by Midhun HP News | Feb 27, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഫോര്‍ട്ട് സ്‌റ്റേഷനിലെ മൂന്നാംമുറയില്‍ നാലു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്‌ഐ, എഎസ്‌ഐ, രണ്ടു സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
മോഷണക്കേസ് പ്രതിയായ ജിനുവിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നതാണ് കേസ്. ബൈക്ക് മോഷണ കേസിലെ പ്രതികള്‍ക്കെതിരെ മൂന്നാംമുറ പ്രയോഗിച്ചതില്‍ ഇവര്‍ കുറ്റക്കാരാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാലു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവിറങ്ങിയത്.
കേസില്‍ കസ്റ്റഡിയിലെടുത്ത ജിനു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജീവന് വേണ്ടി മല്ലിടുകയാണ്. കിഡ്‌നി തകര്‍ന്നതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. പൊലീസുകാരുടെ മൂന്നാംമുറയെ തുടര്‍ന്ന് ഗുരുതര പരിക്കാണ് ജിനുവിന് ഉണ്ടായത്. ജിനുവിന് പുറമേ കേസില്‍ അറസറ്റ് ചെയ്യപ്പെട്ട ഉണ്ണി എന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ജിനുവിന്റെ വൃക്കകള്‍ക്കും മസിലിനും ക്ഷതമേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊച്ചിയില്‍ നിന്നാണ് ജിനുവിനെ പിടികൂടിയത്. എന്നാല്‍ തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത് എന്ന് കാണിക്കാന്‍ വ്യാജ രേഖ ഉണ്ടാക്കി. അത്തരത്തില്‍ അറസ്റ്റ് റിപ്പോര്‍ട്ടിലും കൃത്രിമം കാട്ടി എന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുമ്പോള്‍ വാഹനത്തില്‍ ഇട്ടും തിരുവനന്തപുരത്ത് എത്തിച്ച ശേഷം സ്റ്റേഷനില്‍ ഇട്ടും ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാലു പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും നിര്‍ദേശിച്ചിട്ടുണ്ട്.
by Midhun HP News | Feb 27, 2026 | Latest News, ജില്ലാ വാർത്ത
ഏഴ് വര്‍ഷത്തെ നീണ്ട പ്രണയ കാലത്തിന് ശേഷം രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായിരിക്കുകയാണ്. ഉദയ്പൂരില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇന്ത്യന്‍ സിനിമയിലെ മിന്നും താരങ്ങള്‍ ഒന്നായത്. സോഷ്യല്‍ മീഡിയ വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളാണ്. രശ്മികയുടേയും വിജയിയുടേയും സന്തോഷത്തിന്റെ ഭാഗമാവുകയാണ് സിനിമാ ലോകവും ആരാധകരും.
ഏഴ് വര്‍ഷത്തെ നീണ്ട പ്രണയ കാലത്തിന് ശേഷം രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായിരിക്കുകയാണ്. ഉദയ്പൂരില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇന്ത്യന്‍ സിനിമയിലെ മിന്നും താരങ്ങള്‍ ഒന്നായത്. സോഷ്യല്‍ മീഡിയ വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളാണ്. രശ്മികയുടേയും വിജയിയുടേയും സന്തോഷത്തിന്റെ ഭാഗമാവുകയാണ് സിനിമാ ലോകവും ആരാധകരും.
രശ്മികയും വിജയിയും വിവാഹിതരാകുമ്പോള്‍ ആരാധകരുടെ മനസിലേക്ക് ഗീത ഗോവിന്ദത്തിലെ വിവാഹ രംഗവും കടന്നു വരുന്നുണ്ട്. ഇരുവരുടേയും കഥാപാത്രങ്ങള്‍ വിവാഹിതരാകുന്നിടത്താണ് ഗീത ഗോവിന്ദം അവസാനിക്കുന്നത്. ആരാധകരുടെ മനസ് നിറച്ച രംഗമാണെങ്കിലും, ഈ രംഗം ചിത്രീകരിക്കുമ്പോള്‍ താനാകെ ഭയന്നു പോയിരുന്നുവെന്ന് മുമ്പൊരിക്കല്‍ വിജയ് പറഞ്ഞിരുന്നു.
