by Midhun HP News | Apr 18, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ ആദ്യമായി 71,000 രൂപ കടന്ന സ്വര്‍ണവില ഇന്ന് പവന് 200 രൂപ വര്‍ധിച്ച് പുതിയ ഉയരം കുറിച്ചു. ഇന്ന് 71,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപ കൂടി. 8945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. കഴിഞ്ഞ ദിവസം ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില പിന്നീടുള്ള രണ്ട് ദിവസം താഴ്ന്നെങ്കിലും വീണ്ടും ശക്തമായി തിരിച്ചുവരികയായിരുന്നു. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. മൂന്ന് ദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
by Midhun HP News | Apr 18, 2025 | Latest News, കേരളം
കൊച്ചി: കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന മുഖ്യ കണ്ണികള്‍ പിടിയില്‍. കുണ്ടന്നൂര്‍ സ്വദേശി സച്ചിന്, ഒഡീഷ സ്വദേശി ദുര്യോധന മാലിക് എന്നിവരാണ് പിടിയിലായത്. സച്ചിന് കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിലെ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു.
അഞ്ചു കിലോ കഞ്ചാവും 28,000 രൂപയും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഒഡീഷയിലെ കണ്ഡമാല്‍ ജില്ലയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ദുര്യോധന മാലിക് ചോദ്യം ചെയ്യലില്‍ പറഞ്ഞതായി എസിപി അബ്ദുള്‍ സലാം പറഞ്ഞു. മാലിക് സ്വന്തമായി ഒഡീഷയില്‍ കഞ്ചാവ് കൃഷി നടത്തുകയാണ്. ഇത് ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തിച്ച് സച്ചിന് കൈമാറുന്നതിനിടെയാണ് പിടിയിലായത്.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇവരെ പിടികൂടുന്നത്. കൊച്ചിയിലെ സ്കൂള്‍, കോളജ് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന സംഘത്തിന്റെ തലവന്‍ അമല്‍ജോഷി എന്നയാളെ കഴിഞ്ഞമാസം രണ്ടു കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇയാളുടെ സംഘത്തിലെ രണ്ടാമനാണ് സച്ചിനെന്ന് പൊലീസ് സൂചിപ്പിച്ചു.
by Midhun HP News | Apr 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം തുടരുന്നതിനിടെ 45 ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചിരിക്കുന്നത്. സമരം ചെയ്യുന്നവരില്‍ മൂന്ന് പേര്‍ക്കുള്‍പ്പെടെയാണ് അഡ്വൈസ് മെമ്മോ നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20 നാണ് 964 പേരുള്‍പ്പെട്ട വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 268 നിയമനം മാത്രമാണ് ഈ ലിസ്റ്റില്‍ നിന്നും ഇതുവരെ നടത്തിയിട്ടുള്ളത്. ലിസ്റ്റിന്റെ കാലാവധി നാളെ പുര്‍ത്തിയാവും. കേരള പോലീസ് അക്കാദമിയില്‍ വിവിധ കാരണങ്ങളാല്‍ ഒഴിഞ്ഞ് പോയതും ചിലര്‍ മറ്റ് ജോലികള്‍ക്ക് പോയതുമായ ഒഴിവിലേക്കാണ് ഇപ്പോള്‍ അഡ്വൈസ് മെമ്മോ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 815 ഉദ്യോഗാര്‍ത്ഥികളെയാണ് നിയമിച്ചിരുന്നത്.
അതേസമയം, അഡ്വൈസ് മെമ്മോ ലഭിക്കാത്തവര്‍ സമരം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് നിയമനം ലഭിക്കാവുന്ന സാഹചര്യത്തിലുള്ള ഒഴിവുകള്‍ നിലവിലുണ്ടെന്നും അവ റിപ്പോര്‍ട്ട് ചെയ്യാന്‍ പലതവണ ഓഫീസുകളെ സമീപിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
by Midhun HP News | Apr 18, 2025 | Latest News, കേരളം
പത്തനംതിട്ട: മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് (വെള്ളിയാഴ്ച) ശബരിമല നടയടയ്ക്കും. ഇന്ന് രാത്രി 10ന് ആണ് നടയടയ്ക്കുന്നത്. ഇത്തവണ പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷുമഹോത്സവത്തിനും മേടമാസ പൂജകള്‍ക്കുമായി മൂന്നര ലക്ഷത്തിലേറെ പേര് എത്തിയതായാണ് ദേവസ്വം ബോഡിന്റെ കണക്ക്.
