by Midhun HP News | Mar 6, 2025 | Latest News, ദേശീയ വാർത്ത
ദുബായ് : കൊലപാതകക്കുറ്റത്തിന് യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ്, പി വി മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയ വിവരം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ യുഎഇ അധികൃതർ അറിയിച്ചു.
ഇന്ത്യൻ പൗരനെ വധിച്ചതിനാണ് മുരളീധരനെ വധശിക്ഷയ്ക്ക് വിധിച്ചത്. യുഎഇ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷ് അറസ്റ്റിലായത്. മാനസിക വിഭ്രാന്തിയുള്ള വ്യക്തിയിൽ നിന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കവേയാണ് സംഭവം നടന്നതെന്ന് ചൂണ്ടിക്കാട്ടി റിനാഷിന്റെ മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു.
സംസ്കാരത്തിൽ പങ്കെടുക്കാൻ ഇരുവരുടെയും കുടുംബങ്ങൾക്ക് സൗകര്യം ഒരുക്കും. ഇരുവർക്കും സാധ്യമായ എല്ലാ നിയമസഹായവും നൽകിയിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുപി സ്വദേശിയായ ഷഹ്സാദി ഖാൻ്റെ വധശിക്ഷ യുഎഇ നടപ്പാക്കിയതിന് പിന്നാലെയാണ് രണ്ട് മലയാളികളുടെ കൂടി വധശിക്ഷ നടപ്പാക്കിയ വിവരം പുറത്തുവന്നത്.
by Midhun HP News | Mar 6, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പന്ത്രണ്ട് സ്ഥലങ്ങളിലെ എസ്ഡിപിഐ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയഡ്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനം, തിരുവനന്തപുരം, മലപ്പുറം, ബംഗളൂരു, ആന്ധ്രാപ്രദേശിലെ നന്ത്യാല്‍, താനെ, ചെന്നൈ, ഝാര്‍ഖണ്ഡിലെ പാക്കൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു
കഴിഞ്ഞ ദിവസം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്ഡിപിഐ ദേശിയ അധ്യക്ഷന്‍ എംകെ ഫൈസിലെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐ കേന്ദ്രങ്ങളിലെ പരിശോധന. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് എസ്ഡിപിഐയെ നിയന്ത്രിക്കുന്നതെന്ന് ഇഡി കണ്ടെത്തിയിരുന്നു. എസ്ഡിപിഐയ്ക്ക് ഫണ്ടു നല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് തന്നെയാണെന്നും രണ്ടു സംഘടനയുടെയും പ്രവര്‍ത്തകരും ഒന്നു തന്നെയാണെന്നും ഇഡി പറയുന്നു.
രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് കൈപ്പറ്റി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം 2022 സെപ്റ്റംബര്‍ 28നാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. 2009ല്‍ സ്ഥാപിതമായ എസ്ഡിപിഐയുടെ ആസ്ഥാനം ഡല്‍ഹിയാണ്.
by Midhun HP News | Mar 6, 2025 | Latest News, കേരളം
തൃശൂര്‍: റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് റാഡ് കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ 38കാരന്‍ ഹരിയാണ് പിടിയിലായതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 4.55നായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ അതിവേഗം പിടികൂടാന്‍ സഹായകമായത്. അട്ടിമറി സാധ്യതയെന്ന് കരുതിയ സംഭവത്തില്‍ കഞ്ചാവ് വാങ്ങാനാണ് റാഡ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ മൊഴി.
ഇയാള്‍ കഞ്ചാവിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. റെയില്‍വെ ട്രാക്കിന്റെ പുറത്ത് കിടന്നിരുന്ന ഇരുമ്പ് റാഡ് എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കൈയില്‍ നിന്നും വഴുതി ട്രാക്കില്‍ വീണു. ഈ സമയം തൃശൂര്‍-എറണാകുളം ട്രാക്കില്‍ ഗുഡ്സ് എത്തി. ഇരുമ്പ് റാഡ് തട്ടിതെറിപ്പിച്ചാണ് ഗുഡ്‌സ് ട്രെയിന്‍ കടന്നുപോയത്.
തുടര്‍ന്ന് ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുമ്പു റാഡ് കണ്ടെത്തിയത്. ആദ്യം അട്ടിമറിശ്രമമെന്ന് അഭ്യൂഹമുണ്ടായെങ്കിലും പൊലീസിന് പെട്ടെന്നു തന്നെ പ്രതിയിലേയ്ക്ക് എത്താനായത് ആശ്വാസമായി.
by Midhun HP News | Mar 6, 2025 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച കേസിൽ കാമുകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാവായിക്കുളം സ്വദേശിയായ 29 വയസ്സുള്ള അഭിജിത്ത് ആണ് കല്ലമ്പലം പൊലീസിന്റെ കസ്റ്റഡിയിലായത്. ആറ്റിങ്ങലിലെ ബൈക്ക് ഷോറൂമിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുകയാണ് ഇയാൾ.
