തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം

പോത്തൻകോട് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു. കഞ്ചാവ് വിൽപ്പന പോലീസിൽ വിവരം അറിയിച്ച യുവാക്കളെയാണ് ആക്രമിച്ചത്. കാട്ടായിക്കോണം അരിയോട്ടുകോണത്താണ് സംഭവം. സഹോദരങ്ങളായ രതീഷിനും രജനീഷിനുമാണ് ആക്രമണത്തിൽ പരുക്കേറ്റത്. എട്ടോളം പേരടങ്ങുന്ന സംഘമാണ് സഹോദരങ്ങളെ വെട്ടി പരിക്കേൽപ്പിച്ചത്. പ്രതികളിൽ പ്രായപൂർത്തിയാകാത്തവരും ഉള്ളതായി പൊലീസ് പറയുന്നു.വീടിന് സമീപത്തായ ഇവർ ഒരു പശു ഫാം നടത്തിവരികയായിരുന്നു.

ഈ ഫാമിനടുത്ത് ലഹരി ഉപയോഗവും വിൽപനയും സജീവമാണെന്ന് ഇവരുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് പോത്തൻകോട് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. പരാതി നൽകിയ ഇവരുടെ വിവരങ്ങൾ പൊലീസിൽ നിന്ന് ചോർന്നുപോയി എന്ന് ആക്രമണത്തിന് ഇരയായ യുവാക്കൾ പറയുന്നു.ഇന്നലെ വൈകിട്ട് രജനീഷിനെ ലഹരിമാഫിയ സംഘം ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇവിടെ നിന്ന് ഓടി പോത്തൻകോട് പൊലീസ് സ്റ്റേഷനിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് പൊലീസിനോട് വിവരം പറഞ്ഞു. നടപടിയെടുക്കുമെന്ന് പൊലീസ് മറുപടി നൽകുകയും ചെയ്തിരുന്നു. പിന്നീട് ഫാമിലേക്ക് എത്തിയപ്പോഴാണ് രജനീഷിനെയും രതീഷിനെയും ലഹരി മാഫിയ സംഘം ക്രൂരമായി ആക്രമിച്ചത്.വടിവാൾ പോലത്തെ ആയുധം ഉപയോ​ഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. രതീഷിനാണ് ഗുരുതരമായി പരുക്കേറ്റത്. തലയിൽ ഇരുപതോളം സ്റ്റിച്ച് ഉണ്ട്. കൈയിൽ പൊട്ടലും ഉണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ ലഹരി മാഫിയ സംഘം അവിടേക്കെത്തി ഇവരെ പരിഹസിച്ചെന്നും ഇവർ പറയുന്നു.

ഓടിപ്പോയത് എന്തിന്?, ഷൈന്‍ ടോം ചാക്കോ വിശദീകരിക്കണം; ഹാജരാകാന്‍ നോട്ടീസ് നല്‍കും

ഓടിപ്പോയത് എന്തിന്?, ഷൈന്‍ ടോം ചാക്കോ വിശദീകരിക്കണം; ഹാജരാകാന്‍ നോട്ടീസ് നല്‍കും

കൊച്ചി: നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ഹാജരാകാന്‍ ഇന്ന് പൊലീസ് നോട്ടീസ് അയക്കും. തൃശ്ശൂരിലെ വീട്ടില്‍ എത്തിക്കുന്ന നോട്ടീസ് അനുസരിച്ച് പരിശോധനയ്ക്കിടെ എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണം. ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന നിര്‍ദേശമാണ് താരത്തിന് നല്‍കുക.

എന്നാല്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിറകെ പോവാനില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഷൈന്‍ ടോം ചാക്കോക്കെതിരെ നിലവില്‍ കേസില്ലെന്ന് എസിപി അബ്ദുല്‍ സലാം പറഞ്ഞു. ഹോട്ടലിലെ പരിശോധനയില്‍ തെളിവ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഷൈന്‍ ടോം ചാക്കോയുടെ മൊബൈലിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ ലഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണ്. അതുകൊണ്ട് താരം കേരളം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. കൊച്ചിയിലും തൃശൂരിലും നടത്തിയ തിരച്ചിലില്‍ നടനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ അവിടെ നിന്ന് കടന്നുകളഞ്ഞത് ബൈക്കിലാണെന്നാണ് പൊലീസ് പറയുന്നത്. ബൈക്കില്‍ നടന്‍ നേരെ പോയത് ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണെന്നാണ് സൂചന.

