by Midhun HP News | Apr 19, 2025 | Latest News, കായികം
ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെ നിർണായക പോരാട്ടത്തിനിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് തലവേദനയായി ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ പരിക്ക്. താരം ഇന്ന് കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിനിടെ ഇടതു വാരിയെല്ലിന് പരിക്കേറ്റ സഞ്ജു കളത്തിൽ നിന്നും റിട്ടയർ ഹാർട്ടായി മടങ്ങിയിരുന്നു. 19 പന്തില്‍ 31 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴാണ് സഞ്ജുവിന്റെ മടക്കമുണ്ടായിരുന്നത്. ശേഷം താരത്തെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു.
താരത്തിന്റെ കാര്യം സംശയത്തിലാണെന്ന് കോച്ച് രാഹുൽ ദ്രാവിഡും ഇന്നലെ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു.സഞ്ജു കളിച്ചില്ലെങ്കില്‍ റിയാന്‍ പരാഗ് ആയിരിക്കും ഇന്ന് രാജസ്ഥാനെ നയിക്കുക. അതേ സമയം പരിക്കുമൂലം ഐപിഎല്ലിന്‍റെ തുടക്കത്തിലെ മൂന്ന് കളികളില്‍ ഇംപാക്ട് പ്ലേയറായാണ് സഞ്ജു കളിച്ചത്.
റിയാന്‍ പരാഗായിരുന്നു ഈ മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ചത്. പിന്നീട് നാലാം മത്സരം മുതല്‍ ക്യാപ്റ്റനായി മടങ്ങിയെത്തി. ഇതുവരെ കളിച്ച ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാൽ മാത്രമേ പ്‌ളേ ഓഫ് സാധ്യത നിലനിർത്താനാകൂ. ഏഴ് കളികളില്‍ നിന്ന് 224 റണ്‍സടിച്ച സഞ്ജു സാംസൺ രാജസ്ഥാന്റെ സീസണിലെ രണ്ടാമത്തെ റൺവേട്ടക്കാരനാണ്.
by Midhun HP News | Apr 19, 2025 | Latest News, കേരളം
കൊച്ചി: കൈവശം ലഹരിവസ്തുക്കള്‍ ഉണ്ടെന്ന സംശയത്തില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഇറങ്ങിയോടിയ സംഭവത്തില്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ തട്ടിയത് പൊലീസാണെന്ന് മനസിലായില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണം തടയുന്നതിന് കൊച്ചി സിറ്റി പൊലീസിന്റെ കീഴിലുള്ള ഡാന്‍സാഫ് സംഘത്തെ കണ്ടപ്പോള്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. ഗുണ്ടകളാണെന്നും തന്നെ അപായപ്പെടുത്താന്‍ വന്നവരാണെന്നും കരുതി താന്‍ പേടിച്ച് ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടുകയായിരുന്നുവെന്നും ഷൈന്‍ ടോം ചാക്കോ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി.
തന്നെ അപായപ്പെടുത്താന്‍ വന്നവരാണെന്ന് കരുതിയാണ് സുരക്ഷിത സ്ഥലം നോക്കി തമിഴ്‌നാട്ടിലേക്ക് പോയതെന്നും താരം പറഞ്ഞു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് രാവിലെയാണ് പൊലീസിന് മുന്നില്‍ ഹാജരായത്. രാവിലെ 10.30ന് നടന്‍ ഹാജരാകുമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പറഞ്ഞതിലും അരമണിക്കൂര്‍ മുന്‍പ് 10 മണിക്ക് അഭിഭാഷകര്‍ക്കൊപ്പം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് നടന്‍ ഹാജരായത്.
ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയതിന് പിന്നില്‍ എന്താണ് കാരണം എന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസ് പ്രകാരമാണ് ഷൈന്‍ ഹാജരായത്. ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ ഹാജരായി വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് എറണാകുളം നോര്‍ത്ത് പൊലീസ് ഷൈന്‍ ടോം ചാക്കോയുടെ തൃശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ 10.30ന് ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നത്. പിന്നാലെ ഇന്ന് വൈകീട്ട് ഹാജരാകും എന്നായിരുന്നു ഷൈനിന്റെ കുടുംബത്തിന്റെ പ്രതികരണം. എന്നാല്‍ നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മുന്‍പ് ഷൈന്‍ ഇന്ന് ഹാജരാകുകയായിരുന്നു.
