പ്രധാനമന്ത്രിയുടെ നാളത്തെ യുപി സന്ദര്‍ശനം റദ്ദാക്കി; സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ഇന്ന് വൈകീട്ട്

പ്രധാനമന്ത്രിയുടെ നാളത്തെ യുപി സന്ദര്‍ശനം റദ്ദാക്കി; സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ഇന്ന് വൈകീട്ട്

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നടത്താനിരുന്ന യുപി സന്ദര്‍ശനം റദ്ദാക്കി. 20,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും വേണ്ടി നാളെ ( വ്യാഴാഴ്ച) കാന്‍പൂരിലേക്കാണ് പ്രധാനമന്ത്രി പോകേണ്ടിയിരുന്നത്.കാന്‍പൂര്‍ സ്വദേശിയായ ശുഭം ഉള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ യുപി സന്ദര്‍ശനം റദ്ദാക്കിയത്.

അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 26പേരാണ് കൊല്ലപ്പെട്ടത്. വളരെക്കാലത്തിനു ശേഷം കശ്മീരില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് നടന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നാണിത്. സിമന്റ് വ്യാപാര കമ്പനി നടത്തിയിരുന്ന ശുഭം, ഏപ്രില്‍ 16 ന് ഭാര്യയ്ക്കും മറ്റ് ഒമ്പത് കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഒരാഴ്ച നീണ്ടുനിന്ന അവധിക്കാല യാത്രയ്ക്ക് ആണ് കശ്മീരിലേക്ക് പോയത്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയില്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, വിമാനത്താവളത്തില്‍ വെച്ച് അടിയന്തര ഉന്നതതലയോഗം ചേര്‍ന്നു. രാവിലെ ഏഴു മണിയോടെ ഡല്‍ഹിയിലെത്തിയ നരേന്ദ്രമോദി, ഡല്‍ഹി വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയിലെ ലോഞ്ചില്‍ വെച്ചാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ വിദേശകാര്യമന്ത്രി ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങള്‍ അജിത് ഡോവല്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇന്നു വൈകീട്ട് ആറിന് യോഗം ചേരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുക്കും.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച (ഇന്നലെ) ആണ് മോദി സൗദിയിലെത്തിയത്. ഭീകരാക്രമണത്തില്‍ എല്ലാ സഹായങ്ങളും സൗദി കിരീടാവകാശി ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭീകരാക്രമണത്തെ അപലപിച്ചു. മോദിയെ ഫോണില്‍ വിളിച്ച് എല്ലാ പിന്തുണയും അമേരിക്ക അറിയിച്ചിട്ടുണ്ട്. വിദേശസന്ദര്‍ശനം വെട്ടിച്ചുരുക്കി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും ഇന്ത്യയിലേക്ക് മടങ്ങി.

കൂന്തള്ളൂർ ഗവ:എൽ.പി.എസ്സിൽ ‘വർണക്കൂടാരം’ പ്രോജക്ട്  നിർമാണോദ്ഘാടനം ചെയ്തു

കൂന്തള്ളൂർ ഗവ:എൽ.പി.എസ്സിൽ ‘വർണക്കൂടാരം’ പ്രോജക്ട് നിർമാണോദ്ഘാടനം ചെയ്തു

ചിറയിൻകീഴ്: കൂന്തള്ളൂർ ഗവ: എൽ.പി.എസ്സിൽ ‘വർണക്കൂടാരം’ പ്രോജക്ട് നിർമാണോദ്ഘാടനം ചിറയിൻകീഴ് എം.എൽ.എ വി.ശശി നിർവഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അധ്യക്ഷത വഹിച്ചു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം കവിത സന്തോഷ്, കിഴുവിലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ സുലഭ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ വിനീത, വാർഡ് മെമ്പർ ആർ.മനോന്മണി, ആറ്റിങ്ങൽ ബി.പി.സി വിനു.സി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് കുമാരി ഷീല സ്വാഗതവും, പി.ടി.എ പ്രസിഡന്റ് ടോമി നന്ദിയും പറഞ്ഞു.