അവിടെ നടന്‍ മുറിയെടുത്തിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. അവിടെ കുറെ നേരം ചെലവഴിച്ച ശേഷം നടന്‍ പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി അവിടെ നിന്നും പോയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു കാറിലാണ് അദ്ദേഹം അവിടെ നിന്നും കടന്നുകളഞ്ഞത്. അത് ഒരു ഓണ്‍ലൈന്‍ ടാക്സിയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഹോട്ടലില്‍ ബൈക്കിലെത്തിയ നടന്‍ മണിക്കൂറുകള്‍ക്കകം കാറില്‍ തിരിച്ചുപോയെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്ക് തൊട്ടുപിന്നാലെ മറ്റൊരു ഹോട്ടലിലേക്ക് നടന്‍ പോയി എന്ന് പൊലീസ് പറയുന്ന സമയവുമായി ഒത്തുപോകുന്നതാണ് ദൃശ്യങ്ങള്‍. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ വാഹനത്തിന്റെ നമ്പര്‍ പതിയാതിരിക്കാന്‍ നടന്‍ ശ്രദ്ധിച്ചിരുന്നതായും സംശയിക്കുന്നു. ഓണ്‍ലൈന്‍ ടാക്സി ഹോട്ടലിന് പുറത്തുനിര്‍ത്തിയ ശേഷമാണ് നടന്‍ അതില്‍ കയറി പോയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ഷൈന്‍ അവിടെ നിന്ന് പോയത് ഒരു വെള്ള കാറിലാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. ഇന്നലെ പുലര്‍ച്ചെ തന്നെ നടന്‍ കൊച്ചി വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. നടന്‍ കേരളത്തില്‍ നിന്ന് പുറത്തേയ്ക്ക് പോയിരിക്കാം എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തുന്നതിനിടെയാണ് താരം ഇറങ്ങിയോടിയത്. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്.

പൊലീസ് സംഘം ഹോട്ടലിന്റെ താഴെ എത്തിയ വിവരം അറിഞ്ഞ ഷൈന്‍ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലഹരിമരുന്ന് കൈവശമുണ്ടായതിനാലാണ് ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഡാന്‍സാഫ് സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

സിനിമാസെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് ഷൈന്‍ ടോം ചാക്കോയാണെന്ന് യുവനടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയിട്ടുണ്ട്. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം അനുഭവം നേരിട്ടത് എന്നാണ് വിന്‍സിയുടെ പരാതി.

വാട്ടർ മെട്രോയുടെ വിജയക്കുതിപ്പിൽ സന്തുഷ്ടരായി ജർമ്മൻ സർക്കാർ; ബോട്ടുകൾ വാങ്ങാൻ കൂടുതൽ വായ്പ നൽകും

വാട്ടർ മെട്രോയുടെ വിജയക്കുതിപ്പിൽ സന്തുഷ്ടരായി ജർമ്മൻ സർക്കാർ; ബോട്ടുകൾ വാങ്ങാൻ കൂടുതൽ വായ്പ നൽകും

