by Midhun HP News | Feb 20, 2025 | Latest News, ജില്ലാ വാർത്ത
അവകാശങ്ങൾ ലഭിക്കാതെ ദുരിതമനുഭവിക്കുകയാണു സംസ്ഥാനത്തെ ഭിന്നശേഷി കുട്ടികളും മാതാപിതാക്കളും സ്പെഷൽ സ്കൂൾ അധ്യാപകരും. ബജറ്റിലെ വമ്പൻ തുകകൾ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുമ്പോഴും ധനസഹായത്തിനുള്ള നിയമങ്ങൾ കർശനമാക്കുമ്പോഴും സങ്കടം ആരോടു പറയണം എന്നറിയാതെ വിഷമിക്കുകയാണിവർ.
18 വയസ്സു കഴിഞ്ഞ കുട്ടികളെ വീട്ടിലാക്കിയാൽ ആരു സംരക്ഷിക്കും എന്ന ചോദ്യമുയരുന്നു. ഒന്നിലധികം ഭിന്നശേഷി കുട്ടികളുള്ള വീടുകളുടെ സ്ഥിതിയും ക്ലേശത്തിലാണ്. കേന്ദ്ര സർക്കാരിന്റെ ഗ്രാന്റ് ലഭിക്കുന്ന സ്കൂളുകളിൽ 23 വയസ്സുവരെയുള്ളവരെ പരിഗണിക്കുന്നുണ്ട്.
യുണിക്ക് ഡിസബിലിറ്റി (യുഡിഐഡി) കാർഡ് ലഭിക്കുന്നതിനായി ഭിന്നശേഷി സർട്ടിഫിക്കറ്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളാണു നൽകേണ്ടത്. പലപ്പോഴും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ അസൗകര്യം നിമിത്തം ഇതു ലഭിക്കാറില്ല.
കേരള സർക്കാർ ഗ്രാൻഡ് നൽകുന്ന സ്‌പെഷൽ സ്‌കൂളുകളിലെ വിദ്യാർഥികളുടെ പ്രായപരിധി 23 വയസ്സായി പുനർനിശ്ചയിക്കുക, 2018 നു ശേഷമുള്ള അപേക്ഷകൾ കൂടി പരിഗണിച്ച് ആശ്വാസ കിരണം കുടിശികയില്ലാതെ നൽകുക, ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റും യുഡിഐഡി കാർഡും സമയബന്ധിതമായി ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഭിന്നശേഷി വിദ്യാർഥികളുടെ സ്കൂൾ, അധ്യാപക, രക്ഷാകർതൃ സംഘടനകളുടെ സംയുക്ത സമരസമിതി സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തി. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ മോൻസ് ജോസഫ്, മാത്യു കുഴൽനാടൻ, സമരസമിതി ചെയർമാൻ ഫാ.റോയ് മാത്യു വടക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു.
by Midhun HP News | Feb 20, 2025 | Latest News, ജില്ലാ വാർത്ത
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. പ്രവർത്തനങ്ങൾ മാർച്ച് ആദ്യം തന്നെ പൂർണമാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഭക്ഷണം, വെള്ളം വിതരണം ചെയ്യൽ എന്നിവയിൽ അതീവ ശ്രദ്ധ വേണം. അന്നദാനം നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി. കോർപറേഷൻ പരിധിയിലും വെങ്ങാനൂർ പഞ്ചായത്തിലെ വെള്ളാർ വാർഡിലും പൊങ്കാലയുടെ തലേദിവസം വൈകിട്ട് 6 മുതൽ പൊങ്കാല ദിവസം വൈകിട്ട് 6 വരെ മദ്യനിരോധനം ഏർപ്പെടുത്തും. രണ്ട് ഘട്ട സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കുന്നത്.
കൂടുതൽ നിരീക്ഷണ ക്യാമറകളും വുമൻ കൺട്രോൾ റൂമും സ്ഥാപിക്കും. പാർക്കിങ് ഏരിയകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തും. അടിയന്തര സാഹചര്യം നേരിടുന്നതിന് ജില്ലാ ദുരന്തനിവാരണ വിഭാഗം പൂർണ സജ്ജമാണ്. 5 ജില്ലകളിൽ നിന്നുള്ള 63 വാഹനങ്ങളും നാനൂറിലധികം ഉദ്യോഗസ്ഥരും ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ഡ്യൂട്ടിയിലുണ്ടാകും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘങ്ങളും ആംബുലൻസുകളുമുണ്ടാകും. കുത്തിയോട്ട വ്രതം ആരംഭിക്കുന്ന ദിവസം മുതൽ ശിശുരോഗ വിദഗ്ധരുടെ സേവനമുണ്ടാകും.