”മണ്ഡപത്തില്‍ ചെന്നിരിക്കുന്നതിലൊന്നും കുഴപ്പമില്ല. പക്ഷെ ഞാന്‍ അവളുടെ കഴുത്തില്‍ താലിയില്‍ മൂന്ന് കെട്ടിടുന്ന രംഗമുണ്ട്. അത് എന്നെ ഭയപ്പെടുത്തി. വെറും ഷൂട്ടിങ് ആണെന്ന് അറിയാമായിരുന്നെങ്കിലും, എന്റെ തൊട്ടടുത്തിരിക്കുന്ന പെണ്‍കുട്ടി പട്ടു സാരിയൊക്കെ ധരിച്ചാണിരിക്കുന്നത്. ഞാനും പട്ട് വസ്ത്രം ധരിച്ചിരിക്കുന്നു. ശരിക്കുമൊരു കല്യാണം പോലെ തന്നെ ഉണ്ടായിരുന്നു. പൂക്കളടക്കം എല്ലാമുണ്ടായിരുന്നു. അവര്‍ എന്നോട് മൂന്ന് കെട്ടിടാന്‍ പറയുകയും ചെയ്തു” എന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്.
”എന്താണ് ഈ സംഭവിക്കുന്നത്? എന്ന് ഞാന്‍ ഭയന്നു. ഇത് അസാധാരണമാണെന്ന് ഞാന്‍ നായികയോട് പറയുകയും ചെയ്തു. സ്‌ക്രീനിലെ അവളുടെ മൂന്നാമത്തെ കല്യാണമായിരുന്നു അത്. അതിനാല്‍ അവള്‍ക്ക് ആശങ്കയുണ്ടായിരുന്നില്ല.” എന്നും വിജയ് ദേവരകൊണ്ട പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ ആ രംഗം ജീവിതത്തിലും ആവര്‍ത്തിച്ചിരിക്കുകയാണ് ഇരുവരും.
by Midhun HP News | Feb 27, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ 8ല്‍ സിംബാബ്‌വെയ്‌ക്കെതിരെ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യക്ക് അടുത്ത മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തിയാല്‍ സെമിയിലേക്ക് മുന്നേറാം. സിംബാബ്‌വെക്കെതിരായ പോരാട്ടത്തില്‍ മികച്ച റണ്‍ റേറ്റ് സ്വന്തമാക്കി സ്ഥാനം സുരക്ഷിതമാക്കാനുള്ള ശ്രമം പക്ഷേ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായില്ല. അതു ചിലപ്പോള്‍ പണി കിട്ടാനുള്ള സാധ്യതയായും നില്‍ക്കുന്നുണ്ട്.
മാര്‍ച്ച് ഒന്നിനാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം. ഇതില്‍ ജയിച്ചാല്‍ മറ്റ് വേവലാതികളൊന്നും ഇല്ലാതെ ഇന്ത്യക്ക് സെമിയുറപ്പിക്കാം. എന്നാല്‍ മഴ പെയ്ത് ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിച്ചാല്‍ ഇന്ത്യ പുറത്താകും. വെസ്റ്റ് ഇന്‍ഡീസ് സെമിയിലെത്തുകയും ചെയ്യും. കാരണം നെറ്റ് റണ്‍റേറ്റില്‍ നിലവില്‍ വിന്‍ഡീസ് തന്നെയാണ് മുന്നില്‍. ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് നെഗറ്റീവില്‍ തന്നെ നില്‍ക്കുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തില്‍ വിന്‍ഡീസ് കനത്ത തോല്‍വി വഴങ്ങിയിരുന്നു. അവരുടെ നെറ്റ് റണ്‍റേറ്റ് +5.350ല്‍ നിന്നു +1.791 ആയി കുത്തനെ ഇടിഞ്ഞെങ്കിലും അപ്പോഴും അവര്‍ക്ക് രണ്ടാം സ്ഥാനം കൈവിടേണ്ടി വന്നില്ല. – 0.100 ആണ് ഇന്ത്യയുടെ നിലവിലെ നെറ്റ് റണ്‍ റേറ്റ്.
