ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറി: രണ്ട് മലയാളികള്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറി: രണ്ട് മലയാളികള്‍ അറസ്റ്റില്‍

കൊച്ചി: ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴി കോടികള്‍ തട്ടിയ കേസില്‍ രണ്ട് മലയാളികളെ ഇഡി അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി സയീദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ടി ജി വര്‍ഗീസ് എന്നിവരാണ് പിടിയിലായത്. തട്ടിപ്പിന് ഇടനിലക്കാരായി നിന്നവരാണ് പിടിയിലായത്. 500 ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ തട്ടിപ്പു സംഘത്തിന് നല്‍കിയത്.

ചൈനീസ് ആപ്പുകളിലൂടെ ഈ അക്കൗണ്ടുകളിലൂടെ 1650 കോടി രൂപയാണ് തട്ടിയെടുത്തത്. ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് നാലു തമിഴ്‌നാട്ടുകാര്‍ നേരത്തെ പിടിയിലായിരുന്നു. കാഞ്ചീപുരം സ്വദേശികളായ ഡാനിയേല്‍ സെല്‍വകുമാര്‍, കതിരവന്‍ രവി, ആന്റോ പോള്‍ പ്രകാശ്, അലന്‍ സാമുവേല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഐടി ജീവനക്കാരാണ്.

ചരിത്രം പിറന്നു, സൂപ്പര്‍ ത്രില്ലറില്‍ ലീഡ് നേടി കേരളം; രഞ്ജി ഫൈനലില്‍

ചരിത്രം പിറന്നു, സൂപ്പര്‍ ത്രില്ലറില്‍ ലീഡ് നേടി കേരളം; രഞ്ജി ഫൈനലില്‍

അഹമ്മദാബാദ്: രഞ്ജിട്രോഫിയില്‍ കേരളത്തിന് ചരിത്ര നേട്ടം. സെമി ഫൈനലിലെ സൂപ്പര്‍ ക്ലൈമാക്‌സില്‍ ഗുജറാത്തിനെതിരെ ഒന്നാമിന്നിങ്‌സ് നേടിയ കേരളം നടാടെ ഫൈനലില്‍ കടന്നു. ഒന്നാമിന്നിങ്‌സ് ലീഡിന്റെ കരുത്തിലാണ് കേരളത്തിന്റെ മുന്നേറ്റം. അവസാന ദിവസം മൂന്നു വീക്കറ്റുകളും വീഴ്ത്തിയ ആദിത്യ സര്‍വതെയാണ് കേരളത്തെ ചരിത്രനേട്ടത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. രണ്ടു റണ്‍സിന്റെ ലീഡാണ് കേരളം നേടിയത്.

അവസാന വിക്കറ്റില്‍ ഗുജറാത്തിന്റെ അര്‍സന്‍ നാഗ്‍വസ്വല്ലയും പ്രിയജിത് സിങ് ജഡേജയും നടത്തിയ ചെറുത്തു നില്‍പ്പ് കേരളത്തിന്റെ ചരിത്ര ഫൈനലെന്ന സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക ഉയര്‍ത്തിയിരുന്നു. ഗുജറാത്ത് സ്‌കോര്‍ 455 റണ്‍സെടുത്തു നില്‍ക്കെ, 48 പന്തില്‍ 10 റണ്‍സെടുത്ത് പ്രതിരോധക്കോട്ട കെട്ടിയ നാഗ്‍വസ്വല്ലയെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിച്ചാണ് ആദിത്യ സര്‍വതെ കേരളത്തിന് ചരിത്ര നേട്ടം നേടിക്കൊടുത്തത്.

കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 457 റൺസിനെതിരെ, ഗുജറാത്ത് 455 റണ്‍സിന് പുറത്തായി. ഇതോടെ ഒന്നാമിന്നിങ്‌സില്‍ കേരളത്തിന് രണ്ടു റണ്‍സിന്റെ നിര്‍ണായക ലീഡ് നേടാനായി. നാലു വിക്കറ്റ് വീതം വീഴ്ത്തിയ ജലജ് സക്‌സേന, ആദിത്യ സര്‍വതെ എന്നിവരുടെ മികവാണ് കേരളത്തിന്റെ സ്വപ്‌നതുല്യ കുതിപ്പില്‍ നിര്‍ണായകമായത്. നിധീഷ്, ബേസില്‍ എന്നിവര്‍ കേരളത്തിനായി ഓരോ വിക്കറ്റ് വീതം നേടി.

മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുന്ന ടീം ഫൈനലില്‍ ഇടം നേടുമായിരുന്നു. അതു കൊണ്ടു തന്നെ ലീഡ് നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. രാവിലെ തന്നെ അര്‍ധ സെഞ്ച്വറി നേടിയ ജയ്മീത് പട്ടേലിനെ പുറത്താക്കി കേരളം പ്രതീക്ഷ സജീവമാക്കി.

177 പന്തില്‍ 79 റണ്‍സെടുത്ത പട്ടേലിനെ ആദിത്യ സര്‍വതെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നടത്തിയ മിന്നല്‍ സ്റ്റംപിങ്ങിലൂടെയാണ് പുറത്താക്കിയത്. ഗുജറാത്ത് ടീം സ്‌കോര്‍ 436 ല്‍ നില്‍ക്കെയാണ് ജയ്മീത് പട്ടേല്‍ പുറത്താകുന്നത്.