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ അഭിമുഖ്യത്തിൽ, വേനലവധി ക്യാമ്പിന്റെ സമാപനയോഗം നടന്നു

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ അഭിമുഖ്യത്തിൽ, വേനലവധി ക്യാമ്പിന്റെ സമാപനയോഗം നടന്നു

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ അഭിമുഖ്യത്തിൽ ഏപ്രിൽ15 മുതൽ 20 വരെ നടന്ന വേനലവധി ക്യാമ്പിന്റെ സമാപനയോഗം ചിറയിൻകീഴ് എം എൽ എ വിശശി ഉദ്ഘാടനം ചെയ്തു. മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രന്ഥശാല പ്രസിഡന്റ്‌ കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ഷൈനി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ബി രമാഭായി അമ്മ, ഹരിത കേരളമിഷൻ ബ്ലോക്ക് കോർഡിനേറ്റർ ലില്ലി, കെ.രവികുമാർ, എസ് രാജശേഖരൻ, രാജിമോൾ, രേവതി, സിജി ഇന്ദുശ്രീ,ഷാനി ഫാ ബീവി തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

ആറു ദിവസം നീണ്ടുനിന്ന “വാക്കും വരയും” കുട്ടികളുടെ കൂടായ്മയിൽ ചിത്രരചന, വായന, എഴുത്ത്, സംഗീതം, അഭിനയം, നാടൻ പാട്ട്, ലഹരിക്കെതിരെ ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്തർ ക്ലാസ് എടുത്തു. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി പരിസര മാലിന്യനിർമ്മാർജ്ജനയജ്ഞത്തിന്റെ ഉദ്ഘാടനം സമാപന യോഗത്തിൽ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ ഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കയും, എം എൽ എ ഫണ്ടിൽ നിന്നും ഗ്രന്ഥശാലക്ക് അനുവദിച്ച പതിനായിരം രൂപയുടെ പുസ്തകങ്ങൾ ഗ്രന്ഥശാല ഭാരവാഹികൾക്ക് കൈമാറുകയും ചെയ്തു.

“ഒരു എംപുരാൻ കൂടി എടുത്ത് തീവ്രവാദത്തെ വെളുപ്പിക്ക്”; മോഹൻലാലിനെതിരെ സൈബർ ആക്രമണം

“ഒരു എംപുരാൻ കൂടി എടുത്ത് തീവ്രവാദത്തെ വെളുപ്പിക്ക്”; മോഹൻലാലിനെതിരെ സൈബർ ആക്രമണം

ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തിലാണ് രാജ്യം. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ഭീകരാക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ അപലപിച്ച് നടൻ മോഹൻലാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിനു താഴെ വിദ്വേഷ കമന്‍റുകളുടെ പ്രളയം. വൻതോതിൽ സൈബർ ആക്രമണം നടക്കുകയാണ്, മോഹന്‍ലാലിനെതിരെ. മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എംപുരാൻ സിനിമയെയും ബന്ധപ്പെടുത്തിക്കൊണ്ടാണ് സോഷ്യൽ മീഡിയയിൽ നെ​ഗറ്റീവ് കമന്റുകളുയരുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകളെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയും വലിയ ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വേദനാജനകമാണെന്നായിരുന്നു മോഹൻലാൽ കുറിച്ചത്. ഇതിന് താഴെയാണ് ഒരു വിഭാ​ഗം വിമർശനവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

“ഒരു എംപുരാൻ കൂടി എടുത്ത് തീവ്രവാദത്തെ വെളുപ്പിക്ക്”, “പത്ത് പുത്തന് വേണ്ടി ദയവായി ഇനി ഇതും വെളുപ്പിച്ച് സിനിമ എടുക്കരുത്”, “ഈ ആക്രമണത്തെയും വെളുപ്പിക്കാൻ ഒരു സിനിമ എടുക്കൂ ലാലേട്ടാ”, “പോസ്റ്റ്‌ മുക്കിയിട്ട് കേണൽ പദവിയും തിരികെ കൊടുത്ത് താൻ പോയി സയ്ദ് മസൂദിന് ഊഞ്ഞാലാട്ടി കൊടുക്ക്”,