by Midhun HP News | Apr 19, 2025 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: ഏഴു വർഷം മുൻപ് അധ്യാപകനെതിരെ നൽകിയ പീഡന പരാതി വ്യാജമായിരുന്നെന്ന് വെളിപ്പെടുത്തി യുവതി. അധ്യാപകന്റെ പള്ളിയിലെത്തി പരസ്യമായി കുറ്റസമ്മതം നടത്തിയ യുവതി കോടതിയിലെത്തി മൊഴി നൽകുകയും ചെയ്തു. ഇതോടെ അധ്യാപകന്റെ ഏഴുവർഷത്തെ ദുരിതജീവിതത്തിനാണ് അറുതിയായിരിക്കുന്നത്. ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോനെതിരായ പീഡന പരാതിയാണ് എറണാകുളം സ്വദേശിനിയായ യുവതി പിൻവലിച്ചത്.
കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തുകയായിരുന്നു ജോമോൻ. 2017ലാണ് ഈ സ്ഥാപനത്തിലെ വിദ്യാർത്ഥിനി ജോമോനെതിരെ പീഡന പരാതി നൽകുന്നത്. പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. ഇതിന് പിന്നാലെ ജോമോന്റെ ജീവിതം തന്നെ മാറിമറിഞ്ഞു.
വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനം പൂട്ടി. കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിർത്തി. പരാതി കൊടുക്കുന്നതിനു മുൻപായി ചിലർ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോൻ പറയുന്നു. താൻ നിരപരാധിയാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. പിന്നീടു കേസിൻ്റെ പിന്നാലെയായി ജീവിതം. കുടുംബം പട്ടിണിയിലായതോടെ മറ്റു പണികൾക്കിറങ്ങി. താൻ ആത്മഹത്യയ്ക്കുപോലും മുതിർന്നിരുന്നതായി ഇദ്ദേഹം പറയുന്നു.
ഇതിനിടെ പരാതി നൽകിയ വിദ്യാർത്ഥിനി വിവാഹമൊക്കെ കഴിച്ച് ജീവിതം ആരംഭിച്ചിരുന്നു. ഈയിടെയാണ് പരാതിക്കാരി ജോമോന്റെ ദുരിതജീവിതത്തെപ്പറ്റി അറിഞ്ഞത്. തുടർന്ന് ഭർത്താവിനൊപ്പം ജോമോന്റെ നാട്ടിലെത്തുകയും സമീപത്തെ ദേവാലയത്തിലെത്തി, ജോമോൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയിൽ പീഡന പരാതി നൽകിയതാണെന്നും സമ്മതിച്ചു.
പള്ളിയിലെ ശുശ്രൂഷയ്ക്കിടെ പെൺകുട്ടി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്‌തു. പിന്നീടു കോടതിയിൽ ഹാജരായി മൊഴി കൊടുത്തതോടെ ജോമോൻ കേസിൽ നിന്നും ഒഴിവായി. തൻ്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നു ജോമോൻ പറഞ്ഞു.
by Midhun HP News | Apr 19, 2025 | Latest News, കേരളം
കൊച്ചി: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ പുകഴ്ത്തി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച ദിവ്യ എസ് അയ്യര്‍ ഐഎഎസിന്റെ നടപടിയില്‍ രാഷ്ട്രീയ വാക്ക്‌പോര് കനക്കുന്നതിനിടെ സാമുഹ്യമാധ്യങ്ങളില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും അതിരുവിടുന്നു. ദിവ്യ എസ്. അയ്യരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരിനാഥന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഉള്‍പ്പെടെയാണ് ദിവ്യക്ക് എതിരായ പരാമര്‍ശങ്ങള്‍ നിറയുന്നത്.
ദുഃഖവെള്ളി ദിനത്തില്‍ ശബരിനാഥന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് കമന്റായി പോലും നിരവധി പേരാണ് അതിരുവിട്ട അധിക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്. ദിവ്യ എസ് അയ്യര്‍ ശബരിനാഥനെയും തള്ളിപ്പറയുന്ന കാലം വിദൂരത്തല്ലെന്നുള്‍പ്പെടെയുള്ള കമന്റുകളാണ് പോസ്റ്റില്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്ന നിലയിലാണ് മിക്ക കമന്റുകളും. ശബരിനാഥന്റെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി കാര്‍ത്തികേയന്റെ പാരമ്പര്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും കമന്റുകള്‍ പറയുന്നു.