പിന്നാലെ 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ, സിദ്ധാര്‍ഥ് ദേശായിയെയും സര്‍വതെ പുറത്താക്കി. 164 പന്തില്‍ 30 റണ്‍സെടുത്ത ദേശായിയെ സര്‍വതെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഏഴാം വിക്കറ്റില്‍ പട്ടേല്‍-ദേശായി സഖ്യം നേടിയ 79 റണ്‍സാണ് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. കേരളം ഒന്നാമിന്നിങ്‌സില്‍ 457 റണ്‍സാണ് നേടിയിരുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (69 റണ്‍സ്), സല്‍മാന്‍ നിസാര്‍ (52 റണ്‍സ്) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടർക്ക് പകരം ജോലി ചെയുന്നത് ഭർത്താവ്…

താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടർക്ക് പകരം ജോലി ചെയുന്നത് ഭർത്താവ്…

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടർക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നതായി പരാതി. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ സഫീല്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തുന്നുവെന്നാണ് പരാതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോ സഹീദക്കെതിരെയാണ് യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡണ്ട് യുഎ റസാഖ് പരാതി നൽകിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും സഹിതമാണ് യുഎ റസാഖ് ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയത്.

ഡോ സഹീദയുടെ രാത്രി ഡ്യൂട്ടി ഭർത്താവ് സഫീലാണ് ചെയ്യുന്നതെന്നാണ് പരാതിയിൽ പറയുന്നത്. ഡോ സഹീദ രാത്രി കുഞ്ഞിന് മുലയൂട്ടാൻ പോകുമ്പോൾ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഭർത്താവ് സഫീൽ രോഗികളെ ചികിത്സിച്ചതെന്നാണ് തിരൂരങ്ങാടി താലൂക്ക് ആശുപതി സൂപ്രണ്ടിൻ്റെ വിശദീകരണം. ഭർത്താവ് സഫീൽ ഗവൺമെൻ്റ് ഡോക്ടർ തന്നെയാണെന്നും സൂപ്രണ്ട് പറയുന്നു. അതേസമയം, പരാതിയിൽ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിഎംഒ പ്രതികരിച്ചു.

സൗരവ് ഗാംഗുലി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു

സൗരവ് ഗാംഗുലി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച രാത്രി പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍ ഹൈവേയില്‍ വെച്ച് ദന്തന്‍പൂരിന് സമീപമാണ് സംഭവം. ഗാംഗുലിയുടെ വാഹനവ്യൂഹത്തിലേക്ക് ലോറിയിടിച്ച് കയറുകയായിരുന്നു.

ഗാംഗുലി ബര്‍ദ്വാനിലേക്ക് പോകുന്നതിനിടെയാണ് അപകടം. താരം സഞ്ചരിച്ചിരുന്ന റേഞ്ച് റോവര്‍ കാറിലേക്ക് ലോറിയിടിച്ചതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. എന്നാല്‍ ഡ്രൈവര്‍ സമയോചിതമായി ഇടപെട്ട് വാഹനം പെട്ടെന്ന് നിര്‍ത്തി. പിന്നാലെ ഗാംഗുലിയുടെ കാറിന് പിന്നില്‍ വാഹനവ്യൂഹത്തിലെ മറ്റ് കാറുകളും വന്നിടിക്കുകയായിരുന്നു. അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഗാംഗുലിയുടെ വാഹനവും ലോറിയും അമിതവേഗതയിൽ ആയിരുന്നില്ലയെന്നതാണ് വലിയ അപകടം ഒഴിവാക്കിയത്. വാഹനവ്യൂഹത്തിലുണ്ടായിരുന്ന രണ്ട് കാറുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് പത്ത് മിനിറ്റോളം യാത്ര തടസപ്പെടുകയും പിന്നീട് തുടരുകയും ചെയ്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ‌ ഇതിന് ശേഷം മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരിപാടികളില്‍ എല്ലാം പങ്കെടുത്ത ശേഷമാണ് ഗാംഗുലി വീട്ടിലേക്ക് മടങ്ങിയത്. ബര്‍ദ്വാന്‍ സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിയില്‍ ഗാംഗുലി പങ്കെടുത്തു.

കഴക്കൂട്ടം ഗവൺമെന്റ് വനിത ഐ.ടി.ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

കഴക്കൂട്ടം ഗവൺമെന്റ് വനിത ഐ.ടി.ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

കഴക്കൂട്ടം ഗവൺമെന്റ് വനിത ഐ.ടി.ഐ യിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിൽ മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 6ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരി പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

യോഗ്യതകൾ : ബി.വോക് / ഡിഗ്രി ഇൻ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ / എ.ഐ.സി.ടി.ഇ / യു.ജി.സി അംഗീകാരമുള്ള കോളേജ് / യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനോടൊപ്പം ഒരു വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ 3 വർഷത്തെ ഡിപ്ലോമ കോഴ്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ബോഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷനിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഡി.ജി.ടി യിൽ നിന്നും അഡ്വാൻസ്ഡ് ഡിപ്ലോമയും (വൊക്കേഷണൽ) രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി പാസായിരിക്കുകയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2418317.