by Midhun HP News | Feb 24, 2025 | Latest News, കേരളം
കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പതിമൂന്നാം ബ്ലോക്കിലെ അമ്പലക്കണ്ടി ആദിവാസി നഗറിലെ വെള്ളി(80), ഭാര്യ ലീല(70) എന്നിവരാണ് മരിച്ചത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
സബ് കലക്ടര്‍ സ്ഥലത്തെത്തിയിട്ടും ആംബുലന്‍സ് കൊണ്ടുപോകാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല. ഒടുവില്‍ പൊലീസ് നടത്തിയ ചര്‍ച്ചക്ക് ഒടുവിലാണ് അയഞ്ഞത്. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ വീതം ആദ്യഗഡു ഇന്ന് നല്‍കും. വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്ന് കണ്ണൂരിലെത്തും. വൈകിട്ട് മൂന്ന് മണിക്ക് സര്‍വകക്ഷിയോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
by Midhun HP News | Feb 24, 2025 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്. എറണാകുളം രായമംഗലത്തെ ഹോട്ടലില്‍ കയറി അതിക്രമം കാണിച്ചതിനാണ് പള്‍സര്‍ സുനിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തത്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന വ്യവസ്ഥകളോടെ ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ കേസ്.
ഇന്നലെ രാത്രിയിലാണ് സംഭവം. രായമംഗലത്തെ ഹോട്ടലിലെത്തിയ പള്‍സര്‍ സുനി ഭക്ഷണം ലഭിക്കാന്‍ വൈകിയതില്‍ ക്ഷുഭിതനായി ഹോട്ടല്‍ ജീവനക്കാരോട് അസഭ്യം പറയുകയും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും, ചില്ലു ഗ്ലാസുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു. ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ജീവനക്കാരെ അസഭ്യം പറഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും, ഹോട്ടലില്‍ അതിക്രമം കാണിച്ചതിനും കേസെടുത്തത്. ഹോട്ടല്‍ ജീവനക്കാരെ വകവരുത്തുമെന്ന് ഭീഷണി മുഴക്കിയെന്നും പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ വിട്ടയച്ചപ്പോള്‍, മറ്റു കേസുകളില്‍ പെടരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.
by Midhun HP News | Feb 24, 2025 | Latest News, കേരളം
സംസ്ഥാനത്ത് വാഹനങ്ങളുടെ ആർസി ബുക്കിന് പകരം ഇനി ഡിജിറ്റൽ ആർസി. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റിങ് മാർച്ച് മുതൽ നിർത്തലാക്കാൻ ഒരുങ്ങുകയാണ് ഗതാഗത വകുപ്പ്. പകരം വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ ആർസി പരിവാഹൻ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വാഹനം വാങ്ങിയാൽ ഇനി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനായി നീണ്ട കാത്തിരിപ്പില്ല. രജിസ്ട്രേഷൻ പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിൽ തന്നെ പരിവാഹൻ വെബ്സൈറ്റിൽ നിന്നും ആർസി ഡൗൺ ലോഡ് ചെയ്യാം എന്നതാണ് സവിശേഷത.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റിംഗ് മാർച്ച് മാസത്തോടെ നിർത്തലാക്കാനാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്. ഇതോടെ ആർസി ബുക്ക് എന്നതിൽ നിന്ന് ഡിജിറ്റൽ ആർസിയിലേക്ക് കേരളം മാറുകയാണ്. ഇതോടൊപ്പം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇനി ആധാർ അധിഷ്ഠിതമാകും.ഉടമസ്ഥത മാറ്റൽ, ലോൺ ചേർക്കൽ, ലോൺ ഒഴിവാക്കൽ എന്നിവയ്ക്കും ആധാർ വേണ്ടിവരും. തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. വാഹനത്തിന്‍റെ ഉടമസ്ഥാവകാശം ആർക്കാണോ അവരുടെ ആധാറിലെ മൊബൈൽ നമ്പറാണ് ആർസി യിലും രേഖപ്പെടുത്തേണ്ടത്. വാഹന ഉടമകൾ ആധാറിൽ ലിങ്ക് ചെയ്ത നമ്പറാണോ ആർസിയിലും നൽകിയത് എന്ന് ഉറപ്പാക്കണം. മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്സൈറ്റ് വഴിയോ അക്ഷയ വഴിയോ ഇത് മാറ്റാം. അതിനു കഴിയാത്തവർക്ക് ആർടിഒ ഓഫീസിൽ 28വരെ പ്രത്യേക കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്.
by Midhun HP News | Feb 24, 2025 | Latest News, കേരളം
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് പരിശോധന. കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ എംവിഐ, എഎംവിഐ, ഓഫീസ് അസിസ്റ്റന്റുമാര്‍ എന്നിവരുടെ വീടുകളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. വാളയാര്‍ ചെക്ക് പോസ്റ്റില്‍ കൈക്കൂലി പിടികൂടിയതിന്റെ തുടര്‍ച്ചയായിട്ടാണ് പരിശോധന.
ഇക്കഴിഞ്ഞ മാസം വാളയാര്‍ ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഒന്നര ലക്ഷത്തിലേറെ രൂപയുടെ കൈക്കൂലിപ്പണം പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള പരിശോധനകളാണ് നിലവില്‍ നടക്കുന്നതെന്നാണ് പ്രാഥമിക വിവരം.
by Midhun HP News | Feb 24, 2025 | Latest News, കേരളം
കാസർകോട്: അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനം നവംബർ ഒന്നിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കാനുള്ള പ്രവർത്തനം ഊർജിതമായി തുടരുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അതിനുള്ള പ്രവർത്തനം നടത്തുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസർകോട് മടിക്കൈ എരിക്കുളത്ത് കെ എം കുഞ്ഞിക്കണ്ണൻ സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതതു ദേശത്തുള്ള ജനങ്ങൾക്കാണ് പ്രദേശത്ത്, എന്തു വികസനം വേണമെന്ന് പറയാൻ കഴിയുക. ജനകീയ ആസൂത്രണത്തിലൂടെ ജനങ്ങൾ നിർദ്ദേശിക്കുന്നു. അത് തീരുമാനമായി നടപ്പാക്കുന്നു. നാടിന്റെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ കൂടുതൽ പദ്ധതികൾ നടപ്പിൽ വരുന്നു.
തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരവും പണവും നൽകി കേരളത്തിൽ പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശിക സർക്കാരായിട്ടാണ് അവ പ്രവർത്തിക്കുന്നത്. നവകേരള സൃഷ്ടിക്കായി തദ്ദേശ സ്ഥാപനങ്ങളാണ് മികച്ച പ്രവർത്തനം നടത്തേണ്ടത്. വലിയ വ്യക്തിശുചിത്വമുള്ള നമ്മുടെ നാട്ടിൽ മാലിന്യം വലിച്ചെറിയുന്ന രീതിക്ക് അവസാനമുണ്ടാകണം. ജലാശയങ്ങൾ മാലിന്യക്കൂമ്പാരമാകുന്നുണ്ട്. അവ മറികടക്കാനുള്ള മുൻകൈ തദ്ദേശ സ്ഥാപനങ്ങളാണ് ഏറ്റെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Recent Comments