by Midhun HP News | Jun 24, 2026 | Latest News, കേരളം
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് താമസം മാറുക. ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണി കാരണം മുഖ്യമന്ത്രി വിഡി സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് താമസം മാറിയിരുന്നില്ല.
കഴിഞ്ഞ മേയ് 18 നാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിനു മുന്‍പ് മേയ് 11 ന് പിണറായി വിജയന്‍ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നു. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടിലേക്കാണ് മാറിയത്.
വന്‍തുക ചെലവഴിച്ച് ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കേണ്ടെന്ന് വിഡി സതീശന്‍ നിര്‍ദേശിച്ചിരുന്നു. 10,000 ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന പൈതൃകമന്ദിരമായ ക്ലിഫ് ഹൗസില്‍ 73 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിക്ക് 2 വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ചുവച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്നു പ്രസംഗിച്ചിരുന്നു.
ക്ലിഫ് ഹൗസിലെ വീട്ടുപകരണങ്ങളും നീന്തല്‍ക്കുളങ്ങളും എല്ലാം മികച്ച നിലവാരത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം പരിപാലിക്കുന്നത് ടൂറിസം വകുപ്പാണ്. നന്ദന്‍കോട് 6 ഏക്കര്‍ 25 സെന്റിലാണ് ക്ലിഫ് ഹൗസ്.
by Midhun HP News | Jun 24, 2026 | കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയിൽ സമ്മർദത്തിന് വഴങ്ങി മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിൽ അന്തിമ തീരുമാനം യുഡിഎഫ് എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
തീരുമാനിച്ചത് നികുതി ഘടനമാത്രമെന്നും വിൽപനയിൽ അന്തിമ തീരുമാനം യുഡിഎഫ് ചര്‍ച്ച ചെയ്ത് എടുക്കുമെന്നുമാണ് വി ഡി സതീശന്‍റെ വിശദീകരണം. വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപന നടപ്പാക്കാൻ യുഡിഎഫ് തീരുമാനിച്ചാൽ ഈ നികുതി ഘടന നിലവിൽ വരും. യുഡിഎഫ് വേണ്ട എന്ന് തീരുമാനിച്ചാല്‍ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള നടപടികളെല്ലാം തുടങ്ങിയത് എൽഡിഎഫിന്റെ കാലത്താണെന്നും വി ഡി സതീശൻ സഭയില്‍ പറഞ്ഞു. ബക്കാർഡി കമ്പനിയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളെ മുഖ്യമന്ത്രി പരിഹസിച്ച് തള്ളി.
വീര്യം കുറഞ്ഞ മദ്യനികുതിയില്‍ പ്രതിഷേധം ഫലം കണ്ടു. വിഷയത്തില്‍ അന്തിമതീരുമാനം യുഡിഎഫ് എടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. നികുതിയിളവ് നിർത്തിയാണ് മുഖ്യമന്ത്രി തീരുമാനം യുഡിഎഫിന് വിട്ടത്. വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി. അപേക്ഷകൾ ആദ്യം പരിഗണിച്ചത് പിണറായി സർക്കാരിന്റെ കാലത്താണ്.
ആരാണ് ബക്കാഡി കമ്പനിയുമായി സംസാരിച്ചത്. എം വി ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്ന കാലത്ത് ബക്കാർഡി കമ്പനിക്കായി വിദേശ മദ്യ നയത്തിൽ ഭേദഗതി വരുത്തിയത് എൽഡിഎഫാണെന്നും സതീശന്‍ വിമര്‍ശിച്ചു. ടാക്സ് നിശ്ചയിക്കുന്ന നടപടികൾ വേഗത്തിൽ തന്നെയാണ് നടക്കാറുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വീര്യം കുറഞ്ഞ മദ്യം നിശ്ചയിച്ചത് നിങ്ങളാണ്. ഞങ്ങൾ നികുതി നിരക്ക് നിശ്ചയിച്ചു എന്ന് മാത്രമെന്നാണ് മുഖ്യമന്ത്രി വീശദീകരണം.
മദ്യനയം തീരുമാനിക്കേണ്ടത് രാഷ്ട്രീയ തീരുമാനമാണ്. ഇത് യുഡിഎഫിൽ എല്ലാവരുമായും സംസാരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
by Midhun HP News | Jun 24, 2026 | Latest News, കേരളം
കല്ലമ്പലം: കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷനിലെ വനിതാ കാർഷിക കൂട്ടായ്മ ഈ വർഷം ഓണത്തിന് വിളവെടുപ്പിനായി ജമന്തി തൈകളും വെണ്ട, പയർ, മുളക്, തക്കാളി, വെള്ളരി, വഴുതന മുതലായ പച്ചക്കറികളും തരിശ് ഭൂമിയിൽ നട്ടു കൃഷി ആരംഭിച്ചു.
പ്രദേശത്തെ 300 വീടുകളിൽ തന്നെ വിപണി കണ്ടെത്തുവനാണ് ഈ വനിതാ കൂട്ടായ്മ ലക്ഷ്യമിടുന്നത്. ചെണ്ടുമല്ലി കൃഷി മണമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. കുഞ്ഞുമോൾ ഉത്ഘാടനം ചെയ്തു. പച്ചക്കറി കൃഷിയുടെ ഉത്ഘാടനം വർക്കല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജീവ് നിർവ്വഹിച്ചു.
