ആശാ വര്‍ക്കര്‍മാരുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍

ആശാ വര്‍ക്കര്‍മാരുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ ഒരു സുപ്രധാന ആവശ്യം കൂടി അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 2022 മാര്‍ച്ച് രണ്ടിലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ആണ് ഇറങ്ങിയത്.

വേതന വര്‍ധന ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം 69 -ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം. 62 വയസ്സില്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖയ്ക്ക് എതിരെ ആശ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ മാര്‍ഗ്ഗരേഖ പിന്‍വലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നതും ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.

അതിനിടെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. ആശമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചെങ്കിലും കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഒന്നും പുറത്തിറങ്ങിയിട്ടില്ല. സര്‍ക്കാര്‍ ഹൈക്കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് ആശമാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ഹെൽമെറ്റും സീറ്റ് ബെൽറ്റും മറക്കണ്ട; നിരത്തിൽ പൊലീസുണ്ട്, ഒരാഴ്ചയിൽ 32.49 ലക്ഷം പിഴ

ഹെൽമെറ്റും സീറ്റ് ബെൽറ്റും മറക്കണ്ട; നിരത്തിൽ പൊലീസുണ്ട്, ഒരാഴ്ചയിൽ 32.49 ലക്ഷം പിഴ

റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ചരക്കുനീക്കം സുഗമമാക്കാനും കേരള പൊലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ പരിശോധന. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 32.49 ലക്ഷം രൂപ പിഴ ഈടാക്കി. 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഏപ്രില്‍ 8 മുതല്‍ 14 വരെ ഏഴ് ദിവസം നീണ്ട പരിശോധനാ കാലയളവില്‍ 40,791 വാഹനങ്ങള്‍ പരിശോധിക്കുകയും 10,227 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

സംസ്ഥാന പാതകളില്‍ 3760, ദേശീയ പാതകളില്‍ 2973, മറ്റ് പാതകളില്‍ 3494 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അശ്രദ്ധമായ ഡ്രൈവിംഗിനും അമിത വേഗതക്കും 1211 പേര്‍ക്കും അനധികൃത പാര്‍ക്കിങിന് 6685 പേര്‍ക്കും പിഴ ചുമത്തി.

ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്ന ഹെവി വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്ന പാതകള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടന്നത്. ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് ഐ.ജി എസ്.കാളിരാജ് മഹേഷ് കുമാറിന്‍റെ നിര്‍ദേശപ്രകാരം ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ്.പി മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്. ഇത്തരം പരിശോധനകള്‍ തുടര്‍ന്നും നടത്തി റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഐ.ജി അറിയിച്ചു.

ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ കേസ്, അറസ്റ്റ് ഉടന്‍

ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ കേസ്, അറസ്റ്റ് ഉടന്‍

കൊച്ചി: നടൻ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ നാര്‍ക്കോട്ടിക് നിയമ പ്രകാരം കേസ്. എന്‍ഡിപിഎസ് നിയമ പ്രകാരം 27, 29 വകുപ്പുകള്‍ പ്രകാരമാണ് കേസ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് കേസെടുക്കാന്‍ തീരുമാനമായത്.

ലഹരി മരുന്നിന്റെ ഉപയോഗം എന്‍ഡിപിഎസ് നിയമത്തിന്റെ വകുപ്പ് 27 പ്രകാരം കുറ്റകരമാണ്. ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമാണെന്ന് സെക്ഷൻ 29 വ്യവസ്ഥ ചെയ്യുന്നു. ചോദ്യം ചെയ്യലില്‍ ഷൈന്‍ ടോം ചാക്കോ രാസ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. എന്നാല്‍ മുറിയില്‍ തട്ടിയത് പൊലീസാണെന്ന് മനസിലാക്കാതെയാണ് ഓടിയത് എന്നായിരുന്നു ഷൈന്‍ ടോം ചാക്കോ വിശദീകരിച്ചത്. ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണം തടയുന്നതിന് കൊച്ചി സിറ്റി പൊലീസിന്റെ കീഴിലുള്ള ഡാന്‍സാഫ് സംഘത്തെ കണ്ടപ്പോള്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. ഗുണ്ടകളാണെന്നും തന്നെ അപായപ്പെടുത്താന്‍ വന്നവരാണെന്നും കരുതി താന്‍ പേടിച്ച് ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടുകയായിരുന്നുവെന്നും ഷൈന്‍ ടോം ചാക്കോ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

വാലഞ്ചേരി റസിഡൻ്റ്സ് അസോസിയേഷന്റെ വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു

വാലഞ്ചേരി റസിഡൻ്റ്സ് അസോസിയേഷന്റെ വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു

വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ പത്തൊൻപതാം വാർഷികാഘോഷവും കുടുംബ സംഗമവും ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാലഞ്ചേരി ഐരുമൂല ക്ഷേത്ര ട്രസ്റ്റ് ആഡിറ്റോറിയത്തിൽ അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു.

അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ ഹരികുമാർ.പി.എസ് മുഖ്യപ്രഭാഷണം നടത്തി. മികച്ച കർഷക ദമ്പതിമാരായ വി സജിത, ബാബു എസ് എന്നിവർക്ക് ഫ്രാക്ക് സെക്രട്ടറി എം എസ് പ്രേം ചന്ദ്രബാബു അനുമോദനം നൽകി. കലാകായിക പ്രതിഭകൾക്കുള്ള അനുമോദനം ഫ്രാക്ക് വൈസ് പ്രസിഡൻ്റ് വി പ്രസന്നകുമാർ നൽകി.

അദ്ധ്യാപന രംഗത്തെ 28 വർഷത്തെ സർക്കാർ സേവനത്തിന് ശേഷം തിരുവനന്തപുരം ഗവ. വിമൺസ് കോളേജിൽ നിന്നും വിരമിച്ച ഡോ.പ്രദീപ് കുമാറിനെ വൈസ് പ്രസിഡൻ്റ് പ്രൊഫ. എം.എം.ഇല്യാസ് ഉപഹാരം നൽകി ആദരിച്ചു. പഠന സഹായ വിതരണവും ചിത്രകാരിയായ മാളവികയ്ക്കുള്ള അനുമോദനവും എം.എൽ.എ. നിർവ്വഹിച്ചു. അവധിക്കാല ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ട്രഷറർ ഹരികൃഷ്ണൻ.എൻ സ്വാഗതവും ജന. സെക്രട്ടറി ജി ഷിജാ രാജ് റിപ്പോർട്ടും സെക്രട്ടറി ജയചന്ദ്രൻ പി അനുശോചനവും കൺവീനർ എ.ടി.പിള്ള കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് കുടുബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.

നിർണായക മത്സരത്തിന് മുമ്പേ രാജസ്ഥാന് തിരിച്ചടി; സഞ്ജു സാംസൺ കളിച്ചേക്കില്ല

നിർണായക മത്സരത്തിന് മുമ്പേ രാജസ്ഥാന് തിരിച്ചടി; സഞ്ജു സാംസൺ കളിച്ചേക്കില്ല

ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെ നിർണായക പോരാട്ടത്തിനിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് തലവേദനയായി ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ പരിക്ക്. താരം ഇന്ന് കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിനിടെ ഇടതു വാരിയെല്ലിന് പരിക്കേറ്റ സഞ്ജു കളത്തിൽ നിന്നും റിട്ടയർ ഹാർട്ടായി മടങ്ങിയിരുന്നു. 19 പന്തില്‍ 31 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴാണ് സഞ്ജുവിന്റെ മടക്കമുണ്ടായിരുന്നത്. ശേഷം താരത്തെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു.

താരത്തിന്റെ കാര്യം സംശയത്തിലാണെന്ന് കോച്ച്‌ രാഹുൽ ദ്രാവിഡും ഇന്നലെ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു.സഞ്ജു കളിച്ചില്ലെങ്കില്‍ റിയാന്‍ പരാഗ് ആയിരിക്കും ഇന്ന് രാജസ്ഥാനെ നയിക്കുക. അതേ സമയം പരിക്കുമൂലം ഐപിഎല്ലിന്‍റെ തുടക്കത്തിലെ മൂന്ന് കളികളില്‍ ഇംപാക്ട് പ്ലേയറായാണ് സഞ്ജു കളിച്ചത്.

റിയാന്‍ പരാഗായിരുന്നു ഈ മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ചത്. പിന്നീട് നാലാം മത്സരം മുതല്‍ ക്യാപ്റ്റനായി മടങ്ങിയെത്തി. ഇതുവരെ കളിച്ച ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാൽ മാത്രമേ പ്‌ളേ ഓഫ് സാധ്യത നിലനിർത്താനാകൂ. ഏഴ് കളികളില്‍ നിന്ന് 224 റണ്‍സടിച്ച സഞ്ജു സാംസൺ രാജസ്ഥാന്റെ സീസണിലെ രണ്ടാമത്തെ റൺവേട്ടക്കാരനാണ്.