by Midhun HP News | Apr 21, 2025 | Latest News, കേരളം
തൃശ്ശൂര്‍: തൃശൂര്‍ പൂരം വിളംബരത്തിന് ഇത്തവണയും കൊമ്പന്‍ എറണാകുളം ശിവകുമാര്‍ തന്നെ. പൂരത്തലേന്ന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയെത്തുന്ന കൊമ്പന്‍ തെക്കേ ഗോപുരനട തുറന്നിടുന്നതോടെയാണ് പൂരത്തിന് വിളംബരമാകുക. ബോര്‍ഡ് അംഗങ്ങളുടെയും ഘടകകക്ഷേത്ര പ്രതിനിധികളുടെയും യോഗത്തിന്റെതാണ് തീരുമാനം. മേയ് അഞ്ചിനാണ് പൂര വിളംബരം. ആറിനാണ് തൃശൂര്‍ പൂരം.
തുടര്‍ച്ചയായ അഞ്ചാം തവണയാണ് ശിവകുമാര്‍ പൂരത്തിന് വിളമ്പരമേകുന്നത്. നേരത്തെ ഗജവീരന്‍മാരിലെ സൂപ്പര്‍ താരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നിര്‍വഹിച്ചുപോന്നിരുന്ന ദൗത്യമായിരുന്നു ഇത്. രാമചന്ദ്രന് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയതോടെ ഈ നിയോഗം ശിവകുമാറിലേക്കെത്തിയത്. കൊച്ചിന്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് എറണാകുളം ശിവകുമാര്‍.
by Midhun HP News | Apr 21, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: അവധിക്കാലം ആഘോഷമാക്കിയിരിക്കുകയാണ് പാപ്പാല എൽ പി എസിലെ പാപ്പാത്തികൾ. വർണക്കൂടാരം പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്ന 13 പഠന മൂലകൾ അടങ്ങിയ എ സി ക്ലാസ് മുറിയാണ് പാപ്പാത്തി. പാപ്പാത്തിയിൽ അവധിക്കാലത്ത് കുട്ടികൾക്ക് പഠന വിനോദ ക്യാമ്പ് പി റ്റി എ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
അഭിനയം, നൃത്തം, പാട്ട്, ക്രാഫ്റ്റ്, കായിക മേഖലകളിലായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അവധിക്കാലത്ത്. കുട്ടികൾക്ക് കൂട്ടുകാരെ കാണാൻ അവസരവും രക്ഷകർത്താക്കൾക്ക് കുട്ടികളുടെ കുസൃതികൾ നിന്ന് ആശ്വാസവുമുണ്ട് എന്ന് രക്ഷകർത്താക്കൾ പറയുന്നു. കായിക മേഖലയിൽ കുട്ടികൾക്ക് എയ്റോബിക്സ് ഡാൻസ് പരിശീലിപ്പിച്ചു. വരും ദിവസങ്ങളിൽ രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ വീടുകളിൽ ഈ പരിശീലനം തുടരും. കുട്ടികളുടെ താൽപര്യാർത്ഥം പാട്ടുകൾക്ക് ഒപ്പം ചുവടുവയ്ക്ക്കുന്നതിലൂടെ കായികശേഷി മികവുറ്റതാക്കാൻ കഴിയുമെന്നതാണ് എയ്റോബിക്സിൻ്റെ സാധ്യത. പി റ്റി എ പ്രസിഡന്റ് കെ ജി ശ്രീകുമാർ, പ്രഥമാധ്യാപിക ഐഷ എസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
by Midhun HP News | Apr 21, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: 2025 ഏപ്രില്‍ 21ന്, ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍, വാന്‍സ് ഗോ ബാക്ക്! ഇന്ത്യ വില്‍പ്പനയ്ക്കില്ല എന്ന മുദ്രാവാക്യമുയർത്തി കർഷകസംഘം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി വാന്‍സിൻ്റെ കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധ പ്രകടനം കർഷകസംഘം ഏരിയ സെക്രട്ടറി സി. ദേവരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണകുറുപ്പ്, മോഹനൻ നായർ, കൊച്ചു കൃഷ്ണകുറുപ്പ്, മനോഹരൻ, കൃഷ്ണദാസ്, രാധാകൃഷ്ണൻനായർ, അനുമോദ് തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Apr 21, 2025 | Latest News, കേരളം
ആലപ്പുഴ: ചലിച്ചിത്ര മേഖലയില്‍ പരിചയക്കാരുണ്ടെന്നും എന്നാല്‍ ലഹരി ഇടപാടില്ലെന്നും ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി തസ്ലിമ സുല്‍ത്താന. 2 കോടിയോളം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു തസ്ലീമ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. അതേസമയം, കഞ്ചാവ് കേസില്‍ മൂന്ന് പ്രതികളെയും ആലപ്പുഴ അഡിഷനല്‍ ജില്ലാ ആന്റ് സെഷന്‍ കോടതി എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു.
