മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചു തള്ളി; നിലത്തടിച്ചു വീണ് കായികാധ്യാപകൻ മരിച്ചു

മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചു തള്ളി; നിലത്തടിച്ചു വീണ് കായികാധ്യാപകൻ മരിച്ചു

തൃശൂർ: മദ്യലഹരിയിൽ പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. തൃശൂർ റീജണൽ തിയറ്ററിന് മുമ്പിൽ വെച്ചാണ് സംഭവം.

പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകനാണ് മരിച്ച അനിൽ. സംഭവത്തിൽ സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും നാടകോൽസവം കാണാൻ എത്തിയതായിരുന്നു.

മുന്‍ എംഎല്‍എ പി രാജു അന്തരിച്ചു

മുന്‍ എംഎല്‍എ പി രാജു അന്തരിച്ചു

കൊച്ചി: സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പി രാജു അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടു തവണ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു.

1991 ലും 1996 ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും, ജനയുഗം കൊച്ചി യൂണിറ്റ് മാനേജരും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫര്‍സാനയുടെ മാലയും പണയം വെച്ചു; പകരം നല്‍കിയത് മുക്കുപണ്ടം

ഫര്‍സാനയുടെ മാലയും പണയം വെച്ചു; പകരം നല്‍കിയത് മുക്കുപണ്ടം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചാലുടന്‍ മെഡിക്കല്‍ കോളജില്‍ വച്ചുതന്നെ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. തുടര്‍ന്ന് മജിസ്‌ട്രേട്ടിനെ ആശുപത്രിയിലെത്തിച്ച് റിമാന്‍ഡ് ചെയ്ത് ആശുപത്രിയില്‍ തന്നെ തുടരും. ആശുപത്രിയില്‍ ചികിത്സയിലുള്ള അഫാന്റെ ഉമ്മയുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും.

കാമുകി ഫര്‍സാനയുടെ മാലയും അഫാന്‍ പണയം വെച്ചിരുന്നു. പകരം മുക്കുപണ്ടം നല്‍കുകയായിരുന്നു. ഈ മാല എടുത്ത് തരണമെന് ഫര്‍സാന അടുത്തിടെ ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഫാന്റെ കടബാധ്യതയുടെ ആഴം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി കുടുംബത്തിന് കടം നല്‍കിയവരുടെ വിവരം പൊലീസ് ശേഖരിക്കുകയാണ്. അഫാന്റെയും ഷമിയുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. അഫാന്റെ ഗൂഗില്‍ സേര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാന് സൈബര്‍ പൊലീസിനും കത്ത് നല്‍കിയിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുടുംബം കടക്കെണിയിലായിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസ് സ്ഥിരീകരിച്ചു. പിതാവിന്റെ വിദേശത്തെ ബാധ്യത കൂടാതെ, കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നുവെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി. 12 പേര്‍ക്ക് വന്‍ തുകകള്‍ നല്‍കാനുണ്ട്. ചിട്ടി പിടിച്ച തുകകളും തിരിച്ചടയ്ക്കാനായിട്ടില്ല.

പണം കടംവാങ്ങി തിരിച്ചും മറിച്ചും നല്‍കിയാണ് പിടിച്ചു നിന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നറിഞ്ഞതോടെ പലരും പണം നല്‍കാെതയുമായി. അര്‍ബുദരോഗബാധിതയായ അഫാന്റെ ഉമ്മ ഷെമിയുടെ ചികിത്സയ്ക്ക് പോലും പണമില്ലാത്ത അവസ്ഥയായി. ഇതേത്തുടര്‍ന്ന് കൂട്ട ആത്മഹത്യയെപ്പറ്റി പോലും ആലോചിച്ചിരുന്നു. അമ്മൂമ്മയെ കൊലപ്പെടുത്തി എടുത്തുകൊണ്ടുപോയ മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്നും നാല്‍പ്പതിനായിരം രൂപ കടം വീട്ടാനാണ് അഫാന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. അഫാന്റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അയ്യപ്പദർശനം; ശബരിമലയിൽ പുതിയ ക്രമീകരണത്തിന് ​ദേവസ്വം ബോർഡ് അനുമതി

തിരുവനന്തപുരം: ശബരിമലയിൽ പതിനെട്ടാംപടി കയറിയെത്തുന്നവർക്ക് കൊടിമരച്ചുവട്ടിൽ നിന്ന് ബലിക്കൽപ്പുര വഴി നേരേയെത്തി അയ്യപ്പദർശനത്തിനുള്ള ക്രമീകരണം ഒരുക്കും. തിരുവിതാംകൂർ ദേവസ്വംബോർഡ് യോഗത്തിന്റെതാണ് തീരുമാനം. ശബരിമലതന്ത്രിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. മീനമാസ പൂജയ്ക്കായി നടതുറക്കുന്ന മാർച്ച് 14 മുതൽ പുതിയ ക്രമീകരണം നടപ്പാക്കും.

