by Midhun HP News | Apr 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഉയര്‍ന്ന തിരമാല- കള്ളക്കടല്‍ ജാഗ്രത
കന്യാകുമാരി തീരത്ത് നാളെ (ഏപ്രില്‍ 05) രാവിലെ 11.30 മുതല്‍ രാത്രി 11. 30 വരെ 0.8 മുതല്‍ 1.2 മീറ്റര്‍ വരെയും കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
by Midhun HP News | Apr 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലഹരികേസിലെ തൊണ്ടിമുതൽ അട്ടിമറി നടത്തിയ സംഭവം ഡിസിപി നകുൽ ദേശ്മുഖ് അന്വേഷിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. മഹസർ തയ്യാറാക്കിയ എസ് ഐ തോമസിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഗുണ്ടാ നേതാവ് ഷാജഹാനെ പിടികൂടിയ കേസിലാണ് അട്ടിമറി നടന്നിരിക്കുന്നത്.
തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് പ്രതിയായ ലഹരി കേസിലാണ് തിരുവല്ലം പൊലീസിന്റെ അട്ടിമറി. ഷാഡോ പൊലീസ് പിടികൂടി കൈമാറിയ തൊണ്ടിമുതൽ മുക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഗുണ്ടാ നേതാവ് ഷാജഹാനെയും സംഘത്തെയും പിടികൂടുമ്പോൾ കിട്ടിയ 1.2 ഗ്രാം ഹാഷിഷ്, തിരുവല്ലം എസ് ഐ തയ്യാറാക്കിയ മഹസ്സറിൽ നിന്ന് ഒഴിവാക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. 0.66 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നത് മാറ്റി .06 ഗ്രാമായും പിടിച്ചെടുത്ത രണ്ട് കാറുകൾ ഒന്നുമായാണ് മഹസ്സറിൽ രേഖപ്പെടുത്തിയത്. സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിച്ചപ്പോൾ മറ്റൊരു മഹസ്സർ തയ്യാറാക്കി. മറ്റൊരു കാറും ഉൾപ്പെടുത്തി.
ഡാൻസാഫിൻ്റെ നീക്കവും തിരുവല്ലം പൊലീസ് ചോർത്തി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിന് മുമ്പ് കള്ളക്കേസിൽ കുരുക്കാൻ നീക്കമെന്ന തരത്തിൽ ഷാജഹാൻ വീഡിയോ ചിത്രീകരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഷാഡോ പൊലീസ് എയർ റൈഫിൾ ഉൾപ്പെടെ പ്രതികളെ പിടികൂടി തിരുവല്ലം പൊലീസിന് കൈമാറിയത്.
by Midhun HP News | Apr 4, 2025 | Latest News, സിനിമ
ചെന്നൈ: നടൻ രവികുമാർ (75) അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് രവികുമാർ. നൂറിലധികം മലയാള സിനിമകളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
1970 കളിലും 80 കളിലും നായക, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്താണ് രവികുമാർ ശ്രദ്ധേയനാകുന്നത്. മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും ശ്രദ്ധേയനായി. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്.
by Midhun HP News | Apr 4, 2025 | Latest News, കേരളം
കൊച്ചി: കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞത് ഗായകൻ എംജി ശ്രീകുമാർ അല്ലെന്ന് മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിഎസ് അക്ബർ. ഗായകൻ വീട്ടിലുണ്ടായിരുന്നില്ല. ജോലിക്കാരി മാങ്ങ ഭക്ഷിച്ച ശേഷം ബാക്കി കടലാസിൽ പൊതിഞ്ഞ് കായലിലേക്ക് എറിയുകയായിരുന്നുവെന്ന് പഞ്ചായത്ത് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.
നോട്ടീസ് നൽകിയതോടെ തർക്കം ഉന്നയിക്കാതെ ഗായകൻ പിഴയൊടുക്കുകയായിരുന്നു. അതേസമയം കായലിലേക്ക് ജോലിക്കാരിയാണ് ചീഞ്ഞ മാങ്ങയുടെ അവശിഷ്ടം വലിച്ചെറിഞ്ഞതെന്ന് എംജി ശ്രീകുമാറും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. “ഞാൻ അന്ന് വീട്ടിൽ ഇല്ലായിരുന്നു. കായൽ തീരത്ത് ഒരു മാവ് നിൽപ്പുണ്ട്. അതിൽ നിന്ന് ഒരു മാങ്ങാ പഴുത്തത് നിലത്ത് വീണ് ചിതറി.
അതിന്റെ മാങ്ങാണ്ടി പേപ്പറിൽ പൊതിഞ്ഞ് ജോലിക്കാരി വെള്ളത്തിലേക്ക് എറിഞ്ഞതാണ്. അത് തെളിയിക്കാനും ഞാൻ തയ്യാറാണ്. പക്ഷേ അങ്ങനെ ചെയ്തത് തെറ്റാണ്. സത്യത്തിൽ അവരത് അറിയാതെ ചെയ്തതാണെന്നും” എംജി ശ്രീകുമാർ പ്രതികരിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് മാലിന്യം കായലിലേക്ക് എറിയുന്നത് ഒരു വിനോദ സഞ്ചാരി വിഡിയോയിൽ പകർത്തി മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ മുളവുകാട് പഞ്ചായത്ത് അധികൃതർ അദ്ദേഹത്തിന് 25,000 രൂപ പിഴ ചുമത്തുകയായിരുന്നു.
by Midhun HP News | Apr 4, 2025 | Latest News, ജില്ലാ വാർത്ത
സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പെട്ട എസ്എഫ്ഐ നേതാവായ ആദർശിനെ വിളിപ്പിച്ചിട്ട് സ്റ്റേഷനിൽ എത്താത്തതിനെ തുടർന്ന് ആദർശിന്റെ വീട്ടിലെത്തിയ കഴക്കൂട്ടം പോലീസ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തു. ഇതുവരെയും പ്രിവന്റീവ് അറസ്റ്റ് ആയി കഴക്കൂട്ടം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഒരു മാസം മുമ്പ് യൂണിവേഴ്സിറ്റി പരീക്ഷയിൽ ചോദ്യപേപ്പർ വാട്സാപ്പിൽ അയച്ചു കൊടുത്തു സുഹൃത്തിനെ കൊണ്ട് ഉത്തരങ്ങൾ വരുത്തി എഴുതിയത് കണ്ടെത്തിയതിനെ തുടർന്ന് ഒളിവിൽ ആയിരുന്നു ആദർശ്. നിലവിൽ കേരളത്തിൽ എവിടെയെങ്കിലും അർജുൻ ആയെങ്കിയുടെ പേരിൽ വാറന്റ് ഉണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരുന്നു.
Recent Comments