‘നാലുവയസുകാരിയുടെ കൗതുകം കണ്ട് അമ്മയുടെ അന്വേഷണം’; കണ്ടെത്തിയത് പുതിയ ഭൂഗര്‍ഭമത്സ്യത്തെ

‘നാലുവയസുകാരിയുടെ കൗതുകം കണ്ട് അമ്മയുടെ അന്വേഷണം’; കണ്ടെത്തിയത് പുതിയ ഭൂഗര്‍ഭമത്സ്യത്തെ

കോഴിക്കോട്: വീട്ടിലെ കിണറ്റില്‍ നിന്ന് ശേഖരിച്ച വെള്ളത്തില്‍ കളിക്കുന്നതിനിടെയായാണ് നാലുവയസുകാരി ജുഹുവിന്റെ കണ്ണില്‍ ഒരു അസാധാരണമായ മത്സ്യം ശ്രദ്ധയില്‍പ്പെടുന്നത്. കുട്ടിയുടെ കൗതകം കണ്ടാണ് ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ അമ്മയെ പ്രേരിപ്പിച്ചത്. ഒടുവില്‍ ഈ ആന്വേഷണം പുതിയ ശാസ്ത്രീയ വെളിപ്പെടുത്തലിലേക്ക് നയിച്ചു. കോഴിക്കോട് നടവണ്ണൂരിലെ വല്ലോറമലയിലെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഈ ഭൂഗര്‍ഭ മത്സ്യത്ത കണ്ടെത്തിയത്

തന്റെ പേരില്‍ ഒരു മത്സ്യം അറിയപ്പെടുന്ന സന്തോഷത്തിലാണ് ഇപ്പോള്‍ മൂന്നാം ക്ലാസുകാരി ജൂഹു. ജൂഹു എന്നു വിളിക്കുന്ന ധന്‍വി ധീര എന്ന പെണ്‍കുട്ടി നാലു വയസ്സുള്ള സമയത്താണ് ബക്കറ്റിലെ വെള്ളത്തില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ മത്സ്യത്തെ ആദ്യമായി കാണുന്നത്. തുടര്‍ന്ന് അമ്മയായ അശ്വിനി ലാലുവിനെ ഇത് അറിയിക്കുകയും അവര്‍ക്ക് ഈ മത്സ്യത്തോട് തോന്നിയ ഒരു കൗതുകം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ ബി പ്രപദീപിനോട് പങ്കുവെക്കുകയും ചെയ്തു. ഈ കൗതുകമാണ് പുതിയ മത്സ്യത്തെ കണ്ടെത്താനുള്ള വഴിത്തിരിവായത്.

നടുവണ്ണൂരിലെ വല്ലോറ മലയില്‍, മലോല്‍ കാര്‍ത്യായനി അമ്മയുടെ വീട്ടിലെ കിണറില്‍നിന്നാണ് അശ്വിനി ലാലുവും, പരിസരത്തെ വീട്ടുകാരും ആവശ്യത്തിനുള്ള വെള്ളം പമ്പ് ഉപയോഗിച്ച് ടാങ്കിലേക്ക് അടിക്കാറുണ്ടായിരുന്നത്. ഈ കിണറില്‍നിന്നാണ് ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയത്. ഈ കിണറിലേക്ക് അടിയൊഴുക്കായി വെള്ളം വരുകയും അതേപോലെ കിണറില്‍നിന്ന് താഴോട്ട് നീര്‍ച്ചാല്‍ ആയി വെള്ളം പോവുകയും ചെയ്യുന്നുണ്ട്.

കെവികെയിലെ ഡോ. ബി. പ്രദീപും, കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. കെആര്‍ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മത്സ്യത്തെ പറ്റിയുള്ള ഗവേഷണം നടത്തിയത്. തുടര്‍ന്ന് ഈ മത്സ്യം പുതിയ ഇനം മത്സ്യമാണെന്ന് കണ്ടെത്തി. മത്സ്യത്തെ ആദ്യമായി കണ്ടെത്തിയ കുഞ്ഞ് ജൂഹുവിനോടുള്ള ബഹുമാനാര്‍ഥം ഈ മത്സ്യത്തിന് പാന്‍ജിയോ ജുഹുവേ എന്ന് പേര് നല്‍കി. ഈ മത്സ്യത്തെ പറ്റിയുള്ള ഗവേഷണ പ്രബന്ധം ഇന്ത്യന്‍ ജനല്‍ ഓഫ് ഫിഷറീസ് 2025 ജനുവരി-മാര്‍ച്ച് ലക്കത്തില്‍ ‘ദക്ഷിണേന്ത്യയില്‍നിന്ന് ഒരു പുതിയ ഇനം ട്രോഗ്ലോബൈറ്റിക് ഈല്‍ലോച്ചിനെ കണ്ടെത്തി’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡോ. കെആര്‍ ശ്രീനാഥ്, ഡോ. ബി പ്രദീപ്, ഡോ. കെആര്‍ അജു, ഡോ. സന്ധ്യ സുകുമാരന്‍, ഡോ. വില്‍സണ്‍ സെബാസ്റ്റൈന്‍, ഡോ. ആല്‍വിന്‍ ആന്റോ, ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. ഇപ്പോള്‍ കണ്ടുപിടിച്ച പാന്‍ജിയോ ജുഹുവക്ക് മുമ്പേ കണ്ടെത്തിയ ഇനങ്ങളെ അപേക്ഷിച്ച് മുതുകിലെ ചിറകുണ്ട്. ഇത് കൂടാതെ ഇവയുടെ കണ്ണുകളും വലുതാണ്. അതിനാല്‍ മറ്റ് രണ്ട് ഇനങ്ങളില്‍നിന്ന് ഈ മത്സ്യം വ്യത്യസ്തമാണെന്ന് ഡോ. ശ്രീനാഥ് പറഞ്ഞു.

