by Midhun HP News | Mar 20, 2025 | Latest News, കേരളം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കാര്‍ മാര്‍ പ്രഖ്യാപിച്ച നിരാഹാര സമരം ഇന്നു മുതല്‍. ആദ്യഘട്ടത്തില്‍ മൂന്നുപേരാണ് നിരാഹാരം ഇരിക്കുന്നത്. രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി. ഇന്നലെ സംസ്ഥാന സര്‍ക്കാരുമായി നടന്ന ചര്‍ച്ചകളില്‍ തീരുമാനമാകാതെ വന്നതോടെയാണ് ആശ വര്‍ക്കര്‍മാര്‍മാര്‍ നിരാഹാര സമരത്തിനൊരുങ്ങുന്നത്.
അതേസമയം ആശവര്‍ക്കര്‍മാരുടെ സമരം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലേക്ക് പോയി. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായു വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തും. അവ്യക്തതയോ തര്‍ക്കമോ ഒന്നുമില്ലെന്നും, കേന്ദ്ര സ്‌കീം പ്രകാരമുള്ള പദ്ധതിയില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ പ്രതിഫലം കൂട്ടണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
ദേശീയ ആരോഗ്യമിഷൻ സംസ്ഥാന കോർഡിനേറ്ററുമായി ബുധനാഴ്ച ഉച്ചയ്ക്ക് നടത്തിയ ചർച്ച തീരുമാനമാവാതെ പിരിഞ്ഞതിനു പിന്നാലെയായിരുന്നു ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയത്. സർക്കാർ ഖജനാവിൽ പണമില്ലെന്നും, യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ കണ്ട് സമരത്തിൽ നിന്നും പിന്മാറണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ മന്ത്രി വീണാ ജോർജ് തങ്ങളുടെ ആവശ്യങ്ങൾ ഒന്നും കേൾക്കാൻ തയ്യാറായില്ലെന്നും, നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടാനുള്ള ഒരു ചർച്ച മാത്രമാണ് നടത്തിയതെന്നും ആശ വർക്കാർമാർ കുറ്റപ്പെടുത്തി.
by Midhun HP News | Mar 19, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷ പരിപാടികള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താന്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന തലം മുതല്‍ ജില്ലാ, സംസ്ഥാനതലം വരെ വിപുലമായ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രില്‍ 21ന് കാസര്‍കോട്് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. വിവിധ ആനുകൂല്യങ്ങള്‍ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം സംഘടിപ്പിക്കും. സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജില്ലാതല പ്രദര്‍ശന- വിപണന മേളകളുമുണ്ടാകും.
ജില്ലാതല യോഗങ്ങള്‍
ഏപ്രില്‍ 21 – കാസര്‍കോട്
ഏപ്രില്‍ 22 – വയനാട്
ഏപ്രില്‍ 24 – പത്തനംതിട്ട
ഏപ്രില്‍ 28 – ഇടുക്കി
ഏപ്രില്‍ 29 – കോട്ടയം
മെയ് 5 – പാലക്കാട്
മെയ് 6 – കൊല്ലം
മെയ് 7 – എറണാകുളം
മെയ് 12 – മലപ്പുറം
മെയ് 13 – കോഴിക്കോട്
മെയ് 14 – കണ്ണൂര്‍
മെയ് 19 – ആലപ്പുഴ
മെയ് 20 – തൃശ്ശൂര്‍
മെയ് 21 – തിരുവനന്തപുരം
ഇതിനുപുറമെ സംസ്ഥാന തലത്തില്‍ പൊതുപരിപാടികളും സംഘടിപ്പിക്കും. യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ യുവജനങ്ങളുമായും വനിതാവികസന വകുപ്പിന്റെ നേതൃത്വത്തില്‍ വനിതകളുമായും എസ്‌സി/എസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുമായും സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക രംഗത്തുള്ളവരുമായും ഉന്നതവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുമായും സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രൊഫഷണലുകളുമായും ചര്‍ച്ച നടത്തും.
