by Midhun HP News | Mar 20, 2025 | Latest News, കേരളം
അക്ഷരതെറ്റുകൾ കൊണ്ട് നിറഞ്ഞ് പ്ലസ് ടു മലയാളം ചോദ്യപേപ്പർ.14 അക്ഷരതെറ്റുകളാണ് ചോദ്യപേപ്പറിൽ കണ്ടെത്തിയത്. ഒഎൻവിയുടെ ഒരു കവിതയിൽ മാത്രം മൂന്ന് അക്ഷരത്തെറ്റുകളാണുള്ളത്.
പ്രയോഗങ്ങളിലും വ്യാകരണത്തിലും പിശകുകൾ ഉണ്ടെന്ന് പരാതിയുണ്ട്. നാലാമത്തെ ചോദ്യത്തിൽ ‘താമസം’ എന്ന വാക്കിന് പകരം ‘താസമം’ എന്നാണ് അച്ചടിച്ചു വന്നിരിക്കുന്നത്. ഇതിന് പുറമെ ‘സച്ചിനെക്കുറിച്ച്’ എന്നതിന് പകരം ‘സച്ചിനെക്കറിച്ച്’ എന്നതടക്കം നിരവധി തെറ്റുകളും ചോദ്യപേപ്പറിൽ കാണാം. ഇതുപോലെ പല ചോദ്യങ്ങളിലും നിരവധി അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയെന്ന് അധ്യാപകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അക്ഷരത്തെറ്റിന് പുറമെ പല ചോദ്യങ്ങളിലും വ്യാകരണ പിശകും ഉണ്ടെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
by Midhun HP News | Mar 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കൊല്ലപ്പെട്ടയാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഒന്നും തന്നെ ലഭിക്കാതെ കേരള പൊലീസ് അന്വേഷിച്ച, കോളിളക്കം സൃഷ്ടിച്ച മൂന്നാമത്തെ കൊലക്കേസാണ് നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകം. കേരള രാഷ്ട്രീയചരിത്രത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ രാജന്‍ കേസും ചേകനൂര്‍ മൗലവി തിരോധാനക്കേസുമാണ് മരിച്ചെന്ന് കരുതപ്പെടുന്നയാളുടെ ശരീരാവശിഷ്ടങ്ങളൊന്നും ലഭിക്കാതെ പൊലീസ് അന്വേഷിച്ചത്. അടിയന്തരാവസ്ഥയിലെ പൊലീസ് ഭീകരതയുടെ പ്രതീകമായാണ് രാജന്‍ കേസ് അറിയപ്പെടുന്നത്.
കോഴിക്കോട് റീജിയണല്‍ എഞ്ചിനീറിങ് കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന രാജനെ പൊലീസ് പിടിച്ചുകൊണ്ടുപോയതാണ് കേസിനാധാരമായ സംഭവം. നക്‌സലുകളെ നേരിടുന്നതിനായി പ്രവര്‍ത്തിച്ചുവന്ന കക്കയം പൊലീസ് ക്യാമ്പില്‍ വെച്ച് രാജന്‍ കൊല്ലപ്പെട്ടുവന്ന് പൊലീസ് പിന്നീട് സമ്മതിച്ചു. എന്നാല്‍ രാജന്റെ ശരീരഭാഗങ്ങളൊന്നും കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്തും ആരോപണവിധേയര്‍ സംസ്ഥാന പൊലീസിലെ ഉന്നതരാണെന്നതും കണക്കിലെടുത്ത് കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റിയിരുന്നു.
അടിയന്തരാവസ്ഥയ്ക്കു ശേഷം രാജന്‍ കേസില്‍ കോടതിയില്‍ വ്യാജസത്യവാങ്മൂലം നല്‍കിയതിന്റെ പേരില്‍ കെ കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതും ചരിത്രം. ഇസ്ലാമിക പണ്ഡിതനും വാഗ്മിയുമായിരുന്ന ചേകനൂര്‍ പി കെ മുഹമ്മദ് അബുല്‍ ഹസന്‍ മൗലവി എന്ന ചേകനൂര്‍ മൗലവിയെ 1993 ജൂലൈ 29 നാണ് ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. മതപ്രഭാഷണത്തിനെന്ന പേരില്‍ ചിലര്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടുപോകുകയും, പിന്നീട് കൊലപ്പെടുത്തിയെന്നുമാണ് ആരോപണം. ചേകനൂര്‍ മൗലവി തിരോധനക്കേസ് ഒടുവില്‍ സിബിഐ അന്വേഷിച്ചെങ്കിലും, ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനോ പ്രതികളെ പിടികൂടാനോ സാധിച്ചില്ല.
