by Midhun HP News | Mar 31, 2025 | Latest News, കേരളം
കൊച്ചി: ‘എംപുരാന്‍’ വിവാദത്തില്‍ നിശബ്ദതപാലിച്ച് തിരക്കഥാകൃത്ത് മുരളിഗോപി. ചിത്രത്തിലെ വിവാദ ഭാഗങ്ങളില്‍ വിമര്‍ശനം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാലിന്റെ സാമൂഹികമാധ്യമക്കുറിപ്പ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവെച്ചെങ്കിലും മുരളിഗോപിയുടെ ഭാഗത്ത് നിന്ന് ഖേദം അറിയിച്ചുള്ള പ്രതികരണം ഉണ്ടായില്ല. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാനും സാധിക്കുന്നില്ലെന്ന് സുഹൃത്തുക്കളും പറയുന്നു.
തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന ആരോപണമുയര്‍ന്നിട്ടും മുരളി പ്രതികരിക്കാത്തതെന്തെന്ന ചോദ്യവും ഉയരുന്നുണ്ട്. എംപുരാന്റെ മുംബൈയിലെ പ്രചാരണപരിപാടിയില്‍ മാത്രമാണ് മുരളി പങ്കെടുത്തതെന്ന വിവരവും ചര്‍ച്ചയാകുന്നുണ്ട്.’ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമയുടെ പേരില്‍ നേരത്തേ ഇടതുസംഘടനകളുടെ വിമര്‍ശനത്തിന് മുരളി വിധേയനായിരുന്നു.
അതേസമയം വിവാദഭാഗങ്ങള്‍ നീക്കം ചെയ്ത് എംപുരാന്‍ നാളെ പ്രദര്‍ശനത്തിന് എത്തിയേക്കും. ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്നതടക്കമുള്ള മൂന്ന് മിനിറ്റ് ദൃശ്യങ്ങള്‍ നീക്കം ചെയ്ത ചിത്രത്തിന്റെ ഗ്രേഡിങ് ഉള്‍പ്പെടെ പൂര്‍ത്തിയാകേണ്ടതുണ്ട്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ബജ്‌റംഗിയുടെ പേര് ബല്‍രാജ് എന്ന് തിരുത്തിയേക്കും.
ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ ഉണ്ടായെങ്കിലും പിന്നീടുള്ള ചര്‍ച്ചയില്‍ നിര്‍ണായകദൃശ്യങ്ങള്‍ മാത്രം ഒഴിവാക്കാര്‍ തീരുമാനമാകുകയായിരുന്നു.
by Midhun HP News | Mar 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ചൂട് കൂടിയേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില ഉയരുമെന്നാണ് അറിയിപ്പ്.
പാലക്കാട് ജില്ലയിലാകും ഉയർന്ന ചൂട്. 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. തൃശൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കാം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്നാണ് പ്രവചനം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
കൊടും ചൂടിനിടെ ആശ്വാസമായി, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. നാളെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിൽ 2, 3 തീയതികളിൽ 3 ജില്ലകളിൽ യെലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
by Midhun HP News | Mar 31, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത്, ലഹരി ഉപയോഗ കേസുകളിൽ പ്രായപൂർത്തിയാകാത്തവരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയാകുന്നു. ലഹരി ഇടപാടുകാർ സ്കൂൾ വിദ്യാർഥികളെ മനഃപൂർവം ലക്ഷ്യമിടുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എക്‌സൈസ് വകുപ്പിന്റെ കണക്കനുസരിച്ച് 2022 മുതൽ മയക്കുമരുന്ന് കടത്തിയതിനു 134 പ്രായപൂർത്തിയാകാത്തവരെ പിടികൂടിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തുകാർ നിയമപരമായ പഴുതുകൾ ഉപയോഗപ്പെടുത്തിയാണ് പ്രായപൂർത്തിയാകാത്തവരെ കെണിയിൽ വീഴ്ത്തുന്നത്.
