ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

ബെംഗളൂരു: ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപ്പിടിച്ചു. പയ്യന്നൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ബസിനാണ് തീപിടിച്ചത്. കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു അപകടം. തീപിടിത്തത്തില്‍ ആളപായമോ പരിക്കോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിത്തമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

അപകട സമയത്ത് ബസില്‍ അധികം യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. രണ്ട് യാത്രക്കാരും കണ്ടക്ടറും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്. പുക ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ എല്ലാവരും പുറത്തിറങ്ങുകയായിരുന്നു. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6:45ഓടെയായിരുന്നു അപകടം. കെങ്കേരിയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേന എത്തി തീ അണച്ചു.

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം

പാലക്കാട്: ജില്ലയില്‍ കാലവര്‍ഷം തുടരുന്ന സാഹചര്യത്തിൽ നെല്ലിയാമ്പതി ചുരം റോഡില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ സുധീര്‍ ഉത്തരവിറക്കി. കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത നിലനില്‍ക്കുന്നതിനാൽ പൊതുജന സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം. നിലവില്‍ ചുരം റോഡിലെ മണ്ണിടിച്ചില്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും, വീണ്ടും അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ ഉത്തരവ്. നെല്ലിയാമ്പതി പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലെ യാത്രകള്‍ ഒഴികെ, പുറത്തു നിന്നുള്ളവര്‍ക്ക് ചുരത്തിലൂടെയുള്ള പ്രവേശനം പൂര്‍ണമായും നിരോധിച്ചു.

ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായുള്ള എല്ലാവിധ യാത്രകളും, ചുരം വഴിയുള്ള ഭാര വാഹനങ്ങളുടെ ഗതാഗതവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ അത്യാവശ്യ യാത്രകള്‍ക്കും അടിയന്തര വൈദ്യസഹായ ആവശ്യങ്ങള്‍ക്കുമുള്ള വാഹനങ്ങള്‍ക്കൊഴികെ മറ്റെല്ലാ വാഹനങ്ങള്‍ക്കും വൈകീട്ട് 6 മുതല്‍ രാവിലെ 6 മണിവരെ രാത്രികാല യാത്രാ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

സോക്‌സിലും വസ്ത്രത്തിനുള്ളിലും പണം! അയോധ്യയില്‍ നടന്ന കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി

സോക്‌സിലും വസ്ത്രത്തിനുള്ളിലും പണം! അയോധ്യയില്‍ നടന്ന കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ടുപേരില്‍ അഞ്ചാളുകള്‍ പണം എണ്ണുന്നതിനിടയില്‍ വസ്ത്രത്തിലും സോക്‌സിലും ഒളിപ്പിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍. ഇതോടെ ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ജീവനക്കാര്‍ക്ക് കീശകളില്ലാത്ത പ്രത്യേക യൂണിഫോം നിര്‍ബന്ധമാക്കി. കാണിക്കപ്പണം എണ്ണുന്ന കേന്ദ്രത്തില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. രാമക്ഷേത്രത്തിന് 200 മീറ്റര്‍ അകലെയുള്ള സംഭാവന എണ്ണല്‍ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങളിലാണ് പണം മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ആരും ശ്രദ്ധിക്കാത്ത സമയത്ത് ചിലര്‍ നോട്ടുകെട്ടുകള്‍ വസ്ത്രത്തില്‍ ഒളിപ്പിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പൊലീസ് പണം പിടിച്ചെടുത്തിരുന്നു.

180 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാല്‍ 45 ദിവസത്തെ സിസിടിവി മാത്രമാണ് ഉണ്ടായിരുന്നത്. എത്രകാലമായി മോഷണം നടക്കുന്നു എന്നത് കണ്ടെത്താനായില്ല. ട്രസ്റ്റിന്റെ അഞ്ചുവര്‍ഷത്തെ അക്കൗണ്ടുകള്‍ പ്രത്യേക അന്വേഷണ സംഘം വീണ്ടും ഓഡിറ്റ് ചെയ്യും.

ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട ചെലവുകളും സംഭാവനകളായി ലഭിച്ച സ്വര്‍ണവും വെള്ളിയും മറ്റ് അമൂല്യവസ്തുക്കളും പരിശോധിക്കും. അതിനിടെ, പ്രതികളില്‍ ഒരാളായ അവിനാശ് ശുക്ലയെ അയോധ്യയിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ഓഫീസില്‍ ചോദ്യം ചെയ്തു. സംഭാവ കൊള്ളയില്‍ ആര്‍എസ്എസ് ദുഃഖവും രോഷവും പ്രകടിപ്പിച്ചു. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെല്ലാം കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ആര്‍എസ്എസ് വ്യക്തമാക്കി.