ഡോ. പ്രദീപിന്റെ അഭിപ്രായത്തില്‍ 2021 മുതല്‍ പ്രത്യേകിച്ച് മഴക്കാലത്ത് ഈ കിണറ്റില്‍നിന്നും സമീപപ്രദേശങ്ങളിലെ മറ്റു ചില കിണറുകളില്‍നിന്നും ഈ മത്സ്യത്തെ കണ്ടതായി ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍നിന്ന് രണ്ട് വ്യത്യസ്ത തരം ഭൂഗര്‍ഭ മത്സ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശത്തിന് സമ്പന്നമായ ഭൂഗര്‍ഭ ആവാസവ്യവസ്ഥയുണ്ടെന്നും അതില്‍ ഇനിയും കണ്ടെത്തപ്പെടാത്ത നിരവധി ജീവികള്‍ ഉണ്ടെന്നും സൂചന നല്‍കുന്നു. ഈ ഭൂഗര്‍ഭ ആവാസവ്യവസ്ഥയെയും അതില്‍ വസിക്കുന്ന അതുല്യമായ ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടത് ഈ കാലഘട്ടത്തില്‍ വളരെ അനിവാര്യമാണ് -അദ്ദേഹം പറഞ്ഞു.

ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതില്‍ വൈരാഗ്യം, പത്താംക്ലാസുകാരനെ കാറിടിച്ച് കൊന്നു; കേസില്‍ ഇന്ന് വിധി

ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതില്‍ വൈരാഗ്യം, പത്താംക്ലാസുകാരനെ കാറിടിച്ച് കൊന്നു; കേസില്‍ ഇന്ന് വിധി

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താക്ലാസുകാരന്‍ ആദിശേഖറിനെ (15) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി. തിരുവനന്തപുരം ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുന്നത്. പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന്‍ ആണ് കേസിലെ പ്രതി.

വ്യക്തിവൈരാഗ്യത്തിന്റെ പേരിലായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. 2023 ഓഗസ്റ്റ് 30ന് വീടിനു സമീപമുള്ള ക്ഷേത്ര മൈതാനത്ത് കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രിയരഞ്ജന്‍ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

അപകടമെന്ന നിലയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് ആദ്യം പൊലീസ് കേസെടുത്തത്. എന്നാല്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നത് കേസില്‍ നിര്‍ണായക തെളിവായി. പ്രിയരഞ്ജന്‍ കാറിലിരിക്കുന്നതും ആദിശേഖര്‍ സൈക്കിളില്‍ കയറിയ ഉടന്‍ കാറോടിച്ചു കയറ്റി കൊലപ്പെടുത്തും ദൃശ്യങ്ങളില്‍ വ്യക്തമായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്ക് ആദിശേഖറിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി തെളിഞ്ഞത്. പ്രതി ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവശേഷം ഒളിവില്‍ പോയ പ്രിയരഞ്ജനെ തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

അപകീര്‍ത്തി കേസ്; ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

അപകീര്‍ത്തി കേസ്; ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

തിരുവനന്തപുരം: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. മാഹി സ്വദേശിയായ ഘാന വിജയന്‍ നല്‍കിയ അപകീര്‍ത്തി പരാതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തനിക്കെതിരായി അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാണ് വിജയന്റെ പരാതി. കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് ഷാജന്‍ സ്‌കറിയ തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം. നാളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാത്രമേ അദ്ദേഹത്തിന് ജാമ്യത്തിന് അപേക്ഷിക്കാനാവൂ. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കണിമം​ഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് പുറപ്പെട്ടു; പൂരം ലഹരിയിൽ‌ തൃശൂർ

കണിമം​ഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് പുറപ്പെട്ടു; പൂരം ലഹരിയിൽ‌ തൃശൂർ

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനു തുടക്കം. വടക്കുംനാഥ സന്നിധിയിലേക്ക് ആദ്യ ഘടക പൂരമായ കണിമം​ഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചു. പുലർച്ചെ അഞ്ചരയോടെയാണ് കണിമം​ഗലം ശ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചത്. ആദ്യം എത്തുന്ന ദേവനാണ് ദേവഗുരു സങ്കല്‍പ്പത്തിലുള്ള കണിമംഗലം ശാസ്താവ്.

