പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബിൽ മാർച്ച് 10 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയിൽ കേന്ദ്രസർക്കാർ പാർലമെന്റിന്റെ മേശപ്പുറത്ത് വെച്ചേക്കും.

വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്ന ബില്ലിൽ ജെപിസിക്ക് മുന്നിൽ 44 നിർദേശങ്ങളാണ് ഉയർന്നു വന്നത്. ഇതിൽ 14 എണ്ണമാണ് ജെപിസി വോട്ടിനിട്ട് അം​ഗീകരിച്ചത്. എൻഡിഎ അം​ഗങ്ങൾ നിർദേശിച്ച മാറ്റങ്ങളാണ് അം​ഗീകരിക്കപ്പെട്ടത്. പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു ബില്‍ ജെപിസിയില്‍ അംഗീകരിച്ചത്.

സംസ്ഥാന വഖഫ് ബോർഡുകളിലേക്ക് കുറഞ്ഞത് രണ്ട് അമുസ്ലിം അംഗങ്ങളെ നിയമിക്കുക, ഒരു സ്വത്ത് വഖഫ് സ്വത്തായി നിശ്ചയിക്കാൻ യോഗ്യമാണോ എന്ന് നിർണ്ണയിക്കാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനെ അനുവദിക്കുക തുടങ്ങിയവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ. അഞ്ചുവര്‍ഷം പ്രകടിതമായി ഇസ്ലാംമതം ആചരിച്ചാലേ വഖഫിന് സ്വത്ത് നല്‍കാനാവൂ എന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്‍ 2024, ഓഗസ്റ്റ് എട്ടിനാണ് ബിജെപി അം​ഗം ജ​ഗദംബിക പാലിന്റെ അധ്യക്ഷതയിലുള്ള സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെപിസി) വിശദ പരിശോധനയ്ക്കായി വിട്ടത്. ഫെബ്രുവരി 13 നാണ് ജെപിസി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് ആണ് അഫാനെ അറസ്റ്റ് ചെയ്തത്. അഫാന്റെ അമ്മൂമ്മ സൽമാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് തീരുമാനിക്കും. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ള തീരുമാനം. ഇനി പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. എന്നാൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്‌ വന്ന ശേഷം ആയിരിക്കും ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമുണ്ടാവുക. ഉച്ചക്ക് മുമ്പായി ബോർഡ്‌ റിപ്പോർട്ട്‌ ലഭിക്കും. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല് കേസുകൾ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്. അതേസമയം, കേസിൽ അഫാന്റെ കുടുംബത്തിന് വായ്പ നൽകിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. കുടുംബാംഗങ്ങൾക്ക് പുറമെ പുറത്തു നിന്നും പണം കടം വാങ്ങി. സ്വർണ്ണഭരണങ്ങളും പണയം വെച്ചിട്ടുണ്ട്. വായ്പ നൽകിയവർ കേസിൽ സാക്ഷികളാകും. കൂട്ടക്കൊലക്ക് കാരണം സാമ്പത്തിക ബാധ്യത ആയതിനാലാണ് ഇവരുടെ മൊഴികൾ പൊലീസ് ശേഖരിക്കുന്നത്.

പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് മൊഴി എടുക്കാൻ ഡോക്ടർമാർ പൊലീസിന് അനുമതി നൽകിയത്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങൾ നടത്തേണ്ടി വന്നു എന്നാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണവും മുന്നോട്ട് പോകുന്നത്.

നീറ്റ് പിജി പ്രവേശനത്തിനുള്ള കട്ട് ഓഫ് മാര്‍ക്ക് വീണ്ടും കുറച്ചു

നീറ്റ് പിജി പ്രവേശനത്തിനുള്ള കട്ട് ഓഫ് മാര്‍ക്ക് വീണ്ടും കുറച്ചു

ന്യൂഡല്‍ഹി: നീറ്റ് പിജി പ്രവേശനത്തിനുള്ള കട്ട് ഓഫ് മാര്‍ക്ക് വീണ്ടും കുറച്ച് മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി. പരീക്ഷയില്‍ അഞ്ചു പെര്‍സന്റൈല്‍ സ്‌കോര്‍ നേടിയവര്‍ക്കെല്ലാം പിജി പ്രവേശനം നേടാം. കട്ട് ഓഫ് മാര്‍ക്ക് കുറച്ച തീരുമാനം മെഡിക്കല്‍ സയന്‍സ് പഠനവുമായി ബന്ധപ്പെട്ട ദേശീയ പരീക്ഷാ ബോര്‍ഡ് ആണ് പ്രഖ്യാപിച്ചത്.