സിംബാബ്‌വെക്കെതിരെ 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ ഇന്ത്യക്ക് അവരെ 101 റണ്‍സിനെങ്കിലും ഓള്‍ ഔട്ടാക്കിയാല്‍ വിന്‍ഡീസിനെ മറികടന്ന് നെറ്റ് റണ്‍റേറ്റില്‍ മുന്നിലെത്താന്‍ സാധിക്കുമായിരുന്നു. 151 റണ്‍സിന്റേയെങ്കിലും വിജയമുണ്ടങ്കില്‍ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റില്‍ വിന്‍ഡീസിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താമായിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് അത്തരമൊരു ഉദ്ദേശമുണ്ടായിരുന്നില്ല.
151 റണ്‍സ് മാര്‍ജിനില്‍ വിജയം സ്വന്തമാക്കിയാല്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഏതാണ്ട് +1.800ല്‍ എത്തുമായിരുന്നു. അങ്ങനെ ഇന്ത്യക്ക് സ്ഥാനം സുരക്ഷിതമാക്കി വെസ്റ്റ് ഇന്‍ഡീസിനെ നേരിടാനിറങ്ങാനും സാധിക്കുമായിരുന്നു. എന്നാല്‍ അതിനൊന്നും ടീം മിനക്കെട്ടില്ല.
by Midhun HP News | Feb 27, 2026 | Latest News, കേരളം
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ താത്പര്യം അറിയിച്ചതായി സൂചന. കാഞ്ഞിരപ്പള്ളിയിലെ സഭാ സമുദായ നേതാക്കള്‍ക്ക് താന്‍ മത്സരിക്കുന്നതില്‍ സന്തോഷമാണെന്ന് മറിയം ഉമ്മന്‍ നേതാക്കളെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. എകെ ആന്റണി ഉള്‍പ്പെടെ മറിയം ഉമ്മനെ ഫോണില്‍ വിളിച്ച് സംസാരിച്ചതായാണ് വിവരം.
തെരഞ്ഞെടുപ്പില്‍ മറിയ ഉമ്മന്‍ മത്സരിക്കുമെന്ന് നേരത്തേയും അഭ്യൂഹങ്ങളുണ്ടായിരുന്നു. കോട്ടയത്തിന് പുറത്തുള്ള മണ്ഡലങ്ങളിലേക്കും പരിഗണിക്കുന്നുവെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ കാഞ്ഞിരപ്പള്ളിയിലേക്ക് തന്നെ ചര്‍ച്ചകള്‍ എത്തിയിരിക്കുകയാണ്.
കാത്തിരപ്പിള്ളിയില്‍ താന്‍ മത്സരിച്ചാല്‍ സഭാ നേതാക്കളുടെ ഭാഗത്തു നിന്ന് പിന്തുണ ലഭിക്കുമെന്ന് മറിയ ഉമ്മന്‍ നേതാക്കളെ അറിയിച്ചതായാണ് വിവരം. മറിയ ഉമ്മനെ കാഞ്ഞിരപ്പള്ളിയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തുവരുമ്പോള്‍ കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥിയെന്ന തരത്തില്‍ എതിര്‍പ്പുകളും ശക്തമാണ്.
അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പൂര്‍ണമായി തള്ളാതെയാണ് മറിയയുടെ പ്രതികരണം. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ആലോചിച്ച് തീരുമാനിക്കുമെന്നാണ് മറിയ ഉമ്മന്‍ വാര്‍ത്തകളോട് പ്രതികരിക്കുന്നത്. ‘നിലവിലെ സാഹചര്യത്തില്‍ തന്റെ കരിയറും മുന്നിലുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് പദ്ധതി. സ്ഥാനാര്‍ഥിയാകണമെന്ന ഒരു ആവശ്യവുമായി വരികയാണെങ്കില്‍ ആ സമയത്ത് എല്ലാവരുമായും ചിന്തിച്ച് കുടുംബവുമായി സംസാരിച്ച് ഉചിതമായ തീരുമാനം എടുക്കും’ എന്നായിരുന്നു മറിയ ഉമ്മന്റെ പ്രതികരണം.