കൊച്ചി: കൊച്ചി വാട്ടർ മെട്രോയ്ക്ക് കൂടുതൽ ബോട്ടുകൾ വാങ്ങാൻ വായ്പ നൽകാനൊരുങ്ങി ജർമ്മൻ സർക്കാർ. കൊച്ചി വാട്ടർ മെട്രോയുടെ വിജയത്തിൽ സന്തുഷ്ടരായാണ് ജർമ്മൻ സർക്കാർ ഇക്കാര്യം അറിയിച്ചത്. കെഎഫ്ഡബ്ല്യു ഡെവലപ്‌മെന്റ് ബാങ്ക് വഴി കൂടുതൽ ബോട്ടുകൾക്ക് വായ്പ നൽകുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിക്കുന്നുണ്ട്. അതിനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണ്. കെ‌എം‌ആർ‌എല്ലിനെ [കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്] പിന്തുണയ്ക്കുന്ന ജി‌ഐ‌ഇസ്ഡുമായി ഞങ്ങൾ സാങ്കേതിക സഹകരണം തുടരും.”- ന്യൂഡൽഹിയിലെ ജർമ്മൻ എംബസിയിലെ ഡെവല്പ്മെന്റ് കോർപറേഷൻ ഡെപ്യൂട്ടി മേധാവി കാരൻ ബ്ലൂം പറഞ്ഞു.

“ഗതാഗതം സുഖകരവും ആകർഷകവും, അതുപോലെ ആളുകൾക്ക് ഉപയോഗിക്കാൻ കഴിയുന്നതും താങ്ങാനാവുന്നതും ആയിരിക്കണമെന്നാണ് ഞങ്ങളുടെ ആ​ഗ്രഹം. മറ്റ് നഗരങ്ങളെക്കൂടി പ്രചോദിപ്പിക്കുന്ന ഒരു മാതൃകയായിരുക്കും ഇതെന്നാണ് പ്രതീക്ഷ. രാജ്യത്തുടനീളമുള്ള 24 സ്ഥലങ്ങളിൽ കൂടി സമാനമായ ഒരു സംവിധാനം ഒരുക്കാനുള്ള നീക്കം ഇന്ത്യാ ​ഗവൺമെന്റ് ഇതിനോടകം പരിശോധിച്ചുവരികയാണെന്നും” കാരൻ കൂട്ടിച്ചേർത്തു.

“17 സ്ഥലങ്ങളിൽ കൂടി വാട്ടർ മെട്രോ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി സഹകരിക്കാൻ ജർമ്മൻ സർക്കാരിന് താൽപ്പര്യമുണ്ടെന്ന് കെഡബ്ല്യുഎംഎല്ലിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അയോധ്യ, ധുബ്രി, ഗോവ, ഗുവാഹത്തി, കൊല്ലം, കൊൽക്കത്ത, പ്രയാഗ്‌രാജ്, പട്‌ന, ശ്രീനഗർ, വാരണാസി, മുംബൈ, വസായ്, മംഗളൂരു, ഗാന്ധിനഗർ, ആലപ്പുഴ, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക.

മറ്റ് നഗരങ്ങളിലും പദ്ധതിക്ക് ധനസഹായം നൽകാൻ അവർ തയ്യാറാണ്. തുടക്കത്തിൽ ആകെ 17 സ്ഥലങ്ങളാണ് നിർദ്ദേശിച്ചിരുന്നത്. ഇപ്പോൾ, ഏഴ് നഗരങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും” കെഡബ്ല്യുഎംഎൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ പി ജോൺ പറഞ്ഞു.

ജർമ്മൻ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കായ കെഎഫ്ഡബ്ല്യു, ജർമ്മൻ സാമ്പത്തിക സഹകരണ വികസന മന്ത്രാലയം (ബിഎംഇസഡ്) എന്നിവർ ചേർന്ന് കൊച്ചി വാട്ടർ മെട്രോ സംവിധാനം നടപ്പിലാക്കുന്നതിനായി 110 മില്യൺ യൂറോ ആണ് വായ്പ അനുവദിച്ചത്. കെഎംആർഎല്ലുമായുള്ള സഹകരണം, ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ഗ്രീൻ ആന്‍ഡ് സസ്റ്റെയ്നബിൾ ഡവലപ്മെന്റിന്റെ (ജിഎസ്ഡിപി) ഭാഗമാണ്. ഗതാഗത സംവിധാനം കൂടുതൽ പരിസ്ഥിതി സൗഹൃദപരവും, വൈകല്യമുള്ളവർക്ക് പ്രവേശിക്കാവുന്നതും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമാക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം എന്നും കാരൻ കൂട്ടിച്ചേർത്തു.

