by Midhun HP News | Mar 6, 2025 | Latest News, ജില്ലാ വാർത്ത
സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക ഫണ്ടിൽ ഉൾപ്പെടുത്തി ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ നഗരൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ കാട്ടുചന്ത – വെള്ളല്ലൂർ – വട്ടകൈത റോഡ് നവീകരണത്തിന് 2കോടി 40 ലക്ഷം രൂപ അനുവദിച്ചു. കല്ലമ്പലം പോങ്ങനാട് റോഡിനെ ചെമ്മരുത്തുമുക്ക് കല്ലമ്പലം റോഡുമായി ബന്ധിപ്പിക്കുന്നതും എളുപ്പ മാർഗവുമായ ഈ വഴി നവീകരിക്കണമെന്നത് പ്രദേശവാസികളുടെ നിരവധി കാലത്തെ ആവശ്യമായിരുന്നു . ദേശീയ പാതയിലെ കടുവയിൽപള്ളി ജങ്ങ്ഷനിൽ നിന്നും വട്ടകൈത വരെയുള്ള റോഡ് 5 കോടി രൂപ ചെലവഴിച്ച് നവീകരിച്ചിരുന്നു. ഇതോട് അനുബന്ധിച്ചുള്ള കാട്ടുചന്ത റോഡ് കൂടി നവീകരിക്കുന്നതോടെ ദേശീയപാതയിൽ നിന്നും പോങ്ങനാട് കാട്ടുചന്ത ഭാഗങ്ങളിലേക്കുള്ള ഗതാഗതം എളുപ്പമാകും.
by Midhun HP News | Mar 6, 2025 | Latest News, കേരളം
കടയ്ക്കൽ: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ ഒരു ലോറി നിരോധിത പാന്‍ മസാലകളും ലഹരി വസ്തുക്കളും കടയ്ക്കല്‍ പോലീസും കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടി. കടയ്ക്കൽ ബസ്റ്റാൻഡിൽ വച്ചാണ് പിടികൂടിയത്.
ഒരു കോടിയിലധികം രൂപ വിലമതിക്കുന്നതാണിത്. നൂറിലധികം ചാക്കുകളിലാക്കി വാട്ടര്‍ പൂരിഫയര്‍ വച്ചു മറച്ചു ലോറിയിലാണ് കടത്തിയത്. 18,625 പാക്ക് നിരോധിത ലഹരിപദാര്‍ത്ഥങ്ങളും 72 ഗ്രാം കഞ്ചാവും ഇതില്‍ ഉള്‍പ്പെടുന്നു.
ഡ്രൈവര്‍ മലപ്പുറം മഞ്ചേരി സ്വദേശി ബഷീര്‍ (45) പിടിയിലായി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് ലോറി പിടികൂടിയത്
by Midhun HP News | Mar 6, 2025 | Latest News, കേരളം
തിരുവനന്തപുരം: തെലങ്കാന ടണല്‍ ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്താനായി കേരള പൊലീസിന്റെ കഡാവര്‍ നായകളും രക്ഷാദൗത്യത്തില്‍ പങ്കാളികളാകും. സംസ്ഥാന പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്.
കാണാതായ മനുഷ്യരെയും മനുഷ്യശരീരങ്ങളെയും കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച കഡാവര്‍ നായ്ക്കളും അവയെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും ഹൈദരാബാദിലേക്ക് പുറപ്പെട്ടതായി കേരള സര്‍ക്കാര്‍ വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനത്തില്‍ സഹായത്തിനായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായം തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് കഡാവര്‍ നായ്ക്കളെ തിരച്ചിലിനായി അയക്കാന്‍ തീരുമാനിച്ചത്.
തെലങ്കാനയിലെ ശ്രീശൈലം ബാങ്ക് കനാല്‍ (എസ്എല്‍ബിസി) പദ്ധതിയുടെ നിര്‍മ്മാണത്തിനിടെയാണ് ടണല്‍ തകര്‍ന്ന് എഞ്ചിനീയര്‍മാരും തൊഴിലാളികളും ഉള്‍പ്പെടെ എട്ട് പേര്‍ കുടുങ്ങിപ്പോയത്. ഫെബ്രുവരി 22 നായിരുന്നു സംഭവം. തകര്‍ന്ന ടണലില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ എന്‍ഡിആര്‍എഫ്, ഇന്ത്യന്‍ കരസേന, നാവികസേന, മറ്റ് രക്ഷാ ഏജന്‍സികള്‍ എന്നിവയിലെ വിദഗ്ധര്‍ അശ്രാന്ത പരിശ്രമം നടത്തിവരികയാണ്.