“ഇപ്പോൾ ലാലേട്ടന് മനസ്സിലായി കാണും, ഗുജറാത്തിൽ എങ്ങിനെ ആണ് കലാപം തുടങ്ങിയത് എന്ന്… രാജപ്പനെ വിളിക്കുമ്പോ ഒന്ന് പറഞ്ഞേക്ക്.. മോനെ നമ്മൾ ചെയ്തത് ശരിയായില്ല എന്ന്”, “എംപുരാൻ 3 യിൽ ഈ കഥ കൂടി കാണിക്കുവാൻ താങ്കൾക്ക് കഴിയുമോ”, “നിങ്ങളെ മലയാളികൾ വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞു മോഹൻലാൽ. 45 വർഷം കൊണ്ട് നിങ്ങൾ നേടിയത് ഒരൊറ്റയാൾ ഒരൊറ്റ ഫിലിം കൊണ്ടു നശിപ്പിച്ചു കൈയിൽ തന്നു. അവനെ വിശ്വസിച്ചിടത്തി നിന്നു നിങ്ങളുടെ പതനം തുടങ്ങി. ഇനി ആ ഭാരത സൈന്യത്തിന്റെ കുപ്പായംകൂടി അഴിച്ചുവെച്ചാൽ നിങ്ങൾ തികച്ചും അന്യനാകും!”- എന്നൊക്കെയാണ് നടനെതിരെ സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

എന്നാൽ മോഹൻലാലിനെതിരെ ഉയരുന്ന സൈബർ ആക്രമണത്തിൽ നിരാശ പങ്കുവയ്ക്കുന്നവരും കുറവല്ല. “ഒരുപാട് സ്നേഹിച്ചത് കൊണ്ടാവാം, മനുഷ്യർക്ക് ഇത്രയേറെ നിരാശ”, “ഇത്രയേറെ വെറുക്കപ്പെട്ടവനായി മാറാൻ കാരണം ഒറ്റ സിനിമ. പൃഥ്വിക്കും മുരളി ​ഗോപിക്കും പോലും ഇത്ര വെറുപ്പ് വരുന്നില്ല”. – എന്നൊക്കെയാണ് മോഹൻലാലിനെ പിന്തുണച്ച് രം​ഗത്തെത്തുന്നവർ കമന്റ് ചെയ്തിരിക്കുന്നത്.

മോഹൻലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

“പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകളെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയും വലിയ ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണവശാലും ഒരിക്കലും ന്യായീകരിക്കാനാവില്ല.

ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്ക്, നിങ്ങളുടെ ദുഃഖം വാക്കുകൾക്ക് അതീതമാണെന്നറിയാം. നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് അറിയുക. മുഴുവൻ രാജ്യവും ഈ ദുഃഖത്തിൽ നിങ്ങളോടൊപ്പം നിൽക്കുന്നു. നമുക്ക് പരസ്പരം കുറച്ചു കൂടി മുറുകെ പിടിക്കാം, ഇരുട്ടിന്റെ മുഖത്ത് പോലും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്.

ഭീകരതയ്ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ല, കുറ്റവാളികളെ വെറുതെ വിടില്ലെന്ന് അമിത് ഷാ

ഭീകരതയ്ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ല, കുറ്റവാളികളെ വെറുതെ വിടില്ലെന്ന് അമിത് ഷാ

ശ്രീനഗര്‍: ഭീകരതയ്ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിഷ്ഠൂരമായ ഭീകരാക്രമണത്തിന്റെ കുറ്റവാളികളെ വെറുതെ വിടില്ലയെന്നും അമിത് ഷാ പറഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ശ്രീനഗര്‍ പൊലീസ് ആസ്ഥാനത്ത് കേന്ദ്രമന്ത്രി അമിത് ഷാ ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് അമിത് ഷാ ആക്രമണം ഉണ്ടായ പഹല്‍ഗാം സന്ദര്‍ശിച്ചു. ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ അമിത് ഷാ കണ്ടു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേരും. മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. നിലവില്‍ കശ്മീരിലുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മന്ത്രിസഭാസമിതി യോഗത്തില്‍ പങ്കെടുത്തേക്കും. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ തിരിച്ചെത്തിയത്.

ഭീകരാക്രമണത്തിന് പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ വിലയിരുത്തല്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദ റസിസ്റ്റന്റ് ഫ്രണ്ടിന്റെ പിന്നില്‍ പാക് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയും ഐഎസ്‌ഐയുമാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ലഷ്‌കര്‍ ആസൂത്രണം ചെയ്തു, ഐസിഐ പിന്തുണ നല്‍കി, ടി ആര്‍ എഫ് നടപ്പാക്കി എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.