മ്യാന്‍മര്‍, തായ്‌ലന്റ് ഭൂചലനം; സഹായഹസ്തവുമായി ഇന്ത്യ

മ്യാന്‍മര്‍, തായ്‌ലന്റ് ഭൂചലനം; സഹായഹസ്തവുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഭൂചലനമുണ്ടായ മ്യാന്‍മറിലേക്ക് സഹായമെത്തിക്കാന്‍ ഇന്ത്യ. സൈനിക ഗതാഗത വിമാനത്തില്‍ ഏകദേശം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ മ്യാന്‍മറിലേക്ക് അയയ്ക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഹിന്‍ഡണ്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ C130J വിമാനമാണ് അയയ്ക്കുക.

ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടര്‍ പ്യൂരിഫയറുകള്‍, സോളാര്‍ ലാമ്പുകള്‍, ജനറേറ്റര്‍ സെറ്റുകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയ സാധനങ്ങളാണ് അയക്കുക. തായ്‌ലന്റിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ നേരത്തെ തുറന്നിരുന്നു.

തായ്‌ലന്റിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ +66 618819218 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. ബാങ്കോക്ക് എംബസിയിലെയും ചിയാങ്മയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെയും ജീവനക്കാര്‍ സുരക്ഷിതരാണെന്നും എംബസി എക്‌സില്‍ പോസ്റ്റ് ചെയ്തു. നിലവില്‍ 150 പേരോളം ഭൂചലനത്തില്‍പ്പെട്ട് മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപ്പേരാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മ്യാന്‍മറിന് സഹായമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്നു. തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കിലും വലിയ നാശനഷ്ടങ്ങളുണ്ട്. നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണ് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് രാജ്യങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പ്രദേശിക സമയം ഉച്ചയ്ക്ക് 11.50ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്ത ശക്തിയേറിയ ഭൂചലനം മ്യാന്‍മറില്‍ അനുഭവപ്പെട്ടത്. പ്രഭവ സ്ഥാനം മ്യാന്‍മര്‍ ആയിരുന്നെങ്കിലും ഒപ്പം തായ്‌ലന്റിലും ശക്തമായ പ്രകമ്പനമുണ്ടായി. ബാങ്കോക്കില്‍ നിരവധി വലിയ കെട്ടിടങ്ങള്‍ തകര്‍ന്നുവീണതായും ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ജോലിസ്ഥലങ്ങളില്‍ നിന്നും ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

എമ്പുരാന്റെ വ്യാജ പതിപ്പുകള്‍ ഫുള്‍ എച്ച് ഡി; ചോര്‍ന്നത് എവിടെ നിന്ന്? പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്

എമ്പുരാന്റെ വ്യാജ പതിപ്പുകള്‍ ഫുള്‍ എച്ച് ഡി; ചോര്‍ന്നത് എവിടെ നിന്ന്? പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്

കൊച്ചി: മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രമായ എമ്പുരാന്റെ വ്യാജ പതിപ്പുകള്‍ ഫുള്‍ എച്ച്ഡി നിലവാരത്തിലുള്ളതെന്ന് കണ്ടെത്തല്‍. ചിത്രം തിയറ്ററുകളില്‍ നിന്നു പകര്‍ത്തിയതാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ചിത്രത്തിന്റെ മലയാളം, ഹിന്ദി, തമിഴ് പതിപ്പുകളാണു ചോര്‍ന്നത്. റിലീസ് ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളിലെല്ലാം ഇതേ പ്രിന്റ് തന്നെയാണു അപ്ലോഡ് ചെയ്തിട്ടുള്ളത്.

തിയറ്ററുകളില്‍ നിന്നു പകര്‍ത്തുന്ന പതിപ്പുകള്‍ക്കു സാധാരണഗതിയില്‍ ദൃശ്യശബ്ദ നിലവാരം കുറവായിരിക്കും. ചിത്രം ചോര്‍ന്നതു തിയറ്ററുകളില്‍ നിന്നല്ലെങ്കില്‍ പിന്നെ എവിടെ നിന്ന് എന്ന ചോദ്യം സിനിമാ മേഖലയില്‍ നിന്നു തന്നെ ഉയരുന്നുണ്ട്. ചിത്രം വ്യാഴാഴ്ച തിയറ്ററുകളില്‍ റിലീസ് ചെയ്തു 10 മണിക്കൂറിനുള്ളിലാണു ടെലഗ്രാമിലും വെബ്‌സൈറ്റുകളിലും വ്യാജ പതിപ്പ് എത്തിയത്.