കൊടിമരച്ചുവട്ടിൽ നിന്ന് ഫ്ലൈഓവറിലൂടെ കടത്തിവിട്ട് ദർശനം നൽകുന്നതാണ് നിലവിലെ രീതി. പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന മാറ്റം വിലയിരുത്താൻ ദേവസ്വം മന്ത്രി വിഎൻ വാസവൻ, ദേവസ്വംബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാർ, ശബരിമലയുടെ ചുമതലയുള്ള പൊലീസ് മേധാവി എസ് ശ്രീജിത്, ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിധാനത്തെത്തും. സോപാനത്തിനു സമീപവും ചില ക്രമീകരണങ്ങൾ വരുത്തുന്നുണ്ട്. വിഷു മുതൽ പൂർണമായും മാറ്റം നടപ്പാക്കും. പ്രധാനകാണിക്കടുത്തു നിന്നാണ് തീർഥാടകർ തൊഴുതുമടങ്ങേണ്ടത്.

പതിനെട്ടാംപടി കയറുന്ന തീർഥാടകന് ശ്രീകോവിലിനു സമീപം എത്തുന്നതിനകം അരമിനിറ്റെങ്കിലും അയ്യപ്പദർശനം സാധ്യമാവും വിധമാണ് പുതിയ മാറ്റം. ഫ്ലൈഓവർ തൽക്കാലം പൊളിക്കില്ല. തിരക്കുകൂടുന്ന അടിയന്തരഘട്ടങ്ങളിൽ ഇതിലെയും തീർഥാടകരെ കടത്തിവിടും. മേലേതിരുമുറ്റത്ത് മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നിർമാണം നടക്കുമ്പോൾ ഇത് പൊളിച്ചുമാറ്റാനാണ് തീരുമാനം.

വ്രതാനുഷ്ഠാനങ്ങളോടെ പിതൃബലി അര്‍പ്പിച്ച് ലക്ഷങ്ങള്‍, ആലുവ മണപ്പുറത്ത് വന്‍ തിരക്ക്

വ്രതാനുഷ്ഠാനങ്ങളോടെ പിതൃബലി അര്‍പ്പിച്ച് ലക്ഷങ്ങള്‍, ആലുവ മണപ്പുറത്ത് വന്‍ തിരക്ക്

കൊച്ചി: കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും അടുത്ത പകലുമാണ് ശിവരാത്രി മഹോത്സവം. ഉപവാസവും ഉറക്കം ഒഴിയുന്നതുമാണ് ആചാരങ്ങൾ. പാലാഴി മഥനത്തിനിടെ പൊങ്ങിവന്ന കാളകൂടവിഷം ലോക രക്ഷയ്ക്കായി പരമശിവന്‍ കുടിച്ചു. എന്നാല്‍ വിഷം വയറ്റിലെത്താതിരിക്കാൻ പാർവതി ശിവന്റെ കഴുത്തും പുറത്ത് പോകാതിരിക്കാൻ വിഷ്ണു വായയും അടച്ചുപിടിച്ചു. വിഷം ശിവന്റെ കഴുത്തിൽ അടിഞ്ഞുകൂടി ശിവൻ നീലകണ്ഠൻ ആയി. ഭഗവാന് ആപത്തുണ്ടാകാതെ പാർവതീയും മറ്റുളളവരും ഉറക്കമൊഴിച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി.

പിതൃമോക്ഷം തേടി പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് ആയിരങ്ങളാണ് ശിവരാത്രി ദിനത്തിൽ പിതൃതർപ്പണം നടത്തുന്നത്. ആലുവ മണപ്പുറത്താണ് കേരളത്തിൽ പ്രധാനമായും ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്. ബുധനാഴ്ച രാത്രി 10 മണി മുതൽ തുടങ്ങിയ ബലിതർപ്പണ ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ വരെ നീളും. 116 ബലിത്തറകളാണ് ആലുവയില്‍ ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്. ഏഴ് ലക്ഷം പേർ ഇത്തവണ ബലിതർപ്പണത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബലിതർപ്പണത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 1500 പൊലീസുകാരെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. പൊലീസിന്റെ മുഴുവൻ സമയ കൺട്രോൾ റൂമും വാച്ച് ടവറും പ്രവർത്തിക്കുന്നുണ്ട്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധരും അഗ്നിശമന സേനാ അംഗങ്ങളും മണപ്പുറത്തുണ്ട്.

ഗതാ​ഗത നിയന്ത്രണം

ബുധനാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച ഉച്ചവരെ ആലുവയിൽ ഗതാഗത നിയന്ത്രണമുണ്ടാകും. മണപ്പുറത്തേക്ക് എത്തുന്ന ഭക്തർക്കായി കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. കൊച്ചി മെട്രോയും ദക്ഷിണ റെയിൽവേയും സ്‍പെഷ്യൽ സർവീസ് നടത്തുന്നുണ്ട്. 26 ബുധനാഴ്ച തൃപ്പൂണിത്തുറയില്‍ നിന്നുള്ള മെട്രോ സര്‍വീസുകൾ രാത്രി 11.30 വരെ ഉണ്ടായിരുന്നു. വ്യാഴാഴ്ച ആലുവയില്‍ നിന്നുള്ള സര്‍വീസ് വെളുപ്പിന് 4.30ന് സർവീസ് ആരംഭിക്കും. തുടര്‍ന്ന് രാവിലെ ആറ് മണിവരെ അരമണിക്കൂര്‍ ഇടവിട്ടും പിന്നീട് സാധാരണ നിലയ്ക്കും ആലുവയില്‍ നിന്ന് സര്‍വ്വീസ് ഉണ്ടായിരിക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചിട്ടുണ്ട്.