പുലര്‍ച്ചെ ഒരാനപ്പുറത്ത് നാഗസ്വരത്തിന്റെ അകമ്പടിയില്‍ പുറപ്പെടുന്ന ശാസ്താവ് ചെട്ടിയങ്ങാടിയിലെ കുളശ്ശേരി ക്ഷേത്രത്തില്‍ ഇറങ്ങി വിശ്രമിക്കും. തുടര്‍ന്ന് ഏഴരയോടെ വടക്കുംനാഥന്റെ തെക്കേഗോപുരം കടന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കും. പടിഞ്ഞാറെ നടവഴി പുറത്തുകടന്ന് നിലപാടുതറയില്‍ ഒമ്പതാനകളോടെ നിരന്ന് മേളം കൊട്ടിക്കലാശിച്ചു മടങ്ങും.

ദേവഗുരുവായതിനാല്‍ വടക്കുംനാഥനെ വലംവയ്ക്കുകയോ വണങ്ങുകയോ ചെയ്യാത്ത മൂര്‍ത്തിയാണ് കണിമംഗലം ശാസ്താവ്. ശാസ്താവ് വൃദ്ധനാണെന്നും വെയിലേറ്റാല്‍ തലവേദന വരുമെന്നുമുള്ള സങ്കല്‍പ്പമാണ്. അതുകൊണ്ടാണ് സൂര്യനുദിക്കും മുമ്പേ പൂരം നടത്തി മടങ്ങുന്നത്.

പാറമേക്കാവ്, തിരുവമ്പാടി ഭ​ഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവീ, ദേവൻമാരും വടക്കുംനാഥനെ വണങ്ങാനെത്തും. പൂര പ്രേമികളിൽ ആവേശം തീർത്ത് ​ഗജ ചക്രവർത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ ചെമ്പൂക്കാവ് ഭ​ഗവതിയുടെ തിടമ്പേറ്റുന്നുണ്ട്.

ഏഴരയോടെ തിരുവമ്പാടി ഭ​ഗവതിയുടെ പുറപ്പാട് ആരംഭിക്കും. 11.30 ഓടെയാണ് മഠത്തിൽ വരവ് പഞ്ചവാദ്യം. കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ പ്രശസ്തരായ കലാകാരൻമാർ അണിനിരക്കും. പാറമേക്കാവ് ഭ​ഗവതി 12 മണിയോടെ വടക്കുംനാഥ സന്നിധിയിലെത്തും.

രണ്ടരയ്ക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിലാണ് മേളം. വൈകീട്ട് അഞ്ചരയോടെ കുടമാറ്റം. നാളെ പുലർച്ചെ മൂന്ന് മണിയോടെയായിരിക്കും വെടിക്കെട്ട്.

ബി ടെക് ലാറ്ററല്‍ എന്‍ട്രി 22 വരെ അപേക്ഷിക്കാം

ബി ടെക് ലാറ്ററല്‍ എന്‍ട്രി 22 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തിലെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വര്‍ഷത്തെ ബി.ടെക് ലാറ്ററല്‍ (റെഗുലര്‍ ആന്‍ഡ് വര്‍ക്കിംഗ് പ്രൊഫഷണല്‍സ്) കോഴ്സിലേക്കുള്ള പ്രവേശനത്തിന് വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി മേയ് 20 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. മേയ് 22 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

അപേക്ഷകര്‍ 3 വര്‍ഷം/2 വര്‍ഷം (ലാറ്ററല്‍ എന്‍ട്രി) ദൈര്‍ഘ്യമുള്ള എന്‍ജിനിയറിങ് ടെക്നോളജി ഡിപ്ലോമ അല്ലെങ്കില്‍ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ്/ഇന്ത്യാ ഗവണ്‍മെന്റിന് കീഴിലുള്ള സ്ഥാപനങ്ങള്‍/ AICTE അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നേടിയ 3 വര്‍ഷ ഡി.വോക്ക്, അല്ലെങ്കില്‍ 10+2 തലത്തില്‍ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയ ബി.എസ്.സി ബിരുദം നേടിയവരായിരിക്കണം.

വര്‍ക്കിംഗ് പ്രൊഫെഷനലുകള്‍ക്കു ബി.ടെക് കോഴ്സിലെ പ്രവേശനത്തിന് ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടേണ്ടത് നിര്‍ബന്ധമാണ്. വിശദവിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in, 04712324396, 256032.