by Midhun HP News | Apr 20, 2025 | Latest News, കേരളം
തൃശൂര്‍: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. കോടശ്ശേരി മാരാംകോട് സ്വദേശി ഷിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ (69) വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. സമീപത്തെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തിലെ വാഴകൾ നായകൾ നശിപ്പിച്ചിരുന്നു. നായകളുടെ ഉടമസ്ഥതയെ ചൊല്ലി ഇരുവരും തർക്കമുണ്ടായി. ഇതിനിടെ അന്തോണി പുല്ലുവെട്ടാൻ ഉപയോഗിക്കുന്ന വാൾ കൊണ്ട് ഷിജുവിനെ വെട്ടുകയായിരുന്നു.
തലയിലും കഴുത്തിലും ദേഹത്തും വെട്ടേറ്റ ഷിജു സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. അവിവാഹിതനായ ഇയാൾ ഒറ്റക്കാണ് താമസം. അമ്മ: പരേതയായ മേരി. സഹോദാരങ്ങൾ: ജിഷോ, ഷിൻ്റോ.
by Midhun HP News | Apr 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
by Midhun HP News | Apr 20, 2025 | Latest News, കേരളം
പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോന്നി ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരെ സ്ഥലം മാറ്റും. സുരക്ഷ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ അനാസ്ഥയാണ് കുട്ടി മരിക്കാൻ കാരണമായതെന്നും വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി.
ഇക്കോ ടൂറിസം കേന്ദ്രമായ കോന്നി ആനക്കൂടിന്‍റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ അനിൽകുമാർ, സുരക്ഷ ചുമതലയുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സലീം, സതീഷ്, സജിനി, സുമയ്യ, ഷാജി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവർവേറ്റർ നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു.
അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് വെള്ളിയാഴ്ച മരിച്ചത്. കല്ലേരി അപ്പൂപ്പന്‍ക്കാവ് ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇളകി നില്‍ക്കുകയായിരുന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു.
അഭിരാമിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന ആവശ്യത്തിൽ യൂത്ത് കോൺഗ്രസും ആനക്കൂട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.നാലു വയസുകാരൻ അഭിരാമിന്‍റെ സംസ്കാരം നാളെ ഉച്ചയ്ക്ക് കടമ്പനാട്ടെ വീട്ടുവളപ്പിൽ നടക്കും.
by Midhun HP News | Apr 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മണക്കാടിൽ ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകുന്നേരം ഇസ്താംബുൾ ഗ്രിൽസ് ആൻഡ് റോൾസിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി തുടങ്ങിയ വിവിധ ലക്ഷണങ്ങൾ അനുഭവപ്പെട്ടു.
സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷം ഭക്ഷണശാല അടച്ചുപൂട്ടി. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് കണ്ടെത്തി. കൂടാതെ ഭക്ഷണ സംഭരണം തെറ്റായ രീതിയിലായിരുന്നുവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഷവർമയും സോസുകളും ഉൾപ്പെടെയുള്ള ഭക്ഷണ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കേടായ മാംസമോ ചേരുവകൾ വൃത്തിഹീനമായി കൈകാര്യം ചെയ്തതോ ആകാം ബാക്ടീരിയ വളർച്ചയ്ക്ക് കാരണമായതെന്നാണ് സംശയം.
കിംസ്, പിആർഎസ്, എസ്പി ഫോർട്ട്, അൽ ആരിഫ് ആശുപത്രികളിലാണ് ആളുകൾ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
by Midhun HP News | Apr 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം കല്ലമ്പലത്ത് നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞു പലരിൽ നിന്നും പണം തട്ടിയ യുവതിയെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം ആനയറ കോവൂർ അമ്പൂ ഭവനിൽ ബീന(44)യാണ് പിടിയിലായത്.
സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നഴ്സിങ്ങിനും മറ്റ് കോഴ്സുകൾക്കും അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങളാണ് ഇവർ തട്ടി എടുത്തത്.
ഇവർക്കെതിരെ കല്ലമ്പലം പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും മറ്റ് വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
കല്ലമ്പലം എസ് എച്ച് ഒ പ്രൈജു, ഗ്രേഡ് എസ്.ഐ സുനിൽ, എ.എസ്.ഐ ബിന്ദു
എസ് സി പി ഒ മാരായ അസീം, ഷിജാസ് എന്നിവരിൽപെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Recent Comments