ഈ രണ്ടു കേസുകളില്‍ നിന്നും ഷാബാ ഷെരീഫ് വധക്കേസ് വ്യത്യസ്തമാകുന്നത്, ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ലെങ്കിലും, ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു എന്നതിലാണ്. നിലമ്പൂര്‍ മുക്കട്ട സ്വദേശിയും വ്യവസായിയുമായ ഷൈബിന്‍ അഷ്‌റഫ് ആണ് കേസിലെ മുഖ്യപ്രതി. ഇയാളടക്കം 15 പേരാണ് അറസ്റ്റിലായത്. ഇതില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. കുറ്റവാളികള്‍ കൊലപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഇരയുടെ മൃതദേഹം ഹാജരാക്കാതെ കേരള പൊലീസ് അന്വേഷിച്ച് കണ്ടെത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ചരിത്രത്തില്‍ ഇടംനേടുകയും ചെയ്തു.
ഒരാളും അറിയാതിരുന്ന കേസ് വളരെ നാടകീയമായാണ് പുറംലോകം അറിയുന്നത്. 2022 ഏപ്രില്‍ 23 ന് ഒരു സംഘം ആളുകള്‍ തന്റെ വീട്ടില്‍ അതിക്രമിച്ചു കയറി തന്നെ ആക്രമിച്ചുവെന്ന് ആരോപിച്ച് ഷൈബിന്‍ അഷറഫ് ലോക്കല്‍ പൊലീസിനെ സമീപിച്ചതോടെയാണ് വഴിത്തിരിവായത്. ഇതിന് പിന്നാലെ ഷൈബിനില്‍ നിന്നും ഭീഷണിയുണ്ടെന്ന് ആരോപിച്ച് പ്രതികളില്‍ അഞ്ച് പേര്‍ 2022 ഏപ്രില്‍ 29 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാ ശ്രമമാണ് കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്തുന്നത്. ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷാബ ഷെരീഫ് വധക്കേസിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് വെല്ലുവിളി നിറഞ്ഞ ഈ കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം, ഇന്‍സ്‌പെക്ടര്‍ പി വിഷ്ണു, എസ്‌ഐ നവീന്‍ ഷാജ്, എം അസൈനാര്‍, എഎസ്‌ഐ റെനി ഫിലിപ്പ്, അനില്‍കുമാര്‍, സതീഷ് കുമാര്‍, വി കെ പ്രദീപ്, എ ജാഫര്‍, എന്‍ പി സുനില്‍, അഭിലാഷ് കൈപ്പിനി, കെ ടി ആസിഫ് അലി, ടി നിബിന്‍ദാസ്, അന്‍വര്‍ സാദത്ത്, ജിയോ ജേക്കബ്, സന്ധ്യ, ആതിര, ദീപ എന്നിവരായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
by Midhun HP News | Mar 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി കടന്നു പോവുന്ന സ്ഥലങ്ങളില്‍ ഭൂമി വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ പണയം വയ്ക്കുന്നതിനോ ഒരു നിയന്ത്രണവും ഇല്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയെ അറിയിച്ചു. പദ്ധതിക്കായി സര്‍വേയ്‌സ് ആന്‍ഡ് ബൗണ്ടറീസ് ആക്ട് സെക്ഷന്‍ ആറു പ്രകാരമാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പദ്ധതി കടന്നു പോവുന്ന സ്ഥലങ്ങളില്‍ ഭൂമി വാങ്ങാനോ വില്‍ക്കാനോ പണയം വയ്ക്കാനോ ഒരു നിയന്ത്രണവുമില്ല. ഇതില്‍ എന്തെങ്കിലും തടസ്സം നേരിടുന്നവര്‍ക്കു ജില്ലാ കലക്ടറെ സമീപിക്കാവുന്നതാണ്- മന്ത്രി പറഞ്ഞു. ഔദ്യോഗിക വിജ്ഞാപനം ഇല്ലാതിരുന്നിട്ടും പദ്ധതി പ്രദേശങ്ങളില്‍ ഭൂമി വില്‍പ്പന നടക്കുന്നില്ലെന്ന്, വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കല്ലിട്ട ഭൂമി പണയം വയ്ക്കാന്‍ പോലുമാവാത്ത സ്ഥിതിയാണ്. ആരും ഭൂമി വാങ്ങാന്‍ മുന്നോട്ടു വരുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
by Midhun HP News | Mar 20, 2025 | Latest News, സിനിമ
‘എംപുരാൻ’ ട്രെയ്‌ലർ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. പക്കാ മാസ് ആക്ഷൻ പാക്കഡ് ചിത്രമായിരിക്കും എംപുരാൻ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഇപ്പോഴിതാ ട്രെയ്‌ലറിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടൻ രജനികാന്ത്. ട്രെയ്‌ലർ ആദ്യം കണ്ട വ്യക്തി രജനികാന്ത് ആണെന്ന് അടുത്തിടെ പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ എക്സിലൂടെ മോഹൻലാലിനെയും പൃഥ്വിരാജിനെയും അഭിനന്ദിച്ചിരിക്കുകയാണ് രജനികാന്ത്.