ജനറല്‍, സാമ്പത്തിക പിന്നാക്കം, ഭിന്നശേഷി, ഒബിസി, എസ് സി, എസ്ടി വിഭാഗങ്ങള്‍ക്ക് എല്ലാം ഇത് ബാധകമാണ്. നേരത്തെ നീറ്റ് പിജി ഫലം പ്രഖ്യാപിച്ചപ്പോള്‍ പൊതുവിഭാഗത്തിന് 50 പെര്‍സന്റൈലും ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 45 പെര്‍സന്റൈലും സംവരണവിഭാഗങ്ങള്‍ക്ക് 40 പെര്‍സന്റൈലും സ്‌കോറായിരുന്നു കട്ട് ഓഫ്. ഇത് പിന്നീട് 15 പെര്‍സന്റൈല്‍ ആയി കുറച്ചു. നൂറ് കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന പശ്ചാത്തലത്തിലാണ് വീണ്ടും കട്ട് ഓഫ് സ്‌കോര്‍ കുറയ്ക്കാന്‍ തീരുമാനിച്ചത്.

2024 ഓഗസ്റ്റ് 23ന് പ്രസിദ്ധീകരിച്ച നീറ്റ് പിജി റാങ്കിലും പെര്‍സന്റൈല്‍ സ്‌കോറിലും മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

‘സഹതടവുകാരിയെ മര്‍ദ്ദിച്ചു’; ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്

‘സഹതടവുകാരിയെ മര്‍ദ്ദിച്ചു’; ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്

കണ്ണൂര്‍: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് കേസ്. ഷെറിന് ശിക്ഷാ ഇളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനം എടുത്തതിനു പിന്നാലെയാണ് പുതിയ കേസ്.

കണ്ണൂര്‍ വനിതാ ജയിലില്‍ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയായ വിദേശ വനിത ജൂലിയെ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് പരാതി. ഷെറിന്‍ പിടിച്ചു തള്ളുകയും ഷബ്‌ന അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

കോളിളക്കം സൃഷ്ടിച്ച ഭാസ്‌കര കാരണവര്‍ വധക്കേസില്‍ 14 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയായ ഷെറിന് ശിക്ഷാ ഇളവ് നല്‍കിയ മന്ത്രിസഭാ തീരുമാനം വിവാദത്തിന് വഴിവെച്ചിരുന്നു. ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ജയില്‍ ഉപദേശക സമിതിയുടെ തീരുമാനം. 20 വര്‍ഷത്തിലേറെ ശിക്ഷ അനുഭവിച്ച രോഗികളായവര്‍ വരെ ജയിലുകളിലുണ്ടെന്നാണ് ശിക്ഷാ ഇളവിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടിയത്.

2009 നവംബര്‍ എട്ടിനാണ് ചെങ്ങന്നൂര്‍ സ്വദേശി ഭാസ്‌കര കാരണവര്‍ കൊല്ലപ്പെടുന്നത്. മകന്റെ ഭാര്യയായിരുന്ന ഷെറിനും കാമുകനും ചേര്‍ന്നാണ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്. തന്റെ വഴിവിട്ട ബന്ധം കണ്ടുപിടിച്ചതിനെത്തുടര്‍ന്നാണ് ഭര്‍തൃപിതാവിനെ ഷെറിന്‍ കൊലപ്പെടുത്തിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഈ ശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചു.

വർക്കല മാന്തറ ക്ഷേത്രത്തിൽ തീപിടുത്തം.

വർക്കല മാന്തറ ക്ഷേത്രത്തിൽ തീപിടുത്തം.

വർക്കല ഇടവയിൽ ക്ഷേത്രോത്സവത്തിനിടെ ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടയിൽ ക്ഷേത്രത്തിനുള്ളിലെ ഓലപ്പുര കത്തി നശിച്ചു. ഇടവയിലെ മാന്തറ ക്ഷേത്രോത്സവത്തിനിടെ രാത്രി 2. 35 നോട് കൂടിയായിരുന്നു സംഭവം.

ശിവരാത്രി ഉത്സവത്തിന്റെ പൂജകൾ നടത്തുന്നതിനായി ക്ഷേത്രവളപ്പിൽ താൽക്കാലികമായി നിർമ്മിച്ച ഓല ഷെഡ്ഡിലായിരുന്നു തീപിടിച്ചത്. ഈ സമയം സ്ത്രീകൾ ഉൾപ്പെടെ നിരവധി ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ക്ഷേത്ര വളപ്പിൽ തന്നെ കുതിരഎടുപ്പിന് എത്തിച്ച കൂറ്റൻകെട്ട് കുതിര തീ പിടിച്ചതിനു സമീപത്തുണ്ടായിരുന്നു. എന്നാൽ കെട്ടു കുതിരയിൽ തീ പടരാതിരുന്നത് കാരണം വൻദുരന്തം ഒഴിവായി.

ഇത്തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വെടിക്കെട്ട് നടത്തി അപകടം നടന്നതിനെത്തുടർന്ന് അയിരൂർ പോലീസ് ഉച്ചയോട് കൂടി കേസ് രജിസ്റ്റർ ചെയ്തുവെന്ന് അയിരൂർ SHO അറിയിച്ചു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ വിഷ്ണുകുമാർ, നവാസ് ഖാൻ എന്നീ രണ്ട് യുവാക്കൾക്ക് കൈവെള്ളയിൽ പൊള്ളലേറ്റു. ഇവർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വർക്കലയിൽ നിന്നും രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.