സംസ്ഥാനതല യോഗങ്ങള്‍
മെയ് 3 – യുവജനക്ഷേമം – കോഴിക്കോട്
മെയ് 4 – വനിതാവികസനം – എറണാകുളം
മെയ് 10 – സാംസ്‌കാരികം – തൃശൂര്‍
മെയ് 11 – ഉന്നതവിദ്യാഭ്യാസരംഗം – കോട്ടയം
മെയ് 17 – പ്രൊഫഷണലുകളുമായി ചര്‍ച്ച – തിരുവനന്തപുരം
മെയ് 18 – പട്ടികജാതി – പട്ടികവര്‍ഗ്ഗം – പാലക്കാട്
പ്രദര്‍ശനങ്ങള്‍ക്ക് പുറമെ ചര്‍ച്ചകള്‍, കായിക മത്സരങ്ങള്‍ തുടങ്ങി മറ്റു ആഘോഷ പരിപാടികളും സംഘടിപ്പിക്കും. പരിപാടികള്‍ക്ക് ജില്ലാതല സംഘാടക സമിതികള്‍ ഉണ്ടാകും. ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍ ചെയര്‍മാനും ജില്ലാ കളക്ടര്‍ ജനറല്‍ കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും തുടര്‍ നടപടികളും സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങള്‍.
മേഖലാ അവലോകന യോഗങ്ങള്‍
ഭരണ നേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും ജില്ലകളില്‍ പുരോഗമിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങളുണ്ടങ്കില്‍ കണ്ടെത്തി പരിഹരിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മേഖലാ അവലോകന യോഗങ്ങള്‍ നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. മെയ് മാസത്തില്‍ നാല് മേഖലകളിലാണ് യോഗം ചേരുക.
മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും വകുപ്പദ്ധ്യക്ഷന്‍മാരും ചേര്‍ന്ന് ജില്ലകളില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഭരണപരമോ, സാങ്കേതികമോ ആയ തടസ്സങ്ങള്‍ നേരിടുന്നുണ്ടങ്കില്‍ അവ കണ്ടെത്തി പരിശോധിച്ച് പരിഹാരം കാണും. 2023 സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടന്ന മേഖലാ അവലോകന യോഗങ്ങളുടെ തുടര്‍ച്ചയായാണ് ഇത് സംഘടിപ്പിക്കുന്നത്.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകന യോഗം കണ്ണൂര്‍ ജില്ലയിലും, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളുടെ യോഗം പാലക്കാടും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ യോഗം കോട്ടയം ജില്ലയിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ യോഗം തിരുവനന്തപുരം ജില്ലയിലും നടത്തും.
2023 ലെ അവലോകന യോഗത്തില്‍ പരിഗണിച്ചവയില്‍ ഇനിയും പൂര്‍ണ്ണമായും പരിഹരിക്കാത്ത വിഷയങ്ങളും മുഖ്യമന്ത്രി എംഎല്‍എമാരുമായി നടത്തിയ യോഗത്തില്‍ എംഎല്‍എമാര്‍ ഉന്നയിച്ച മണ്ഡലങ്ങളിലെ പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍, നവകേരള സദസ്സിന്റെ ഭാഗമായി നിയോജകമണ്ഡലത്തില്‍ നടത്താനുദ്ദേശിക്കുന്ന പദ്ധതി, ഗ്രാമീണ റോഡിന്റെ പുനരുദ്ധാരണം എന്നിങ്ങനെ മൂന്ന് ഗണത്തില്‍പ്പെടുന്ന വിഷയങ്ങള്‍ മേഖലാ അവലോകന യോഗങ്ങളില്‍ പരിഗണിക്കും.
സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, നവകേരള മിഷന്‍ (ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരള മിഷന്‍), മാലിന്യമുക്തം നവകേരളം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തും.