ചാവർകോട് മദർ ഇന്ത്യ ഹയർ സെക്കഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നും സംശയം തോന്നിയതിനെ തുടർന്നാണ് സമീപവാസിയായ അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ യുവാവ് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു
by Midhun HP News | Mar 6, 2025 | Latest News, കേരളം
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ( സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) കേന്ദ്രക്കമ്മിറ്റി അംഗം എ കെ ബാലന്‍ പതാക ഉയര്‍ത്തി. ചെറുത്തുനില്‍പ്പിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് ചെങ്കൊടിയെന്ന് എ കെ ബാലൻ പറഞ്ഞു. ഈ ചെങ്കൊടി ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ലോകത്തിന്റെ സ്ഥിതി. ഇന്ത്യയുടെ സ്ഥിതി. കേരളത്തിന്റെ സ്ഥിതി. അങ്ങനെ പരിശോധിക്കുമ്പോഴാണ് ചെങ്കൊടിയുടെ പ്രസക്തി അനുദിനം ബോധ്യമാവുന്നത്. ഈ കൊടി താഴ്ത്തിക്കെട്ടാന്‍ ആരെയും അനുവദിച്ചുകൂടാ. അത്രക്ക് മഹത്തരമാണ് ഈ കൊടിയുടെ പ്രസക്തി. എ കെ ബാലൻ പറഞ്ഞു.
വര്‍ഗസമൂഹം ഉടലെടുത്ത നാള്‍മുതല്‍ ചൂഷണത്തിനെതിരേ സമരം ചെയ്ത, ചൂഷിതരുടെ ചോരയില്‍ കുതിര്‍ന്നാണ് ഈ കൊടിയുടെ നിറം ചുവപ്പായത്. എന്നും ബാലൻ കൂട്ടിച്ചേർത്തു. പ്രതിനിധി സമ്മേളനം സിപിഎം പി ബി അംഗവും കേന്ദ്രക്കമ്മിറ്റി കോര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതാണ്. ഹിന്ദുത്വ-കോർപ്പറേറ്റ് ശക്തികൾക്കെതിരെ പ്രവർത്തിക്കുന്ന രാജ്യത്തെ ശക്തിയാണ് കേരള സിപിഎം. രാജ്യത്തെ ഏക ഇടതുഭരണം മാതൃകയാണ് എന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.
ഉച്ചയ്ക്കു ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. റിപ്പോര്‍ട്ട് അവതരണത്തിന് ശേഷം നവകേരളത്തിനുള്ള പുതുവഴികള്‍ എന്ന നയരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. സാധാരണ ഗതിയില്‍ ഉദ്ഘാടനത്തിന് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയാണ് നടക്കാറുള്ളത്. ഇത്തവണ മുഖ്യമന്ത്രിയുടെ നയരേഖ അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ നാളെയും മറ്റന്നാളുമായി തുടരും. ഓരോ ജില്ലയിലെയും പങ്കെടുക്കുന്ന പ്രതിനിധികളുടെ അംഗബലം അടിസ്ഥാനമാക്കിയാകും ചര്‍ച്ചയ്ക്കുള്ള സമയം അനുവദിക്കുക. മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയിന്മേലും സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയുണ്ടാകും. സംസ്ഥാന സമ്മേളനത്തിൽ 530 പ്രതിനിധികള്‍ പങ്കെടുക്കും. 486 പ്രതിനിധികളും അതിഥികളും നിരീക്ഷകരുമായി 44 പേരുമാണ് പങ്കെടുക്കുന്നത്. ആകെയുള്ള പ്രതിനിധികളില്‍ 75 പേര്‍ വനിതകളാണ്.
പിബി അംഗങ്ങളായ പിണറായി വിജയന്‍, എം എ ബേബി, ബി വി രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്ലെ, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഞായര്‍ ഉച്ചയ്ക്കാണ് പ്രതിനിധി സമ്മേളനം സമാപിക്കുക. സമ്മേളനത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറി തുടങ്ങിയവ തെരഞ്ഞെടുക്കും. ഇതിനുശേഷം ചുവപ്പുസേനാമാര്‍ച്ചും ബഹുജനറാലിയും പൊതു സമ്മേളനവും നടക്കും.
Recent Comments