by Midhun HP News | Apr 4, 2025 | Latest News, കേരളം
കൊല്ലം: കടയ്ക്കല്‍ ദേവി ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനത്തില്‍ ആസ്വാദകര്‍ പറഞ്ഞ ഗാനമാണ് താന്‍ പാടിയതെന്ന് ഗായകന്‍ അലോഷി ആദം. ആസ്വാദകരുടെ ആവശ്യപ്രകാരമാണ് പാടിയത്. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം പയ്യന്നൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാന്‍ അന്ന് അവിടെ ഒരുപാട് പാട്ടുകള്‍ പാടിയിരുന്നുവെന്നും അതെല്ലാം ആസ്വാദകര്‍ പറഞ്ഞ പാട്ടായിരുന്നു. എല്ലാ പരിപാടിയിലും ആസ്വാദകരുടെ ഇഷ്ടത്തിനാണ് പാട്ടുകള്‍ പാടുന്നത്. ഹൈക്കോടതി എനിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.
അതുകൊണ്ടുതന്നെ ഈ കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. ആസ്വാദകരുടെ ആവശ്യപ്രകാരം പാടിയ പാട്ട് തെറ്റായി വ്യാഖാനിക്കപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ആ സമയത്ത് ഇതുമായി ബന്ധപ്പെട്ട് മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അവര്‍ക്ക് പാട്ട് കേള്‍ക്കണം. അവര്‍ അത് ആവശ്യപ്പെട്ടു. അങ്ങനെ ഒരുപാട് പാട്ടുകള്‍ പാടിയിട്ടുണ്ട്. ചില പാട്ടുകള്‍ പരിപാടിയില്‍ വന്നിരുന്നോ എന്ന് അവര്‍ക്ക് അറിയില്ല. അത് പിന്നീട് പരാതിയായി ഉന്നയിക്കാന്‍ തോന്നി. അങ്ങനെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. കേസിന്റെ വിശദാംശങ്ങളെ കുറിച്ച് അറിയില്ല. വകുപ്പുകളെ കുറിച്ച് അറിയില്ല. എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍ അറിയില്ല. അറിഞ്ഞശേഷം ബാക്കി പ്രതികരിക്കാം.’- അലോഷി ആദം പറഞ്ഞു.
ക്ഷേത്രപരിസരത്ത് വിപ്ലവഗാനം പാടാന്‍ പാടില്ല എന്ന യാതൊരു വിധത്തിലുള്ള നിര്‍ദേശങ്ങളും ക്ഷേത്ര കമ്മിറ്റിയും നല്‍കിയിരുന്നില്ല. പരിപാടി നടന്നത് ക്ഷേത്രത്തിനകത്തല്ലായിരുന്നുവെന്നും ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തായിരുന്നുവെന്നും അലോഷി വ്യക്തമാക്കി. കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം ഈ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ ഡിജിപിക്ക് പരാതി നല്‍കി. ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍, ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസര്‍ എന്നിവരെ കൂടി പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 10ന് ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ഈ പരിപാടിയില്‍ പ്രചരണ ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്ഐയുടെ കൊടിയും സിപിഎമ്മിന്റെ ചിഹ്നവുമുണ്ടായിരുന്നു. ഗാനം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇത് വഴിവെച്ചത്.
by Midhun HP News | Apr 4, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ഭരണഘടനാ വിരുദ്ധമായ ബില്ലിനെ നിയമപരമായി നേരിടും. ഉടന്‍ തന്നെ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു. വഖഫ് ബില്ലിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് മുന്‍കാലത്ത് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചതിന്റെ പട്ടികയും ജയ്‌റാം രമേശ് എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. 2005 ലെ വിവരാവകാശ നിയമ ഭേദഗതി, തെരഞ്ഞെടുപ്പ് പരിഷ്‌കരണം (2024), 1991 ലെ ആരാധനാലയ നിയമത്തിലെ ഇടപെടല്‍ തുടങ്ങിയവക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഭരണഘടനയുടെ അന്തസത്തക്കെതിരായ മോദി സര്‍ക്കാരിന്റെ എല്ലാ കടന്നാക്രമണങ്ങളെയും കോണ്‍ഗ്രസ് ആത്മവിശ്വാസത്തോടെ ചെറുക്കുമെന്നും ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.