മേഖലാ അവലോകന യോഗങ്ങള്‍
08/05/2025 പാലക്കാട് ( പാലക്കാട്, മലപ്പുറം തൃശ്ശൂര്‍ ജില്ലകള്‍)
15/05/2025 തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട)
26/05/2025 കണ്ണൂര്‍ (കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്)
29/05/2025 കോട്ടയം (എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം)
മേഖലാ അവലോകന യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെയും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന്റെയും ചുമതല ചീഫ് സെക്രട്ടറിക്ക് നല്‍കി. മേഖലാ അവലോകന യോഗങ്ങള്‍ നടക്കുന്ന ജില്ലയിലെ ജില്ലാ കളക്ടര്‍മാര്‍ക്ക് യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും നടത്തിപ്പിനുമുള്ള ചുമതലകള്‍ നല്‍കും. യോഗത്തിനായുള്ള സോഫ്‌റ്റ്വെയര്‍ തയ്യാറാക്കുന്നതിന് ഇലക്ട്രോണിക്‌സും വിവര സാങ്കേതിക വിദ്യയും വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
വയനാട് പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം
വയനാട് ജില്ലയിലെ മുണ്ടക്കൈ ചുരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ തീരുമാനിച്ചു. ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിന് വൈത്തിരി താലൂക്ക് കല്‍പ്പറ്റ വില്ലേജില്‍ ബ്ലോക്ക് 19 ല്‍ റീസര്‍വ്വെ നമ്പര്‍ 88/ 158, 88/159, 88/62 88/66, 88/137 എന്നിവയില്‍പ്പെട്ട എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ഇതിന് വിശദവില വിവര റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച 26,56,10,769/രൂപ (ഇരുപത്തി ആറ് കോടി അന്‍പത്തിയാറ് ലക്ഷത്തി പതിനായിരത്തി എഴുന്നൂറ്റി അറുപത്തി ഒന്‍പത് രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം
വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഏഴു കുട്ടികള്‍ക്കും മാതാപിതാക്കളില്‍ ഒരാള്‍ മാത്രം നഷ്ടപ്പെട്ട 14 കുട്ടികള്‍ക്കും പഠനാവശ്യത്തിനുവേണ്ടി മാത്രം 10 ലക്ഷം രൂപ വീതം അനുവദിക്കും. 18 വയസ്സുവരെ തുക പിന്‍വലിക്കാന്‍ കഴിയില്ലെന്ന വ്യവസ്ഥയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ധനസഹായം. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്.
വയനാട് ടൗണ്‍ഷിപ്പ് പദ്ധതികള്‍ക്കായി രൂപീകരിച്ച പദ്ധതി നിര്‍വ്വഹണ യൂണിറ്റില്‍ തസ്തികള്‍
വയനാട് ടൗണ്‍ഷിപ്പ് പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ച പദ്ധതി നിര്‍വ്വഹണ യൂണിറ്റില്‍ വിവിധ തസ്തികള്‍ അനുവദിച്ചു. അക്കൗണ്ട്‌സ് ഓഫീസര്‍, സിവില്‍ എന്‍ജിനീയര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കും. ഫിനാന്‍സ് & അക്കൗണ്ട്‌സ് ഓഫീസര്‍ എന്ന തസ്തിക ഫിനാന്‍സ് ഓഫീസര്‍ എന്ന് പുനര്‍നാമകരണം ചെയ്യും.
സ്റ്റാഫിന്റെ നിയമനം നടത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അനുമതി നല്‍കും. പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ തലവനായി വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തും.
തൃശ്ശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ ജനുവരി 12ന് ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം അനുവദിക്കും. രണ്ട് ലക്ഷം രൂപ വീതമാണ് അനുവദിക്കുക. അലീന, ഐറിന്‍, ആന്‍ഗ്രേസ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയ നിമയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ സഹായം അനുവദിക്കും.
by Midhun HP News | Mar 19, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ടെക്നിക്കല്‍ പോസ്റ്റ് – ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂട്ട് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ് (ഗേറ്റ് 2025) ഫലം പ്രഖ്യാപിച്ചു. റൂര്‍ക്കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പരീക്ഷയുടെ ഫലം ഔദ്യോഗിക വെബ്‌സൈറ്റായ gate2025.iitr.ac.in വഴി അറിയുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. റോള്‍ നമ്പര്‍, ജനന തീയതി, കാപ്‌ചേ കോഡ് എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി സൈറ്റില്‍ കയറി ഫലം അറിയാന്‍ കഴിയുന്നതരത്തിലാണ് ക്രമീകരണം. മാര്‍ച്ച് 28 മുതല്‍ മെയ് 31 വരെ സ്‌കോര്‍കാര്‍ഡുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
ഫലം നോക്കേണ്ട വിധം ചുവടെ:
ആദ്യം വെബ്സൈറ്റ് സന്ദര്‍ശിക്കുക
എന്റോള്‍മെന്റ് ഐഡി/ഇ-മെയില്‍ ഐഡി, പാസ് വേര്‍ഡ് എന്നിവ നല്‍കുക
‘GATE 2025 Result’ ടാബില്‍ ക്ലിക്ക് ചെയ്യുക
ഗേറ്റ് ഫലം സ്‌ക്രീനില്‍ ദൃശ്യമാകും.