by Midhun HP News | Feb 20, 2025 | Latest News, കേരളം
പാതിവില തട്ടിപ്പിൽ ഇന്നലെ വരെ 400 കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറി. 8 കോടി രൂപയുടെ ക്രമക്കേടാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ന് 250 കേസുകൾ കൂടി കൈമാറും. പത്തോളം കേസുകൾ പുതിയതായി ലോക്കൽ പൊലീസ് റജിസ്റ്റർ ചെയ്യുന്നുണ്ട്. അനന്തു കൃഷ്ണൻ, കെ.എൻ.ആനന്ദകുമാർ എന്നിവരാണു ഭൂരിപക്ഷം കേസിലും മുഖ്യപ്രതികൾ. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ 4 കേസിൽ പ്രതിയാണ്. ഏതാനും എൻജിഒ സംഘടനകളുടെ ഭാരവാഹികളും പല കേസിലും പ്രതിസ്ഥാനത്തുണ്ട്.
കെ.എൻ.ആനന്ദകുമാർ രൂപീകരിച്ച നാഷനൽ എൻജിഒ കോൺഫെഡറേഷൻ അഡ്വൈസറി ചെയർമാനായിരുന്നു ജസ്റ്റിസ് രാമചന്ദ്രൻ നായർ. ഇദ്ദേഹം ഇവരുടെ 2 പരിപാടികൾ ഉദ്ഘാടനം ചെയ്തെന്നും എന്നാൽ സാമ്പത്തിക ഇടപാട് ഉണ്ടായിട്ടില്ലെന്നുമാണു പൊലീസ് പറയുന്നത്.
അനന്തുകൃഷ്ണൻ ഓൺലൈൻ സാമ്പത്തിക ഇടപാടുകൾക്കു വേണ്ടി ‘ഇ കൊമേഴ്സ് സൈറ്റ്’ തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി. വിമൻ ഓൺ വീൽസ് എന്ന പേരിൽ ആരംഭിച്ച സൈറ്റിന്റെ ഭാഗമായി ഇ– പേയ്മെന്റുകൾ നടത്താനും ചില ഓൺലൈൻ ഏജൻസികളുമായി കരാർ ഉണ്ടാക്കിയിരുന്നു. എറണാകുളം ജില്ലയിലെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ പൂർത്തിയാക്കി അനന്തുകൃഷ്ണനെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ കോടതിയിൽ ഹാജരാക്കി. ഈ മാസം 28 വരെ റിമാൻഡ് ചെയ്തു. ഇപ്പോൾ മൂവാറ്റുപുഴ സബ് ജയിലിലുള്ള അനന്തുകൃഷ്ണനെ മറ്റു ജില്ലകളിൽ റജിസ്റ്റർ ചെയ്ത കേസുകളിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
by Midhun HP News | Feb 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സൈബര്‍ സാമ്പത്തികത്തട്ടിപ്പുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങള്‍ക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുണ്ട്.
ഇതിനായി www.cybercrime.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് Report & Check Suspect എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ശേഷം suspect repository എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഫോണ്‍ നമ്പറുകള്‍, ബാങ്ക് അക്കൗണ്ടുകള്‍,UPI ID, സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍ എന്നിവ ഇതുവഴി പരിശോധിക്കാമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
ഡിജിറ്റല്‍ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കില്‍ അക്കാര്യം വ്യക്തമാക്കി മുന്നറിയിപ്പ് നല്‍കും. തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റ് വിലാസം, വാട്‌സ്ആപ്പ നമ്പര്‍, ടെലിഗ്രാം ഹാന്‍ഡില്‍, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍, സാമൂഹികമാധ്യമ വിലാസങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ഈ പോര്‍ട്ടല്‍ വഴി നല്‍കാനുള്ള സൗകര്യവുമുണ്ട്.
by Midhun HP News | Feb 20, 2025 | Latest News, ജില്ലാ വാർത്ത
ചെന്നൈ: ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂർ സ്വദേശി അനു ശേഖർ (31) ആണ് മരിച്ചത്. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷൻമാസ്റ്ററായിരുന്നു. ചെങ്കോട്ട – ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. കാൽവഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സ്റ്റേഷനിലുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും
Recent Comments