വിഷുദിവസത്തില്‍ കണിദര്‍ശനത്തിനും പൂജകള്‍ക്കും വേണ്ടിയാണ് കൂടുതല്‍ ഭക്തര്‍ എത്തിയത്. 46,645 പേര് വിഷുദിവസം ദര്‍ശനം നടത്തി. പൈങ്കുനി ഉത്ര ഉത്സവത്തിനുവേണ്ടി ഏപ്രില്‍ ഒന്നിനാണ് നടതുറന്നത്.
രണ്ടിന് ഉത്സവത്തിന് കൊടിയേറി. 18 ദിവസം ദര്‍ശനത്തിന് അവസരം ലഭിച്ചു. വെര്‍ച്വല്‍ ക്യൂവും പമ്പയില്‍ സ്പോട്ട് ബുക്കിങ് സൗകര്യവും ഒരുക്കിയിരുന്നു. ഭക്തരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടിട്ടും ഒരു പരാതിപോലും ഇല്ലാതെ ഉത്സവവും മേടമാസ പൂജയും പൂര്‍ത്തീകരിക്കാനായതായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
by Midhun HP News | Apr 18, 2025 | Latest News, കേരളം
കൊച്ചി: നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടന് ഷൈന്‍ ടോം ചാക്കോയ്ക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. ഷൈന്‍ ടോം ചാക്കോയുടെ മൊബൈല്‍ ടവര്‍ അവസാന ലൊക്കേഷന്‍ തമിഴ്നാട്ടില്‍ നിന്നായത് കൊണ്ട് കേരളം വിട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്. കൊച്ചിയിലും തൃശൂരിലും നടത്തിയ തിരച്ചിലില്‍ നടനെ കണ്ടെത്താന്‍ സാധിച്ചില്ല. പരിശോധന തുടരുന്നുവെന്നും കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ അവിടെ നിന്ന് കടന്നുകളഞ്ഞത് ബൈക്കിലാണെന്നാണ് പൊലീസ് പറയുന്നത്. ബൈക്കില്‍ നടന് നേരെ പോയത് ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണെന്നാണ് സൂചന.
അവിടെ നടന് മുറിയെടുത്തിരുന്നു എന്നാണ് പൊലീസ് നല്കുന്ന വിവരം. അവിടെ കുറെ നേരം ചെലവഴിച്ച ശേഷം നടന് പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി അവിടെ നിന്നും പോയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു കാറിലാണ് അദ്ദേഹം അവിടെ നിന്നും കടന്നുകളഞ്ഞത്. അത് ഒരു ഓണ്‍ലൈന്‍ ടാക്സിയാണെന്നാണ് പൊലീസ് നല്കുന്ന വിവരം. ഹോട്ടലില്‍ ബൈക്കിലെത്തിയ നടന് മണിക്കൂറുകള്‍ക്കകം കാറില്‍ തിരിച്ചുപോയെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്ക് തൊട്ടുപിന്നാലെ മറ്റൊരു ഹോട്ടലിലേക്ക് നടന് പോയി എന്ന് പൊലീസ് പറയുന്ന സമയവുമായി ഒത്തുപോകുന്നതാണ് ദൃശ്യങ്ങള്‍. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ വാഹനത്തിന്റെ നമ്പര്‍ പതിയാതിരിക്കാന്‍ നടന് ശ്രദ്ധിച്ചിരുന്നതായും സംശയിക്കുന്നു. ഓണ്‍ലൈന്‍ ടാക്സി ഹോട്ടലിന് പുറത്തുനിര്‍ത്തിയ ശേഷമാണ് നടന് അതില്‍ കയറി പോയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഷൈന്‍ അവിടെ നിന്ന് പോയത് ഒരു വെള്ള കാറിലാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. ഇന്നലെ പുലര്‍ച്ചെ തന്നെ നടന് കൊച്ചി വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. നടന് കേരളത്തില്‍ നിന്ന് പുറത്തേയ്ക്ക് പോയിരിക്കാം എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പൊലീസ് അന്വേഷണം തുടരുന്നത്.
ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പരിശോധന. നടന് ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്.
പൊലീസ് സംഘം ഹോട്ടലിന്റെ താഴെ എത്തിയ വിവരം അറിഞ്ഞ ഷൈന്‍ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലഹരിമരുന്ന് കൈവശമുണ്ടായതിനാലാണ് ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഡാന്‍സാഫ് സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.
സിനിമാസെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് ഷൈന്‍ ടോം ചാക്കോയാണെന്ന് യുവനടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയിട്ടുണ്ട്. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം അനുഭവം നേരിട്ടത് എന്നാണ് വിന്‍സിയുടെ പരാതി.
Recent Comments