സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങികഴിഞ്ഞു. തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാണ് പള്ളികള്‍. നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസുമായാണ് വിശ്വാസികള്‍ ഈദ് ആഘോഷത്തിലേയ്ക്ക് കടക്കുന്നത്. പുതുവസ്ത്രങ്ങളണിഞ്ഞ് രാവിലെ നമസ്‌ക്കാരത്തിനെത്തും.

സംസ്ഥാനത്ത് തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കല്‍, പൊന്നാനി എന്നിവിടങ്ങളിലും ഇന്നലെ മാസപ്പിറവി കണ്ടു. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി എന്നിവര്‍ ഇന്നലെ അറിയിച്ചിരുന്നു.

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ഈദുല്‍ ഫിത്ര്‍ ആഘോഷിച്ചു. ഒമാനില്‍ തിങ്കളാഴ്ചയാണ് ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ഗള്‍ഫിലെങ്ങും നടന്നത്.

തിരുവനന്തപുരത്തു നിന്നും ബംഗലൂരുവിലേക്ക് സ്‌പെഷല്‍ എസി ട്രെയിന്‍; റിസര്‍വേഷന്‍ ആരംഭിച്ചു

തിരുവനന്തപുരത്തു നിന്നും ബംഗലൂരുവിലേക്ക് സ്‌പെഷല്‍ എസി ട്രെയിന്‍; റിസര്‍വേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: അവധിക്കാല തിരക്ക് പരിഗണിച്ച് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് (കൊച്ചുവേളി) ബംഗലൂരുവിലേയ്ക്ക് എസി സ്‌പെഷല്‍ ട്രെയിന്‍ റെയില്‍വേ പ്രഖ്യാപിച്ചു. ബംഗലൂരു- തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷല്‍ (06555) ഏപ്രില്‍ 4 മുതല്‍ മേയ് 5 വരെ സര്‍വീസ് നടത്തും.

വെള്ളിയാഴ്ചകളില്‍ രാത്രി 10ന് ബംഗലൂരു എസ്എംവിടി ടെര്‍മിനലില്‍ നിന്നും പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക ട്രെയിന്‍ (06556) ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.30 ബംഗലൂരുവില്‍ എത്തിച്ചേരും.

ട്രെയിനിന്റെ റിസര്‍വേഷന്‍ ആരംഭിച്ചു. സെക്കന്‍ഡ് എ സി 2, തേഡ് 16 എന്നിങ്ങനെയാണ് കോച്ചുകള്‍. തേഡ് എസിയില്‍ 1490 രൂപയും സെക്കന്‍ഡ് എസിയില്‍ 2070 രൂപയുമാണ് ബംഗലൂരുവില്‍ നിന്നും തിരുവനന്തപുരം വരെയുള്ള നിരക്ക്. ട്രെയിനിന്റെ സ്റ്റോപ്പുകള്‍ : വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, പോത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം.

മരിക്കുന്നതിന് തൊട്ടുമുമ്പ് മേഘ സുകാന്തിനെ വിളിച്ചത് എട്ട് തവണ; അന്വേഷണം ശക്തമാക്കി പൊലീസ്

മരിക്കുന്നതിന് തൊട്ടുമുമ്പ് മേഘ സുകാന്തിനെ വിളിച്ചത് എട്ട് തവണ; അന്വേഷണം ശക്തമാക്കി പൊലീസ്

കോട്ടയം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്തിനെ തിരഞ്ഞ് പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. മേഘയുടെ സഹപ്രവര്‍ത്തകനും എടപ്പാള്‍ സ്വദേശിയുമായ സുകാന്ത് ഒളിവിലാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

ഈഞ്ചയ്ക്കല്‍ പരക്കുടിയില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകള്‍ മേഘയെ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാല് തവണയാണ് മേഘയും സുകാന്തുമായി സംസാരിച്ചതെന്ന് പൊലീസ് പറയുന്നു. ഫോണ്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ എട്ടു സെക്കന്റ് വീതം മാത്രമാണ് ഈ വിളികള്‍ നീണ്ടിട്ടുള്ളത്. ഈ ഫോണ്‍ വിളികള്‍ എന്തിനായിരുന്നുവെന്നും എന്തായിരുന്നു ലക്ഷ്യമെന്നുമാണ് പൊലീസ് തിരയുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായ സുകാന്ത് സുരേഷ് ലീവിലാണ്.

രാജസ്ഥാനിലെ ജോധ്പുരില്‍ നടന്ന ട്രെയിനിങിനിടെയാണ് സുകാന്തുമായി മേഘ അടുപ്പത്തിലാകുന്നത്. പലതവണ സുകാന്തിന്റെ അക്കൗണ്ടിലേക്ക് മേഘ പണം മാറ്റിയിട്ടുണ്ട്. അപൂര്‍വമായി മാത്രമാണ് തിരികെ സുകാന്തിന്റെ അക്കൗണ്ടില്‍ നിന്നും പണം ഇട്ടിട്ടുള്ളതും. സുകാന്തിനെ കാണാന്‍ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയിരുന്നു. സുകാന്ത് പലവട്ടം തിരുവനന്തപുരത്തും വന്നിട്ടുണ്ട്. എന്നാല്‍ യാത്ര ചെലവുകള്‍ വഹിച്ചിരുന്നത് മേഘയായിരുന്നു. മേഘയ്ക്കുമേല്‍ കൂടുതല്‍ ഭീഷണിയും ചൂഷണവും നടന്നതായി സംശയിക്കുന്നതായും കുടുംബം പറയുന്നു.

ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയ സുകാന്തിനായുള്ള തിരച്ചിലില്‍ ഐബിയുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം ആരംഭിച്ചതായും സൂചനകളുണ്ട്. അതേസമയം, സുകാന്ത് ഒളിവില്‍ പോയത് പൊലീസിന്റെ വീഴ്ചയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഉത്സവം കണ്ടു മടങ്ങവേ വാഹനാപകടത്തിൽ അമ്മയും മകളും മരണപ്പെട്ടു

ഉത്സവം കണ്ടു മടങ്ങവേ വാഹനാപകടത്തിൽ അമ്മയും മകളും മരണപ്പെട്ടു

വർക്കല പേരേറ്റിൽ തൊടിയിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേള കണ്ടു മടങ്ങവേ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാൻ നിയന്ത്രണം തെറ്റി നടന്നുവരികയായിരുന്ന അമ്മയെയും മകളെയും ഇടിക്കുകയായിരുന്നു. പേരേറ്റിൽ കോളൂർ സ്വദേശികളായ രോഹിണി, മകൾ അഖില എന്നിവരാണ് മരണപ്പെട്ടത്.

സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്വിഫ്റ്റ് കാറിലും എതിർ ദിശയിൽ നിന്ന് വന്ന ഇരുചക്ര വാഹനത്തിലും കൂട്ടിയിടിക്കുകയും അപകടത്തിൽ ബൈക്ക് യാത്രക്കാരനായ വക്കം സ്വദേശിയായ 19കാരനും പരിക്കേറ്റിറ്റുണ്ട്. റിക്കവറി വാനിലെ ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍

മലപ്പുറം: മാസപ്പിറവി കണ്ടതിനാൽ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.

തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കൽ, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്‌ലാംമത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. കപ്പക്കല്‍, പൊന്നാനി എന്നിവിടങ്ങളില്‍ മാസപ്പിറവി കണ്ടതായും നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുമെന്നും കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും നാളെ പെരുന്നാള്‍ ആഘോഷിക്കുമെന്ന് പ്രഖ്യാപനം നടത്തി.