by Midhun HP News | Apr 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം പകല്‍ചൂട് വര്‍ധിക്കുന്നത് തുടരുകയാണ്. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.
by Midhun HP News | Apr 20, 2025 | Latest News, ദേശീയ വാർത്ത
ഓരോ ദിവസം കഴിയുന്തോറും പുതിയ തട്ടിപ്പുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. അറിയാത്ത നമ്പറുകളില്‍ നിന്ന് വാട്സ്ആപ്പിലേക്ക് വരുന്ന ചിത്രങ്ങളോ, വിഡിയോകളോ ഡൗണ്‍ലോഡ് ചെയ്യുമ്പോഴോ, ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോഴോ ഫോണ്‍ ഹാക്ക് ചെയ്ത് പണം തട്ടുന്നതാണ് പുതിയ രീതി. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാട്‌സ്ആപ്പിലേക്ക് ഒരു ചിത്രം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തില്‍ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാല്‍ അതിനുള്ളില്‍ ബാങ്കിംഗ് വിശദാംശങ്ങള്‍, പാസ്വേഡുകള്‍, ഒടിപികള്‍, യുപിഐ വിവരങ്ങള്‍ എന്നിവ മനസ്സിലാക്കാനും അറിയാതെ തന്നെ ഫോണ്‍ നിയന്ത്രിക്കാനും കഴിവുള്ള മാല്‍വെയറുകള്‍ ഒളിഞ്ഞിരിക്കാം.
സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇതിലൂടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ആവശ്യമായ ഡാറ്റ രഹസ്യമായി ചിത്രങ്ങളില്‍ ഒളിപ്പിച്ചുവയ്ക്കുന്നു. ഫോണ്‍ ഹാക്ക് ചെയ്യാന്‍ ആവശ്യമായ ഡാറ്റ രഹസ്യമായി ചിത്രങ്ങളില്‍ ഒളിപ്പിച്ചുവയ്ക്കുന്നു. ആ ചിത്രം തുറക്കുമ്പോള്‍ തന്നെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ കൈക്കലാക്കും. മറ്റ് തട്ടിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഒടിപി മുന്നറിയിപ്പ് പോലും ലഭിക്കില്ല. ഒരിക്കലും അറിയാത്ത നമ്പറുകളില്‍ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗണ്‍ലോഡ് ചെയ്യുകയോ, ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്.
പലരുടെയും വാട്‌സ്ആപ്പില്‍ മീഡിയ ഓട്ടോ-ഡൗണ്‍ലോഡിലെ ഫോട്ടോ എനേബിള്‍ ആയിരിക്കും. ഇതാണ് പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണം. വാട്‌സ്ആപ്പ് സെറ്റിങ്‌സില്‍ സ്റ്റോറേജ് ആന്റ് ഡേറ്റ ടാപ്പ് ചെയ്ത് മീഡിയ ഓട്ടോ-ഡൗണ്‍ലോഡ് ഓഫാക്കി വച്ചാല്‍ ഫോട്ടോകള്‍ ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ആവുന്നത് തടയാന്‍ കഴിയുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ഉദയന്‍ അധ്യേ ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ മുന്നറിയിപ്പ് നല്‍കി.
Advert
by Midhun HP News | Apr 20, 2025 | Latest News, കേരളം
തൃശൂര്‍: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. കോടശ്ശേരി മാരാംകോട് സ്വദേശി ഷിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ (69) വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. സമീപത്തെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തിലെ വാഴകൾ നായകൾ നശിപ്പിച്ചിരുന്നു. നായകളുടെ ഉടമസ്ഥതയെ ചൊല്ലി ഇരുവരും തർക്കമുണ്ടായി. ഇതിനിടെ അന്തോണി പുല്ലുവെട്ടാൻ ഉപയോഗിക്കുന്ന വാൾ കൊണ്ട് ഷിജുവിനെ വെട്ടുകയായിരുന്നു.
തലയിലും കഴുത്തിലും ദേഹത്തും വെട്ടേറ്റ ഷിജു സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. അവിവാഹിതനായ ഇയാൾ ഒറ്റക്കാണ് താമസം. അമ്മ: പരേതയായ മേരി. സഹോദാരങ്ങൾ: ജിഷോ, ഷിൻ്റോ.
by Midhun HP News | Apr 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
by Midhun HP News | Apr 20, 2025 | Latest News, കേരളം
പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോന്നി ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരെ സ്ഥലം മാറ്റും. സുരക്ഷ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ അനാസ്ഥയാണ് കുട്ടി മരിക്കാൻ കാരണമായതെന്നും വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി.
ഇക്കോ ടൂറിസം കേന്ദ്രമായ കോന്നി ആനക്കൂടിന്‍റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ അനിൽകുമാർ, സുരക്ഷ ചുമതലയുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സലീം, സതീഷ്, സജിനി, സുമയ്യ, ഷാജി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവർവേറ്റർ നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു.
അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് വെള്ളിയാഴ്ച മരിച്ചത്. കല്ലേരി അപ്പൂപ്പന്‍ക്കാവ് ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇളകി നില്‍ക്കുകയായിരുന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു.
അഭിരാമിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന ആവശ്യത്തിൽ യൂത്ത് കോൺഗ്രസും ആനക്കൂട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.നാലു വയസുകാരൻ അഭിരാമിന്‍റെ സംസ്കാരം നാളെ ഉച്ചയ്ക്ക് കടമ്പനാട്ടെ വീട്ടുവളപ്പിൽ നടക്കും.
Recent Comments