സാധനങ്ങൾ 16 മണിക്കൂറിനുള്ളിൽ, കെഎസ്ആർടിസി കൊറിയർ സർവീസ് മുഖം മിനുക്കി ‘ഹൈ ടെക്കാ’കുന്നു

സാധനങ്ങൾ 16 മണിക്കൂറിനുള്ളിൽ, കെഎസ്ആർടിസി കൊറിയർ സർവീസ് മുഖം മിനുക്കി ‘ഹൈ ടെക്കാ’കുന്നു

തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ സേവനം അടിമുടി മാറുന്നു. ഒരു പ്രൊഫഷണൽ ഏജൻസിയെ നിയമിച്ചു കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പ്രൊഫഷണൽ ഏജൻസികൾക്കായി കോർപറേഷൻ ടെൻഡർ വിളിച്ചിട്ടുണ്ട്. കെഎസ്ആർടിസി കൊറിയർ സർവീസ് നേരത്തെ വലിയ കൈയടി നേടിയ പദ്ധതിയായിരുന്നു.

എന്നാൽ പിന്നീട് സാധനങ്ങൾ സുരക്ഷിതമായി ലഭിക്കുന്നില്ല എന്നതടക്കമുള്ള പരാതികൾ ഉയർന്നു. കൗണ്ടറുകളുടെ സ്ഥല പരിമിതികളും ജീവനക്കാരുടെ അഭാവവും മികച്ച സേവനം നൽകുന്നതിനു തടസമായി. ഇതോടെ കെഎസ്ആർടിസി വഴി സാധനങ്ങൾ അയക്കാനുള്ള ആളുകളുടെ താത്പര്യവും കുറ‍ഞ്ഞു.

നിലവിലെ അസൗകര്യങ്ങൾ പരിഹരിച്ച് ഇപ്പോഴുള്ള സേവനം കൂടുതൽ മികവോടെ ചെയ്യാനാണ് കോർപറേഷൻ പദ്ധതിയിടുന്നത്. ഒരു പ്രൊഫഷണൽ സ്ഥാപനത്തെ ഏൽപ്പിച്ചാണ് മാറ്റം കൊണ്ടു വരുന്നതെന്നും വിതരണത്തിലെ നിലവിലെ പോരായ്മകൾ അതോടെ ഇല്ലാതാകുമെന്നും ഒരു ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

ലോജിസ്റ്റിക്സ് വിഭാ​ഗത്തിന്റെ വാർഷിക വരുമാനത്തിൽ 40 ശതമാനത്തിന്റെ വർധനവുണ്ട്. അതിനാൽ തന്നെ ഇത്തരം സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് നോക്കുന്നത്. മനുഷ്യ ശക്തിക്കൊപ്പം സാങ്കേതികതയും ചേരുമ്പോൾ കൂടുതൽ മികവ് വരും. ഞായാറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമടക്കം വർഷം മുഴുവൻ കൗണ്ടറുകൾ പ്രവർത്തിക്കുന്നതടക്കമുള്ള മാറ്റം പ്രൊഫഷണൽ സംഘം വരുന്നതോടെ ഉറപ്പാക്കാൻ സാധിക്കുമെന്നും ഉദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു.

2023ലാണ് കൊറിയർ സർവീസ് ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ തന്നെ 3.73 കോടി വരുമാനമാണ് കോർപറേഷനു ഇതിലൂടെ ലഭിച്ചത്. പ്രതിമാസം വരുമാനം 50 ലക്ഷം വരെ ഉയർന്നു. വൈറ്റിലെ ഹബ്ബിലെ പാഴ്സൽ കൗണ്ടർ മാത്രം പ്രതിമാസം 30 ലക്ഷം വരെ നേടിയിട്ടുണ്ട്. കോയമ്പത്തൂർ, നാ​ഗർകോവിൽ എന്നിവിടങ്ങളിലും സംസ്ഥാനത്ത് ഒട്ടാകെ 46 പാഴ്സൽ കൗണ്ടറുകളും ഉണ്ട്.

