by Midhun HP News | Apr 2, 2025 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേസിലെ പ്രതിയായ നടന് ദിലീപിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ പ്രതിയായ ഒരാള്‍ക്ക് എങ്ങനെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ കഴിയുക എന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചോദിച്ചു.
2017-ല്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് നടന് ദിലീപ്. ഈ കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുതയും, കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാരണമായ ഗൂഢാലോചനയും, വെളിച്ചത്തു കൊണ്ടു വരാന്‍, നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിന് സിബിഐ കേസ് അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു ദിലീപിന്റെ വാദം.
2017 ഏപ്രില്‍ 17-ന് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും, ലൈംഗികാതിക്രമം പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടില്ല. ഇതു കണ്ടെത്തുന്നതിനായി അന്വേഷണം തുടരണമായിരുന്നുവെന്നും ദിലീപ് വാദിച്ചു.
‘നിങ്ങള്‍ ഈ റിട്ട് ഹര്‍ജി വിചാരണയ്ക്കുള്ള പ്രതിരോധമായി ഉപയോഗിക്കുന്നു’ എന്ന് ഡിവിഷന് ബെഞ്ച് ദിലീപിനോട് പറഞ്ഞു. വിചാരണ പൂര്‍ത്തിയായെന്നും പ്രോസിക്യൂഷന്റെ വാദങ്ങള്‍ അവസാനിച്ചുവെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. വര്‍ഷങ്ങളായി കേസ് ആവര്‍ത്തിച്ച് മാറ്റിവയ്ക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി, അന്തിമ വാദം കേള്‍ക്കലിനായി കേസ് ഏപ്രില്‍ 7 ലേക്ക് മാറ്റിവച്ചു.
by Midhun HP News | Apr 2, 2025 | Latest News, കേരളം
പത്തനംതിട്ട: പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു- മേട മാസപൂജകള്‍ക്കുമായി ചൊവ്വാഴ്ച വൈകീട്ട് നാലിന് ശബരിമല നടതുറന്നു. ഉത്സവത്തിന് ഇന്ന് രാവിലെ 9.45നും 10.45നും മധ്യേ കൊടിയേറും. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാര്‍മികത്വം വഹിക്കും.
3 മുതല്‍ 10 വരെ ദിവസവും ഉച്ചപൂജയ്ക്കു ശേഷം ഉത്സവബലിയും വൈകീട്ട് ശ്രീഭൂതബലിയും ഉണ്ടാകും. അഞ്ചാം ഉത്സവമായ 6 മുതല്‍ 10 വരെ രാത്രി ശ്രീഭൂതബലിക്കൊപ്പം വിളക്കിനെഴുന്നള്ളിപ്പും ഉണ്ട്. 10ന് രാത്രി വിളക്കിനെഴുന്നള്ളിപ്പു പൂര്‍ത്തിയാക്കി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളും. പള്ളിവേട്ടയ്ക്കു ശേഷം മടങ്ങി എത്തി ശ്രീകോവിലിനു പുറത്ത് പ്രത്യേകം തയാറാക്കുന്ന അറയിലാണു ദേവന്റെ പള്ളിയുറക്കം. ഉത്സവത്തിനു സമാപനം കുറിച്ച് 11ന് ഉച്ചയ്ക്ക് പമ്പയില്‍ ആറാട്ട് നടക്കും.
ഇത്തവണത്തെ വിഷുക്കണി ദര്‍ശനം 14ന് പുലര്‍ച്ചെ 4 മുതല്‍ 7 വരെയാണ്. മണ്ഡല മകരവിളക്കു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത് വിഷുവിനാണ്. ഇത്തവണ 10 ദിവസത്തെ ഉത്സവവും വിഷുവും ഒരുമിച്ചു വന്നതിനാല്‍ 18 വരെ ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ട്. വെര്‍ച്വല്‍ ക്യൂ വഴിയാണ് ദര്‍ശനം. പമ്പയില്‍ സ്പോട്ട് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഉത്സവത്തിനുള്ള കൊടിക്കൂറ, കയര്‍ എന്നിവയുമായി കൊല്ലം ശക്തികുളങ്ങര ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ട ഘോഷയാത്ര സന്നിധാനത്ത് എത്തി. പതിനെട്ടാംപടി കയറി ശ്രീകോവിലിനു വലംവച്ചു കൊടിക്കൂറ ദേവനു സമര്‍പ്പിച്ചു.
by Midhun HP News | Apr 1, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഇന്ന് യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ മുടങ്ങുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ മുന്നറിയിപ്പ്. ഇന്ന് ( ചൊവ്വാഴ്ച) ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് നാലുമണി വരെയുള്ള മൂന്ന് മണിക്കൂര്‍ നേരം ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് എസ്ബിഐ എക്സിലൂടെ അറിയിച്ചു.
വാര്‍ഷിക കണക്കെടുപ്പ് കാരണമാണ് ഇടപാടുകള്‍ക്ക് തടസ്സം നേരിടുന്നതെന്നും എസ്ബിഐ വ്യക്തമാക്കി. സേവനം തടസ്സപ്പെടുന്ന മൂന്ന് മണിക്കൂര്‍ നേരം യുപിഐ ലൈറ്റ്, എടിഎം സേവനങ്ങള്‍ എന്നിവ വഴി ഇടപാട് നടത്തുന്നതിന് തടസ്സമില്ലെന്നും എസ്ബിഐ അറിയിച്ചു.
by Midhun HP News | Apr 1, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുക. ഇന്നു നടന്ന കാര്യോപദേശക സമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ബില്ലിന്മേല് എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു. വഖഫ് ഭേദഗതി ബില്‍ അവതരണം പരിഗണിച്ച് എല്ലാ എംപിമാര്‍ക്കും വിപ്പ് നല്കാന് ഭരണപക്ഷം തീരുമാനിച്ചിട്ടുണ്ട്. എന്‍ഡിഎയിലെ പ്രധാന ഘടകക്ഷികളായ ജെഡിയുവും ടിഡിപിയും ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ബില്‍ പാര്‍ലമെന്റിലെത്തുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നാണ് ജെഡിയു നേതൃത്വം പറയുന്നത്.
അതേസമയം ബില്ലിനെ എതിര്‍ക്കുമെന്ന് ഇന്ത്യ മുന്നണിയിലെ കക്ഷിയായ സമാജ് വാദി പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം വ്യക്തമാക്കി. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ച് നാല് സിപിഎം എംപിമാര്‍ ലോക്സഭ സ്പീക്കര്‍ക്ക് കത്തു നല്കി.
നേരത്തെ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. തുടര്‍ന്ന് എന്‍ഡിഎ അംഗങ്ങള്‍ നിര്‍ദേശിച്ച 14 മാറ്റങ്ങള്‍ ജെപിസി അംഗീകരിച്ചിരുന്നു. തിരക്കിട്ട് ബില്‍ പാസ്സാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കെസിബിസിയും സിബിസിഐയും വഖഫ് ബില്ലിനെ പിന്തുണച്ച് രംഗത്തു വന്നിട്ടുണ്ട്.
by Midhun HP News | Apr 1, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെയാണ് മുന്നറിയിപ്പ്.
ചൊവ്വ: എറണാകുളം, പാലക്കാട്, വയനാട്
ബുധന്‍ : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്
വ്യാഴം : പാലക്കാട്, മലപ്പുറം, വയനാട്
വെളളി : പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
Recent Comments