‘യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം’; ശിവഗിരി മഠം പ്രക്ഷോഭത്തിന്

‘യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം’; ശിവഗിരി മഠം പ്രക്ഷോഭത്തിന്

തിരുവനന്തപുരം: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ എല്ലാ മത വിശ്വാസികള്‍ക്കും പ്രവേശനം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി ശിവഗിരി മഠം രംഗത്ത്. ഗായകന്‍ യേശുദാസിനെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നുള്ള ദീര്‍ഘകാല അപേക്ഷ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു.

അടുത്തമാസം ആചാര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ശിവഗിരി മഠം ഗുരുവായൂര്‍ ദേവസ്വത്തിന് മുന്നില്‍ നടത്തുന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യമായി ഈ വിഷയം മുന്നോട്ട് വെയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ അനുകൂല നിലപാട് ഉണ്ടാവാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സ്വാമി സച്ചിനാദനന്ദ ആവശ്യപ്പെട്ടു. ധാരാളം ഹിന്ദു ഭക്തിഗാനങ്ങള്‍ ആലപിച്ച യേശുദാസ് ഗുരുവായൂരില്‍ പ്രവേശിക്കണമെന്ന് നിരവധിത്തവണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ക്രിസ്ത്യാനിയായതിനാല്‍ യേശുദാസിന് പ്രവേശനം നിഷേധിക്കുകയായിരുന്നു.

”ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിരോധിക്കുന്നതിനെതിരെ ഞങ്ങള്‍ സമരം ആരംഭിക്കും. മതം മറികടന്ന് എല്ലാ വിശ്വാസികളേയും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണം. നിരവധി ജനപ്രിയ ഹിന്ദു ഭക്തിഗാനങ്ങള്‍ ആലപിച്ച യേശുദാസിന് പോലും ഇതുവരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണ്. അത്തരം ആചാരങ്ങളെല്ലാം നിര്‍ത്തലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു”, സ്വാമി സച്ചിദാനന്ദ പറയുന്നു. എന്നാല്‍ അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാനുള്ള ഒരു നീക്കവും നിലവിലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

സമര തിയതി ഉടന്‍ പ്രഖ്യാപിക്കും. ശ്രീനാരായണ ഗുരു രചിച്ച പ്രാര്‍ഥനാ ഗീതങ്ങള്‍ ക്ഷേത്രത്തില്‍ ഉപയോഗിക്കണമെന്ന ആവശ്യവും ഈ സമരത്തില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ഇതാദ്യമായല്ല ശിവഗിരി മഠം പ്രതികരിക്കുന്നത്. മുമ്പ് ക്ഷേത്രത്തിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് അധ്യക്ഷന്‍ സുകുമാരന്‍ നായരുമായുണ്ടായ തര്‍ക്കത്തിലും കേരളത്തില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടാവണമെന്നും ഗുരുവായൂരില്‍ കേറാന്‍ യേശുദാസ് ഇപ്പോഴും ക്യൂവിലാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. പുരുഷന്‍മാര്‍ ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നും സച്ചിദാനന്ദ ഈ അടുത്ത് പറഞ്ഞിരുന്നു.

എന്നാല്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികളാണ് തീരുമാനം എടുക്കേണ്ടതെന്ന് യേശുദാസ് 2018ല്‍ പറഞ്ഞിരുന്നു. തനിക്ക് മാത്രം പ്രവേശനം അനുവദിക്കേണ്ടതില്ലെന്നും പൂര്‍ണ ഭക്തിയോടെ ഗുരുവായൂരപ്പനെ കാണാനെത്തുന്ന എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനം ലഭിക്കുന്ന കാലത്ത് അവസാന ഭക്തനായേ ക്ഷേത്രത്തില്‍ പ്രവേശിക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ല്’; മഹാ കുംഭമേളയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

‘ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ല്’; മഹാ കുംഭമേളയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: മഹാകുംഭമേളയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേള ലോകത്തെ ഒന്നിപ്പിച്ചുവെന്നും, ഇന്ത്യയുടെ ശക്തി ലോകം കണ്ടു നിന്നുവെന്നും ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുത്തുമെന്നും മോദി പറഞ്ഞു.

