by Midhun HP News | Apr 23, 2025 | Latest News, കേരളം
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാര്‍ക്ക് നോട്ടീസ് അയച്ച് എക്‌സൈസ്. ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കുമാണ് എക്‌സൈസ് നോട്ടീസ് അയച്ചിരിക്കുന്നത്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. വാട്‌സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ ശേഖരിച്ച ശേഷമാണ് എക്‌സൈസിന്റെ നീക്കം. തസ്ലീമയുടെ ഫോണില്‍ കൂടുതല്‍ ചാറ്റുകള്‍ കണ്ടെത്തിയത് ശ്രീനാഥ് ഭാസിമായിട്ടുള്ളതാണ്.
ഷൈന്‍ ടോം ചാക്കോയെയും മറ്റ് നടന്‍മാരെയും അറിയാമെന്ന് ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ എക്‌സൈസിനോട് വെളിപ്പെടുത്തിയിരുന്നു. ഷൈന്‍ ടോം ചാക്കോയുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും തസ്ലീമ എക്‌സൈസിന് മൊഴി നല്‍കിയിരുന്നു.
തസ്ലീമയെ അറിയാമെന്ന് ഷൈന്‍ ടോം ചാക്കോയും കൊച്ചിയില്‍ അറസ്റ്റിലായപ്പോള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരും തമ്മില്‍ ലഹരി ഇടപാട് നടന്നിട്ടുണ്ടോയെന്ന് എക്‌സൈസ് പരിശോധന നടത്തും.
by Midhun HP News | Apr 23, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഇന്നലെ കൂടിയത് അതേപോലെ തന്നെ ഇന്ന് തിരിച്ചിറങ്ങി. പവന് 2200 രൂപയാണ് കുറഞ്ഞത്. നിലവില്‍ തിങ്കളാഴ്ചത്തെ നിരക്കായ 72,120ലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 275 രൂപയാണ് താഴ്ന്നത്. 9015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സ്വര്‍ണവില 75000 കടന്നും കുതിക്കുമെന്ന്് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില താഴ്ന്നത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില താഴ്ന്നത്. 17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
by Midhun HP News | Apr 23, 2025 | Latest News, കേരളം
കൊച്ചി: തിരുവനന്തപുരത്ത് വനിതാ ഐബി ഓഫീസര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിന്റെ പങ്ക് സംബന്ധിച്ച് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മരിച്ച 24 കാരിയായ ഐബി ഉദ്യോഗസ്ഥയുടെ മുഴുവന്‍ ശമ്പളവും സുകാന്ത് തട്ടിയെടുത്തിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചു. വിവാഹ വാഗ്ദാനം നല്‍കി, 2024 ഒക്ടോബര്‍ മുതല്‍ ഇയാള്‍ ഇത്തരത്തില്‍ പണം തട്ടിയെടുത്തിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഐബി ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും, ശമ്പളം ബാങ്കില്‍ ക്രെഡിറ്റ് ആയാല്‍ തൊട്ടു പിറ്റേന്ന് തന്നെ മുഴുവന്‍ പണവും സുകാന്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. സുകാന്തും മരിച്ച ഐബി ഉദ്യോഗസ്ഥയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് സുകാന്തില്‍ നിന്നും യുവതി കടുത്ത സമ്മര്‍ദ്ദവും മാനസിക പീഡനവുമാണ് അനുഭവിച്ചിരുന്നതെന്ന്, ഐബി ഉദ്യോഗസ്ഥരുടെ സുഹൃത്തുക്കള്‍, റൂം മേറ്റ്‌സ് തുടങ്ങി 30 ഓളം സാക്ഷികളുടെ മൊഴികളില്‍ നിന്ന് വ്യക്തമായതായി പൊലീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം പേട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പ്രേംകുമാറാണ് ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. വ്യാജ വിവാഹ വാഗ്ദാനം നല്‍കി സുകാന്ത്, ഐബി ഉദ്യോഗസ്ഥയായ യുവതിയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍, യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സുകാന്തിനെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2024 ഏപ്രില്‍-മെയ് മാസത്തില്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന പരിശീലന ക്യാമ്പിനിടെയാണ് സുകാന്തും യുവതിയും തമ്മില്‍ സൗഹൃദത്തിലാകുന്നത്. പരിശീലനത്തിന് പിന്നാലെ, സുകാന്തിന് കൊച്ചിയില്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും, യുവതിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലും നിയമനം ലഭിച്ചു. ഇതിനിടെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെ സുകാന്ത് യുവതിയെ ശാരീരിക ബന്ധത്തിന് ഇരയാക്കുകയായിരുന്നു. ഈ ബന്ധത്തില്‍ യുവതി ഗര്‍ഭിണിയായി. തുടര്‍ന്ന് 2024 ജൂലൈ നാലിന് യുവതി തിരുവനന്തപുരത്തെ ആശുപത്രിയില്‍ വെച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയായി. ഇതിനു പിന്നാലെ പ്രണയബന്ധം യുവതി വീട്ടുകാരെ അറിയിച്ചു.
