്‍മാരുടെ പൂര്‍ണ പിന്തുണയുണ്ടാകും. സമാധാനം ആഗ്രഹിക്കുന്ന ജനതയാണ് പാകിസ്ഥാനിലേത്. എന്നാല്‍ വെല്ലുവിളികളെ നേരിടും. അതിനെതിരെ മുഴുവന്‍ രാഷ്ട്രവും പ്രതികരിക്കും, തുര്‍ക്കിയിലെ ടിആര്‍ടി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ തരാര്‍ വ്യക്തമാക്കുന്നു.
പ്രകോപനമില്ലാതെ ഇന്ത്യ യുദ്ധത്തിന് മുതിരുന്നു എന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പ്രതികരിച്ചു. ‘ഇന്ത്യയുടെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ് കൊല്ലപ്പെട്ടത് എന്നും പാകിസ്ഥാന്‍ ആരോപിച്ചു. ഭീകരവാദം എന്ന വ്യാജ ആരോപണം ഉന്നയിച്ച് ഇന്ത്യ പ്രാദേശിക സമാധാനം ഇല്ലാതാക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യയുടെ നടപടി രണ്ട് ആണവായുധ രാഷ്ട്രങ്ങളെയും ഒരു വലിയ സംഘര്‍ഷത്തിലേക്ക് നയിക്കുകയാണ്’ എന്നും പ്രസ്താവന മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യയുടെ നടപടികളോട് യുഎന്‍ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍-51 അനുസരിച്ചും അന്താരാഷ്ട്ര നിയമം അനുസരിച്ചും പ്രതികരിക്കാനുള്ള അവകാശം പാകിസ്ഥാനുണ്ട്. പാകിസ്ഥാന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കുന്നതിന് വേണ്ട നടപടികളുമായി മുന്നോട്ട് പോകുമെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകര പരിശീലന കേന്ദ്രങ്ങള്‍ ആണ് ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യ ആക്രമിച്ചത്. മര്‍കസ് സുബ്ഹാന്‍ അല്ലാ ബഹവല്‍പൂര്‍, മര്‍കസ് തൈബ, മുരിദ്കെ, സര്‍ജല്‍ / തെഹ്‌റ കലാന്‍, മെഹ്മൂന ജോയ ഫെസിലിറ്റി, സിയാല്‍കോട്ട്. മര്‍കസ് അഹ്ലെ ഹദീസ് ബര്‍ണാല, ഭീംബര്‍. മര്‍കസ് അബ്ബാസ്, കോട്ലി. മസ്‌കര്‍ റഹീല്‍ ഷാഹിദ്, കോട്‌ലി ജില്ല. മുസാഫറാബാദിലെ ഷവായ് നല്ല കാം. മര്‍കസ് സയ്യിദ്‌ന ബിലാല്‍ എന്നിവിടങ്ങളിലാണ് ആക്രമണം.
by Midhun HP News | May 7, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 400 രൂപയാണ് വര്‍ധിച്ചത്. ഇന്ന് 72,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 50 രൂപ വര്‍ധിച്ചു. 9075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്.
സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയുന്നതാണ് കണ്ടത്. 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലായിരം രൂപയാണ് താഴ്ന്നത്. തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. മൂന്ന് ദിവസത്തിനിടെ 2500 രൂപയാണ് വര്‍ധിച്ചത്.രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
by Midhun HP News | May 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മെയ് പതിമൂന്നോടെ കാലവര്‍ഷം എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് പത്താം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്താം തീയതി വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
ജാഗ്രതാ നിര്‍ദേശങ്ങള്‍
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
by Midhun HP News | May 6, 2025 | Latest News, കേരളം
തൃശൂര്‍: പൂരാവേശത്തെ ഉച്ചസ്ഥായിലെത്തിച്ച് പതിനായിരങ്ങളുടെ മനസ്സിലും മാനത്തും കാഴ്ചയുടെ നിറക്കൂട്ട് ചാര്‍ത്തി കുടമാറ്റം വാനില്‍ ഉയര്‍ന്നു. കുടമാറ്റത്തിനായി പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ തെക്കോട്ടിറങ്ങി നേര്‍ക്കുനേര്‍ നിന്നതോടെയാണ് കുടമാറ്റം ആരംഭിച്ചത്. ആദ്യം പാറമേക്കാവാണ് പുറത്തേക്ക് ഇറങ്ങിയത്. തിരുവമ്പാടിയും പുറത്തേക്ക് ഇറങ്ങിയതോടെയാണ് തേക്കിന്‍കാട് മൈതാനത്ത് കുടമാറ്റത്തിന്റെ വര്‍ണവിസ്മയ കാഴ്ചകള്‍ നിറഞ്ഞത്. മേടമാസത്തിലെ ചൂടിലും പൂരനഗരിയില്‍ ആവേശം അലയടിക്കുകയാണ്. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിത്തറമേളം കലാശിച്ചതിന് പിന്നാലെയാണ് തെക്കോട്ടിറക്കം ആരംഭിച്ചത്. വടക്കുന്നാഥന്‍ മതില്‍ക്കെട്ടിനു പുറത്ത് തിരുവമ്പാടിയുടെ പാണ്ടിമേളം ഇതേസമയത്ത് ആരാധകരെ ആവേശത്തിലാക്കി. ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ആയിരുന്നു പ്രമാണം.
തിരുവമ്പാടിയുടെ മഠത്തില്‍ വരവ് ആസ്വാദകരുടെ ഹൃദയം കവര്‍ന്നു. കോങ്ങാട് മധു ആയിരുന്നു പ്രമാണി. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേന്തി. പൂരാവേശത്തെ പരകോടിയിലെത്തിച്ചാണ് തൃശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്. വടക്കുന്നാഥന്റെ കിഴക്കേ ഗോപുരം കടന്ന് ക്ഷേത്രം വലംവച്ച് പാറമേക്കാവ് ഭഗവതി ഇലഞ്ഞി ചോട്ടില്‍ എത്തിയതോടെയാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്.
Recent Comments