ഇവി വാഹനങ്ങളോട് നോ പറഞ്ഞ് കേരളം, സംസ്ഥാനത്തെ വില്‍പ്പന പ്രതിസന്ധിയില്‍

ഇവി വാഹനങ്ങളോട് നോ പറഞ്ഞ് കേരളം, സംസ്ഥാനത്തെ വില്‍പ്പന പ്രതിസന്ധിയില്‍

കൊല്ലം: കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പ്രതിസന്ധിയില്‍. ഉയര്‍ന്ന ചെലവുകള്‍, അപര്യാപ്തമായ ചാര്‍ജിങ് സൗകര്യങ്ങള്‍, സര്‍ക്കാരിന്റെ പിന്തുണയില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ ഇവി വാഹനങ്ങളുടെ സ്വീകാര്യത ഗണ്യമായി കുറഞ്ഞു.

കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 2023 ല്‍ 75,808 ഇവി വാഹനങ്ങളാണ് വിറ്റു പോയതെങ്കില്‍ 2024 ആയപ്പോള്‍ 60,345 ആയി കുറയുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇവി വാഹന വില്‍പ്പനയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പത്താം സ്ഥാനത്തായിരുന്നു. ഈ വര്‍ഷം അത് പതിനൊന്നാം സ്ഥാനത്തായി. ഈ വര്‍ഷം ഏപ്രില്‍ വരെ 7,906 ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ വിറ്റഴിക്കപ്പെട്ടിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 29,892 വാഹനങ്ങളാണ് വിറ്റഴിച്ചത്.

ചിലവ് വര്‍ധനവ്, അപര്യാപ്തമായ ചാര്‍ജിങ് സൗകര്യം, സര്‍ക്കാരിന്റെ പിന്തുണയില്ലായ്മ എന്നിവയെല്ലാം ഇവി വില്‍പ്പനയില്‍ കുറവുണ്ടാകാന്‍ കാരണമാണെന്ന് വ്യവസായ വിദഗ്ധര്‍ പറയുന്നു. ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത് കെഎസ്ഇബിയുടെ അനുമതി ആവശ്യമാണ്. അനുമതി കിട്ടാന്‍ പലപ്പോഴും വൈകാറുമുണ്ട്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് പലപ്പോഴും പിന്തിരിപ്പന്‍ രീതിയാണുണ്ടാകാറുള്ളതെന്നും സര്‍ക്കാരും ഇതില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും ഇലക്ട്രിക് വെഹിക്കിള്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റെജിമോന്‍ പറയുന്നു. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി രഹിതമായി ഇവികള്‍ നല്‍കുമ്പോള്‍ കേരളത്തില്‍ നികുതി ഉയര്‍ത്തുകയാണെന്നും റെജിമോന്‍ പറയുന്നു. കെഎസ്ബി മതിയായ വോള്‍ട്ടേജ് പോരെന്ന് പറഞ്ഞ് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നു. അതിനായി വലിയ ചിലവും വരുന്നുവെന്ന് അദ്ദേഹം പറയുന്നു.

ഇവി വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ പറഞ്ഞിരുന്നു. ചാര്‍ജിങ് സ്‌റ്റേഷനുകളിലേയും ഉദ്യോഗസ്ഥ തലങ്ങളിലേയും പ്രശ്‌നങ്ങള്‍ ഗുരുതരമായ ആശങ്കയായി ഇപ്പോഴും തുടരുന്നുവെന്ന് കേരളത്തിലെ ഇലക്ട്രിക് ചാര്‍ജിങ് ശൃംഖലയായ ജിഒഇസിയുടെ ജനറല്‍ മാനേജര്‍ ജോയല്‍ യോഹന്നാന്‍ പറയുന്നു.

അവകാശ പോരാട്ടത്തില്‍ ജീവത്യാഗത്തിന്റെ സ്മരണ; ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം

അവകാശ പോരാട്ടത്തില്‍ ജീവത്യാഗത്തിന്റെ സ്മരണ; ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം

തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മെയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്.

എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ല്‍ ഓസ്‌ട്രേലിയയില്‍ ആണ്. ഇതിന്റെ പ്രചോദനം അമേരിക്കയില്‍ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്. എണ്‍പതോളം രാജ്യങ്ങളില്‍ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു.