എംപുരാന്റെ ട്രെയ്‌ലർ പങ്കുവച്ചായിരുന്നു രജനിയുടെ അഭിനന്ദനം. “എന്റെ പ്രിയപ്പെട്ട മോഹന്റെയും പൃഥ്വിരാജിന്റെയും ട്രെയ്‌ലർ കണ്ടു. പൃഥ്വിയുടെ സിനിമ, എംപുരാൻ അതിശയകരമായ ഒരു സൃഷ്ടിയാണ്. അഭിനന്ദനങ്ങൾ!!! എല്ലാവിധ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ”. – രജനികാന്ത് എക്സിൽ കുറിച്ചു.
രജനികാന്തിന്റെ വലിയ ആരാധകനാണ് താനെന്ന് പലപ്പോഴും പൃഥ്വിരാജ് അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. അതേസമയം തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരും ആവേശത്തോടെ കാത്തിരിക്കുന്ന എംപുരാനിൽ എത്തുന്ന ആ തമിഴ് നടൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. തമിഴിലെ ഒരു പ്രമുഖ താരം ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുമെന്ന് ആദ്യം മുതലേ റിപ്പോർട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രജനികാന്തിനൊപ്പമുള്ള ചിത്രം പൃഥ്വി പങ്കുവച്ചതോടെ തലൈവർ ആണോ ആ കഥാപാത്രം എന്നായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച. എന്നാൽ വിജയ് സേതുപതിയായിരിക്കും ചിത്രത്തിലെത്തുക എന്ന തരത്തിലും ആരാധകർക്കിടയിൽ ചർച്ചകൾ വരുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവർ ചേർന്നാണ് എംപുരാൻ നിർമിക്കുന്നത്.
മാർച്ച് 27നാണ് ചിത്രം തിയറ്ററുകളിലെത്തുക. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്.
by Midhun HP News | Mar 20, 2025 | Latest News, കേരളം
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എംപുരാന്റെ ട്രെയ്‌ലര്‍ പുറത്ത്. ആരാധകര്‍ക്ക് സര്‍പ്രൈസായി രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍ യൂട്യൂബില്‍ റിലീസ് ആയത്. റിലീസായി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ മില്യണ്‍ വ്യൂസ് മലയാളം ട്രെയ്‌ലര്‍ നേടിക്കഴിഞ്ഞു. തുടര്‍ന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയ്‌ലര്‍ പുറത്തുവന്നു. ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റ് മുംബൈയില്‍ നടക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചത്. ചിത്രത്തിന്റെ ടീസര്‍ ജനുവരി 26-ന് പുറത്തുവന്നിരുന്നു.
മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം മാര്‍ച്ച് 27-ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും പ്രദര്‍ശനം ആരംഭിക്കുന്നത്. തമിഴ്നാടിന് പുറമേ പാന്‍ ഇന്ത്യന്‍ തലത്തിലും വമ്പന്‍ കമ്പനികളാണ് ചിത്രം റിലീസ് ചെയ്യുക. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ- തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസ് ആണ് ചിത്രം ഉത്തരേന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.
2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എംപുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍.
ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
Recent Comments