by Midhun HP News | Mar 6, 2025 | Latest News, കേരളം
മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയുടെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കരുവാരക്കുണ്ട് മണിക്കനാംപറമ്പില്‍ ജെറിനെയാണ് വനംവകുപ്പിന്റെ പരാതിയില്‍ കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
കരുവാരക്കുണ്ട് തേയില തോട്ടത്തിന് സമീപത്തുനിന്ന് ശനിയാഴ്ച പകര്‍ത്തിയതാണെന്ന രീതിയിലായിരുന്നു ജെറിന്‍ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ പ്രചരിച്ചതോടെ നാട്ടുകാരും ആശങ്കയിലായിരുന്നു. തുടര്‍ന്ന വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു.
പ്രദേശത്ത് കടുവയുടെതെന്ന് തോന്നിക്കുന്ന കാല്‍പ്പാടുകളോ മറ്റ് അടയാളങ്ങളോ കണ്ടത്താന്‍ കഴിയാതെ വന്നതോടെ ജെറിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം താന്‍ പകര്‍ത്തിയതാണെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ ചോദ്യം ചെയ്തതോടെ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ജെറിന്‍ സമ്മതിക്കുകയായിരുന്നു. ടെലിവിഷന്‍ ചാനലുകളില്‍ താന്‍ കടുവയെ നേരിട്ട് കണ്ടതായും ജെറിന്‍ പറഞ്ഞിരുന്നു.
അനാവശ്യ ഭീതിപടര്‍ത്തുക, ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുക, തുടങ്ങിയ കുറ്റങ്ങളാണ് ജെറിനെതിരെ ചുമത്തിയിരിക്കുന്നത്. വനംവകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷം ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. മൂന്നുവര്‍ഷം മുന്‍പ് യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ എഡിറ്റ് ചെയ്താണ് ജെറിന്‍ പ്രചരിപ്പിച്ചത്. പ്രതിയുടെ ഫോണ്‍ പിടിച്ചെടുത്തതായും ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.
by Midhun HP News | Mar 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ത്യൻ തീരത്തുകൂടി ദേശാടനം നടത്തുന്ന തിമിംഗിലസ്രാവുകൾ വലയിൽ കുടുങ്ങുന്നതും തിരയിൽപ്പെട്ടു തീരത്തടിയുന്നതും പതിവാകുമ്പോൾ വലകൾ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾ വംശനാശം നേരിടുന്ന ജീവിയെ ഉപദ്രവിച്ചതിന്റെ പേരിൽ നിയമനടപടികൾകൂടി നേരിടേണ്ട സാഹചര്യത്തിലാണ്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പത്തോളം തിമിംഗില സ്രാവുകളാണ് ജില്ലയിലെയും സമീപപ്രദേശങ്ങളിലെയും തീരങ്ങളിൽ വലയിൽ കുരുങ്ങുകയോ തീരത്തടിയുകയോ ചെയ്തത്. കുടുങ്ങിയവയിൽ ചിലതിനെ വലമുറിച്ച് രക്ഷപ്പെടുത്തി കടലിലേക്ക് തിരിച്ചുവിടുകയും ചെയ്തു. വല മുറിക്കുന്നതിലൂടെ മത്സ്യത്തൊഴിലാളികൾക്ക് വലിയ രീതിയിലുള്ള സാമ്പത്തികനഷ്ടം സംഭവിക്കുന്നുണ്ട്.
കടലിലെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സുപ്രധാനപങ്ക് വഹിക്കുന്ന ജീവികളാണ് തിമിംഗില സ്രാവുകളെന്ന് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഡൽഹി ഓഫീസിലെ മറൈൻ പ്രോജക്ട് വിഭാഗം തലവൻ സാജൻ ജോൺ പറഞ്ഞു. ദേശാടനം നടത്തുന്നവയാണ് ഈ സ്രാവുകൾ. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവയെ ഇന്ത്യൻ തീരത്ത് അറബിക്കടലിൽ കാണുന്നത്. അതിനുശേഷം ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് തീരങ്ങളിലേക്ക് പോകും.