നിലവില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളിയില്‍ മറിയ ഉമ്മനെ ഇറക്കി തിരിച്ചു പിടിക്കാമെന്നാണ് പ്രതീക്ഷ. 2011 മുതല്‍ തുടര്‍ച്ചയായി കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രൊഫ എന്‍ ജയരാജാണ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എംഎല്‍എ. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ കൂടി മത്സരത്തിനിറങ്ങിയാല്‍ മണ്ഡലത്തില്‍ മത്സരം കടുക്കും.
by Midhun HP News | Feb 27, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സുപ്രധാന കേസുകളില്‍ ഒന്നായിരുന്നു ഡല്‍ഹി മദ്യനയക്കേസ്. രാജ്യതലസ്ഥാനത്തിന്റെ അധികാര ഭൂമികയില്‍ നിന്ന് കോണ്‍ഗ്രസിനെയും ബിജെപിയെയും തൂത്തെറിഞ്ഞ് ഭരണത്തിലേറിയ ആം ആദ്മി പാര്‍ട്ടിയുടെ വിശ്വസ്തയും ജനകീയതയും തകര്‍ക്കുന്നതിലും ബിജെപിയെ വീണ്ടും അധികാരത്തിലെത്താനും സഹായിച്ചതില്‍ ഡല്‍ഹി മദ്യനയക്കേസ് നിര്‍ണായകമായി. മദ്യനയക്കേസില്‍ സിബിഐ പ്രതിപട്ടികയില്‍പ്പെട്ട അരവിന്ദ് കെജരിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പടെ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. മദ്യനയ അഴിമതിയില്‍ സിബിഐ എടുത്ത കേസിലാണ് നടപടി. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്. കോടതി വിധി വിശദമായി പഠിച്ചുവരികയാണെന്നും എത്രയും വേഗം അപ്പീൽ കോടതിയെ സമീപിക്കുമെന്നും ഏജൻസി വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കേസില്‍ സിബിഐക്കതിരെ ഡല്‍ഹി റോസ് അവന്യൂ കോടതി രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. മദ്യനയവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതിനോ കുറ്റം ചെയ്തതിനോ യാതൊരുവിധ തെളിവുകളുമില്ലെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ ഏജന്‍സിയായ സിബിഐക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. പ്രതികള്‍ വിചാരണ നേരിടേണ്ടതില്ലെന്നും വ്യക്തമാക്കിയ കോടതി, സിബിഐ കുറ്റപത്രം മടക്കി. അന്വേഷണത്തില്‍ വലിയ വീഴ്ച സംഭവിച്ചു. വലിയ കുറ്റപത്രം നല്‍കിയത് കൊണ്ട് കാര്യമില്ലെന്നും ആരോപണം സാധൂകരിക്കാന്‍ തക്ക സാക്ഷിമൊഴികളോ തെളിവോ ഇല്ലെന്നും കോടതിചൂണ്ടിക്കാട്ടി. തെളിവില്ലാത്ത കേസിൽ ഉൾപ്പെടുത്തിയതെന്തിനെന്ന് കോടതി സിബിഐയോടു ചോദിച്ചു.
വിധികേട്ട കെജരിവാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഒരുതെറ്റും ചെയ്യാത്ത തന്നെ ആറുമാസം ജയിലില്‍ ഇട്ടുവെന്നും കള്ളനെന്ന് വ്യാപകമായി പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പ്രധാനമന്ത്രി നടത്തിയ ഗൂഢാലോചനയാണിതെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയ എതിരാളികളെ ഇങ്ങനെയല്ല നേരിടേണ്ടതെന്നും തുറന്നടിച്ചു. ‘ഞാന്‍ അഴിമതിക്കാരനല്ല, അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും സത്യസന്ധരാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്’. വികാരനിര്‍ഭരനായ കെജരിവാളിനെ ഒപ്പമുണ്ടായിരുന്ന മനീഷ് സിസോദിയയാണ് ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ചത്.