വർക്കല ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്റ്റർ എം. നസീമ ബീവി, മണമ്പൂർ കൃഷി ഓഫീസർ, അപർണ, കെ ടി സി ടി സെക്രട്ടറി എ. എം. എ റഹീം എന്നിവർ ആശംസകൾ അർപ്പിച്ചു. സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാധാകൃഷ്ണ കുറുപ്പ്, സെക്രട്ടറി ഖാലിദ് പനവിള, വനിതാ കർഷകവേദി പ്രസിഡന്റ് ലിജി സജീവ്, സെക്രട്ടറി ഹസീന നജീം എന്നിവർ സംസാരിച്ചു. വർക്കല ബ്ലോക്കിലെയും മണമ്പുർ പഞ്ചായത്തിലെയും വികസന ഉദ്യോഗസ്ഥർസ്ഥലം സന്ദർശിച്ച് വനിതാ കർഷകരുടെ കൃഷിയ്ക്കു വേണ്ട നിർദേശങ്ങൾ നൽകി.
by Midhun HP News | Jun 24, 2026 | Latest News, കേരളം
തിരുവനന്തപുരം: ചട്ടലംഘനം ചൂണ്ടിക്കാട്ടി ഹൈക്കോടതി അസാധുവാക്കിയ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ വീണ്ടും നടന്നു. റദ്ദാക്കപ്പെട്ട 20 പേരിൽ 19 കൗൺസിലർമാരാണ് ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. വൈകിട്ട് 4.30ന് കോർപ്പറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ മേയർ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ഇന്ന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ല. നേരത്തെ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്നാണ് 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയത്. നാലാഴ്ചയ്ക്കകം നിയമപ്രകാരം വീണ്ടും സത്യപ്രതിജ്ഞ നടത്തണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
അതേസമയം ചടങ്ങിനെതിരെ എൽഡിഎഫ് പരാതി നൽകി. നിയമവിരുദ്ധമായ രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് പരാതി. എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ് പി ദീപക് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി. മറ്റ് ജനപ്രതിനിധികളെ അറിയിക്കാതെയാണ് ചടങ്ങ് നടത്തിയതെന്നും ചട്ടവിരുദ്ധമായ നടപടിയാണെന്നും പരാതിയിൽ ആരോപിച്ചു.
ദൈവനാമത്തിലോ സഗൗരവത്തിലോ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ എന്ന കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വ്യവസ്ഥ ലംഘിച്ചുവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട ഹർജി നൽകിയതും എസ് പി ദീപക് തന്നെയായിരുന്നു.
by Midhun HP News | Jun 24, 2026 | Latest News, കേരളം
തൃശൂരിൽ പൊലീസ് വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൗമാരക്കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തൃശൂര്‍ ആളൂര്‍ സ്വദേശിയായ ജുവിന്‍ രാജു (16) ആണ് വിടപറഞ്ഞത്. ഈ മാസം 15-നായിരുന്നു ആളൂര്‍ കദളിച്ചിറയില്‍ വെച്ച് ജുവിനും ബന്ധുവും സഞ്ചരിച്ച വാഹനത്തിൽ പൊലീസ് വാഹനം ഇടിക്കുന്നത്. തുടർന്ന് ആലുവ രാജഗിരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്‌ക മരണം സംഭവിക്കുന്നത്.
വേർപാടിന്റെ കഠിനമായ വേദനയിലും ജുവിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതൃകാപരമായ തീരുമാനമാണ് ബന്ധുക്കള്‍ കൈക്കൊണ്ടത്. ഹൃദയം, കരള്‍, വൃക്കകള്‍, കോര്‍ണിയ എന്നിവ ദാനം ചെയ്യാനാണ് കുടുംബം അനുമതി നല്‍കിയത്. ജുവിൻ നൽകുന്ന അവയവങ്ങൾ ഇനി അഞ്ച് പേരുടെ ജീവിതത്തിലേക്കാണ് വെളിച്ചമേകാൻ പോകുന്നത്.
കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 22കാരനാണ് ജുവിന്റെ ഹൃദയം നൽകുക. കരള്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗിക്കും, ഒരു വൃക്ക ലിസി ആശുപത്രിയിലെ രോഗിക്കും കൈമാറും. രണ്ടാമത്തെ വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗിക്കാണ് നൽകുന്നത്. കാഴ്ചയുടെ പുതിയ ലോകം സമ്മാനിക്കാനായി കോര്‍ണിയ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലെ ഐ ബാങ്കിലേക്കും മാറ്റും. മരണത്തിലും മറ്റുള്ളവരിലൂടെ ജീവിക്കാനൊരുങ്ങുന്ന ജുവിന്റെ ഓർമ്മകൾക്ക് മുന്നിൽ നാട് ഒന്നടങ്കം ആദരമർപ്പിക്കുകയാണ്.
Recent Comments