ഒമാൻ തീരത്ത് നിന്നും ദേശാടനത്തിന്റെ ഭാഗമായി ഗുജറാത്തിലെത്തുന്ന ഇവ മഹാരാഷ്ട്ര, ഗോവ, കേരളം, ലക്ഷദ്വീപ്, മാല ദ്വീപ് തുടങ്ങിയ തീരങ്ങൾ സന്ദർശിച്ച് തിരികെ പോകും. ഇപ്പോൾ കേരള തീരത്തിലൂടെ സഞ്ചരിക്കുന്ന സമയമാണ്. അതിനാലാണ് ഇവ കൂട്ടത്തോടെയും അല്ലാതെയും വലയിൽ കുടുങ്ങുന്നത്.
സാധാരണ സ്രാവുകളെപ്പോലെ അക്രമസ്വഭാവം ഇതിനില്ല. ഇവയ്ക്ക് പല്ലുകളില്ല. കടലിലെ മറ്റുള്ള മത്സ്യങ്ങളെ ആക്രമിക്കില്ല. വെള്ളം അരിച്ചാണ് ആഹാരം ഭക്ഷിക്കുന്നത്.
വായ തുറന്ന് വെള്ളത്തിലൂടെ എപ്പോഴും സഞ്ചരിക്കും. ഇങ്ങനെ സഞ്ചരിക്കുമ്പോൾ ലഭിക്കുന്ന പ്ലവഗങ്ങൾ, ചെറുമീനുകൾ പോലുള്ളവയാണ് പ്രധാന ആഹാരം. വലിയ മത്സ്യങ്ങളെ ഭക്ഷണമാക്കില്ല. കടലിലുള്ള പ്ലവഗങ്ങൾ (ആൽഗ ബ്ലൂംസ്), കടൽച്ചൊറി എന്നിവയെ ഇല്ലാതാക്കും. ആൽഗകൾപോലുള്ളവ പെരുകുന്നത് കടലിൽ വിഷാംശം വർധിപ്പിക്കും. ഇത് മത്സ്യസമ്പത്തിനും, മത്സ്യത്തൊഴിലാളികൾക്കും ദോഷമാണ്. ഇവയെ നശിപ്പിക്കുക വഴിയാണ് കടലിലെ സന്തുലിതാവസ്ഥ നിലനിർത്താൻ തിമിംഗിലസ്രാവുകൾ സഹായിക്കുന്നതെന്ന് സാജൻ ജോൺ പറഞ്ഞു.
പരമ്പരാഗത മീൻപിടിക്കൽ സമ്പ്രദായമായ കമ്പവലകളെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കൂടുതലാണ്. കരയിൽനിന്ന് നിയന്ത്രിക്കുന്ന സംവിധാനമാണ് കമ്പവല. തൊഴിലാളികൾ വലയുടെ ഒരു ഭാഗം കരയിലാക്കിയശേഷം മറുഭാഗം ബോട്ടിൽ കടലിലേക്ക് കൊണ്ടുപോയി ‘യു’ ആകൃതിയിൽ ഇട്ടശേഷം തിരികെ വരും.
കരയിൽനിന്ന് വല വലിക്കുമ്പോൾ തിമിംഗില സ്രാവുകൾ അബദ്ധത്തിൽ ഇതിൽ വന്ന് കുടുങ്ങുന്നതാണ്.
ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽപ്പെടുന്നതാണ് തിമിംഗിലസ്രാവ്. അതിനാൽ ഇവയ്ക്കെതിരേയുള്ള അതിക്രമങ്ങൾ നിയമനടപടികളിലേക്ക് നയിക്കാം. ഇക്കാര്യം മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണമെന്നും സാജൻ ജോൺ പറഞ്ഞു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ഇവ മത്സ്യത്തൊഴിലാളികൾക്ക് യാതൊരു ഉപദ്രവവും ഉണ്ടാക്കില്ല.
എന്നാൽ തിമിംഗിലസ്രാവുകൾ വലയിലകപ്പെടുമ്പോൾ ഇവയെ രക്ഷിക്കാനായി വല മുറിച്ചുമാറ്റുന്നതു വഴി ലക്ഷങ്ങളുടെ നഷ്ടം മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ അതത് സംസ്ഥാന സർക്കാരുകൾ നഷ്ടപരിഹാരം നൽകാറുണ്ട്. ഉപജീവന മാർഗങ്ങൾ നഷ്ടമാകുമ്പോൾ ഇവിടെയും സർക്കാർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
Recent Comments