‘മെയ്ദിന സമ്മാനം’; ലോകതൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം

‘മെയ്ദിന സമ്മാനം’; ലോകതൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം

തിരുവനന്തപുരം: ലോക തൊഴിലാളി ദിനത്തില്‍ ജീവനക്കാര്‍ക്ക് സമ്മാനമെന്ന നിലയില്‍ ശമ്പളം നല്‍കി കെഎസ്ആര്‍ടിസി. ‘മേയ്ദിന സമ്മാനം’ എന്ന തലക്കെട്ടോടെയുള്ള വാര്‍ത്താക്കുറിപ്പാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയത്. ‘ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ അവധി ദിനത്തിന്റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്കു നിക്ഷേപിക്കാന്‍ ഗതാഗത വകുപ്പ്’ നിര്‍ദേശം നല്‍കിയിരുന്നു. മെയ് ദിനത്തില്‍ ഇരുപത്തി രണ്ടായിരത്തില്‍പ്പരം ജീവനക്കാരുടെ കൈകളിലേക്ക് എഴുപത്തിയഞ്ചു കോടി ആറു ലക്ഷം രൂപ എത്തിച്ചേരുന്നതെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്

‘ലോക തൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മേയ് ദിന സമ്മാനമായി ശമ്പളം. ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ അവധി ദിനത്തിന്റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്ക് നിക്ഷേപിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ നല്‍കിയ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മേയ് ദിനത്തില്‍ ഇരുപത്തി രണ്ടായിരത്തില്‍പ്പരം ജീവനക്കാരുടെ കൈകളിലേക്ക് എഴുപത്തിയഞ്ച് കോടി ആറു ലക്ഷം രൂപ എത്തിച്ചേരുന്നത്. പ്രവര്‍ത്തന പുരോഗതിയിലും തൊഴിലാളി ക്ഷേമ നടപടികളിലും അഭിമാനകരമായ ഒരു ചരിത്രമെഴുതുകയാണ് ഈ മേയ് ദിനത്തില്‍ കെഎസ്ആര്‍ടിസി.’

ഡ്രൈ ആയി ‘5 ഫുള്‍’ അടിച്ചാല്‍ പതിനായിരം രൂപ; ബെറ്റില്‍ 21കാരന് ദാരുണാന്ത്യം

ഡ്രൈ ആയി ‘5 ഫുള്‍’ അടിച്ചാല്‍ പതിനായിരം രൂപ; ബെറ്റില്‍ 21കാരന് ദാരുണാന്ത്യം

ബംഗളൂരു: പതിനായിരം രൂപയ്ക്ക് പന്തയം വച്ചപ്പോള്‍ യുവാവിന് നഷ്ടമായത് സ്വന്തം ജീവന്‍. കര്‍ണാടകയിലെ കോലാറിലെ 21കാരനായ കാര്‍ത്തിക്കിനാണ് ജീവന്‍ നഷ്ടമായത്. അതും കുഞ്ഞിപിറന്നതിന്റെ സന്തോഷം മായുന്നതിന് തൊട്ടുമുന്‍പ്. 5 ബോട്ടില്‍ ഡ്രൈ ആയി അടിച്ചാല്‍ പതിനായിരം രൂപയായിരുന്നു ബെറ്റ്. കോലാര്‍ ജില്ലയിലെ മുള്‍ബാഗില്‍ താലൂക്കിലെ പൂജരഹള്ളി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

