by Midhun HP News | Jul 8, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് ഒറ്റയടിക്ക് 560 രൂപയാണ് കുറഞ്ഞത്. 1,05,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 13,245 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണ വായ്പാ നയവും എണ്ണവിലയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന ജോബ് ഡേറ്റ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല ജോബ് ഡേറ്റ കണക്കുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പലിശനിരക്ക് കൂട്ടാന്‍ അമേരിക്ക തയ്യാറാവാനുള്ള സാധ്യത കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പുറമേ എണ്ണവില വര്‍ധനയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതാണ് എണ്ണവില വര്‍ധനയ്ക്ക് കാരണം. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 76 ഡോളറിന് മുകളിലാണ്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Jul 7, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വക്കം നടരാജൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിന്റ സമാപനദിവസമായ ജൂലൈ 7 ന് കെ ദാമോദരൻ _ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു.
റിട്ടയേർഡ് മലയാളം പ്രൊഫസർ ഡോ:എസ് ഭാസിരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ഡോ:അജിത രാജേഷ്, പരമ്പരാഗത അമ്പെയ്ത്ത് മൽസരത്തിൽ ദേശീയ സ്വർണ്ണ മെഡൽ ജേതാവ് എൻ അജ്മി, കരാട്ടേ മൽസരത്തിൽ വെള്ളിമെഡൽ ജേതാവ് ഐശ്വര്യ ശ്രീകുമാർ എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു.
ഗ്രന്ഥശാലാ പ്രസിഡന്റ് അഡ്വ. എസ് ലെനിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ സുരേഷ്, സ്കൂൾ പ്രിൻസിപ്പൽ ഗീതാ നായർ, പി.റ്റി.എ പ്രിസിഡന്റ് അഡ്വ ബി ശ്രീകുമാർ, സ്കൂൾ ഇൻ ചാർജ് ബി.എസ് സിനു, നഗരസഭാ കൗൺസിലർ സി.ആർ ഗായത്രീ ദേവി, ഗ്രന്ഥശാല എക്സ്ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ എൻ മോഹനൻ നായർ,
സി ദേവരാജൻ, കെ മീനാകുമാരി, എസ് ഷീജ എന്നിവർ സംസാരിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ് സതീഷ് കുമാർ സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി എം മുരളീധരൻ നന്ദിയും പറഞ്ഞു.
by Midhun HP News | Jul 7, 2026 | Latest News, കേരളം
തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല. ഐ.പി ബിനു ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ കോടതിയാണ് പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പും ചോദ്യംചെയ്യൽ നടപടികളും പൂർത്തിയായ സാഹചര്യത്തിൽ തങ്ങൾക്ക് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികൾ കോടതിയിൽ വാദിച്ചത്.
by Midhun HP News | Jul 7, 2026 | Latest News, ദേശീയ വാർത്ത
തെലങ്കാന: കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി യുവതി ഭര്‍ത്താവിന്റെ ഞരമ്പിലൂടെ ടോയ്‌ലറ്റ് ക്ലീനര്‍ കുത്തിവെച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമബാദിലാണ് സംഭവം. കാമുകന്റെയും മറ്റൊരു യുവാവിന്റെയും സഹായത്തോടെയാണ് കൊലപാതകമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
കൊല്ലപ്പെട്ട പ്രശാന്ത് അടുത്തിടെയാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയതെന്ന് പൊലീസ് പറയുന്നു. ഭാര്യ സന്ധ്യയുടെ വിവാഹേതര ബന്ധത്തിന് ഭര്‍ത്താവ് തടസ്സമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സന്ധ്യയുടെ കാമുകനായ അനിലും വെങ്കട് സായി എന്ന യുവാവും ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
പ്രശാന്തിന്റെ അമ്മയ്ക്ക് തോന്നിയ സംശയത്തിലൂടെയാണ് അപകടമരണമായി മാറേണ്ടിയിരുന്ന ഈ സംഭവത്തിന് പിന്നിലെ ദുരൂഹത പുറത്തുവന്നത്. പ്രശാന്തിനെ അമിതമായി മദ്യപിപ്പിച്ച ശേഷമാണ് പ്രതികള്‍ കൊലപാതകശ്രമം നടത്തിയത്. പ്രശാന്ത് പൂസായതോടെ അനിലും വെങ്കട്ടും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയും വീടിന്റെ ടെറസില്‍നിന്ന് താഴേക്ക് തള്ളിയിടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റെങ്കിലും പ്രതികള്‍ പ്രതീക്ഷിച്ചതുപോലെ പ്രശാന്ത് മരിച്ചില്ല. മദ്യപിച്ച് ബോധമില്ലാതെ പ്രശാന്ത് അബദ്ധത്തില്‍ കെട്ടിടത്തില്‍നിന്ന് വീണതാണ് എന്നാണ് പ്രതികള്‍ എല്ലാവരോടും പറഞ്ഞത്.
