by Midhun HP News | Feb 27, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: കിഴുവിലം ഗവ:യു.പി.എസിലെ വാർഷികാഘോഷം
“വർണ്ണ തിളക്കം” ചിറയിൻകീഴ് എംഎൽഎ വി ശശി ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ രജിത അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എസ് ഷീബ സ്വാഗതം പറഞ്ഞു. കവിയും സാഹിത്യകാരനുമായ ബിനു വേലായുധൻ മുഖ്യപ്രഭാഷണം നടത്തി.
ആശംസകൾ അർപ്പിച്ചു കൊണ്ട് കിഴുവിലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ് സുലഭ, വാർഡ് മെമ്പർമാരായ സൈജാ നാസർ,അനീഷ് ജി.ജി, മുൻ പ്രഥമാധ്യാപകൻ എസ് സതീഷ് കുമാർ, എസ്.എം.സി ചെയർമാൻ ഹാഷിം,എം.പി.റ്റി.എ ചെയർപേഴ്സൺ ആതിര, സ്കൂൾ ലീഡർ സ്വാതിക,അധ്യാപകൻ ബാലമുരളി കൃഷ്ണൻ,സ്റ്റാഫ് സെക്രട്ടറി പി.വി.സീമ എന്നിവർ സംസാരിച്ചു. ഈ വർഷം റിട്ടയർ ചെയ്യുന്ന പ്രഥമാധ്യാപിക ഷീബയെ എംഎൽഎ ആദരിച്ചു. കുട്ടികളുടെ മെഗാ തിരുവാതിര, ഒപ്പന, മറ്റുകലാപരിപാടികളും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആർ രജിത, ബിനു വേലായുധൻ, ചിങ്കു എന്നിവരേയും എംഎൽഎ ആദരിച്ചു.
by Midhun HP News | Feb 27, 2025 | Latest News, കേരളം
ആലപ്പുഴ: ലൗ ജിഹാദ് ആരോപിച്ച് ബന്ധുക്കളും അയല്‍ക്കാരും ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ നിന്നുള്ള കമിതാക്കള്‍ സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്ത് ആലപ്പുഴ ജില്ലയിലെ കായംകുളത്ത് എത്തി വിവാഹിതരായി. ഝാര്‍ഖണ്ഡിലെ രാംഗഡിലെ ചിതാര്‍പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും (30), ആശാ വര്‍മ്മയുമാണ് (27) കേരളത്തില്‍ എത്തി വിവാഹം കഴിച്ചത്. ഫെബ്രുവരി 11 ന് കായംകുളത്തെ ഒരു പള്ളിയില്‍ ഇസ്ലാമിക മതാചാര പ്രകാരം ആദ്യം വിവാഹിതരായി. പിന്നീട്, ഫെബ്രുവരി 16ന് ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തില്‍ വച്ച് വീണ്ടും വിവാഹിതരായി. നിരവധി വര്‍ഷങ്ങളായി പ്രണയത്തിലാണെന്ന് ബുധനാഴ്ച ഇരുവരും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘സ്വന്തമായി തീരുമാനമെടുത്ത ശേഷമാണ് ഞങ്ങള്‍ വിവാഹിതരായത്. വ്യാജ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം, ഫെബ്രുവരി 14 ന് ഝാര്‍ഖണ്ഡ് പൊലീസ് എത്തി ഞങ്ങളുടെ മൊഴി രേഖപ്പെടുത്തി. കൂടാതെ, ആശയെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് എനിക്കെതിരെ മറ്റൊരു കള്ളക്കേസും ഫയല്‍ ചെയ്തു.ഝാര്‍ഖണ്ഡിലെ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കിയതിനും സഹായത്തിനും ഞങ്ങളുടെ അഭിഭാഷക ഗയ എസ് ലതയ്ക്കും മറ്റുള്ളവര്‍ക്കും നന്ദി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’- ദമ്പതികള്‍ പറഞ്ഞു.
ഈ മാസം ആദ്യം ആശയുടെ ബന്ധുക്കള്‍ കായംകുളത്ത് എത്തിയെങ്കിലും ആശ അവരോടൊപ്പം പോകാന്‍ വിസമ്മതിച്ചു. ഗള്‍ഫില്‍ മുഹമ്മദിനൊപ്പം ജോലി ചെയ്തിരുന്ന കായംകുളത്തുനിന്നുള്ള ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരമാണ് ദമ്പതികള്‍ കേരളത്തിലെത്തിയത്. ആശയുടെ കുടുംബം മറ്റൊരാളുമായി അവളുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെയാണ് ഇരുവരും കേരളത്തിലെത്തിയതെന്ന് അഭിഭാഷകയായ ഗയ പറഞ്ഞു.