എന്നാല്‍ ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടില്ലെന്നാണ് കൊച്ചി സൈബര്‍ പൊലീസ് പറയുന്നത്. പരാതി കിട്ടിയാല്‍ അന്വേഷണം ആരംഭിക്കുമെന്നും വെബ്‌സൈറ്റുകളില്‍ നിന്നു ചിത്രം നീക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ചിത്രങ്ങളുടെ വ്യാജ പകര്‍പ്പുകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പ്രഫഷനല്‍ എത്തിക്കല്‍ ഹാക്കര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. വ്യാജ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കു കര്‍ശനമായ നിയമനടപടി നേരിടേണ്ടി വരുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി.

സ്വര്‍ണത്തരിയടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്തു; തട്ടിപ്പില്‍ നഷ്ടമായത് അരക്കോടി

സ്വര്‍ണത്തരിയടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്തു; തട്ടിപ്പില്‍ നഷ്ടമായത് അരക്കോടി

കൊച്ചി: സ്വര്‍ണത്തരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് അരക്കോടി രൂപ തട്ടിയ ഗുജറാത്ത് സംഘത്തെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നാമക്കല്‍ സ്വദേശികളായ സ്വര്‍ണപ്പണിക്കാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും 18 ലക്ഷം രൂപയുടെ രണ്ട് ചെക്കും വാങ്ങി തട്ടിപ്പ് നടത്തിയ സൂറത്ത് സ്വദേശികളായ സന്ദീപ് ഹസ്മുഖ് ഭായ് (37), വിപുള്‍ മഞ്ചി ഭായ് (43), ധര്‍മേഷ് ഭായ് (38), കൃപേഷ് ഭായ് (35) എന്നിവരാണ് പിടിയിലായത്.

പാലാരിവട്ടം നോര്‍ത്ത് ജനതാ റോഡില്‍ കെട്ടിടം വാടകയ്ക്കെടുത്തായിരുന്നു തട്ടിപ്പ്. സ്വര്‍ണാഭരണ ഫാക്ടറിയില്‍നിന്ന് ശേഖരിച്ച സ്വര്‍ണത്തരികള്‍ അടങ്ങിയ മണ്ണാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അഞ്ഞൂറോളം ചാക്കുകളില്‍ നിറച്ചുവച്ച മണ്ണില്‍നിന്ന് തമിഴ്‌നാട് സ്വദേശികളെക്കൊണ്ട് ഇവര്‍ അഞ്ചുകിലോ സാമ്പിള്‍ എടുപ്പിച്ചു.

തുടര്‍ന്ന് ഒരു മുറിയില്‍ പ്രത്യേകം തയ്യാറാക്കിയ മേശയ്ക്കുമുകളില്‍ വച്ച ത്രാസില്‍ സാമ്പിള്‍ തൂക്കി. ഈ സമയം ടേബിളിനടിയില്‍ ഒളിച്ചിരുന്ന പ്രതികളിലൊരാള്‍ ടേബിളിലും ത്രാസിലും നേരത്തേ സൃഷ്ടിച്ചിരുന്ന ദ്വാരത്തിലൂടെ സിറിഞ്ച് ഉപയോഗിച്ച് മണ്ണ് നിറച്ച കിറ്റിലേക്ക് സ്വര്‍ണലായനി കുത്തിവച്ചു. ഈ സാമ്പിളില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനായതോടെ നാമക്കല്‍ സ്വദേശികള്‍ക്ക് വിശ്വാസമായി.

പ്രതികള്‍ക്ക് 50 ലക്ഷം രൂപയും രണ്ട് ചെക്കുകളും നല്‍കി അഞ്ചു ടണ്‍ മണ്ണ് വാങ്ങിയാണ് തട്ടിപ്പിനിരയായത്. എന്നാല്‍, സാമ്പിളായി എടുത്ത മണ്ണില്‍നിന്ന് സാധാരണ ലഭിക്കുന്നതിലും കൂടുതല്‍ അളവില്‍ സ്വര്‍ണം ലഭിച്ചതോടെ സംശയം തോന്നിയ തമിഴ്‌നാട് സ്വദേശികള്‍ പാലാരിവട്ടം പൊലീസിനെ സമീപിക്കുകയായിരുന്നു. സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതിന് ഇവരുടെ പേരില്‍ നാമക്കല്ലിനുസമീപത്തെ സേന്തമംഗലം സ്റ്റേഷനിലും എറണാകുളം നോര്‍ത്ത് സ്റ്റേഷനിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്.

