by Midhun HP News | Apr 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസില്‍ കോടതി ഇന്ന് ശിക്ഷ വിധിക്കും. തമിഴ്നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രനാണ് പ്രതി. 2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടിക്കടയില്‍ വച്ച് രാജേന്ദ്രന് വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണമാല കവരാനായിരുന്നു ക്രൂരകൊലപാതകം.
കേസില്‍ കൊലപാതകം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പ്രസൂണ്‍ മോഹന്‍ കണ്ടെത്തിയിരുന്നു. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ- ശാസ്ത്രീയ തെളിവുകള്‍ പ്രകാരമായിരുന്നു അന്വേഷണം.
118 സാക്ഷികളില്‍ 96 പേരെ വിസ്തരിച്ചു. പ്രതിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവുകള്‍ ഏഴ് യുഎസ്ബികള്‍ എന്നിവ ഹാജരാക്കി. ഇതുകൂടാതെ 222 രേഖകളും പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലവും മാനസികാവസ്ഥയും മനസിലാക്കാന്‍ കന്യാകുമാരി, തിരുവനന്തപുരം ജില്ലാ കലക്ടര്‍മാരുടേതടക്കം ഏഴ് റിപ്പോര്‍ട്ടുകളും തേടിയിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷന് വാദം. സമാനരീതിയില്‍ നേരത്തെ തമിഴ്നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ വളര്‍ത്തുമകളായ അഭിശ്രീ എന്നിവരെയും പ്രതി കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി പേരൂര്‍ക്കടയില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്യുമ്പോഴായിരുന്നു വിനീതയുടെ കൊലപാതകം.
by Midhun HP News | Apr 21, 2025 | Latest News, കേരളം
കൊച്ചി: കോതമംഗലത്തിന് സമീപം പോത്താനിക്കാട്ട് ഫുട്ബോള്‍ ടൂര്‍ണമെന്റിന് താല്‍ക്കാലികമായി നിര്‍മിച്ച ഗ്യാലറി തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 52 എണ്ണം ആയി. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല.
അടിവാട് ഹീറോ യങ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ദിവസമായ ഞായറാഴ്ച രാത്രിയാണ് അപകടം.
ഗ്രൗണ്ടിന്റെ പടിഞ്ഞാറുവശത്ത് ഇരുമ്പും തടിയും ഉപയോഗിച്ച് നിര്‍മിച്ച ഗ്യാലറി, ഫൈനല്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് രാത്രി പത്തുമണിയോടെ തകരുകയായിരുന്നു. മത്സരം കാണുന്നതിന് കൂടുതല്‍പേര്‍ ഗ്യാലറിയില്‍ കയറിയതാണ് തകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമികവിവരം.
സാരമായി പരിക്കേറ്റ രണ്ടുപേരെ രാജഗിരി ആശുപത്രിയിലും മറ്റുള്ളവരെ കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്. പരിക്കേറ്റവരില്‍ 45 പേര് കോതമംഗലം ബെസേലിയോസ് ആശുപത്രിയിലും രണ്ട് പേര് തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും അഞ്ചു പേര് കോതമംഗലം സെന്റ് ജോസഫ്സ് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.
by Midhun HP News | Apr 21, 2025 | Latest News, കേരളം
കൊച്ചി: ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കൊച്ചിയില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍. സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മറ്റി യോഗവും ഫിലിം ചേംബറിന്റെ യോഗവും ഇന്ന് ചേരും.സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിന്‍സി നേരിട്ട ദുരനുഭവത്തില്‍ ഇന്റേണല്‍ കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നോ അത് നടപ്പാക്കാന്‍ ബാധ്യസ്ഥരാണ് സിനിമ സംഘടനകള്‍.
ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്റെ യോഗം. ഐസിയില്‍ ഉയര്‍ന്നുവന്ന തീരുമാനങ്ങള്‍ അടക്കം ചേംബറില്‍ ചര്‍ച്ചയാകും. അമ്മയും ഫെഫ്കയുമടക്കമുള്ളവരെ ചേംബര്‍ നടപടികള്‍ അറിയിക്കും. ഇതിനിടെ, വിന്‍സി ഉന്നയിച്ച പരാതിയില്‍ ഷൈന്‍ ടോം ചാക്കോ, അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് ഇതുവരെ വിശദീകരണം നല്‍കിയില്ല. വിഷയത്തില്‍ അമ്മ രൂപീകരിച്ച മൂന്നംഗ സമിതി മുന്‍പാകെ വിശദീകരണം നല്കാന് ഷൈനിനു നല്കിയ സമയം അവസാനിച്ചു. ഷൈനിന്റെ അച്ഛന് മാത്രമാണ് അമ്മ പ്രതിനിധികളുമായി സംസാരിച്ചത്. ഷൈന്‍ മറുപടി നല്‍കാത്ത കാര്യം മൂന്നംഗ സമിതി അഡ്ഹോക്ക് കമ്മറ്റി മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യും. കൊച്ചിയില്‍ നടക്കുന്ന ഐസി യോഗം കൂടി പരിഗണിച്ച് സംഘടന അന്തിമ തീരുമാനത്തില്‍ എത്തിയേക്കും.
അതേസമയം, ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളെ എക്സൈസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. റിമാന്‍ഡില്‍ കഴിയുന്ന തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, ഇവരുടെ സഹായി ഫിറോസ് എന്നിവരെയാണ് മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങുക. പ്രതികളെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്യും. ഇതിനുശേഷം ഇവര്‍ തങ്ങിയിരുന്ന കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും. ലഹരി കേസില്‍ കൊച്ചിയില്‍ പിടിയിലായ ഷൈന്‍ ടോം ചാക്കോ, തസ്ലീമയുമായി ബന്ധമുണ്ടെന്ന് മൊഴി നല്കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അടക്കം എക്സൈസ് വ്യക്തത വരുത്തും. കേസുമായി ബന്ധപ്പെട്ട 25ലധികം പേരെയാണ് എക്സൈസ് ഇതുവരെ ചോദ്യം ചെയ്തത്.
by Midhun HP News | Apr 21, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള അന്വേഷണത്തിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്ലാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്ത് സിഎംആര്‍എല്‍ ആദ്യം നല്കിയ ഹര്‍ജി ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. അന്ന് എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് സിഎംആര്‍എല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്റ്റേ നല്കാന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് തയ്യാറായിരുന്നില്ല.
അന്വേഷണം സ്റ്റേ ചെയ്തില്ലെങ്കില്‍ക്കൂടി അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് എസ്എഫ്ഐഒ വാക്കാല്‍ കോടതിയില്‍ ഉറപ്പുനല്‍കിയിരുന്നുവെന്നാണ് കഴിഞ്ഞ തവണ സിഎംആര്‍എല്ലിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ മറ്റൊരു ബെഞ്ചിനെ അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ തവണ പരിഗണിച്ച ബെഞ്ച്, കേസ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് വീണ്ടും വിടുകയായിരുന്നു. ഹര്‍ജിയില്‍ കോടതി എടുക്കുന്ന നിലപാട് നിര്‍ണായകമാണ്.
by Midhun HP News | Apr 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം പകല്‍ചൂട് വര്‍ധിക്കുന്നത് തുടരുകയാണ്. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.
Recent Comments