ഡിഎംകെയും മുസ്ലിം ലീഗും അടുത്ത ആഴ്ച സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്നാണ് സൂചന. വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തമിഴ് നാട് സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഭരണഘടന വിദഗ്ധരില്‍ നിന്ന് ലഭിക്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഡിഎംകെ സര്‍ക്കാര്‍ തുടർ നടപടികള്‍ സ്വീകരിക്കുക. പാര്‍ട്ടിയുടെ രാജ്യസഭാ അംഗവും അഭിഭാഷകനുമായ ഹാരിസ് ബീരാനെയാണ് കേസ് നടത്തിപ്പിന്റെ ഏകോപനത്തിന് മുസ്ലിം ലീഗ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലോക്‌സഭയും രാജ്യസഭയും വഖഫ് ഭേദഗതി ബില്‍ പാസ്സാക്കിയത്. ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. രാജ്യസഭയിൽ 12 മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കൊടുവിൽ നടന്ന വോട്ടെടുപ്പിൽ 95 നെതിരെ 128 എംപിമാരുടെ പിന്തുണയോടെയാണ് ബിൽ പാസ്സായത്. പാർലമെന്റ് പാസാക്കിയ ബിൽ രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും.
by Midhun HP News | Apr 4, 2025 | Latest News, കേരളം
മൂന്നാര്‍: കാട്ടുക്കൊമ്പന്‍ പടയപ്പ മൂന്നാര്‍ ടൗണിലിറങ്ങിയത് പരിഭ്രാന്തി പരത്തി. ഇന്ന് പുലര്‍ച്ചെ ടൗണില്‍ ഇറങ്ങിയ പടയപ്പ വഴിയോര കച്ചവടശാലകള്‍ തകര്‍ത്ത് നാശം വിതച്ചു.
മൂന്നാര്‍ ആര്‍ ഒ ജങ്ഷനിലാണ് പുലര്‍ച്ചെ പടയപ്പ എത്തിയത്. ടൗണിലിറങ്ങിയ ആന വഴിയോര കച്ചവട സ്ഥാപനങ്ങള്‍ തകര്‍ത്തുകയായിരുന്നു. പഴയ മൂന്നാര്‍ ടൗണിന് സമീപത്തെ പാര്‍ക്കിലും ആന നാശം വരുത്തി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ബഹളം വെച്ച് ആനയെ തുരത്തുകയായിരുന്നു. വിനോദ സഞ്ചാര സീസണ്‍ ആരംഭിയ്ക്കുന്ന സാഹചര്യത്തില്‍ ആന ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ പടയപ്പ മദപ്പാടിലായിരുന്നു. ഈ സമയം ജനവാസ മേഖലയിലിറങ്ങി വലിയ തോതില്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടൗണിലേക്കും ആന എത്തിയത്.
by Midhun HP News | Apr 4, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 46 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് നയം അമേരിക്കന്‍ വിപണിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകളാണ് രൂപയ്ക്ക് കരുത്തായത്. ഡോളര്‍ ദുര്‍ബലമാകാന്‍ പുതിയ താരിഫ് നയം കാരണമാകുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ഇതും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചു.
എണ്ണവില കുറഞ്ഞതും രൂപയുടെ മൂല്യം ഉയരാന്‍ കാരണമായി. ഇന്നലെ രൂപ 22 പൈസയുടെ നേട്ടം കൈവരിച്ചിരുന്നു. നിലവില്‍ ഡോളറിനെതിരെ 85ല്‍ താഴെയാണ് രൂപയുടെ മൂല്യം. ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. അതേസമയം ഓഹരി വിപണി നഷ്ടത്തിലാണ്. ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളാണ് ഓഹരി വിപണിയെ ബാധിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500 പോയിന്റ് ആണ് താഴ്ന്നത്. സെന്‍സെക്‌സ് 76,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ഇന്നലത്തെ പോലെ ഇന്നും ഐടി ഓഹരികളാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഐടി സൂചിക രണ്ടുശതമാനമാണ് ഇടിഞ്ഞത്. ഓട്ടോ, മെറ്റല്‍, ഫാര്‍മ ഓഹരികളും നഷ്ടം നേരിട്ടു.
by Midhun HP News | Apr 4, 2025 | Latest News, കേരളം
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് ഒറ്റയടിക്ക് 1280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,000ല്‍ താഴെയെത്തി. 67,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് കുറഞ്ഞത്. 8400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 68,480 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. ഏപ്രില്‍ ഒന്നിനാണ് സ്വര്‍ണവില ആദ്യമായി 68000 കടന്നത്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം വരെ കണ്ടത്. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ കനത്ത ഇടിവ് നേരിടുകയായിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.
Recent Comments