by Midhun HP News | Apr 21, 2025 | Latest News, ദേശീയ വാർത്ത
കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തോടെ പുതിയ പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ക്ക് ആഗോള കത്തോലിക്കാ സഭ തുടക്കമിടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കര്‍ദിനാള്‍മാരുടെ പേപ്പല്‍ കോണ്‍ക്ലേവ് ആണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുക. ദുഃഖാചരണ കാലയളവിനു ശേഷമാവും കോണ്‍ക്ലേവ് ചേരുക.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള 252 കര്‍ദിനാള്‍മാരില്‍ 135 പേര്‍ക്കാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ വോട്ടിങ് അവകാശം. ഇതില്‍ നാലു പേര്‍ ഇന്ത്യയില്‍നിന്നുള്ളവരാണ്.
സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ്, വൈദികനായിരിക്കെ നേരിട്ടു കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ജോര്‍ജ് ജേക്കബ് കൂവക്കാട്, ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ആന്റണി പൂല, ഗോവ മെട്രൊപൊളിറ്റന്‍ ആര്‍ച്ചബിഷപ്പ് കര്‍ദിനാള്‍ ഫിലിപ് നേരി അന്റോണിയോ സെബാസ്റ്റിയനോ ഡോ റൊസാരിയോ എന്നിവര്‍ക്കാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള നിയോഗം. മേജര്‍ആര്‍ച്ച്ബിഷപ്പ് സ്ഥാനം ഒഴിഞ്ഞ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് 80 വയസ്സു കഴിഞ്ഞതിനാല്‍ സിറോ മലബാര്‍ സഭയ്ക്ക് കോണ്‍ക്ലേവില്‍ വോട്ടവകാശം ഉണ്ടാവില്ല. കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട് സിറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ചല്ല, സെന്റ് അന്റോണിയോ ഡി പഡോവ ഡീക്കന്‍ എന്ന നിലയിലാവും കോണ്‍ക്ലേവില്‍ പങ്കെടുക്കുക.
കറുത്ത പുകയും വെളുത്ത പുകയും
വത്തിക്കാനിലെ സിസ്റ്റിന്‍ ചാപ്പല്‍ പുകക്കുഴലിലൂടെ വരുന്ന പുകയുടെ നിറമായിരിക്കും പുതിയ പാപ്പയെ തെരഞ്ഞെടുത്തതു സംബന്ധിച്ച് സ്ഥിരീകരണം നല്‍കുക. കോണ്‍ക്ലേവ് നടക്കുന്നതിനിടയില്‍ വെളുത്ത പുക പുറത്തുവന്നാല്‍ പുതിയ പാപ്പയെ സംബന്ധിച്ച് കോണ്‍ക്ലേവില്‍ തീരുമാനമായെന്ന് അര്‍ഥം; കറുത്ത പുകയെങ്കില്‍ കര്‍ദിനാള്‍മാര്‍ക്ക് യോജിപ്പിലെത്താന്‍ ആയിട്ടില്ലെന്നും.
by Midhun HP News | Apr 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി.ഇയാളെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. സുകാന്ത് കേസില്‍ പ്രതിയായ കാര്യം പൊലീസ് ഇന്റലിജന്‍സ് ബ്യൂറോയെ അറിയിച്ചിരുന്നു. കേസിന്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ നടപടി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി ചെയ്തിറങ്ങി ശേഷമാണ് ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നില്‍ ചാടി മരിക്കുന്നത്. സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്ന സുകാന്തുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. സാമ്പത്തിക മായും ശാരീരമായും ചൂഷണം ചെയ്ത ശേഷം വിവാഹ ബന്ധത്തില്‍ നിന്നും സുകാന്ത് പിന്‍മാറിയതിന്റെ മാനസിക വിഷമനത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലിസ് കേസ്. മരിക്കുന്നതിന് മുമ്പും പെണ്‍കുട്ടി സുകാന്തിനോടാണ് സംസാരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി ഗര്‍ഫഭഛിത്രം നടത്തിയതിനുള്ള തെളിവുകളും ഇവര്‍ തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റും ഉള്‍പ്പെടെ പൊലിസിന് ലഭിച്ചിരുന്നു.
