മസ്റ്ററിങ്ങ് നടത്താത്തവര്‍ക്ക് ഈ മാസം 31 ന് ശേഷം റേഷന്‍ ഇല്ല

മസ്റ്ററിങ്ങ് നടത്താത്തവര്‍ക്ക് ഈ മാസം 31 ന് ശേഷം റേഷന്‍ ഇല്ല

തിരുവനന്തപുരം: ഈ മാസം 31 നകം മസ്റ്ററിങ്ങ് നടത്താത്ത മുന്‍ഗണന കാര്‍ഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയില്‍ നിന്നും ഒഴിവാക്കും. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍ വ്യക്തമാക്കി.

95.83 ശതമാനം മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. റേഷന്‍ കടകളില്‍ മസ്റ്ററിങ്ങിന് സൗകര്യമുണ്ട്. കിടപ്പുരോഗികളുടെ മസ്റ്ററിങ്ങിന് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തും. മേരാ കെ വൈ സി ആപ്പിലൂടെയും മസ്റ്ററിങ്ങ് നടത്താവുന്നതാണ്.

പരമാവധി പേര്‍ക്ക് മസ്റ്ററിങ്ങ് നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴില്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കേരളത്തിന് പുറത്ത് താമസിക്കുന്നവരെ എന്‍ആര്‍കെ സ്റ്റാറ്റസ് നല്‍കി റേഷന്‍ കാര്‍ഡില്‍ നിലനിര്‍ത്തും. ഇവര്‍ക്ക് തല്‍ക്കാലം റേഷന്‍ വിഹിതം കിട്ടില്ലെങ്കിലും മസ്റ്ററിങ്ങിന് ശേഷം ലഭ്യമാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

തലസ്ഥാനം ഭക്തിസാന്ദ്രം; പണ്ടാര അടുപ്പില്‍ തീപകര്‍ന്നു

തലസ്ഥാനം ഭക്തിസാന്ദ്രം; പണ്ടാര അടുപ്പില്‍ തീപകര്‍ന്നു

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പണ്ടാര അടുപ്പിൽ തീ പകർന്നു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ തലസ്ഥാനനഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ്. ഉച്ചയ്ക്ക് 1.15 നാണ് നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.

ഇത്തവണ തലസ്ഥാന ന​ഗരിയിൽ പൊങ്കാല സമർപ്പണത്തിന് മുൻവർഷങ്ങളിലേക്കാൾ തിരക്കാണ്. ഇന്നലെ വൈകീട്ട് ദേവീദർശനത്തിനായി നീണ്ട ക്യൂ ഉണ്ടായിരുന്നു. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചു. 10.15 മണിക്കായിരുന്നു അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം സമര്‍പ്പിക്കുക. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പൊലീസ് ഒരുക്കിയിരിക്കുന്നത്. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നിട്ടുണ്ട്.

അതേസമയം, സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്. ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണം. ഇന്നലെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചിട്ടുണ്ട്.

സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍; 65,000ന് തൊട്ടരികില്‍

സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍; 65,000ന് തൊട്ടരികില്‍

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് 65,000ന് തൊട്ടരികില്‍ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്ന് 440 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000ന് തൊട്ടരികില്‍ എത്തി പുതിയ ഉയരം കുറിച്ചത്. 64,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 8120 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.

ഇരുമുടിക്കെട്ടുമായി വരുന്ന തീർഥാടകർക്ക് മുൻ​ഗണന; ശബരിമലയിൽ നാളെ മുതൽ പുതിയ ​ദർശന രീതി

പത്തനംതിട്ട: സന്നിധാനത്തെ പുതിയ ദർശന രീതി നാളെ മുതൽ നടപ്പാക്കും. പുതിയ ദർശന രീതിയിൽ ഇരുമുടിക്കെട്ടുമായി വരുന്ന തീർഥാടകർക്കാണ് മുൻ​ഗണന. മീന മാസ പൂജയ്ക്ക് നാളെ വൈകിട്ട് 5 ന് നട തുറക്കും. നാളെ മുതൽ തീർഥാടകരെ കടത്തിവിട്ട് പുതിയ ദർശന രീതി പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇരുമുടിക്കെട്ട് ഇല്ലാതെ വരുന്നവർ നെയ്യഭിഷേകത്തിന് വരി നിൽക്കുന്നതിന് സമീപത്തു കൂടി മേൽപാലം കയറി പഴയ രീതിയിൽ സോപാനത്ത് എത്തി ദർശനം നടത്തണം.

ഇതിനായി ആദ്യ രണ്ടു നിരയാണ് ഉദ്ദേശിക്കുന്നത്. പൂജകളും വഴിപാടുകളും ഉള്ള സമയത്ത് ഒന്നാം നിരയിൽ വഴിപാടുകാർക്കാണ് സ്ഥാനം. പതിനെട്ടാം പടി കയറി വരുന്നവരെ മാത്രം ബലിക്കൽപുര വഴി കടത്തി വിടാനാണ് തീരുമാനം. ഇവർക്ക് കുറഞ്ഞത് 20 മുതൽ‌ 25 സെക്കന്റ് ദർശനം ലഭിക്കുന്ന വിധത്തിലാണ് പുതിയ ക്രമീകരണം.

പുതിയ ദർശന രീതി നടപ്പാക്കുന്നതിനുള്ള പ്ലാറ്റ്ഫോം, ബാരിക്കേഡ്, രണ്ട് വശത്തെ ക്യൂവിൽ ഉള്ളവരെ വേർതിരിക്കാനുള്ള കാണിക്ക വഞ്ചി എന്നിവയുടെ പണികൾ പൂർത്തിയാകുന്നു. 15 മുതൽ 19 വരെയാണ് മീന മാസ പൂജ. ദിവസവും ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം, 25 കലശം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. 19ന് രാത്രി 10ന് നട അടയ്ക്കും.

ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി; ആറ്റുകാൽ പൊങ്കാല ഇന്ന്

ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി; ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും. രാവിലെ 10:15 നാണ് അടുപ്പുവെട്ട്. നിവേദ്യം ഉച്ചയ്ക്ക് 1.15 ന്.

ഇന്നലെ വൈകിട്ട് ദേവി ദർശനത്തിനായി നീണ്ട ക്യൂ ആണ് ആറ്റുകാൽ ക്ഷേത്രത്തിൽ ഉണ്ടായത്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നിട്ടുണ്ട്.

അതേസമയം സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്. ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണം. ഇന്നലെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്നതും അമിതമായ മാലിന്യ ഉല്പാദനത്തിന് കാരണവുമാകുന്ന ഉല്പന്നങ്ങള്‍ ഒഴിവാക്കുന്നതിനും പകരം സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ്, സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനും ഭക്തജനങ്ങളും അന്നദാനവും കുടിവെള്ളവും വിതരണം ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.