ഉദ്യോഗാര്‍ഥിയുടെ വിശദാംശങ്ങള്‍ക്കും നേടിയ മാര്‍ക്കുകള്‍ക്കുമൊപ്പം ഗേറ്റ് കട്ട്ഓഫും ദൃശ്യമാകും
ഭാവി റഫറന്‍സിനായി സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.
ആകെ 30 പരീക്ഷാ പേപ്പറുകളാണുണ്ടായിരുന്നത്. ഗേറ്റ് 2025 പരീക്ഷകള്‍ ഇംഗ്ലീഷിലാണ് നടത്തിയത്. പൂര്‍ണ്ണമായും ഒബ്ജക്ടീവ് തരത്തിലുള്ള ചോദ്യങ്ങളായിരുന്നു അതില്‍ ഉണ്ടായിരുന്നത്. ഒന്നോ രണ്ടോ പരീക്ഷാ പേപ്പറുകള്‍ തെരഞ്ഞെടുക്കാന്‍ മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ.
ഗേറ്റ് പരീക്ഷ രാജ്യവ്യാപകമായി നടത്തുന്ന ഒരു പരീക്ഷയാണ്. ഈ പരീക്ഷ വിവിധ ബിരുദതല വിഷയങ്ങളില്‍ ഉദ്യോഗാര്‍ഥികളുടെ അറിവ് വിലയിരുത്തുന്നു. വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ പിന്തുടരാം. സാമ്പത്തിക സഹായത്തിനുള്ള സാധ്യതയും നിലനില്‍ക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും (പിഎസ് യു) റിക്രൂട്ട്‌മെന്റ് ആവശ്യങ്ങള്‍ക്കായി ഗേറ്റ് സ്‌കോറുകള്‍ ഉപയോഗിക്കുന്നുണ്ട്.
by Midhun HP News | Mar 19, 2025 | Latest News, കേരളം
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകരുടെ പ്രതിഷേധം അവസാനിപ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ചയും പരാജയം. ഇതോടെ 38 ദിവസം നീണ്ട സമരം നാളെ മുതല്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു. ആശാപ്രവര്‍ത്തകര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഒന്നും അംഗീകരിച്ചില്ലെന്നും ഓണറേറിയം ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്തില്ലെന്നും പുതിയ നിര്‍ദ്ദേശങ്ങളോ പരിഗണനകളോ മന്ത്രി തല ചർച്ചയിലും ഉണ്ടായില്ലെന്നും സമരക്കാര്‍ അറിയിച്ചു.
എന്നാല്‍, വിഷയം യാഥാര്‍ത്ഥ്യ ബോധത്തോടെ കാണണമെന്നും സമരം അവസാനിപ്പിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് മുന്നോട്ട് പോകുന്നത് എന്നായിരുന്നു വിഷയത്തില്‍ ആരോഗ്യ മന്ത്രി സ്വീകരിച്ച നിലപാട്. ഇക്കാര്യം ചര്‍ച്ചയ്ക്ക് ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തിലും മന്ത്രി ആവര്‍ത്തിച്ചു. സ്വീകരിക്കാവുന്ന നടപടികള്‍ എല്ലാം സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. 2006 ല്‍ നിശ്ചയിച്ച ഇന്‍സെന്റീവ് കൂട്ടാന്‍ ഇതുവരെ കേന്ദ്രം തയ്യാറായിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. ഓണറേറിയം കൂട്ടരുത് എന്ന നിലപാട് സര്‍ക്കാരിന് ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, നാളെ മുതല്‍ സമരം ശക്തമാക്കുമെന്നാണ് ആശ വര്‍ക്കര്‍മാരുടെ നിലപാട്. എം എം ബിന്ദു, തങ്കമണി എന്നിവര്‍ നാളെ മുന്‍ നിശ്ചയിച്ച പ്രകാരം നിരാഹാരം ആരംഭിക്കുമെന്നും സമരക്കാര്‍ വ്യക്തമാക്കി. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മന്ത്രി ആവര്‍ത്തിച്ചെന്നും, നിരാഹാര സമരം ആരംഭിക്കും മുന്‍പ് ചര്‍ച്ചയ്ക്ക് വിളിച്ചു എന്ന് വരുത്തി തീര്‍ക്കുക മാത്രമായിരുന്നു മന്ത്രി തല ചര്‍ച്ചയുടെ ലക്ഷ്യമെന്നും സമരക്കാര്‍ ആരോപിച്ചു. ചര്‍ച്ചയ്ക്ക് പിന്നാലെ സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ച ആശ വര്‍ക്കര്‍മാര്‍ എംജി റോഡില്‍ പ്രകടനവും നടത്തി. ചര്‍ച്ചയ്ക്ക് ശേഷം സമര പന്തല്‍ സന്ദര്‍ശിക്കാന്‍ എത്തിയ ആരോഗ്യ മന്ത്രിക്ക് എതിരെയും പ്രതിഷേധം ഉണ്ടായി. മന്ത്രി രാജിവയ്ക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
by Midhun HP News | Mar 19, 2025 | Latest News, കേരളം
തൃശൂര്‍: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തും ഇറിഡിയം വില്‍ക്കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചും തൃശൂര്‍, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ് നടന്നതായി ആക്ഷേപം. മാടായിക്കോണം സ്വദേശിയില്‍ നിന്നും പണം തട്ടിയെന്ന പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. മാപ്രാണം സ്വദേശിയായ അനീഷ്, പെരിഞ്ഞനം സ്വദേശി ഹരി, പ്രസീത എന്നിവര്‍ക്കെതിരെയാണ് കുഴിക്കാട്ടു കോണം സ്വദേശി കൊരമ്പില്‍ വീട്ടില്‍ മനോജിന്റെ പരാതിയില്‍ കേസെടുത്തത്.
2018 ഓഗസ്റ്റ് മുതല്‍ 2019 ജനുവരി വരെ പല തവണകളായാണ് തട്ടിപ്പ് സംഘം പണം കൈപ്പറ്റിയെന്നാണ് പരാതി. കൊല്‍ക്കത്തയിലെ മഠത്തിന്റെ സ്ഥാനപതി എന്ന പേരില്‍ ഭക്തിമാര്‍ഗം മുന്‍നിര്‍ത്തിയിട്ടായിരുന്നു തട്ടിപ്പ്. ബാങ്കുകളില്‍ അനാഥമായി കിടക്കുന്ന പണം പാവങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപികരിക്കുന്നതിന് ഉയര്‍ന്ന ലാഭ വിഹിതം നല്‍കാമെന്നുമായിരുന്നു പ്രധാന വാഗ്ദാനം. ഇതിന് പുറമെ ഇറിഡിയം ലോഹം വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും അതിന്റെ ഫണ്ട് ലഭിക്കുന്ന മുറക്ക് പണം തിരികെ നല്‍കാമെന്നും ഇവര്‍ നിക്ഷേപകരെ വിശ്വസിപ്പിച്ചു. എന്നാല്‍ നാളിത് വരെയായി നിക്ഷേപത്തില്‍ നിന്നും ഒരു ലാഭവും ലഭിക്കാതിരുന്നതോടെയാണ് പരാതിയുമായി ഇവര്‍ പൊലീസിനെ സമീപിച്ചത്.
2019 ല്‍ പണം നിക്ഷപിച്ചുവെന്നാണ് പരാതിയിലുള്ളത്. പരാതിക്കാരനായ മനോജിന്റെ വീട് ഇപ്പോള്‍ ജപ്തിയിലാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നഗരസഭ കൗണ്‍സിലര്‍ ടികെ ഷാജു ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പണം നഷ്ടപ്പെട്ട ആരെങ്കിലും പരാതി നല്‍കിയാല്‍ തുടര്‍നടപടികൾ സ്വീകരിക്കാം എന്നായിരുന്നു പൊലീസ് നല്‍കിയ മറുപടി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിക്ഷേപകര്‍ തന്നെ രംഗത്തെത്തിയതും പണം നഷ്ടപ്പെട്ട മനോജ് പരാതി നല്‍കിയതും.
പണം കൈപറ്റിയ ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശിനിക്കെതിരെയും ടീം ലീഡറായ യുവതിക്കെതിരെയും ഡ്രൈവര്‍ക്കതിരെയുമാണ് പരാതിക്കാരന്‍ മൊഴി നല്‍കിയത്. മൂന്നുപീടിക സ്വദേശിയാണ് ഈ തട്ടിപ്പിലെ പ്രധാന കണ്ണി. പ്രതികള്‍ നാടു വിടാതിരിക്കുന്നതിനുള്ള നടപടികള്‍ പൊലീസ് നടത്തുന്നുണ്ട്.
Recent Comments