24 വരെയാണ് കസ്റ്റഡി കാലാവധി. ഹൈക്കോടതിയില്‍ നിന്നുള്ള അഭിഭാഷകനു വക്കാലത്ത് നല്‍കാന്‍ തസ്ലിമ അപേക്ഷിച്ചെങ്കിലും വക്കാലത്ത് ഫയല്‍ ചെയ്യാതെ വാദിക്കാനാകില്ലെന്നു കോടതി അറിയിച്ചു. കേസിലെ മൂന്നാം പ്രതിയും തസ്‌ലിമയുടെ ഭര്‍ത്താവുമായ സുല്‍ത്താന്‍ അക്ബര്‍ അലിക്ക് കേസില്‍ ബന്ധമില്ലെന്നു പ്രതിഭാഗം വാദിച്ചു. അക്ബര്‍ അലി ലഹരിവസ്തു വില്‍ക്കുകയോ വാങ്ങുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്നും ഒന്നാംപ്രതിയുടെ ഭര്‍ത്താവ് ആണെന്നതിനാല്‍ മാത്രം തെളിവുകള്‍ ഇല്ലാതെ പ്രതിചേര്‍ത്തതാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരുന്നതെങ്കിലും ഒന്നാം പ്രതിയെ കോടതിയില്‍ എത്തിക്കാന്‍ വൈകിയതു കാരണം കസ്റ്റഡി സമയം കുറയുന്നതു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് 24നു വൈകിട്ട് 4 വരെ കസ്റ്റഡി അനുവദിച്ചത്. മൂന്നു പ്രതികളും ജാമ്യത്തിനു നേരത്തെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കസ്റ്റഡി കാലാവധി കഴിഞ്ഞശേഷം ഇതു പരിഗണിക്കും.
ഹൈക്കോടതിയില്‍നിന്നുള്ള അഭിഭാഷകന്‍ ഒന്നാംപ്രതി തസ്‌ലിമയ്ക്കും രണ്ടാം പ്രതി ഫിറോസിനും വേണ്ടി വക്കാലത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ അഭിഭാഷകനു വക്കാലത്ത് നല്‍കുന്നില്ലെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു. രണ്ടാം പ്രതിക്കായി ആലപ്പുഴയില്‍ നിന്നുള്ള അഭിഭാഷക ഹാജരായി.
by Midhun HP News | Apr 21, 2025 | Latest News, കേരളം
തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി. മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയത്. മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
നിലവില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇവിടെ നടക്കുന്നുണ്ട്. സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ സര്‍ജറി, യൂറോളജി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, ന്യൂറോസര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി എന്നീ വിഭാഗങ്ങള്‍ക്കുള്ള ഓപ്പറേഷന്‍ തീയേറ്ററുകളും തീവ്രപരിചരണ വിഭാഗങ്ങളുമാണ് പുതുതായി പ്രവര്‍ത്തനമാരംഭിച്ചത്. ഓരോ വിഭാഗത്തിനുമായി 20 ഐസിയു കിടക്കകള്‍ സജ്ജമാക്കി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നേരത്തെ തന്നെ ഈ ബ്ലോക്കില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 5 സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കൊപ്പം അനസ്‌തേഷ്യ വകുപ്പിന്റെ ഒരു വിഭാഗം കൂടി ഈ ബ്ലോക്കിലേക്ക് മാറ്റി.
ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ കോട്ടയം മെഡിക്കല്‍ കോളജിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായാണ് പുതിയ ഓപ്പറേഷന്‍ തീയറ്ററുകളില്‍ അവയവം മാറ്റിവയ്ക്കാനുള്ള സംവിധാനങ്ങള്‍ കൂടിയൊരുക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
Recent Comments