ഇടുക്കിയിലെ നവജാത ശിശുവിന്റെ മൃതദേഹം: അമ്മ പിടിയിൽ

ഇടുക്കിയിലെ നവജാത ശിശുവിന്റെ മൃതദേഹം: അമ്മ പിടിയിൽ

തൊടുപുഴ: ഇടുക്കി രാജകുമാരി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്റെ ശരീര ഭാഗം ലഭിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രസവിച്ച ഉടനെ കുട്ടിയെ കൊലപ്പെടുത്തി മാതാവ് കുഴിച്ചിടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി രാജാക്കാട് പൊലീസ് അറിയിച്ചു. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് ഝാർഖണ്ഡ് സ്വദേശിനിയായ പൂനം സോറൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അമ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ഝാർഖണ്ഡ് സ്വദേശിനിയായ 21 വയസ്സുള്ള പൂനം സോറന്റെ ആദ്യ ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ മരിച്ചു. അതിനുശേഷമാണ് ഝാർഖണ്ഡ് സ്വദേശിയായ മറ്റൊരു യുവാവ് ഇവർക്കൊപ്പം താമസമാരംഭിച്ചത്. ഗർഭിണിയാണെന്ന വിവരം യുവതി ഇയാളിൽ നിന്ന് മറച്ചു വച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സുഖമില്ലെന്ന് പറഞ്ഞ് ഇവർ ജോലിക്ക് പോയിരുന്നില്ല. ആരും അറിയാതെ പെൺകുഞ്ഞിനെ പ്രസവിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്നാണ് പൊലീസിന്റെ നിഗമനം.

യുവതിയോടൊപ്പം ഇപ്പോഴുള്ള യുവാവിന് ഇക്കാര്യം അറിവുണ്ടായിരുന്നില്ല. കുട്ടി ഉണ്ടായ കാര്യം അറിഞ്ഞാൽ ഇയാൾ ഉപേക്ഷിച്ചു പോകുമെന്ന് ഭയന്നാണ് കൃത്യം ചെയ്തതെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ നവജാത ശിശുവിൻ്റെ ശരീരാവശിഷ്ടം കണ്ടെത്തിയത്. രാജാക്കാട് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണിതെന്ന് കണ്ടെത്തിയിരുന്നു.

മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചതുകൊണ്ട് കുഴിച്ചിട്ടതാണെന്നാണ് ദമ്പതികൾ പൊലീസിനോട് പറഞ്ഞിരുന്നത്. സംശയം തോന്നിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. നവജാത ശിശുവിൻ്റെ ശരീരാവശിഷ്ടങ്ങൾ ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. 9 മാസം തികഞ്ഞു ജനിച്ച കുട്ടിയാണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് കുട്ടിയുടെ മാതാവിനെ വിശദമായി ചോദ്യം ചെയ്തത്.

‘എമ്പുരാൻ’ ചർച്ച ചെയ്തിട്ടില്ല; വാർത്ത പിൻവലിക്കണമെന്ന് ബിജെപി

‘എമ്പുരാൻ’ ചർച്ച ചെയ്തിട്ടില്ല; വാർത്ത പിൻവലിക്കണമെന്ന് ബിജെപി

തിരുവനന്തപുരം:എമ്പുരാൻ സിനിമയെക്കുറിച്ചു കോർ യോ​ഗത്തിൽ ചർച്ച ചെയ്തുവെന്ന നിലയിൽ മാധ്യമങ്ങളിൽ വന്ന വാർത്ത സത്യവിരുദ്ധമെന്നു ബിജെപി. പാർട്ടി കോർ യോ​ഗം എംപുരാൻ സിനിമയെ കുറിച്ചു ചർച്ച ചെയ്തിട്ടില്ലെന്നു ബി ജെ പി സംസ്ഥാന ജന സെക്രട്ടറി പി സുധീർ ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പ്രസ്താവന

ബിജെപി കോർ യോഗത്തിൽ ചർച്ച ചെയ്തത് എന്ന നിലയിൽ എമ്പുരാൻ സിനിമയെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത സത്യവിരുദ്ധമാണ്. ബിജെപി കോർ യോഗം എമ്പുരാൻ സിനിമയെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല. സിനിമയുടെ പ്രമോഷനോ സിനിമ ആര് കാണണം എന്നുള്ള കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യുന്നത് ബിജെപിയുടെ രീതിയല്ല. അതുകൊണ്ട് സത്യവിരുദ്ധമായ ഈ വാർത്ത പിൻവലിക്കണമെന്ന് ബിജെപി അവശ്യപ്പെടുന്നു.

