കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ

കൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ​ഗായകൻ എം ജി ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനാണ് മുളവുകാട് പഞ്ചായത്ത് അധികൃതർ ​ഗായകന് 25,000 രൂപയുടെ പിഴ നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചതോടെ കഴിഞ്ഞ ​ദിവസം എംജി ശ്രീകുമാർ പിഴ ഒടുക്കി.

കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് മാലിന്യപ്പൊതി വീഴുന്നത് ഒരു വിനോദ സഞ്ചാരി മൊബൈൽ ഫോണിൽ പകർത്തി മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുകയായിരുന്നു.

എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയിൽ വ്യക്തമാണെങ്കിലും ആരാണെന്നു തിരിച്ചറിയാനാവില്ല. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി.

പിന്നാലെ ഇങ്ങനെ പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. തുടർന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടീസ് നൽകുകയായിരുന്നു. ഇക്കാര്യം പിന്നീട് പരാതിക്കാരനെ മന്ത്രി തന്നെ സമൂഹമാധ്യമം വഴി അറിയിച്ചു. പിഴ അടച്ചു കഴിയുമ്പോൾ ഈ വിവരം തെളിവു സഹിതം നൽകിയ ആൾക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

വീട്ടുപടിക്കല്‍ പുസ്തകങ്ങളെത്തും; ലൈബ്രറി കൗസിലിന്റെ ഹോം ഡെലിവറി സര്‍വീസ് വരുന്നു

വീട്ടുപടിക്കല്‍ പുസ്തകങ്ങളെത്തും; ലൈബ്രറി കൗസിലിന്റെ ഹോം ഡെലിവറി സര്‍വീസ് വരുന്നു

കണ്ണൂര്‍: വീടുകളില്‍ വായനാശീലം വളര്‍ത്തിയെടുക്കാന്‍ ആരംഭിച്ച മൊബൈല്‍ ലൈബ്രറി സേവനങ്ങള്‍ പുതിയ തലത്തിലേക്ക്. വീട്ടമ്മമാരെയും പ്രായമായവരെയും ഉദ്ദേശിച്ച് നടപ്പാക്കിയ വായനാവസന്തം പദ്ധതിക്ക് പിന്നാലെ ഹോം ഡെലിവറി സര്‍വീസും അവതരിപ്പിച്ചിരിക്കുകയാണ് കേരള ലൈബ്രറി കൗണ്‍സില്‍.

വായനവസന്തം പദ്ധതി, സംസ്ഥാനത്തെ 3,000 ലൈബ്രറികളിലേക്ക് വ്യാപിക്കുകയാണ്. ‘വീട്ടിലേക്കൊരു പുസ്തകം’ എന്ന പേരില്‍ കുടുംബങ്ങളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനും അറിവില്‍ അധിഷ്ഠിതമായ ഒരു സമൂഹമെന്ന കേരളത്തിന്റെ പ്രശസ്തിയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുറഞ്ഞത് 3,000 പുസ്തക ശേഖരമുള്ള ലൈബ്രറികള്‍ വിതരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. 20 രൂപ പ്രതിമാസ നിരക്കില്‍ ഒരു കുടുംബത്തിന് ഈ സേവനം ഉപയോഗിക്കാം.

‘ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ഇ-ബുക്കുകള്‍ വായിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ തിരക്കേറിയ ജീവിതശൈലി കാരണം പലരും ലൈബ്രറിയില്‍ എത്തുന്നത് കുറവാണ്. ‘വായനവസന്ത’ത്തിലൂടെ വീടുകളിലേക്ക് നേരിട്ട് പുസ്തകങ്ങള്‍ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’ കേരള ലൈബ്രറി കൗണ്‍സിലിന്റെ കണ്ണൂര്‍ ജില്ലാ ബ്രാഞ്ച് സെക്രട്ടറി പി കെ വിജയന്‍ പറഞ്ഞു. പദ്ധതി എ+, എ, ബി, സി ഗ്രേഡ് ലൈബ്രറികളുടെ സഹായത്തോടെയാണ് നടപ്പാക്കുക. ലൈബ്രേറിയന്മാര്‍ മാസത്തില്‍ ആറ് ദിവസം പുസ്തകങ്ങളുമായി വീടുകള്‍ സന്ദര്‍ശിക്കും, കൂടാതെ ഓരോ ലൈബ്രറിയിലും പരിപാടിയുടെ മേല്‍നോട്ടത്തിനായി ഒരു ഉപസമിതി രൂപീകരിക്കും അദ്ദേഹം പറഞ്ഞു.

കേരളത്തിന് ശക്തമായ ഒരു വായനാ ശൃംഖലയുണ്ട്, ഓരോ 3,000 പേര്‍ക്കും ശരാശരി ഒരു ലൈബ്രറി എന്ന നിലയിലാണ് ഇത്. ഈ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ആനുപാതികമായി വായനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സാമൂഹിക മാറ്റത്തിനായി അറിവ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. വായനക്കാര്‍ പുസ്തകങ്ങളിലേക്ക് വരുന്നതിനുപകരം പുസ്തകങ്ങള്‍ വായനക്കാരിലേക്ക് എത്തണം,’ പി കെ വിജയന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

നിലവില്‍, കേരളത്തിലെ 630 ലൈബ്രറികളില്‍ മൊബൈല്‍ ലൈബ്രറി സേവനങ്ങളുണ്ട്. വായനവസന്തം പദ്ധതിയുടെ കീഴില്‍, ലൈബ്രറി കൗണ്‍സില്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ കുറഞ്ഞത് 100 വീടുകളിലെങ്കിലും പുസ്തകങ്ങള്‍ എത്തിക്കും. ആദ്യ ഘട്ടത്തില്‍ പദ്ധതി 3,00,000 വീടുകളില്‍ എത്തിച്ചേരുകയെന്നതാണ് ലക്ഷ്യമിടുന്നത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇത് 10 ലക്ഷം വീടുകളിലേക്ക് പദ്ധതി നീട്ടുകയാണ് ലക്ഷ്യം.

പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായി ലൈബ്രേറിയന്‍മാര്‍ക്ക് പ്രതിമാസം 600 രൂപ അധികമായി നല്‍കും. കണ്ണൂര്‍ ജില്ലയാണ് പദ്ധതിയുടെ നടത്തിപ്പില്‍ മുന്നില്‍, ജില്ലയില്‍ 363 ലൈബ്രറികളില്‍ വായനവസന്തം അവതരിപ്പിച്ചു. ജില്ലയിലുടനീളമുള്ള നിരവധി ലൈബ്രറികള്‍ ഇതിനകം വീടുകളിലേക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.

ആശ വർക്കർമാരുമായി ഇന്ന് വീണ്ടും മന്ത്രി തല ചർച്ച; ട്രേഡ് യൂണിയനുകൾക്കും ക്ഷണം

ആശ വർക്കർമാരുമായി ഇന്ന് വീണ്ടും മന്ത്രി തല ചർച്ച; ട്രേഡ് യൂണിയനുകൾക്കും ക്ഷണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശ വർക്കർമാരുമായി സംസ്ഥാന സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. ആരോഗ്യമന്ത്രിയുടെ ചേംബറില്‍ വൈകീട്ട് മൂന്നുമണിക്കാണ് ചര്‍ച്ച. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ആശ പ്രവര്‍ത്തകരെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്.

സമരക്കാരെ ഇതു മൂന്നാം തവണയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നത്.സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചർച്ച. സമരം ചെയ്യുന്ന ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന് പുറമേ, സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകളേയും ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.ചര്‍ച്ചയില്‍ വലിയ പ്രതീക്ഷ ഉണ്ടെന്ന് ആശ പ്രവര്‍ത്തകര്‍ പറഞ്ഞു. ഓണറേറിയം വര്‍ധനയും പെന്‍ഷനും അടക്കം ചര്‍ച്ചയാകും. ഡിമാന്റുകള്‍ അംഗീകരിച്ച് ഉത്തരവ് ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. ആശ വർക്കർമാരുടെ നിരാഹാര സമരം ഇന്ന് 15-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

തിരുവനന്തപുരത്ത് 56 വാർഡുകളിൽ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും

തിരുവനന്തപുരത്ത് 56 വാർഡുകളിൽ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭയിലെ 56 വാർഡുകളിൽ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും. കരമനയിലെ ട്രാൻസ്മിഷൻ മെയിനിന്റെ അലൈൻമെന്റ് മാറ്റിയിടുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുന്നതിലാണ് ജലവിതരണം മുടങ്ങുന്നത്. സ്വകാര്യ ടാങ്കറുകള്‍ വഴി ജലലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി കോര്‍പറേഷന്‍ അറിയിച്ചു.

ജല അതോറിറ്റിയുടെ അരുവിക്കര പ്ലാന്റിൽ നിന്ന് ഐരാണിമുട്ടത്തേക്ക് പോകുന്ന പൈപ്പിലെ വാൽവ് മാറ്റുന്നതും, തിരുവനന്തപുരം – നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ട്രാന്‍സ് മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ കാരണമാണ് ജലവിതരണം മുടങ്ങുന്നത്. ജലക്ഷാമം നേരിടുന്നവർക്ക് കോര്‍പറേഷനിലെ കോള്‍ സെന്‍ററില്‍ വിളിക്കാം. സുജന സുലഭത്തില്‍ വിളിച്ച് ടാങ്കര്‍ ബുക്ക് ചെയ്യാനും സംവിധാനം ഉണ്ടായിരിക്കുമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി അറിയിച്ചു.

ആർ.സി.സിക്ക് ഒരു കോടിയുടെ ഉപകരണങ്ങൾ നൽകി എൽ.ഐ.സി ഫൗണ്ടേഷൻ

ആർ.സി.സിക്ക് ഒരു കോടിയുടെ ഉപകരണങ്ങൾ നൽകി എൽ.ഐ.സി ഫൗണ്ടേഷൻ

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലേക്ക് ഒരു കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ നൽകി എൽ.ഐ.സി ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ. ഒ ടി ലൈറ്റ്, ഡീഫെബ്രിലൈറ്റേർ,ഡ്രിപ്പ് മോണിറ്റർ തുടങ്ങിയ ഉപകരണങ്ങളാണ് നൽകിയത്. ആർ.സി.സിയിൽ നടന്ന ചടങ്ങിൽ എൽ.ഐ.സി സോണൽ മാനേജർ ജി. വെങ്കിട്ടരമണൻ, എക്സിക്യുട്ടീവ് ഡയറക്ടർ എസ്. കൃഷ്ണകുമാർ എന്നിവർ ഉപകരണങ്ങൾ ആർ സിസിക്ക് കൈമാറി. ആർ സി സി അ‍ഡീഷണൽ ഡയറക്ടർ ഡോ. സജീദ് എ, മെഡിക്കൽ സൂപ്രണ്ട് ഡോ. ലിജീഷ് എ എൽ, എൽ.ഐ.സി തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷണൽ മാനേജർഎസ്. പ്രേംകുമാർ, മാർക്കറ്റി​ഗ് മാനേജർ ഹരിപ്രസാദ് സി വി, സെയിൽസ് മാനേജർ സുജയ് കെ എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.