കവടിയാറിൽ ഫുട്പാത്തിലേക്ക് കാർ ഇരച്ചുകയറി, കൂട്ടയിടി; കാൽനടയാത്രികയായ യുവതി മരിച്ചു

കവടിയാറിൽ ഫുട്പാത്തിലേക്ക് കാർ ഇരച്ചുകയറി, കൂട്ടയിടി; കാൽനടയാത്രികയായ യുവതി മരിച്ചു

തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. നാലു കാറും രണ്ട് ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 10.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ഒരു യുവതി മരിച്ചു.

പാലക്കാട് സ്വദേശി നൗഷിക (24) ആണ് മരിച്ചത്. ഭര്‍ത്താവ് ആഷിക്കിനും പരിക്കേറ്റിട്ടുണ്ട്. ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന രണ്ടുപേരെയും കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയും പിന്നീട് മറ്റു വാഹനങ്ങളില്‍ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ നയിക്കുന്ന കെസി മുഖ്യമന്ത്രിയാകാന്‍ പരമയോഗ്യന്‍: ടി പത്മനാഭന്‍

രാഹുല്‍ ഗാന്ധിയെ നയിക്കുന്ന കെസി മുഖ്യമന്ത്രിയാകാന്‍ പരമയോഗ്യന്‍: ടി പത്മനാഭന്‍

കണ്ണൂര്‍: മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് പിന്തുണയുമായി കഥാകൃത്ത് ടി പത്മനാഭന്‍. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയാകാനുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലുള്ള മൂന്നുപേരില്‍ കെ സി വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും വ്യക്തിപരമായി ബന്ധമുണ്ട്. എന്നാല്‍ വി ഡി സതീശനുമായി അത്ര അടുപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിചയത്തിന്റെയും വാര്‍ത്തകളുടെയും വ്യക്തിബന്ധങ്ങളുടെയും അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം നല്‍കുക കെ സി വേണുഗോപാലിനാണ്. പരമയോഗ്യനായ വേണുഗോപാലിന്റെ ഗുണങ്ങളും അര്‍ഹതയും മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലും അസംബ്ലിയിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് കെ സി വേണുഗോപാല്‍.

രാഹുല്‍ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ, അദ്ദേഹത്തെ നയിക്കുന്ന വേണുഗോപാലിനെ മുഖ്യമന്ത്രിയായി പിന്തുണയ്ക്കാന്‍ കാരണമിതാണെന്നും ടിപത്മനാഭന്‍ കണ്ണൂരില്‍ പറഞ്ഞു.

സ്വർണം വാങ്ങാൻ മികച്ച സമയം; വിലയിൽ വീണ്ടും കുറവ്

സ്വർണം വാങ്ങാൻ മികച്ച സമയം; വിലയിൽ വീണ്ടും കുറവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞു. പവന് 240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,11,960 രൂപയായി. ഒരു ഗ്രാമിന് 13,995 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വലിയ വില വർധനയാണ് രേഖപ്പെടുത്തിയിരുന്നത്.

തുടർച്ചയായ വില വർധന സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നവരെ ആശങ്കയിലാക്കിയിരുന്നു. വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്ന സാധാരണക്കാരെയും ഇത് സാരമായി ബാധിച്ചു. സ്വർണവില ഇനിയും ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ പുതിയ വിലക്കുറവ് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ആഭരണ വിപണിയിൽ വരും ദിവസങ്ങളിലും ഈ മാറ്റങ്ങൾ പ്രതിഫലിക്കുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. വിലക്കുറവ് വിപണിയിൽ കൂടുതൽ ഉണർവ് ഉണ്ടാക്കുമെന്നും കരുതുന്നു.

വരുമാനത്തിൽ 300 കോടി ക്ലബ്ബിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ; നൂറ് കോടി പോലും തൊടാതെ കോട്ടയം

വരുമാനത്തിൽ 300 കോടി ക്ലബ്ബിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ; നൂറ് കോടി പോലും തൊടാതെ കോട്ടയം

കൊച്ചി: യാത്രാ വരുമാനത്തിൽ റെക്കോർഡിട്ട് തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ. 2025- 26 സാമ്പത്തികവർഷത്തിൽ 300 കോടിയിലധികമാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ വരുമാനം. 319.21 കോടി രൂപയാണ് സ്റ്റേഷൻ നേടിയത്. 288.32 കോടിയാണ് മുൻ വർഷത്തെ നേട്ടം. ഏറ്റവും കുറവ് വരുമാനം ലഭിച്ചത് കോട്ടയം റെയിൽവേ സ്റ്റേഷനാണ്. 100 കോടി തൊടാൻ പോലും കോട്ടയം സ്റ്റേഷന് കഴിഞ്ഞില്ല.