1886 മെയ് ഒന്നിന് എട്ടുമണിക്കൂര്‍ ജോലിയും വിശ്രമവും ആവശ്യപ്പെട്ട് അമേരിക്കയില്‍ മൂന്നു ലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കി. തുടര്‍ന്ന്, മെയ് നാലിന് ചിക്കാഗോ നഗരത്തിലെ ഹേ മാര്‍ക്കറ്റ് ചത്വരത്തില്‍ സമാധാനപരമായി പ്രകടനം നടത്തിയിരുന്ന തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തിലും പൊലീസ് വെടിവയ്പിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. തൊഴിലിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും ജീവിതസാഹചര്യങ്ങള്‍ നേടുന്നതിനുമായി നടത്തിയ പോരാട്ടത്തിലുണ്ടായ ആ ജീവത്യാഗത്തിന്റെ സ്മരണയ്ക്കായി 1890 മുതലാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ഔദ്യോഗികമായി ആചരിക്കാന്‍ ആരംഭിച്ചത്.

തൊഴില്‍ അവകാശങ്ങള്‍ നേടുന്നതിനപ്പുറം കര്‍ഷകര്‍ ഉള്‍പ്പടെയുള്ള വിഭാഗങ്ങളുമായി കൈകോര്‍ത്ത് പുത്തനൊരു ഉണര്‍വിലേക്ക് സംഘടിത തൊഴിലാളി വര്‍ഗം ഉയിര്‍ത്തെഴുന്നേറ്റത് ആ പോരാട്ടത്തിലൂടെയായിരുന്നു. സാമൂഹ്യവ്യവസ്ഥയേയും ഭരണക്രമത്തേയും തന്നെ മാറ്റിമറിക്കാന്‍ കഴിയുംവിധമുള്ള ശക്തിയായി തൊഴിലാളി വര്‍ഗം പിന്നീട് മാറി.

50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; കോര്‍പ്പറേഷന്‍ ബില്‍ഡിങ് ഓഫീസര്‍ നടുറോഡില്‍ അറസ്റ്റില്‍

50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; കോര്‍പ്പറേഷന്‍ ബില്‍ഡിങ് ഓഫീസര്‍ നടുറോഡില്‍ അറസ്റ്റില്‍

കൊച്ചി: എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയില്‍ കോര്‍പ്പറേഷന്‍ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയറായ തൃശ്ശൂര്‍ മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശിനി സ്വപ്നയാണ് പിടിയിലായത്.

ഇന്നലെ വൈകുന്നേരം 5-ന് വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം സ്വന്തം കാറില്‍ ഇവര്‍ പണം വാങ്ങാന്‍ എത്തിയപ്പോഴാണ് വിജിലന്‍സ് സംഘം കാര്‍ വളഞ്ഞ് പിടികൂടിയത്.

ജനുവരിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി പരാതിക്കാരന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പി എസ്. ശശിധരന്‍ പറഞ്ഞു. കാരണമില്ലാതെ സ്വപ്ന ഇയാളുടെ അപേക്ഷ തടഞ്ഞുവെച്ചെന്നാണ് ആരോപണം. അപേക്ഷയ്ക്കായി വീണ്ടും സമീപിപിച്ചപ്പോള്‍ ഫയല്‍ നീക്കത്തിന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പരാതിക്കാരന്‍ സമീപിക്കുകയായിരുന്നുവെന്നും എസ്പി പറഞ്ഞു.

വിഎസിബിയുടെ നിര്‍ദ്ദേശപ്രകാരം കെമിക്കല്‍ മാര്‍ക്കറുകള്‍ പുരട്ടിയ കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് കൈക്കൂലി തുക കൈമാറാന്‍ പരാതിക്കാരനോട് പറഞ്ഞു. തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്നയെ പിടികൂടുകയായിരുന്നു. ഉദ്യോഗസ്ഥയെ പിന്നീട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കൈക്കൂലി കേസില്‍ വിഎസിബി പിടിക്കുന്ന കൊച്ചി കോര്‍പ്പറേഷനില്‍ നിന്നുള്ള എട്ടാമത്തെ ഉദ്യോഗസ്ഥയാണ് സ്വപ്ന.

പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് വിലക്ക്; വ്യോമാതിര്‍ത്തി അടച്ച് ഇന്ത്യ

പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് വിലക്ക്; വ്യോമാതിര്‍ത്തി അടച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പെഹല്‍ഗാം ആക്രമണണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പാക് വ്യോമതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്ക് തിരിച്ചടിയായാണ് ഇന്ത്യയുടെ നീക്കം.

പാകിസ്ഥാന്‍ യാത്ര, സൈനിക വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കേണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. അതേസമയം, പാകിസ്ഥാന്‍ വഴിയെത്തുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് തടസമുണ്ടാകില്ല.

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തിയില്‍ വിലക്കേര്‍പ്പെടുത്തിയ പാകിസ്ഥാന്‍ തീരുമാനത്തിന് 6 ദിവസത്തിനു ശേഷമാണ് ഇന്ത്യയുടെ മറുപടി. പാകിസ്ഥാന്‍ വിമാനങ്ങള്‍ ഇന്ത്യ കടന്നാണ് തെക്കന്‍ ഏഷ്യയിലേക്കും തെക്കു കിഴക്കന്‍ ഏഷ്യയിലേക്കും മറ്റും പോകുന്നത്.

ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികളാണ് വെടിയേറ്റ് മരിച്ചത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. പാകിസ്ഥാനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

എടിഎം ഇടപാട്; ഇന്നുമുതല്‍ ഫീസ് വര്‍ധന, വിശദാംശങ്ങള്‍

എടിഎം ഇടപാട്; ഇന്നുമുതല്‍ ഫീസ് വര്‍ധന, വിശദാംശങ്ങള്‍

എടിഎം ഇടപാടുമായി ബന്ധപ്പെട്ട് ആര്‍ബിഐ വര്‍ധിപ്പിച്ച ഫീസ് ഇന്നുമുതല്‍ (വ്യാഴാഴ്ച) പ്രാബല്യത്തില്‍. ബാങ്ക് എടിഎമ്മില്‍ സൗജന്യ ഇടപാടിനുള്ള പ്രതിമാസപരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ഇന്നുമുതല്‍ 23 രൂപയും ജിഎസ്ടിയും നല്‍കണം. നിലവിലെ 21 രൂപയില്‍ നിന്നു രണ്ടു രൂപയാണ് വര്‍ധന.

സൗജന്യ പരിധിക്കുശേഷമുള്ള പണം പിന്‍വലിക്കല്‍, നിക്ഷേപിക്കല്‍, ബാലന്‍സ് പരിശോധന, മിനി സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ ഇടപാടുകള്‍ക്കുള്ള ഇന്റര്‍ചേഞ്ച് ഫീസാണ് വര്‍ധിപ്പിച്ചത്. ഓരോ മാസവും സ്വന്തം ബാങ്ക് എടിഎമ്മുകളില്‍ അഞ്ചു ഇടപാടുകളാണു സൗജന്യം. ഇതിനു പുറമേ, ഇതര ബാങ്ക് എടിഎമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റു സ്ഥലങ്ങളില്‍ അഞ്ചും ഇടപാടുകള്‍ സൗജന്യമാണ്. ഇതിനുശേഷമുള്ള ഇടപാടുകള്‍ക്കാണു നിരക്കു കൂടുന്നത്. എടിഎം കൗണ്ടറുകളുടെ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനും വലിയ ചെലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അഭ്യര്‍ഥന മാനിച്ചാണ് ആര്‍ബിഐ നിരക്ക് വര്‍ധനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

പുതിയ പരിഷ്‌കാരം എടിഎം കൗണ്ടര്‍ വഴി പണം പിന്‍വലിക്കുന്നവര്‍ക്ക് ചെലവ് വര്‍ദ്ധിപ്പിക്കാനിടയാക്കും. യുപിഐ പോലുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ ഉപയോഗിക്കുന്നത് വ്യാപകമാക്കുകയും എടിഎം കൗണ്ടറുകള്‍ വഴിയുള്ള ഇടപാടുകള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന രീതിയിലേക്ക് മാറുകയും ചെയ്യും. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗത്തില്‍ സൗജന്യ പരിധിക്കുശേഷം ഈടാക്കുന്ന തുകയാണ് ഇന്റര്‍ചേഞ്ച് ഫീസ്. ഈ തുക ബാങ്കുകള്‍ തമ്മില്‍ കൈമാറുകയാണ് പതിവ്. ഇതാണ് വര്‍ധിപ്പിച്ചത്.