നിലവിലെ സോഫ്റ്റ്‍വെയർ അടിസ്ഥാന ആവശ്യങ്ങൾ മാത്രമാണ് നിർവഹിക്കുന്നത്. സോഫ്റ്റ്‍വെയറും പരിഷ്കരിക്കും. വേ​ഗത്തിലുള്ള രജിസ്ട്രേഷനും ക്ലിയറൻസും സാധനങ്ങളുടെ വേ​ഗത്തിലുള്ള ഡെലിവറിയും ഉറപ്പാക്കുമെന്നും അധികൃതർ പറയുന്നു. ഒരു മാസത്തിനുള്ളിൽ തന്നെ പുതുമയോടെ സേവനം ആരംഭിക്കും. പ്രധാന ബസ് സ്റ്റാൻഡുകളിലെല്ലാം കമ്പ്യൂട്ടറൈസ്ഡ് കൊറിയർ, ലോജിസ്റ്റിക്സ് സേവന കൗണ്ടറുകൾ സ്ഥാപിക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ കോർപറേഷൻ നൽകിയിട്ടുണ്ട്. കൗണ്ടറുകളിൽ സിസിടിവി നിരീക്ഷണവും ഉറപ്പാക്കും.

16 മണിക്കൂറിനുള്ളിൽ സാധനങ്ങൾ സംസ്ഥാനത്ത് എവിടെയും എത്തിക്കുമെന്നാണ് കെഎസ്ആർടിസി നൽകുന്ന ഉറപ്പ്. പാഴ്സലുകൾ ബസുകളിൽ കയറ്റുന്നുണ്ടെന്നു കരാറുകാരൻ ഉറപ്പാക്കണം. പാഴ്സൽ തെറ്റായി എത്തിച്ചാൽ 50 രൂപ പിഴ ഈടാക്കും. പാഴ്സലുകൾക്കു കേടുപാടുകൾ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ 500 രൂപ പിഴ ഈടാക്കും.

‘കേരള മാതൃക’ ദേശീയ ബദൽ; സിപിഎം 24ാം പാർട്ടി ​കോൺ​ഗ്രസിൽ ‘കേരളം’ നിറഞ്ഞു നിൽക്കും

‘കേരള മാതൃക’ ദേശീയ ബദൽ; സിപിഎം 24ാം പാർട്ടി ​കോൺ​ഗ്രസിൽ ‘കേരളം’ നിറഞ്ഞു നിൽക്കും

തിരുവനന്തപുരം: സിപിഎം 24ാം പാർട്ടി ​കോൺ​ഗ്രസ് ഇന്ന് മധുരയിൽ തുടങ്ങുമ്പോൾ തീരുമാനങ്ങളിൽ നിർണായക സ്വാധീനം കേരളത്തിലെ പാർട്ടി പ്രതിനിധികൾക്കായിരിക്കും. കോൺഗ്രസിൽ ആകെ 811 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇതിൽ 175 പേർ കേരളത്തിൽ നിന്നുള്ള പ്രതിനിധികളാണ്.

പശ്ചിമ ബംഗാളിലും ത്രിപുരയിലും പെട്ടെന്നു തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട നിലയാണ് നിലവിൽ സിപിഎം. അതിനാൽ തന്നെ രാജ്യത്ത് പാർട്ടി കരുത്തോടെ അവശേഷിക്കുന്ന ഏക പ്രദേശമെന്ന നിലയിൽ കേരളമായിരിക്കും ശ്രദ്ധാ കേന്ദ്രം. കേരളം ഉൾപ്പെടെ ബിജെപി- ആർഎസ്എസിനു മുന്നിൽ സിപിഎമ്മിന്റെ അടിത്തറ നഷ്ടപ്പെടുന്നുണ്ടെന്ന പാർട്ടി വിലയിരുത്തൽ കണക്കിലെടുക്കുമ്പോൾ ഇതിനു പ്രാധാന്യം ഏറും. എൽഡിഎഫിന് മൂന്നാം തവണയും അനുയോജ്യമായ ഒരു രാഷ്ട്രീയ കാലാവസ്ഥ കേരളത്തിൽ ഉറപ്പാക്കുക, സംസ്ഥാനത്ത് വീണ്ടും ഭരണത്തുടർച്ച ഉറപ്പാക്കുക എന്നതെല്ലാം പ്രധാന ചർച്ചാ വിഷയമാകും.

ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഇടത്തിൽ ബിജെപി- ആർഎസ്എസ് കൈകടത്തുന്നതിനാൽ അതിനനുസരിച്ച് സമീപനം പരിഷ്കരിക്കേണ്ടതുണ്ടെന്ന് ഒരു കേന്ദ്ര കമ്മിറ്റി അംഗം ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സിപിഎമ്മിന്റെ വോട്ട് അടിത്തറയിൽ വിള്ളൽ തീർത്തു മുന്നേറുന്നുണ്ട്. ഈ വിഷയത്തിലും പാർട്ടി ഉചിതമായ തീരുമാനങ്ങൾ എടുക്കണമെന്നും പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഇടതുപക്ഷ വോട്ടർമാർ പോലും ബംഗാളിൽ ടിഎംസിയെയാണ് ഇഷ്ടപ്പെടുന്നതെന്നു ബം​ഗാളിൽ നിന്നുള്ള പ്രതിനിധി പറയുന്നു.