സുഹൃത്തുക്കളായ കാര്‍ത്തിക്, വെങ്കിട്ട റെഡ്ഡി,സുബ്രമണിയും മറ്റു നാലുപേരും ചേര്‍ന്ന് ബെറ്റ് വച്ചു. 5 ബോട്ടില്‍ മദ്യം വെള്ളം തൊടീക്കാത കഴിക്കുക. 5 ബോട്ടിലും കാലിയാക്കുന്നയാള്‍ക്ക് പതിനായിരം രൂപയെന്നായിരുന്നു വാഗ്ദാനം. വെങ്കിടറെഡ്ഡിയുടെ ഈ ബെറ്റിന് കാര്‍ത്തിക് എന്ന 21കാരന്‍ ചലഞ്ച് പറഞ്ഞു. നിന്ന നില്‍പില്‍ കാര്‍ത്തിക് മദ്യം അകത്താക്കാന്‍ തുടങ്ങി. 5 ആമത്തെ ബോട്ടിലും കാലിയാകുമ്പോഴേക്കും കാര്‍ത്തികിന് ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങി. വൈകാതെ കുഴഞ്ഞുവീണു. സുഹൃത്തുക്കള്‍ ചേര്‍ന്നു ആശൂപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരാഴ്ച മുന്‍പാണ് കാര്‍ത്തിക് അച്ഛനായത്. പ്രസവാനന്തര ചടങ്ങുകള്‍ക്കായി ഭാര്യവീട്ടിലേക്കു പോകാനിരിക്കെയാണ് സുഹൃത്തുക്കളുമൊത്ത് ഇത്തരത്തില്‍ വാതുവച്ച് മദ്യപിച്ചത്. കുടുംബത്തിന്റെ പരാതിയില്‍ സുബ്രണി, വെങ്കിട്ട റെഡ്ഡി എന്നിവരെ അറസ്റ്റ് ചെയ്തു. നാലുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണന്ന് പൊലീസ് അറിയിച്ചു.

നീറ്റ് യുജി 2025: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം, പരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നീറ്റ് യുജി 2025: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം, പരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി 2025 അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. മെയ് നാലിനാണ് പരീക്ഷ.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയാണ് നീറ്റ്. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ബിരുദ മെഡിക്കല്‍ (എംബിബിഎസ്), ഡെന്റല്‍ (ബിഡിഎസ്), ആയുഷ് കോഴ്സുകളിലേക്കുള്ള ഏക പ്രവേശന പരീക്ഷയാണിത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.inല്‍ പ്രവേശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.

അഡ്മിറ്റ് കാര്‍ഡും ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡും ഉണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന്, അപേക്ഷകര്‍ അവരുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. ‘NEET UG 2025 അഡ്മിറ്റ് കാര്‍ഡ്’ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം ഡൗണ്‍ലോഡ് ചെയ്യേണ്ടത്. അഡ്മിറ്റ് കാര്‍ഡില്‍ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കില്‍ തിരുത്തലിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഹെല്‍പ്പ് ലൈനില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം.

പരീക്ഷാഹാളില്‍ കയറുമ്പോള്‍ കൈയില്‍ കരുതേണ്ടവ:

അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റ് ചെയ്ത പകര്‍പ്പ്

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി സാധുവായ ഒരു ഫോട്ടോ തിരിച്ചറിയല്‍ രേഖ

ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (അപേക്ഷാ ഫോമില്‍ സമര്‍പ്പിച്ചതിന് സമാനമായത്)

ഒരു പോസ്റ്റ്കാര്‍ഡ് സൈസ് ഫോട്ടോ (ഹാജര്‍ ഷീറ്റിനായി)

അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പേര്, റോള്‍ നമ്പര്‍, ജനനത്തീയതി, അപേക്ഷാ ഐഡി, കാറ്റഗറി, രക്ഷിതാവിന്റെ വിവരങ്ങള്‍, പരീക്ഷാ തീയതിയും സമയവും, പരീക്ഷാ കേന്ദ്രത്തിന്റെ പേരും പൂര്‍ണ്ണ വിലാസവും,ചോദ്യപേപ്പര്‍ ഭാഷ, ഫോട്ടോഗ്രാഫും ഒപ്പും എല്ലാം ശരിയാണെന്ന് ഉറപ്പാക്കണം. ഡ്രസ് കോഡും പരീക്ഷാ ദിവസത്തെ നിര്‍ദ്ദേശങ്ങളും ശ്രദ്ധയോടെ മനസിലാക്കേണ്ടതാണ്.