കൊച്ചി വാട്ടർ മെട്രോ പദ്ധതി പ്രതീക്ഷിച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും അതിൽ ജർമ്മൻ ടീം സന്തുഷ്ടരാണെന്നും പ്രതിനിധി പറഞ്ഞു. നഗരങ്ങളിലേക്കുള്ള ദ്വീപ് നിവാസികളുടെ ഈ പുതിയ യാത്ര കാണുമ്പോൾ സന്തോഷമുണ്ട്. ഇത് ഒരേസമയം ആധുനികവും സുസ്ഥിരവുമാണ്. വാട്ടർ മെട്രോ ഒരു പുതിയ ആശയമാണെങ്കിലും, കൊച്ചി നിവാസികളിൽ അതിന്റെ സ്വാധീനം ഇതിനോടകം തന്നെ ദൃശ്യമാണ്. കൂടുതൽ ഉപയോക്താക്കൾ വരുന്നതോടെ തൊഴിൽ, യാത്രാ സമയം കുറയ്ക്കൽ തുടങ്ങിയവയിലൊക്കെ കൂടുതൽ നേട്ടങ്ങൾ ദൃശ്യമാകും, ”കാരൻ ചൂണ്ടിക്കാട്ടി. കൊച്ചിയിലെ നിലവിലെ പൊതുഗതാഗത സംവിധാനവുമായി കൊച്ചി വാട്ടർ മെട്രോ കൂടുതൽ സംയോജിപ്പിക്കാനും, മലിനീകരണം കുറവുള്ള ബസുകൾ അല്ലെങ്കിൽ മെട്രോകൾ പോലുള്ള കാലാവസ്ഥാ സൗഹൃദ ഗതാഗത മാർഗ്ഗങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കാനും ശ്രമിക്കുമെന്നും ജർമ്മൻ പ്രതിനിധി പറഞ്ഞു.

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റർ വേ​ഗത്തിൽ ശക്തമായ കാറ്റ്; ജാ​ഗ്രത

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റർ വേ​ഗത്തിൽ ശക്തമായ കാറ്റ്; ജാ​ഗ്രത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേ​ഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ജാ​ഗ്രതാനിർദേശങ്ങൾ:

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് ഇന്ന് അവധി

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

‘അത് പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണ്’; മറുപടിയുമായി ദിവ്യ എസ് അയ്യർ

‘അത് പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണ്’; മറുപടിയുമായി ദിവ്യ എസ് അയ്യർ

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ പുകഴ്ത്തിയുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിവാദമായതിന് പിന്നാലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദിവ്യ എസ് അയ്യർ. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ തന്നെയായിരുന്നു ദിവ്യയുടെ മറുപടി. തനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവ് അർപ്പിക്കുക അന്നും ഇന്നും ഒരു പതിവ് ആണ്. അതു പത അല്ല, താൻ നടക്കുന്ന ജീവിത പാത ആണെന്നാണ് ദിവ്യയുടെ പോസ്റ്റ്.

“മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ എവിടൊക്കെയോ ചിലമ്പുന്നതും, പുലമ്പുന്നതും കേൾക്കുന്നുണ്ട്. എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടു പോകുമ്പോൾ, അവരുമായി ചേർന്നു പ്രവർത്തിക്കുവാൻ അഭിമാനം തോന്നി എന്നു എനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവ് അർപ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവ് ആണ്. അതു പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണ്. ഇനിയും തുടരും. ഏവരോടും, സസ്നേഹം” – എന്നാണ് ദിവ്യ കുറിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനു പിന്നാലെ ദിവ്യ എസ് അയ്യർ എഴുതിയ അഭിനന്ദന പോസ്റ്റിനെതിരെ കെ മുരളീധരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളിൽ നിന്നു വിമർശനം ഉയർന്നിരുന്നു.

സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യുമെന്നായിരുന്നു ദിവ്യയ്ക്കു നേരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ വിമർശനം. അതേസമയം, ദിവ്യയുടെ ഭർത്താവും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് നേരെ വലിയതോതിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്.