ദിവ്യ എസ് അയ്യര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ നെറികെട്ട രാഷ്ട്രീയം കളിക്കുകയാണ്. പിണറായി വിജയന് പാദ സേവ ചെയ്യുന്ന നിലപാടാണ് ദിവ്യ സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നിലപാട് പറയാന്‍ ശബരിനാഥന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് വിട്ട് പുറത്ത് പോകണം എന്നും ചിലര്‍ ഉപദേശിക്കുന്നു. ദിവ്യ എസ് അയ്യര്‍ കുടുംബത്തിന് പ്രാധാന്യം നല്‍കണം എന്ന് ഉപദേശിക്കുന്നവരും കുറവല്ല. കര്‍ത്താവ് ചുമക്കുന്നതിലും വലിയ കുരിശാണ് നിങ്ങള്‍ ചുമക്കുന്നത് എന്ന നിലയിലുള്ള പരിഹാസവും കമന്റുകളായി നിറയുന്നു. ഭാരതീയ ദളിത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ രാപ്പകല്‍ സമരത്തെ കുറിച്ചുള്ള പോസ്റ്റില്‍ പോലും വിമര്‍ശനങ്ങളും അധിക്ഷേപനങ്ങളും നിരവധിയുണ്ട്.
ദിവ്യ എസ് അയ്യരുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് എതിരെ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ദിവ്യ സര്‍വീസ് ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ക്കുമാണ് പരാതി സമര്‍പ്പിച്ചത്. എന്നാല്‍, സോഷ്യല്‍ മീഡിയയിലും കോണ്‍ഗ്രസില്‍ നിന്നും വിമര്‍ശനം തുടരുമ്പോളും കെ കെ രാഗേഷിനെ പ്രകീര്‍ത്തിച്ച പോസ്റ്റിലുറച്ച് നില്‍ക്കുകയാണ് ദിവ്യ എസ്. അയ്യര്‍. വിവാദ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പിന്‍വലിക്കാനോ വിവാദത്തില്‍ വിശദീകരണത്തിനോ ദിവ്യ ഇതുവരെ തയ്യാറായിട്ടില്ല. താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്ന നിലപാടാണ് ദിവ്യ മുന്നോട്ടുവയ്ക്കുന്നത്.
by Midhun HP News | Apr 19, 2025 | Latest News, ജില്ലാ വാർത്ത
ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് ഷൈൻ ഹാജരായത്. പത്തരയ്ക്ക് എത്തുമെന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം. എന്നാൽ പറഞ്ഞതിനും അര മണിക്കൂർ മുൻപേ ഷൈൻ സ്റ്റേഷനിൽ എത്തുകയായിരുന്നു. പുറത്തു കാത്തുനിന്ന മാധ്യമങ്ങളോട് പ്രതികരിക്കാതെ ഷൈൻ സ്റ്റേഷനകത്തേയ്ക്കു കയറി പോയി. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഷൈൻ ഹാജരാകുമെന്നായിരുന്നു പിതാവ് ഇന്നലെ അറിയിച്ചിരുന്നത്.
സെൻട്രൽ എസിപി സി.ജയകുമാറിന്റെ നേതൃത്വത്തിലാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്. നർക്കോട്ടിക് സെൽ എസിപി കെ.എ.അബ്ദുൾ സലാമും ചോദ്യം ചെയ്യലിനായി സ്റ്റേഷനിലെത്തി. ഡാൻസാഫ് സംഘവും ചോദ്യം ചെയ്യും. വിശദമായ ചോദ്യം ചെയ്യലാണ് പൊലീസ് നടത്തുക. അതിനാൽ തന്നെ ചോദ്യം ചെയ്യൽ നീണ്ടേക്കുമെന്നാണ് വിവരം. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിന്‍റെ പിതാവ് ചാക്കോ പറഞ്ഞു. ഷൈൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ഷൈന് എതിരെയുള്ള കേസ് ഓലപ്പാമ്പാണെന്നും ആണ് പിതാവ് പറയുന്നത്.
ഡാൻസാഫ് ടീം എത്തിയപ്പോൾ ഷൈൻ എന്തിന് ഇറങ്ങിയോടി, ഹോട്ടലിൽ മുറിയെടുത്തത് എന്തിന്, ഒളിവിൽ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളാണ് പൊലീസിന് അറിയേണ്ടത്. മുൻകാല കേസുകളെപ്പറ്റിയും ചോദിച്ചറിയും. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയിരിക്കുന്നത്. ഹോട്ടലിൽ പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഇഴകീറി ചോദിക്കും. ഷൈനിന്റെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.
ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസിന്റെ പക്കലുണ്ട്. അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിനു കിട്ടിയ വിവരങ്ങളും പൊലീസ് കൈപ്പറ്റിയിട്ടുണ്ട്. ഇതടക്കം നിരത്തിയാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്.
Recent Comments