‘ചാൻസലർ ആയാൽ മിണ്ടാതിരിക്കണോ?’; ആശ സമരത്തെ പിന്തുണച്ചതിന് വിലക്ക്, കുറിപ്പുമായി മല്ലിക സാരാഭായി

‘ചാൻസലർ ആയാൽ മിണ്ടാതിരിക്കണോ?’; ആശ സമരത്തെ പിന്തുണച്ചതിന് വിലക്ക്, കുറിപ്പുമായി മല്ലിക സാരാഭായി

തിരുവനന്തപുരം: ആശ സമരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് തനിക്ക് വിലക്ക് നേരിട്ടതായി കേരള കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായ്. സമരത്ത പിന്തുണച്ചതിന് തനിക്ക് സര്‍ക്കാരില്‍ നിന്ന് വിലക്ക് നേരിട്ടതായുള്ള സൂചന സാമൂഹ്യമാധ്യമ കുറിപ്പിലൂടെയാണ് മല്ലിക സാരാഭായ് പങ്കുവെച്ചത്.

‘ഒരു സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്നതിന്റെ രുചി ആദ്യമായി തിരിച്ചറിഞ്ഞു. ആശ വര്‍ക്കര്‍മാര്‍ എല്ലായിടത്തും പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത്. എന്നാല്‍ നാളുകളായി അവര്‍ക്ക് തുഛമായ വേതനമാണ് ലഭിക്കുന്നത്. ആശമാരെ പിന്തുണക്കാന്‍ ഇനി അനുവദിക്കില്ല. ഞാനായിരിക്കാന്‍ ഇനി എന്ത് ചെയ്യണം?’- മല്ലിക സാരാഭായ് ചോദിച്ചു. തൃശൂരില്‍ ആശമാര്‍ക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടി മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യും. സാമൂഹ്യ പ്രവര്‍ത്തകരായ സാഹ ജോസഫ് കല്‍പ്പറ്റ നാരായണന്‍, എന്നിവര്‍ പങ്കെടുക്കുന്ന പരിപാടി റഫീഖ് അഹമ്മദാണ് ഉദ്ഘാടനം ചെയ്യുന്നത്. പടിപാടിയില്‍ ആശ വര്‍ക്കര്‍മാര്‍ക്കായി ഓണ്‍ലൈനില്‍ ആദ്യഗഡു വിതരണമാണ് മല്ലികാ സാരാഭായ് നിര്‍വഹിക്കുന്നത്.

‘ഒരു സര്‍വകലാശാലയുടെ ചാന്‍സലര്‍ ആയിരിക്കുന്നതിന്റെ അര്‍ത്ഥം ഇന്ന് എനിക്ക് ആദ്യമായി അനുഭവപ്പെട്ടു. മിണ്ടാതിരിക്കണോ, ശമ്പളം വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് തൃശ്ശൂരില്‍ ആശാ വര്‍ക്കര്‍മാരുടെ സമരം നടക്കുന്നുണ്ട്. എല്ലായിടത്തും ഇവര്‍ വളരെ പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത്, നാളുകളായി അവര്‍ക്ക് കുറഞ്ഞ വേതനം ലഭിക്കുന്നു. ഇവരുടെ വേതന വര്‍ധനവിനായി പൗരാവലിയുടെ സഹായത്തോടെ സാറാ ജോസഫ് ജോസഫിന്റെ നേതൃത്തില്‍ ഒരു കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്, എന്റെ അഭിപ്രായം ചോദിച്ചു, മറുപടിയും നല്‍കി. ഇനി ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ല.’ മല്ലിക സാരാഭായ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ പല ഇടങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കന്യാകുമാരി തീരത്ത് നാളെ (02/05/2025) രാവിലെ 02.30 മുതല്‍ രാത്രി 11.30 വരെ 1.0 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിര്‍ദേശമുണ്ട്.