പാലാരിവട്ടം ഇന്‍സ്‌പെക്ടര്‍ കെ ആര്‍ രൂപേഷ്, എസ്ഐമാരായ ഒ എസ് ഹരിശങ്കര്‍, ജി കലേശന്‍, എഎസ്ഐമാരായ പി വി സിഷോഷ്, ടി എം ഷാനിവാസ്, എസ്സിപിഒമാരായ കെ പി ജോസി, എന്‍ എ അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

‘കരുവന്നൂരില്‍ 1000 പുതിയ നിക്ഷേപകരെ എത്തിക്കും’; പ്രതിസന്ധി മറികടക്കാന്‍ പുതിയ ക്യംപയ്‌നുമായി ഭരണസമിതി

‘കരുവന്നൂരില്‍ 1000 പുതിയ നിക്ഷേപകരെ എത്തിക്കും’; പ്രതിസന്ധി മറികടക്കാന്‍ പുതിയ ക്യംപയ്‌നുമായി ഭരണസമിതി

തൃശൂര്‍: നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കഴിയാതെ പ്രതിസന്ധിയിലായതോടെ പുതിയ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നീക്കവുമായി കരുവന്നൂര്‍ സഹകരണ ബാങ്ക്. മാര്‍ച്ച് 31 നകം 1,000 പുതിയ നിക്ഷേപകരെ എത്തിക്കുകയാണ് ലക്ഷ്യം. ബാങ്കില്‍ നിലവില്‍ നിക്ഷേപമുള്ളവര്‍ക്ക് പണം തിരികെ നല്‍കുന്നത് പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിലാണ് ഭരണസമിതിയുടെ നീക്കം.

100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന സിപിഎം ഭരിക്കുന്ന ബാങ്ക് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കഴിയാതെ പ്രതിന്ധിയിലാണ്. ബാങ്കില്‍ നിക്ഷേപിച്ച തുക തിരിച്ച് ലഭിക്കാന്‍ കഴിയാതെ വന്നതോടെ നിക്ഷേപകരുടെ വന്‍പ്രതിഷേധമാണ് അരങ്ങേറിയത്. ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷമാണ് അടിയന്തരമായി പണം ആവശ്യമുള്ള നിക്ഷേപകര്‍ക്ക് ബാങ്ക് ഇടക്കാല ഫണ്ട് വിതരണം ചെയ്യാന്‍ തുടങ്ങിയത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍, പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ബാങ്ക് ഭരണ സമിതി ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയാണ് നടത്തുന്നത്. ‘ഇപ്പോള്‍, ബാങ്കിങ് സാധ്യമല്ലാത്ത ഒരു സാഹചര്യത്തിലാണ്, വായ്പ തിരിച്ചടവിനായി എല്ലാ മാസവും ബാങ്കിന് ലഭിക്കുന്ന 3.5 കോടി രൂപയുടെ ഫണ്ട് തികയുന്നില്ല. അതിനാല്‍ മാര്‍ച്ച് 31 നകം 1,000 പുതിയ നിക്ഷേപകരെ കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സാമ്പത്തിക വര്‍ഷാവസാനത്തോടെ എല്ലാ ബാങ്കുകളും ഒരു നിക്ഷേപ ക്യംപെയ്ന്‍ നടത്തുന്നു, ഇത് വലിയ രീതിയില്‍ നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു’ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എല്‍ ശ്രീലാല്‍ പറഞ്ഞു. ഇതുവരെ 500-ലധികം പുതിയ നിക്ഷേപകര്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 1000 നിക്ഷേപകരെന്ന ലക്ഷ്യം ഉടന്‍ കൈവരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,അദ്ദേഹം പറഞ്ഞു.

‘കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപത്തിന് ആളുകളെ പ്രേരിപ്പിക്കുക എന്നത് ഞങ്ങളുടെ ജീവനക്കാര്‍ക്ക് തീര്‍ച്ചയായും ഒരു വെല്ലുവിളി നിറഞ്ഞ ജോലിയാണ്. എന്നാല്‍ ഇപ്പോള്‍ തട്ടിപ്പ് പുറത്തുവരികയും സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തതിനാല്‍, ആളുകളെ നേരിട്ട് കണ്ട് അവരുടെ ആശങ്കകള്‍ പരിഹരിക്കുകയും അവരുടെ വിശ്വാസം വീണ്ടെടുക്കുകയും ചെയ്യുന്നു,’ ശ്രീലാല്‍ പറഞ്ഞു. ബാങ്കിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി- ആകെ നിക്ഷേപം: 266.35 കോടി രൂപ, ആകെ വായ്പ: 389.17 കോടി രൂപ സ്വര്‍ണ്ണ വായ്പ: 2.64 കോടി രൂപ, എന്നിങ്ങനെയാണെന്നും അധികൃതര്‍ പറഞ്ഞു.

അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന്റെ നേതൃത്വത്തിൽ പൊതുയിടത്തിൽ പഠനോത്സവം സംഘടിപ്പിച്ചു. കഴിഞ്ഞ അക്കാദമിക വർഷത്തെ സ്കൂളിന്റെ മികവുകൾ പൊതുജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത്.

അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്ര ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി ആറ്റിങ്ങൽ നഗരസഭ ചെയർ പെഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ്‌ ജി.ആർ.ജിബി അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർ ആർ.എസ്. അനൂപ്, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, അധ്യാപകരായ എൻ.സാബു, ആർ.എസ്. ലിജിൻ എന്നിവർ സംബന്ധിച്ചു.