കരുനാഗപ്പള്ളി സന്തോഷ് വധം: അഞ്ചു പേർ കസ്റ്റഡിയില്‍; തിരച്ചിൽ ഊര്‍ജ്ജിതമാക്കി പൊലീസ്

കരുനാഗപ്പള്ളി സന്തോഷ് വധം: അഞ്ചു പേർ കസ്റ്റഡിയില്‍; തിരച്ചിൽ ഊര്‍ജ്ജിതമാക്കി പൊലീസ്

കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് കൊലപാതകത്തില്‍ അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ഒച്ചിറ മേമന സ്വദേശി രാജപ്പനും പിടിയിലായിട്ടുണ്ട്. പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവരെന്ന് സംശയിക്കുന്ന നാലുപേരാണ് പിടിയിലായ മറ്റുള്ളവര്‍. ആലപ്പുഴ, കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശത്തുള്ള ഒളിവിടത്തില്‍ നിന്നാണ് പ്രതികള്‍ പിടിയിലായതാണെന്നാണ് സൂചന.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പങ്കജ് എന്നയാളാണ് ക്വട്ടേഷന്‍ കൊടുത്തതെന്നാണ് പൊലീസിന്റെ അനുമാനം. അലുവ അതുല്‍ എന്നയാളാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. അവരെ കേന്ദ്രീകരിച്ച് കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് നേരത്തെ പുറത്തു വിട്ടിരുന്നു.

സന്തോഷിനെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ കൊലയാണെന്ന രീതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. 2024 നവംബറില്‍ പങ്കജിനെ ആക്രമിച്ച കേസില്‍ സന്തോഷ് ജയിലിലായിരുന്നു. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം സന്തോഷിന് ഭീഷണി ഉണ്ടായിരുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകം ഉണ്ടായതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

മ്യാന്‍മറില്‍ വന്‍ ഭൂചലനം, തീവ്രത 7.2; കനത്ത നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്

മ്യാന്‍മറില്‍ വന്‍ ഭൂചലനം, തീവ്രത 7.2; കനത്ത നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മ്യാന്‍മറില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വലിയ നാശനഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മണ്ടാലെയ്ക്ക് സമീപം 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. ഡല്‍ഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു.

തുടര്‍ച്ചയായി രണ്ട് തവണ ഭൂചലനമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിലും ശക്തമായ ചലനങ്ങള്‍ അനുഭവപ്പെട്ടു. മ്യാന്‍മറിലെ മണ്ഡലേയിലെ പ്രശസ്തമായ അവാ പാലം ഇറവാഡി നദിയിലേയ്ക്ക് തകര്‍ന്നു വീണു.

പ്രവാസികള്‍ പോയ വര്‍ഷം അയച്ചത് 9.88 ലക്ഷം കോടി, കേരളം രണ്ടാമത്

പ്രവാസികള്‍ പോയ വര്‍ഷം അയച്ചത് 9.88 ലക്ഷം കോടി, കേരളം രണ്ടാമത്

തിരുവനന്തപുരം: കോവിഡ് മാന്ദ്യത്തിന് ശേഷം ആഗോള സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ വിദേശമലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വന്‍ വര്‍ധന. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ കണക്കില്‍ ദേശീയ തലത്തില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണിപ്പോള്‍. ഒന്നാമത് മഹാരാഷ്ട്രയാണ്.

പ്രവാസി പണത്തെപ്പറ്റിയുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 202324ല്‍ ഇന്ത്യയിലേക്കുള്ള പ്രവാസി പണത്തില്‍ കേരളത്തിന്റെ വിഹിതം 19.7 ശതമാനമായി ഉയര്‍ന്നു. 2020-21 ല്‍ 10.2 ശതമാനമായിരുന്നു. 2023-24ല്‍ ഇന്ത്യയിലേക്ക് ആകെയെത്തിയ പണം 9.88 ലക്ഷം കോടിയാണ്.

പ്രവാസി പണം കൂടുതല്‍ ലഭിച്ച മറ്റു സംസ്ഥാനങ്ങള്‍: തമിഴ്‌നാട്, 10.4 ശതമാനം, തെലങ്കാന, 8.1 ശതമാനം, കര്‍ണാടക 7.7 ശതമാനം എന്നിവയാണ്.

കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നല്ല വര്‍ധനയുണ്ടെന്ന് കേരളാ മൈഗ്രേഷന്‍ സര്‍വേയെ അധികരിച്ച് ആര്‍.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാക്കള്‍ കൂടുതലും പഠനാവശ്യത്തിനാണ് പുറത്തേക്ക് പോകുന്നത്. ഗള്‍ഫ് ഒഴികെയുള്ള രാജ്യങ്ങളിലേക്കാണ്, അതായതു കൂടുതലും വികസിത രാജ്യങ്ങളിലേക്കാണ് ഇവര്‍ വിമാനം കയറിയത്.

പ്രവാസി പണത്തിന്റെ ഒഴുക്കില്‍ ഗള്‍ഫ് രാജ്യങ്ങളുടെ കുത്തക അവസാനിക്കുകയാണെന്നും ആര്‍.ബി.ഐ റിപ്പോര്‍ട്ടിലുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വികസിത രാജ്യങ്ങളിലേക്കുള്ള വര്‍ധിച്ച കുടിയേറ്റത്തിന്റെ ഫലം പണത്തിന്റെ വരവിലുമുണ്ട്.

ഇതൊക്കെയാണെങ്കിലും പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാനുള്ള ചെലവ് ഇപ്പോഴും ഉയര്‍ന്നുതന്നെയാണ്. 200 യു എസ് ഡോളര്‍ അയക്കാന്‍ 4.9 ശതമാനമാണ് ചെലവ്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രകാരം ഇത് 3 ശതമാനമായി കുറക്കേണ്ടതുണ്ടെന്നും ആര്‍ബിഐ പറയുന്നു.