മകളുടെ അക്കൗണ്ടില്‍ നിന്നും സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കിയത്. പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
by Midhun HP News | Apr 21, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: 2024-25 വര്‍ഷത്തേക്കുള്ള താരങ്ങളുടെ കരാര്‍ പുറത്തുവിട്ട് ബിസിസിഐ. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 34 താരങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ കരാറിന് പുറത്തായിരുന്ന ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ വീണ്ടും വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എപ്ലസ് വിഭാഗത്തില്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ തുടരും. ഏഴ് കോടി രൂപയാണ് ഈ വിഭാഗത്തിലുള്ളവര്‍ക്ക് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക. അഞ്ച് കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന എ വിഭാഗത്തില്‍ മുഹമ്മദ് സിറാജ്, കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഋഷഭ് പന്ത് എന്നിവര്‍ ഇടം നേടി. കഴിഞ്ഞ സീസണില്‍ ബി ഗ്രേഡ് കരാറിലായിരുന്നു പന്ത്.
മൂന്ന് കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന ഗ്രൂപ്പ് ബിയില്‍ സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവരാണുള്ളത്. ഗ്രേഡ് സിയില്‍ റിങ്കു സിങ്, തിലക് വര്‍മ, ഋതുരാജ് ഗെയ്ക്വാദ്, രവി ബിഷ്‌ണോയി, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷദീപ് സിങ്, പ്രസിദ് കൃഷ്ണി, രജത് പടിധാര്‍, ധ്രുവ് ജുറൈല്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഇഷന്‍ കിഷന്‍, അഭിഷേക് ശര്‍മ, ആകാശ് ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ ഇടം പിടിച്ചു. ഗ്രൂപ്പ് സി വിഭാഗത്തില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് വര്‍ഷത്തില്‍ 1 കോടി രൂപയാണ് പ്രതിഫലം ലഭിക്കുക. ഒരു വര്‍ഷത്തില്‍ കുറഞ്ഞത് മൂന്ന് ടെസ്റ്റ് മല്‍സരങ്ങളോ എട്ട് ഏകദിനങ്ങളോ അല്ലെങ്കില്‍ 10 ട്വന്റി20 മത്സരങ്ങളോ കളിച്ച താരങ്ങളെയാണ് കരാറിനായി പരിഗണിക്കുന്നത്.
by Midhun HP News | Apr 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മനുഷ്യ സ്നേഹത്തിൻറെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
ഫലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
by Midhun HP News | Apr 21, 2025 | Latest News, കേരളം
കൊച്ചി: ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ നിലവില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഷൈന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എന്ന് വ്യക്തമായിട്ടുണ്ട്. പക്ഷേ എന്ത് ലഹരിയാണ്, എങ്ങനെ ഉപയോഗിക്കുന്നു എന്നിവയെല്ലാം വിശദമായി അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യം പരിശോധിച്ച് വരികയാണ്, കേസ് അന്വേഷണം പ്രാരംഭഘട്ടത്തില്‍ ആയതിനാല്‍ മറ്റ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഇല്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഷൈനുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ കൂടുതല്‍ പരിശോധന വേണമെന്ന സാഹചര്യത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. പൊലീസിനെ കണ്ട് ഷൈന്‍ ഓടിപ്പോകാന്‍ ഉണ്ടായ സാഹചര്യം ഉള്‍പ്പെടെ വിശദമായി പരിശോധിക്കേണ്ടതുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് ഗുണ്ടകളാണെന്ന് കരുതിയാണ് ഓടിയത് എന്നാണ് ഷൈന്‍ പറയുന്നത്. ഗുണ്ടകള്‍ എന്ന് കരുതിയെങ്കില്‍ പൊലീസിനെ സമീപിക്കാമായിരുന്നു. അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമ മേഖലയില്‍ ലഹരിയുടെ സാന്നിധ്യമുണ്ടെന്ന് മാധ്യമ വാര്‍ത്തകള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴിയില്‍ ഇതുസംബന്ധിച്ച് പ്രത്യേകമായ പരാമര്‍ശങ്ങള്‍ ഒന്നും തന്നെയില്ല. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശങ്ങള്‍ നിലവിലുണ്ട്. അതുള്‍പ്പെടെ പരിഗണിച്ചുള്ള നടപടികള്‍ ഉണ്ടാകും. ഷൈനിന് എതിരെ കുടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാന്‍ ഇപ്പോള്‍ നീക്കമില്ല. മയക്കുമരുന്ന് ഇടപാടുകാരന്‍ സജീര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ച് വരികയാണ്. ഷൈനിന്റെ കേസ് പ്രത്യേകമായി മുന്നോട്ട് പോകും. മറ്റ് കേസുകള്‍ അതിന്റെ വഴിക്ക് പുരോഗമിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കുന്നു.
Recent Comments