2022 മുതൽ എൻഡിപിഎസ് ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ വർദ്ധനവ് ഉണ്ടായതായി ഉദ്യോഗസ്ഥർ പറയുന്നു. 2021ൽ 23 എൻഡിപിഎസ് കേസുകളായിരുന്നു. 2022ൽ ഇത് 40 ആയി ഉയർന്നു. 2023 ൽ പ്രായപൂർത്തിയാകാത്തവർക്കെതിരെ 39 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തു. 2024ൽ കേസുകളുടെ എണ്ണം 55 ആയി. ഈ വർഷമാകട്ടെ ആദ്യ രണ്ട് മാസത്തിനുള്ളിൽ തന്നെ പ്രായപൂർത്തിയാകാത്തവർക്കെതിരെ 36 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021 മുതൽ എക്സൈസ് രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസുകളിൽ 86 പ്രായപൂർത്തിയാകാത്തവരെ ശിക്ഷിച്ചു. ഒരാൾ മാത്രം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.
സ്കൂൾ കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗമാണ് ഏറ്റവും വലിയ ആശങ്ക. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന എൻഡിപിഎസ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് സൂചിപ്പിക്കുന്നത് മയക്കുമരുന്ന് വിൽപ്പനക്കാർ ഇപ്പോൾ സ്കൂൾ വിദ്യാർഥികളെ മനഃപൂർവം ലക്ഷ്യമിടുന്നു എന്നാണ്. നിർഭാഗ്യവശാൽ, പല മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നോ അതിന്റെ വ്യാപാരത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നോ അറിയുന്നതു പോലുമില്ലെന്നു ഒരു എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പിടിക്കപ്പെട്ടാലും പ്രായപൂർത്തിയാകാത്തവർക്ക് ചെറിയ ശിക്ഷകൾ മാത്രമാണ് ചുമത്തുന്നത്. പരമാവധി ശിക്ഷ 4,000 രൂപ പിഴ മാത്രമായിരിക്കും. ഇത്തരം കേസുകളിൽ കുട്ടി കുറ്റവാളികൾക്കു ജുവനൈൽ ജസ്റ്റിസ് ബോർഡ് പലപ്പോഴും ജാമ്യം നൽകുന്നു. ഈ കുട്ടികൾ വീണ്ടും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക എന്നതിനാണ് മുൻഗണന. അവരുടെ മാതാപിതാക്കൾക്ക് കൗൺസിലിങ് നൽകുകയും കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവരുമായി നിരന്തരം സമ്പർക്കം പുലർത്തുകയുമാണ് എക്സൈസ് ലക്ഷ്യമിടുന്നതെന്നും മറ്റൊരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
12 വയസുള്ള മകനെ മയക്കുമരുന്ന് വിൽപ്പനയ്ക്കായി ഉപയോഗിച്ച കുട്ടപ്പുഴ സ്വദേശിയെ ഈ മാസം ആദ്യം തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് പ്രായപൂർത്തിയാകാത്ത കുട്ടിയെ സംശയിക്കില്ലെന്ന് കരുതിയാണ് തന്റെ കുട്ടിയെ മയക്കുമരുന്ന് എത്തിക്കാൻ ഉപയോഗിച്ചതെന്നു ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ചെയ്തു.