പ്രശാന്ത് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഘട്ടത്തിലാണ് പ്രതികള്‍ വീണ്ടും കൊലപാതകം ആസൂത്രണം ചെയ്തത്്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന സന്ധ്യ ഭര്‍ത്താവിന്റെ ഐവി ലൈനിലൂടെ ടോയ്ലറ്റ് ക്ലീനര്‍ കുത്തിവെക്കുകയായിരുന്നു. ഈ വിഷാംശമാണ് മരണത്തിന് കാരണമായത്.
മകന്റെ മരണത്തിലെ അസ്വാഭാവികതയില്‍ സംശയം തോന്നിയ പ്രശാന്തിന്റെ അമ്മ ജൂലൈ ഒന്നിന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വിവരം പുറത്തറിയുന്നത്. പ്രശാന്തിനെ കൊലപ്പെടുത്താനുള്ള ആദ്യ ശ്രമത്തില്‍ അയാളെ വീടിന്റെ ടെറസില്‍നിന്ന് തള്ളിയിടാന്‍ സഹായിച്ചതായി വെങ്കട്ട് സായ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സന്ധ്യ, അനില്‍, വെങ്കട്ട് സായ് എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഫോറന്‍സിക് പരിശോധനകള്‍ നടക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
by Midhun HP News | Jul 7, 2026 | Latest News, കേരളം
തിരുവനന്തപുരം: വയനാട് മേപ്പാടി – കള്ളാടി തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെത്തുടര്‍ന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിത്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും പുറത്തെടുക്കാന്‍ അടിയന്തരമായ നടപടികള്‍ ആവശ്യമാണ്. സര്‍ക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയാണെന്ന് പ്രതിക്ഷ നേതാവ് പറഞ്ഞു
ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും ധനസഹായവും ഉറപ്പുവരുത്തണം. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയും കുറ്റകരമായ അനാസ്ഥയും ഉണ്ടായിട്ടുണ്ടോ എന്ന ഗൗരവപൂര്‍വ്വമായ പരിശോധന ആവശ്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം, കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയില്‍ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് മരിച്ചവരുടെ അഞ്ച് ആയി. തുരങ്ക പാതയ്ക്കായി നിര്‍മിച്ച കോണ്‍ക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലില്‍ തകര്‍ന്നു. മണ്ണിനടിയില്‍ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. 7 പേരെ കാണാനില്ല. ഇവര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ മേപ്പാടി എസ്ഐക്കും പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മുതല്‍ അതിതീവ്ര മഴയാണ് വയനാട്ടില്‍. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തുരങ്കപാതയുടെ നിര്‍മാണം നടക്കുന്ന മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കനത്ത മഴ കാരണം നിര്‍മാണ ജോലികള്‍ ഇന്നലെ നിര്‍ത്തിവച്ചിരുന്നു. പ്രദേശത്തുണ്ടായിരുന്നവരാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങി. അഗ്നിരക്ഷാസേന അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദുരന്തനിവാരണ സേനാംഗങ്ങള്‍ പ്രദേശത്തേക്ക് തിരിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ച പുലര്‍ച്ചെയും ഈ മേഖലയില്‍ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ അതീവ ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
Recent Comments