”ആശയുടെ കുടുംബം മറ്റൊരാളുമായി അവളുടെ വിവാഹം ഉറപ്പിച്ചു എന്ന് കേട്ടതിന് പിന്നാലെ വിദേശത്ത് ജോലി ചെയ്തിരുന്ന മുഹമ്മദ് ഇന്ത്യയിലേക്ക് മടങ്ങി. അവര്‍ വ്യത്യസ്ത മതങ്ങളില്‍ പെട്ടവരായതിനാല്‍, അവരുടെ വിവാഹത്തിനെതിരായ എതിര്‍പ്പ് വളര്‍ന്നു. പ്രധാനമായും ആശയുടെ സമുദായത്തിലെ നേതാക്കളും അംഗങ്ങളുമാണ് എതിര്‍പ്പ് ഉന്നയിച്ചത്. തുടര്‍ന്ന്, മുഹമ്മദിനെതിരെ ‘ലൗ ജിഹാദ്’ ആരോപണങ്ങള്‍ ഉയര്‍ന്നു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചു. ഇതിന് പിന്നാലെയാണ് ദമ്പതികള്‍ കായംകുളത്തേക്ക് പലായനം ചെയ്തത്’- ഗയ പറഞ്ഞു.
അവരുടെ വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുന്നതിന് കായംകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗയ പറഞ്ഞു. ആശ ‘ദുരഭിമാനക്കൊലയ്ക്ക്’ ഇരയാകുമെന്ന് ഭയന്ന് ദമ്പതികള്‍ കേരള ഹൈക്കോടതിയില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഒരു റിട്ട് ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. ദമ്പതികള്‍ ആവശ്യപ്പെട്ടാല്‍ ആവശ്യമായ സംരക്ഷണം നല്‍കുമെന്ന് കായംകുളം ഡിവൈഎസ്പി എന്‍ ബാബുക്കുട്ടന്‍ പറഞ്ഞു.
by Midhun HP News | Feb 27, 2025 | Latest News, കേരളം
കൊച്ചി: പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.
കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് തദ്ദേശസ്വയംഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കണം. തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്. പന്തളം മന്നം ഷുഗര്‍മില്ലിന് മുന്നില്‍ സിപിഎം, ബിജെപി, ഡിവൈഎഫ്ഐ തുടങ്ങിയവ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കുന്നത് സംബന്ധിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
by Midhun HP News | Feb 27, 2025 | Latest News
തിരുവനന്തപുരം: കടല്‍ മണല്‍ ഖനനത്തിനെതിരായ സംസ്ഥാന വ്യാപക തീരദേശ ഹര്‍ത്താല്‍ തുടരുന്നു. പ്രധാന ഹാര്‍ബറുകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഹര്‍ത്താലിന് എല്‍ഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധന തുറമുഖങ്ങളും മത്സ്യച്ചന്തകളും അടക്കം സ്തംഭിപ്പിച്ചാണ് പ്രതിഷേധം.
കേരള സ്റ്റേറ്റ് ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത തീരദേശ ഹര്‍ത്താല്‍ 26 ന് രാത്രി 12 മുതല്‍ 27 ന് രാത്രി 12 മണി വരെയാണ്. ഈ ദിവസം സംസ്ഥാന വ്യാപകമായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകില്ലെന്ന് സമരസമിതി അറിയിച്ചു. ഹര്‍ത്താലിന് ലത്തീന്‍ സഭ അടക്കമുള്ള സാമുദായിക സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്.
മത്സ്യബന്ധനരംഗത്തെ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍, സീ ഫുഡ് ഏജന്റ്സ് അസോസിയേഷന്‍, ലേലത്തൊഴിലാളി സൊസൈറ്റി തുടങ്ങിയ അനുബന്ധമേഖലയിലെയും തൊഴിലാളികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കയറ്റുമതിസ്ഥാപനങ്ങളടക്കം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
പരിസ്ഥിതി പ്രത്യാഘാത പഠനമോ പബ്ലിക് ഹിയറിങ്ങോ നടത്താതെ കേരള കടലില്‍ മണല്‍ ഖനനം നടത്താനുള്ള കേന്ദ്രനീക്കത്തില്‍ പ്രതിഷേധിച്ചാണ് തീരദേശ ഹര്‍ത്താലും പണിമുടക്കും നടത്തുന്നത്. മാര്‍ച്ച് 12 ന് മത്സ്യത്തൊഴിലാളികളുടെ പാര്‍ലമെന്റ് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
by Midhun HP News | Feb 27, 2025 | Latest News, കേരളം
കൊച്ചി: ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് കഴുത്തറത്ത് ആത്മഹത്യക്കു ശ്രമിച്ചു. മഞ്ഞുമ്മൽ പള്ളിക്കു സമീപം ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ഹാരീസാണ് ഭാര്യ ഫസീനയെ ആക്രമിച്ചത്. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
കൈയ്ക്ക് കുത്തേറ്റ ഫസീനയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫസീനയുടെ പരിക്ക് ഗുരുതരമല്ല. അതേസമയം ഹാരീസ് അതീവ ഗുരുതരാവസ്ഥയിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഏറെ നാളായി ക്യാൻസർ രോഗിയാണ് ഹാരീസ്. ചികിത്സയിലായിരുന്നതിനാൽ ജോലിക്കും പോകാൻ സാധിച്ചിരുന്നില്ല. ഫസീന ചെറിയ ജോലികൾ ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. നാട്ടുകാരുടെ സഹായവും ലഭിച്ചിരുന്നു. മഞ്ഞുമ്മലിലെ വാടക വീട്ടിൽ താമസിച്ചിരുന്ന ഇരുവരും തമ്മിൽ വഴക്കുകൾ പതിവായിരുന്നു.
Recent Comments