പ്രായപൂർത്തിയാകാത്തവരെ മയക്കുമരുന്ന് കൊറിയർമാരായി ഉപയോഗിച്ച കേസുകൾ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർപിഎഫ്) കണ്ടെത്തിയിട്ടുണ്ട്. ഒഡിഷ, പശ്ചിമ ബംഗാൾ ട്രെയിനുകൾ വഴി മയക്കുമരുന്നും കഞ്ചാവും കടത്തുന്ന വ്യക്തികൾ പിടിക്കപ്പെടുന്നതിനാൽ കടത്തുകാർ സ്ത്രീകളെയും കുട്ടികളെയും കാരിയർമാരായി ഉപയോഗിക്കുന്നു. ഓരോ യാത്രയിലും കഞ്ചാവ് കടത്തിയാൽ 5,000 രൂപ വരെ സ്ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്നു. സമീപ വർഷങ്ങളിൽ ഇത്തരം കേസുകൾ ഗണ്യമായി വർദ്ധിച്ചു. കൂടുതൽ ജാഗ്രത പാലിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും കൊച്ചിയിലെ ഒരു ആർപിഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
by Midhun HP News | Mar 31, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കഠിനംകുളം എന്നീ പോലീസ് സ്റ്റേഷനുകളിലെ കൊലപാതകശ്രമം, ദേഹോപദ്രവം, പിടിച്ചു പറി തുടങ്ങിയ പതിനഞ്ചോളം കേസുകളിലെ പ്രതിയായ ആറ്റിങ്ങൽ സ്വദേശിയായ കൊച്ചൻ എന്നു വിളിക്കുന്ന ആകാശ് (25), ചിറയിൻകീഴ് സ്വദേശിയായ സബീർ എന്നയാളെ വയറിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് മാസങ്ങൾക്ക് മുമ്പ് ആകാശിൻ്റെ അച്ഛനായ സതീശനെ, സബീർ ദേഹോപദ്രമേൽപിക്കാൻ ശ്രമിച്ചതിന് പ്രതികാരമായിട്ടാണ് ആകാശ് സബീറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ സബീർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്. കുത്തേറ്റ സബീർ നിരവധി കേസുകളിലെ പ്രതിയാണ്.
കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മണിക്കൂറുകൾ ഇടവിട്ട് രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞു വന്ന ആളാണ് കുത്തേറ്റ സബീർ. പ്രതിയെ പ്രതിയുടെ സുഹൃത്തിൻ്റെ കഴക്കൂട്ടത്തുള്ള വീട്ടിൽ നിന്നും ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ഗോപകുമാർ. ജി, എസ് ഐ മാരായ ജിഷ്ണു എം.എസ്,എ എസ് ഐമാരായ ഉണ്ണിരാജ്, ഡീൻ, ശരത് കുമാർ, എസ് സി പി ഒമാരായ പ്രശാന്ത്, ഷംനാദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
by Midhun HP News | Mar 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശ വര്‍ക്കര്‍മാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്നു. ആശ വര്‍ക്കര്‍മാരുടെ നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്കും കടന്നു. സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സമരത്തിന്റെ 50-ാം ദിവസമായ ഇന്ന് മുടി മുറിച്ചും തല മുണ്ഡനം ചെയ്തു പ്രതിഷേധിക്കും.
നൂറോളം ആശ വര്‍ക്കര്‍മാരാണ് മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളികളാകുന്നത്. രാവിലെ 11ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ആശാ പ്രവര്‍ത്തകര്‍ സമര വേദിയില്‍ ഒത്തു കൂടും. അനുഭാവം പ്രകടിപ്പിച്ചെത്തുന്നവരും സമരത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുടി മുറിക്കലില്‍ പങ്കുചേരും.
പട്ടിണി കിടന്നു പ്രതിഷേധിച്ചിട്ടും തിരിഞ്ഞു നോക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധ നടപടികളിലേക്ക് നീങ്ങുന്നതെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരത്തിലും ഇന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ പങ്കാളികളാകും. സമരത്തില്‍ പങ്കെടുത്ത ആശ വര്‍ക്കര്‍മാരുടെ കഴിഞ്ഞ മാസത്തെ ഓണറേറിയവും ഇന്‍സെന്റീവും തടഞ്ഞിരിക്കുകയാണ്. 154 ലോകരാജ്യങ്ങളിലെ 700 തൊഴിലാളി സംഘടനകള്‍ അംഗമായുള്ള ആഗോള തൊഴിലാളി ഫെഡറേഷന്‍ പബ്ലിക് സര്‍വീസ് ഇന്റര്‍നാഷണല്‍ (പി സി ഐ) ആശ സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
Recent Comments