‘ഇന്ന് ഈ കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതേവിട്ടിരിക്കുന്നു. സത്യം ജയിക്കുമെന്ന് ഞങ്ങള്‍ എപ്പോഴും പറഞ്ഞിരുന്നു. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ഞങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ചത് മോദിയും അമിത് ഷായുമാണ്. ആംആദ്മി പാർട്ടിയുടെ ഏറ്റവും മുതിർന്ന അഞ്ച് നേതാക്കളെ അഴിക്കുള്ളിലാക്കി പാർട്ടിയെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കമായിരുന്നു അത്. മുഖ്യമന്ത്രിയെ വീട്ടില്‍നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ജയിലിലാക്കി. കെജരിവാള്‍ അഴിമതിക്കാരനല്ല. എന്റെ ജീവിതത്തില്‍ സത്യസന്ധത മാത്രമേ പുലര്‍ത്തിയിട്ടുള്ളൂ. കെജരിവാളും സിസോദിയയും സത്യസന്ധരാണെന്ന് ഇന്ന് കോടതി പറഞ്ഞിരിക്കുന്നു’- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദീര്‍ഘകാലത്തെ നിയമപോരാട്ടത്തിന് ശേഷമുള്ള ഈ വിധി ആം ആദ്മി പാര്‍ട്ടിക്ക് വലിയ രാഷ്ട്രീയ കരുത്ത് പകരുന്നതാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലാണ് നടന്നതെന്ന എഎപിയുടെ വാദത്തിന് ഈ വിധി അടിവരയിടുന്നു. കോടതി വിധി തിരിച്ചടിയായ സാഹചര്യത്തില്‍, വിധിക്കെതിരെ സിബിഐ ഉന്നത കോടതിയെ സമീപിക്കുമോ എന്നതാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട ഇതേ വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിയമനടപടികള്‍ തുടരുകയാണ്. എങ്കിലും സിബിഐ കേസില്‍ നിന്നുള്ള ഈ വിടുതല്‍ കെജരിവാളിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണ്ണായകമാകും.
മദ്യനയ രൂപീകരണ നടപടിക്രമങ്ങളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാര്‍, 2022 ജൂലൈയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേസ് ഉയരുന്നത്. അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എടുത്ത ഏകപക്ഷീയ തീരുമാനങ്ങള്‍ സര്‍ക്കാരിന് 580 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നായിരുന്നു ആരോപണം
ലൈസന്‍സ് ഫീസ് കിഴിവുകള്‍, പിഴകളിലെ ഇളവ്, കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ഇളവ് തുടങ്ങി ഇളവുകള്‍ നല്‍കി മദ്യവ്യാപാര സ്ഥാപനങ്ങളില്‍ നന്നും നടത്തിപ്പുകാരില്‍ നിന്നും ആം ആദ്മി സര്‍ക്കാരും, നേതാക്കളും പണം വാങ്ങിയെന്നും ഈ പണം 2022ല്‍ പഞ്ചാബിലും ഗോവയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ചെലവഴിച്ചതായും കേന്ദ്ര ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറിയതോടെയാണ്, സിസോദിയയുടെ അറസ്റ്റിലേക്ക് നയിച്ചത്. സിസോദിയ, എഎപി കമ്മ്യൂണിക്കേഷന്‍സ് ഇന്‍ചാര്‍ജ് വിജയ് നായര്‍ എന്നിവര്‍ ഉള്‍പ്പെടെ 23 പേരെയാണ് സിബിഐ പ്രതികളാക്കിയത്. കേസില്‍ കവിതയുടെ അറസ്റ്റിന് പിന്നാലെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഗൂഢാലോചനയില്‍ ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നത്. മദ്യനയ രൂപീകരണത്തിലും നടപ്പാക്കലിലും നേട്ടമുണ്ടാക്കുന്നതിനായി അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള എഎപിയുടെ ഉന്നത നേതാക്കളുമായി, കെ കവിതയും മറ്റു അംഗങ്ങളും ഗൂഢാലോചന നടത്തിയതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തി.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജൂണ്‍ 26നാണു സിബിഐ കെജരിവാളിനെ അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചരമാസക്കാലം കെജരിവാള്‍ ജയില്‍വാസവും അനുഭവിച്ചു. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21ന് ആയിരുന്നു ആദ്യ അറസ്റ്റ്. അന്ന് ഇ.ഡിയാണ് കെരിവാളിനെ അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീംകോടതിയില്‍നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജരിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചിരുന്നു.
Recent Comments