മഹാ കുംഭമേളയുടെ രൂപത്തില്‍ ഇന്ത്യയുടെ മഹത്വം ലോകം മുഴുവന്‍ കണ്ടു. പുതിയ നേട്ടങ്ങള്‍ക്ക് പ്രചോദനമാകുന്ന ഒരു ദേശീയ ഉണര്‍വ് കുംഭമേളയില്‍ കണ്ടു. നമ്മുടെ ശക്തിയെയും കഴിവുകളെയും സംശയിക്കുന്നവര്‍ക്ക് ഉചിതമായ മറുപടി കൂടിയായിരുന്നു ഇത്. വരും തലമുറയ്ക്ക് ഉദാഹരണമായി മാറുന്ന മേളയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഗാന്ധിജിയുടെ ദണ്ഡി യാത്ര പോലെ ചരിത്രത്തിലെ നാഴികകല്ലാണിത്. പല സ്ഥലങ്ങളില്‍ നിന്നു വന്നവര്‍ ഒറ്റ മനസ്സോടെ സംഗമിച്ചു. രാജ്യത്തിന്റെ ഐക്യമായി കുംഭമേള മാറി. മഹാ കുംഭമേളയുടെ വിജയകരമായ സംഘാടനത്തിന് എല്ലാവര്‍ക്കും നന്ദി പറയുന്നു. ഉത്തര്‍പ്രദേശ്, പ്രയാഗ്രാജ് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.

ഇന്ത്യയുടെ പുതിയ തലമുറ, പാരമ്പര്യങ്ങളെയും വിശ്വാസത്തെയും അഭിമാനത്തോടെ സ്വീകരിക്കുന്നു. പ്രയാഗ്രാജ് മഹാ കുംഭമേള ഉയര്‍ന്നുവരുന്ന ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ ഐക്യത്തിന്റെ ശക്തി അതിനെ ശല്യപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും തകര്‍ക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്ക് അവസരം നല്‍കിയില്ല. ചട്ടം പറഞ്ഞാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. നോട്ടീസ് നല്‍കാതെയാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തിയതെന്നും, സഭ ബിസിനസില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നതാണെന്നും വ്യക്തമാക്കി പ്രതിപക്ഷം പ്രതിഷേധിച്ചു. കുംഭമേളയ്ക്കിടെ നിരവധിപേര്‍ മരിച്ച കാര്യം പ്രധാനമന്ത്രി മറച്ചുവെച്ചുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ലോക്‌സഭ ഉച്ചവരെ നിര്‍ത്തിവെച്ചു.

പ്രവാസിക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും: മുഖ്യമന്ത്രി

പ്രവാസികള്‍ക്കായി നിലവിലുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും കാലോചിതമായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.

ടി.വി. ഇബ്രാഹിമിൻ്റെ
സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പാക്കുക പരാതികള്‍ പരിഹരിക്കുക, അവകാശങ്ങള്‍ സംരക്ഷിക്കുക, മടങ്ങിയെത്തിയവരെ പുനരധിവസിപ്പിക്കുക, സംസ്ഥാനത്ത് പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് നോര്‍ക്കാ വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങള്‍. നോര്‍ക്കാ റൂട്‌സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് എന്നിവ മുഖാന്തിരം പ്രവാസികള്‍ക്കായി സര്‍ക്കാര്‍ വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. തിരിച്ചെത്തിയവരില്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സാ ധനസഹായ പദ്ധതി ‘സാന്ത്വന’, പ്രവാസി പുനരധിവാസ പദ്ധതിയായ ‘NDPREM’, പ്രവാസികളുടെ ഏകോപന പുന.സംയോജന പദ്ധതിയായ പ്രവാസി ഭദ്രത, തൊഴില്‍ പോര്‍ട്ടല്‍, നോര്‍ക്കാ വാണിജ്യ കേന്ദ്രം എന്നിങ്ങനെ വിവിധ പദ്ധതികളാണുള്ളത്.