നിലവിൽ പശ്ചിമ ബംഗാളിലോ ത്രിപുരയിലോ സിപിഎമ്മിന് തിരിച്ചുവരവ് നടത്താൻ കഴിയില്ല. അത്തരമൊരു ഘട്ടത്തിൽ കേരളത്തിലെ എൽഡിഎഫ് സർക്കാരിന് മൂന്നാം തവണയും അധികാരം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മറ്റ് രണ്ട് തന്ത്ര പ്രധാന സംസ്ഥാനങ്ങളിലെ മാറ്റത്തെക്കുറിച്ച് ചിന്തിക്കാൻ പാർട്ടിയെ അത് പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയും ബം​ഗാളിൽ നിന്നുള്ള പ്രതിനിധി പങ്കിടുന്നു.

ബം​ഗാളിൽ ടിഎംസിയാണ് ബിജെപിക്കു ബദലായി പലരും കാണുന്നത്. പാർട്ടി കേഡ‍ർമാർ പോലും തൃണമൂലിന് വോട്ട് ചെയ്യുന്നു. ടിഎംസിയോടുള്ള സമീപനം പുനഃപരിശോധിക്കണമെന്ന് പാർട്ടി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പശ്ചിമ ബംഗാൾ സിപിഎമ്മിന് അത്ര താത്പര്യമില്ല. ഒരു സിസി അംഗം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പ്രമേയത്തിലും സംഘടനാ റിപ്പോർട്ടിലും നടക്കുന്ന ചർച്ചകൾ ഈ രണ്ട് സംസ്ഥാനങ്ങളിലും ബഹുജന അടിത്തറ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ചായിരിക്കും. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ തുടരുന്ന കാലത്തോളം ത്രിപുരയിൽ പാർട്ടിക്കു ഒരു പുരോഗതിയും കൈവരിക്കാൻ കഴിയില്ല. പാർട്ടി കേഡർമാർ വ്യാപകമായ ആക്രമങ്ങൾക്കാണ് അവിടങ്ങളിൽ വിധേയരാകുന്നത്. അതിനാൽ അവർ വോട്ട് ചെയ്യാൻ പോലും എത്തുന്നില്ല.

സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, ഓഹരി വിറ്റഴിക്കൽ ഉൾപ്പെടെയുള്ള നിരവധി പുതിയ സംരംഭങ്ങൾ നിർദ്ദേശിക്കുന്ന കേരള സർക്കാരിന്റെ അഭിലാഷമായ നവ കേരള പദ്ധതിക്ക് പാർട്ടി അം​ഗീകാരം നൽകിയിട്ടുണ്ട്. ഈ നയമാറ്റം വലിയ ചർച്ചയാകും. പുതിയ രാഷ്ട്രീയ കാലാവസ്ഥ കണക്കിലെടുത്ത് ഇന്ത്യ സഖ്യത്തോടുള്ള രാഷ്ട്രീയ സമീപനം പുനഃസ്ഥാപിക്കുകയും പരിഷ്കരിക്കുകയും ചെയ്യുക എന്നതാണ് ചർച്ചയ്ക്കു വരുന്ന മറ്റൊരു സുപ്രധാന വിഷയം.

പ്രതിപക്ഷ സഖ്യത്തിന് വ്യക്തതയില്ലെന്നു പൊളിറ്റ്ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല, പ്രതിപക്ഷ സഖ്യത്തിൽ പാർട്ടിയുടെ രാഷ്ട്രീയ ഇടം നഷ്ടപ്പെടുമെന്ന ആശങ്കയും രാഷ്ട്രീയ പ്രമേയത്തിന്റെ പ്രാരംഭ കരടിൽ പങ്കിടുന്നുണ്ട്. കേരളത്തിലും പശ്ചിമ ബംഗാളിലും ഇന്ത്യാ ബ്ലോക്ക് പാർട്ടികളായ കോൺഗ്രസിനും ടിഎംസിക്കും എതിരെ സിപിഎം പോരാടുന്നുണ്ടെന്നതും ചർച്ചകളിൽ പരിഗണിക്കും.

കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ ഫലപ്രദമായി എങ്ങനെ നേരിടാം, സാമ്പത്തിക പരിമിതികൾ കണക്കിലെടുത്ത് ഫെഡറലിസത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ എന്നിവയും ചർച്ചകളിൽ പ്രധാന വിഷയമാകും. ബഹുജന, വർഗ സമരങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതടക്കമുള്ള മുൻകാല തീരുമാനങ്ങളും വിശദമായി ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്ത് പരിമിതമായ രാഷ്ട്രീയ ഇടം മാത്രമുള്ളതിനാൽ, ദേശീയ ബദലായി കേരള മാതൃക എന്നതും പാർട്ടി കോൺ​ഗ്രസിൽ പ്രധാന ചർച്ചയാകും.

ഇത് മൂന്നാം തവണയാണ് മധുരയിൽ പാർട്ടി കോൺ​ഗ്രസ് നടക്കുന്നത്. 1972ൽ മധുരയിൽ കോൺഗ്രസ് നടന്നപ്പോൾ സിപിഎം വലിയ വെല്ലുവിളികൾ നേരിടുന്ന ഘട്ടമായിരുന്നു. വീണ്ടും മധുരയിൽ മറ്റൊരു കോൺഗ്രസ് നടക്കുമ്പോൾ ഇവിടെ എടുക്കുന്ന തീരുമാനങ്ങൾക്ക് പാർട്ടിയുടെ ഭാവി വളർച്ചയിലും പ്രസക്തിയിലും നിർണായക പങ്കുണ്ടാകും.

ഇന്ന് മുതല്‍ ശനിയാഴ്ച വരെ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് മുതല്‍ ശനിയാഴ്ച വരെ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്: മുഖ്യപ്രതി പങ്കജ് മേനോന്‍ പിടിയില്‍

കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്: മുഖ്യപ്രതി പങ്കജ് മേനോന്‍ പിടിയില്‍

കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് വധക്കേസില്‍ മുഖ്യപ്രതി പിടിയില്‍. കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി പങ്കജ് മേനോനെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്. മറ്റൊരു പ്രതിയായ അലുവ അതുല്‍ ഇപ്പോഴും ഒളിവിലാണ്.

സന്തോഷിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ക്വട്ടേഷന്‍ നല്‍കുകയും ചെയ്തത് പങ്കജ് മേനോന്‍ ആണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പങ്കജ് മേനോനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

കരുനാഗപ്പള്ളിയിലെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുമായി പങ്കജ് മേനോന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ പങ്കജ് മേനോനെ സംരക്ഷിച്ചത് ഒരു വിഭാഗം പ്രാദേശിക നേതാക്കള്‍ ആണെന്ന് മറുവിഭാഗം ആരോപിച്ചു. ഇതിന് പിന്നാലെയാണ് പങ്കജ് മേനോന്റെ അറസ്റ്റ്.

പങ്കജ് ആണ് ക്വട്ടേഷന്‍ കൊടുത്തതെന്നാണ് പൊലീസിന്റെ അനുമാനം. അലുവ അതുല്‍ എന്നയാളാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്. പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് നേരത്തെ പുറത്തു വിട്ടിരുന്നു.

സന്തോഷിനെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ കൊലയാണെന്ന രീതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. 2024 നവംബറില്‍ പങ്കജിനെ ആക്രമിച്ച കേസില്‍ സന്തോഷ് ജയിലിലായിരുന്നു. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം സന്തോഷിന് ഭീഷണി ഉണ്ടായിരുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകം ഉണ്ടായതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

പത്തു കോടി രൂപയുടെ ഭാഗ്യശാലിയെ ഇന്നറിയാം; സമ്മര്‍ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

പത്തു കോടി രൂപയുടെ ഭാഗ്യശാലിയെ ഇന്നറിയാം; സമ്മര്‍ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: പത്തു കോടി രൂപ ഒന്നാം സമ്മാനമായുള്ള സംസ്ഥാന സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് (ബുധനാഴ്ച) പകല്‍ രണ്ടിന്. 250 രൂപയുടെ ടിക്കറ്റ് വില്‍പ്പനയില്‍ മുന്നില്‍ പാലക്കാടാണ്. 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്.

50 ലക്ഷം രൂപ രണ്ടാം സമ്മാനമായുള്ള ബമ്പറിന് 500 രൂപയില്‍ വരെ അവസാനിക്കുന്ന ആകര്‍ഷകമായ സമ്മാന ഘടനയാണുള്ളത്. മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നല്‍കുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നല്‍കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.