‘അണിയറയിൽ ഒരുങ്ങിയത് ‘കേരള സ്റ്റോറി’; കലാകാരൻമാരുടെ ഇടയിൽ ധ്രുവീകരണം നടത്തുന്ന ആൾക്കാരല്ല ‘അമ്മ’ ഭരിക്കേണ്ടത്’

‘അണിയറയിൽ ഒരുങ്ങിയത് ‘കേരള സ്റ്റോറി’; കലാകാരൻമാരുടെ ഇടയിൽ ധ്രുവീകരണം നടത്തുന്ന ആൾക്കാരല്ല ‘അമ്മ’ ഭരിക്കേണ്ടത്’

കൊച്ചി: താരസംഘടന ‘അമ്മ’യിലെ തർക്കം തുടരുന്ന സാഹചര്യത്തിൽ പ്രതികരിച്ച് അൻസിബ ഹസനും ഉഷ ഹസീനയും. ‘അമ്മ’ ഭരണസമിതിക്കെതിരെ രൂക്ഷവിമർശനമാണ് നടിമാർ ഉന്നയിച്ചത്. സ്ത്രീകൾ നേതൃനിരയിൽ വരണമെന്നായിരുന്നു ആ​ഗ്രഹിച്ചതെന്നും എന്നാൽ കഴിഞ്ഞ ഭരണസമിതി അപമാനിച്ചെന്നും ഉഷ ഹസീന പ്രതികരിച്ചു.

ഭരണസമിതി അം​ഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചിട്ടില്ലെന്നും ഉഷ പ്രതികരിച്ചു. പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ ഈ​ഗോ ക്ലാഷ് ഉണ്ടായി. അൻസിബയുടെ പരാതികൾ അവ​ഗണിക്കുകയും പരിഹസിക്കുകയും ചെയ്തുവെന്നും ഉഷ ഹസീന കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.

ധ്രുവീകരണം നടത്തുന്ന വർ​ഗീയവാദം നടത്തുന്ന മനുഷ്യരെ ഒന്നായി കാണാൻ പറ്റാത്ത കലാകാരൻമാരുടെ ഇടയിൽ ധ്രുവീകരണം നടത്തുന്ന ആൾക്കാരല്ല അമ്മ ഭരിക്കേണ്ടത്. കേരളം അങ്ങനെ തന്നെയാണെന്നാണ് താനിപ്പോഴും വിശ്വസിക്കുന്നത്. ആ കേരളത്തിനോട് ഒരു ഉത്തരവാദിത്വം ഉള്ളതുകൊണ്ട് അവിടെ നടക്കാനുദ്ദേശിക്കുന്ന കാര്യം നാളെ വരാനിരിക്കുന്ന ഒരു കേരള സ്റ്റോറിയാണ് എന്ന് മനസിലായതു കൊണ്ടും അതിനെ എതിർക്കണമെന്നുള്ള ഉത്തമവിശ്വാസത്തിലാണ് താൻ പ്രതികരിച്ചതെന്നും മാല പാർവതി വ്യക്തമാക്കി.

ആ സ്ക്രിപ്റ്റ് നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ. ഒരു സിനിമാ നടി തട്ടമിടാത്ത, ഒരുതരത്തിലും ജാതിമതങ്ങളൊന്നുമില്ലാത്ത അമ്പലത്തിൽ വരെ പോകുന്ന ഒരു മലപ്പുറംകാരി, മുസ്ലീം. അവളവിടെ മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നു എന്നൊരു കഥ സിനിമയായിട്ട് വന്നാൽ നോർത്ത് ഇന്ത്യയിൽ ഓടും. ഈ കഥയാണ് അവിടെ സൃഷ്ടിക്കപ്പെടുന്നത് എന്ന് മനസിലായതു കൊണ്ടാണ് ഞാനിത് എതിർത്തത്. മാല പാർവതി പറഞ്ഞു.

ലക്ഷ്മി പ്രിയ തന്നെ വ്യക്തിഹത്യ നടത്തിയെന്നും ഇതിനെതിരെ താൻ പാലാരിവട്ടം സ്റ്റേഷനിൽ പരാതി നൽകിയെന്നും അൻസിബ പറഞ്ഞു. അനീതിയാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നതെന്നും കേരളം വർ​ഗീയവത്കരിക്കപ്പെട്ട ഒരു സംസ്ഥാനമായി മാറരുതെന്നും അൻസിബ മാധ്യമങ്ങളോട് പറഞ്ഞു.

“എത്രയും പെട്ടെന്ന് ചെറുപ്പക്കാരായ കുട്ടികൾ, ധ്യാൻ ശ്രീനിവാസന്റെയൊക്കെ നേതൃത്വത്തിലുള്ള ചെറുപ്പക്കാരായ കുട്ടികൾ ഇലക്ഷന് നിൽക്കണം. മമ്മൂട്ടി, മോ​ഹൻലാൽ, സുരേഷ് ​ഗോപി എന്നിവരൊക്കെ രക്ഷാധികാരികളായി വന്നു കൊണ്ട് ഈ സംഘടനയെ ഏറ്റെടുക്കണം. ഞങ്ങളുടെ എല്ലാവരുടെയും അഭിപ്രായം ചെറുപ്പക്കാർ വരണമെന്നാണ്. ശ്വേത അവിടെ വരരുതെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല”.- മാല പാർവതി പറഞ്ഞു.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്, തൃശൂര്‍ ജില്ലയ്ക്ക് അവധി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്, തൃശൂര്‍ ജില്ലയ്ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥ മോശമായതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. കനത്ത മഴയെ തുടർന്ന് തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. താലൂക്കുകളിൽ നിന്നും ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും ജില്ലയിലെ ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും തുടരുന്ന മഴയുടെ സാഹചര്യവും മുൻനിർത്തിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വരും ദിവസങ്ങളിലെ മുന്നറിയിപ്പ്(യെല്ലോ അലെര്‍ട്ട്)

05/07/2026: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

06/07/2026: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

07/07/2026: എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന/റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കേണ്ടതാണ്.