വീട്ടുകാര്‍ സമ്മതം മൂളിയതോടെ, തന്നെ വിവാഹം കഴിക്കണമെന്ന് യുവതി പലതവണ സുകാന്തിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ ബന്ധത്തില്‍ നിന്നും ഒഴിഞ്ഞുമാറി. ഇതോടെ യുവതി വിഷാദത്തിന് അടിമപ്പെട്ടുവെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സുകാന്തിന് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുക എന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നും, യുവതിയുടെ വലിയൊരു തുക അടിച്ചുമാറ്റിയെടുത്തെന്നും ഐബി ഉദ്യോഗസ്ഥയുടെ വീട്ടുകാര്‍ കോടതിയെ അറിയിച്ചു. വിവാഹത്തിന് തങ്ങള്‍ എതിര്‍ത്തിരുന്നുവെന്ന സുകാന്തിന്റെ വാദം പച്ചക്കള്ളമാണെന്നും വീട്ടുകാര്‍ കോടതിയില്‍ വ്യക്തമാക്കി.
തങ്ങളുടെ മകളുടെ സ്വപ്‌നങ്ങളെ സുകാന്ത് തകര്‍ത്തു. മകളുടെ മരണം വിധിയല്ല, മറിച്ച് സുകാന്ത് കരുതിക്കൂട്ടി നടപ്പാക്കിയ ക്രൂരതയാണെന്നും യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചു. അതേസമയം, കേസിലെ പ്രതിയായ സുകാന്തിനെ ഐബിയില്‍ നിന്നും പിരിച്ചു വിട്ടിട്ടില്ലെന്ന് അയാളുടെ അഭിബാഷകനായ സി പി ഉദയഭാനു അറിയിച്ചു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സുകാന്ത് സസ്‌പെന്‍ഷനിലാണ്. എന്നാല്‍ ഇതുവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അഡ്വ. ഉദയഭാനു വ്യക്തമാക്കി.
by Midhun HP News | Apr 23, 2025 | Latest News, കേരളം
കൊച്ചി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകര ആക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും. എന്‍ രാമചന്ദ്രനാണ് മരിച്ചത്. 65 വയസ്സായിരുന്നു. ഇടപ്പള്ളി സ്വദേശിയായ എന്‍ നാരായണ മേനോന്റെ മകനാണ്. വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പതിനാറുപേരുടെ പട്ടികയിലാണ് മലയാളിയുടെ പേര് ഉള്ളത്.
ഇന്നലെയാണ് അദ്ദേഹം കുടുംബത്തോടൊപ്പം കശ്മീരിലെത്തിയത്. വിദേശത്തുനിന്ന് മകള്‍ എത്തിയതോടെ അവധി ആഘോഷിക്കാനായി രാമചന്ദ്രന്‍, ഭാര്യ ഷീല, മകള്‍ അമ്മു, ഇവരുടെ രണ്ടുമക്കള്‍ എന്നിവര്‍ കശ്മീരിലേക്ക് പോകുകയായിരുന്നു. കുടുംബം സുരക്ഷിതരാണെന്നാണ് വിവരം. പ്രവാസിയായ രാമചന്ദ്രന്‍ രണ്ടുവര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. കൊച്ചിയിലെ നാവിക സേനാ ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളും ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹരിയാന സ്വദേശിയാണ് വിനയ്.
ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. കശ്മീരിലെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരുക്കേറ്റത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ട്രക്കിങ്ങിനു മേഖലയിലേക്കു പോയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കു കൂടുതല്‍ സുരക്ഷാ സേനാംഗങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ശ്രീനഗറിലെത്തിയ അമിത് ഷാ സ്ഥിതി ഗതികള്‍ വിലയിരുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ജിദ്ദയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഭഅതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കറെ തയിബ അനുകൂല സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു.
ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ”കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ തിരിച്ചടി നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെക്കുറിച്ച് വിഡിയോ കോണ്‍ഫറന്‍സിങിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എല്ലാ ഏജന്‍സികളുമായും അടിയന്തര സുരക്ഷാ അവലോകന യോഗം നടത്താന്‍ ഉടന്‍ ഞാന്‍ ശ്രീനഗറിലേക്ക് പോകും.’ അമിത് ഷാ അറിയിച്ചു.അജ്ഞാതരായ തോക്കുധാരികള്‍ വിനോദസഞ്ചാരികള്‍ക്കു അടുത്തു വന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാന്‍ സാധിക്കൂവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പരിക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനായി അധികൃതര്‍ മേഖലയിലേക്ക് ഹെലികോപ്റ്റര്‍ അയച്ചിട്ടുണ്ട്.
അതേസമയം, ആക്രമണം നടത്തിയത് ചില പാകിസ്ഥാന്‍ ഭീകരരാണെന്ന് ബിജെപി നേതാവ് രവീന്ദര്‍ റെയ്‌ന പറഞ്ഞു. പഹല്‍ഗാമം ഭീകരാക്രമണത്തില്‍ അപലപിച്ച് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും രംഗത്തെത്തി.
by Midhun HP News | Apr 23, 2025 | Latest News, കേരളം
തൊടുപുഴ: മൂന്നാറില്‍ ജനവാസമേഖലകളില്‍ ഇറങ്ങി ഭീതി പരത്തി കാട്ടാനകൂട്ടവും കാട്ടുപോത്തും. നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്തെത്തിയത്. എമാട്ടുപ്പെട്ടി ഇന്‍ഡോസിസ് പ്രോജക്റ്റിന് സമീപം കാട്ടാനകൂട്ടം റോഡിലിറങ്ങി.
മൂന്നാറില്‍ വന്യ മൃഗങ്ങള്‍ ജനവാസ മേഖലകളില്‍ ഭീതി പരത്തുന്ന സാഹചര്യം തുടരുകയാണ്. കാട്ടുപോത്തും കാട്ടാനകൂട്ടവുമെല്ലാം യഥേഷ്ടം ജനവാസ മേഖലകളില്‍ ഇറങ്ങുന്നത് ആവര്‍ത്തിക്കപ്പെടുകയാണ്. നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്തെത്തിയത്.
എസ്റ്റേറ്റില്‍ അടിക്കടി കാട്ടുപോത്തിന്റെ സാന്നിധ്യമുണ്ടാകുന്നത് ആളുകളില്‍ ആശങ്ക പരത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് തുടര്‍ച്ചയായി കാട്ടുപോത്ത് എത്തുന്ന സാഹചര്യമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.മാട്ടുപ്പെട്ടി ഇന്‍ഡോസിസ് പ്രോജക്റ്റിന് സമീപമാണ് കാട്ടാനകൂട്ടം റോഡിലിറങ്ങിയത്. അഞ്ചോളം ആനകളായിരുന്നു കൂട്ടത്തില്‍ ഉണ്ടായിരുന്നത്. റോഡില്‍ കാട്ടാനകള്‍ നിലയുറപ്പിച്ചതോടെ ഗതാഗത തടസ്സമുണ്ടായി. കഴിഞ്ഞ കുറെ നാളുകളായി ഈ ഭാഗത്ത് കാട്ടാന ശല്യം കുറഞ്ഞിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ ഈ പ്രദേശത്തേക്ക് കാട്ടാന കൂട്ടം വീണ്ടും എത്തിയിട്ടുള്ളത്.
Recent Comments