89.53 കോടിയാണ് ഈ വർഷം കോട്ടയം റെയിൽവേ സ്റ്റേഷന്റെ വരുമാനം. കഴിഞ്ഞ തവണ 87.55 കോടിയായിരുന്നു വരുമാനം. 267.50 കോടി രൂപ നേടി എറണാകുളം ജംങ്ഷൻ രണ്ടാം സ്ഥാനത്തുണ്ട്. മുൻ വർഷത്തേതിൽ നിന്ന് 17.55 കോടി രൂപയുടെ വർധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് കൂടുതൽ വരുമാനമുള്ള മൂന്നാമത്തെ റെയിൽവേ സ്റ്റേഷൻ കോഴിക്കോട് ആണ്.

28.51 കോടിയിൽ നിന്ന് 218.63 കോടി രൂപയാണ് നേടിയത്. ഏഴാം സ്ഥാനത്തായിരുന്ന കണ്ണൂർ റെയിൽവേ സ്റ്റേഷൻ 136.11 കോടി വരുമാനത്തിലൂടെ ആറാം സ്ഥാനത്തായി. 100 കോടി ക്ലബ്ബിൽ ഇടംനേടിയ ആലുവ പത്താം സ്ഥാനത്തു നിന്ന് ഒൻപതിലേക്കും കയറി. പത്തനംതിട്ട സ്വദേശി നിഖിൽ എസ് ആനന്ദിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ചെങ്ങന്നൂർ, തിരുവനന്തപുരം നോർത്ത്, ഷൊർണൂർ ജംങ്ഷൻ, കായംകുളം തുടങ്ങിയ റെയിൽവേ സ്റ്റേഷനുകൾ 50 കോടി ക്ലബ്ബിലും ഇടം പിടിച്ചു. കാസർകോട്, തലശ്ശേരി എന്നിവ 50 കോടിയിലേക്ക് കുതിക്കുകയാണ്. റിസർവ് യാത്രക്കാരുടെ വരുമാനത്തിനൊപ്പം അൺ റിസർവ്ഡ് യാത്രാ വരുമാനവും ഇത്തവണ കൂടിയിട്ടുണ്ട്.

2024- 25 വർഷത്തെ കണക്കുപ്രകാരം കേരളത്തിലെ രണ്ട്‌ വന്ദേ ഭാരതുകളുടെ വരുമാനം 163 കോടി രൂപയാണ്. തിരുവനന്തപുരം- 319.21 കോടി, എറണാകുളം ജംങ്ഷൻ- 267.50 കോടി, കോഴിക്കോട്- 218.63 കോടി, തൃശൂർ- 195.44 കോടി, എറണാകുളം ടൗൺ- 164.93 കോടി, കണ്ണൂർ- 136.11 കോടി, പാലക്കാട്- 132.11 കോടി, കൊല്ലം- 120.85 കോടി, ആലുവ- 100.45 കോടി, കോട്ടയം- 89.53 കോടി എന്നിങ്ങനെയാണ് വിവിധ റെയിൽവേ സ്റ്റേഷനിലെ വരുമാന കണക്കുകൾ.

നോവലിസ്റ്റ് സുനിൽ വെട്ടിയറ അന്തരിച്ചു​

നോവലിസ്റ്റ് സുനിൽ വെട്ടിയറ അന്തരിച്ചു​

പാരിപ്പള്ളി: ​നോവലിസ്റ്റും നിരൂപകനുമായ കിഴക്കന്നേല കുറ്റിക്കാട് ക്ഷേത്രത്തിന് സമീപം ശ്രീരാഗം വീട്ടിൽ സുനിൽ വെട്ടിയറ (സുനിൽ കുമാർ (60) അന്തരിച്ചു. സിപിഐ എം മുൻ ലോക്കൽ കമ്മിറ്റി അംഗവും എള്ളുവിള ബ്രാഞ്ച് അംഗവുമായിരുന്നു. നാവായിക്കുളം മലയാള വേദി ഭാരവാഹി, പാരിപ്പള്ളി ഗണേഷ് മെമ്മോറിയൽ ഗ്രന്ഥശാല ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

ഭാര്യ: പ്രിയ
മകൾ: സരയു