18 വയസ്സിനും 60 വയസ്സിനും ഇടയ്ക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശദായം അടയ്ക്കുന്ന വര്‍ക്കാണ് ബോര്‍ഡില്‍ നിന്നും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളത്. നിലവില്‍ എട്ട് ലക്ഷത്തോളം അംഗങ്ങളും എഴുപതിനായിരത്തോളം പെന്‍ഷന്‍കാരുമാണുള്ളത്. കൂടാതെ പ്രതിമാസം എണ്ണായിരത്തോളം പ്രവാസികള്‍ പുതുതായി അംഗത്വത്തിന് അപേക്ഷിക്കുകയും രണ്ടായിര
ത്തോളം പേര്‍ പുതുതായി പെന്‍ഷന് അര്‍ഹത നേടുകയും ചെയ്തിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇതില്‍ വന്‍ വര്‍ദ്ധനവുണ്ടായ സാഹചര്യത്തില്‍ പരമാവധി വേഗത്തില്‍ അപേക്ഷകളിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

പുതുതായി പെന്‍ഷനും ആനുകൂല്യങ്ങളും അനുവദിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതിനാല്‍ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യവും ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഉയര്‍ത്തുന്ന കാര്യവും ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ല.

പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരത്തിനായി എല്ലാ ജില്ലകളിലും ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലാ പ്രവാസി പരാതി പരിഹാര സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ സമിതികള്‍ രണ്ട് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പരാതികളിന്മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. കൂടാതെ പ്രവാസി മലയാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനും പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷനും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പ്രവാസി മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ ക്കുമായി ഒരു സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നോര്‍ക്കാ റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെരുമാൾ ആചാരി കെ (83) അന്തരിച്ചു

പെരുമാൾ ആചാരി കെ (83) അന്തരിച്ചു

ആറ്റിങ്ങൽ: പാലസ് റോഡ് അക്കരവിള ലക്ഷ്മി നിവാസിൽ (എംആർഎ:93 എ) പെരുമാൾ ആചാരി കെ (83) അന്തരിച്ചു.

ഭാര്യ: ശാന്ത അമ്മാൾ എൽ.
മക്കൾ: ശബരിനാഥ് പി (സ്വയംവര സിൽക്സ്), വിഷ്ണു പി (സ്റ്റീൽ ഇൻഡസ്ട്രിയൽ ഫോറിൻ ലിമിറ്റഡ്, തൃശൂർ).
മരുമകൾ: ഡോ:ആതിരാ വിജയൻ.
സംസ്കാരം ഇന്ന് വൈകുന്നേരം 5.30 ന് ആറ്റിങ്ങൽ മുനിസിപ്പൽ ശാന്തി കവാടത്തിൽ.

രാജേന്ദ്രൻ എം (62) അന്തരിച്ചു.

രാജേന്ദ്രൻ എം (62) അന്തരിച്ചു.

ആറ്റിങ്ങൽ: ഐ.റ്റി.ഐ യ്ക്ക് സമീപം എം.എസ് നിവാസിൽ(ജി.എൻ.ആർ.എ:158) പരേതനായ എസ് മാധവന്റേയൂം ഡി സുമതി അമ്മയുടേയും മകൻ രാജേന്ദ്രൻ എം (62) (റിട്ടയേർഡ് എക്സിക്യൂട്ടീവ് എൻജിനീയർ, എൽ.എസ്.ജി.ഡി, വയനാട്) അന്തരിച്ചു.

ഭാര്യ: എസ് സിന്ധു.
മക്കൾ: ദേവ് ആർ.എസ് (ഐ.റ്റി സോഫ്റ്റ്‌വെയർ എഞ്ചിനീയർ),ദേവി ആർ.എസ് .
മരുമകൾ: നികേത (ഫുഡ് സേഫ്റ്റി ഓഫീസർ, എറണാകുളം).
സഹോദരങ്ങൾ: സതീഷ് ശർമ്മ എം(അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരളാ വാട്ടർ അതോറിറ്റി), എസ് തങ്കച്ചി (ലെജിസ്ലേറ്റീവ് അസംബ്ലി), എസ് വിജയ, പരേതനായ എം രാജാമണി(സി.ഐ.റ്റി.യു).