‘മോളിവുഡിലെ ക്ലാസിക് ക്രിമിനൽ‌ തിരിച്ചു വരുന്നു’! ദൃശ്യം 3 സ്ഥിരീകരിച്ച് മോഹൻലാൽ; ഇത്തവണ ഉറപ്പായും ജയിലിൽ പോകുമെന്ന് ആരാധകർ

‘മോളിവുഡിലെ ക്ലാസിക് ക്രിമിനൽ‌ തിരിച്ചു വരുന്നു’! ദൃശ്യം 3 സ്ഥിരീകരിച്ച് മോഹൻലാൽ; ഇത്തവണ ഉറപ്പായും ജയിലിൽ പോകുമെന്ന് ആരാധകർ

ദൃശ്യം 2 പുറത്തുവന്നതിന് പിന്നാലെ മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒന്നായിരുന്നു സിനിമയ്ക്ക് മൂന്നാം ഭാ​ഗം ഉണ്ടാകുമോ എന്ന്. സംവിധായകൻ ജീത്തു ജോസഫിനോടും നടൻ മോഹൻലാലിനോടും പലപ്പോഴായി ഈ ചോദ്യം ആരാധകർ ചോദിച്ചിരുന്നു. ജീത്തു ജോസഫ് ദൃശ്യം 3 ആലോചനയിലുണ്ടെന്ന് പറഞ്ഞെങ്കിലും എപ്പോഴുണ്ടാകും എന്നതു സംബന്ധിച്ച് വ്യക്തമായ മറുപടികൾ നൽകിയിരുന്നില്ല.

ഇപ്പോഴിതാ ദൃശ്യം 3 വരുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ‘‘ഭൂതകാലം ഒരിക്കലും നിശബ്ദമല്ല’’ എന്ന വാക്കുകളോടെയാണ് സിനിമയുടെ മൂന്നാം ഭാഗമെത്തുന്ന കാര്യം മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിനും ജീത്തു ജോസഫിനുമൊപ്പമുള്ള ഒരു ഫോട്ടോയും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. ദൃശ്യം 3 യുടെ പ്രഖ്യാപനം തെല്ലൊന്നുമല്ല ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.

‘ലാലേട്ടാ താടിയിൽ തന്നെ ദൃശ്യം 3 ചെയ്യണം’, ‘ദാ…. ഇതാണ് അനൗൺസ്മെൻ്റ്’, ‘നാലാം ക്ലാസുകാരന്റെ മൂന്നാം വരവ്’, ‘ഈ പ്രാവശ്യം ജോർജുകുട്ടി ഉറപ്പായും ജയിലില്‍ പോകും’, ‘മോളിവുഡിലെ ക്ലാസിക് ക്രിമിനൽ തിരിച്ചുവരുന്നു’- എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. 2013ലാണ് ദൃശ്യം സിനിമയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തുന്നത്.

ജീത്തു ജോസഫിന്റെ തന്നെ തിരക്കഥയിൽ ഒരുങ്ങിയ ദൃശ്യം മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറി. പിന്നീട് എട്ടു വർഷങ്ങൾക്കു ശേഷം 2021ൽ സിനിമയുടെ രണ്ടാം ഭാഗമെത്തി. ആമസോൺ പ്രൈം വിഡിയോയിലൂടെ നേരിട്ട് സ്ട്രീം ചെയ്ത സിനിമ ഭാഷാഭേദമന്യേ സിനിമാ പ്രേമികൾ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തു. ചൈനീസ് ഭാഷയില്‍ അടക്കം റീമേക്ക് ചെയ്ത ആദ്യ മലയാള സിനിമ കൂടിയാണ് ദൃശ്യം.

തമിഴില്‍ കമല്‍ ഹാസന്‍ പാപനാശം എന്ന പേരിലാണ് ദൃശ്യം റിമേക്ക് ചെയ്തത്. ദൃശ്യം അതേ പേരില്‍ ബോളിവുഡില്‍ മൊഴിമാറ്റിയപ്പോള്‍ അജയ് ദേവ്ഗണായിരുന്നു നായകനായെത്തിയത്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരും ദൃശ്യത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് വേണ്ട; ചട്ടങ്ങള്‍ മാറ്റി സര്‍ക്കാര്‍

വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് വേണ്ട; ചട്ടങ്ങള്‍ മാറ്റി സര്‍ക്കാര്‍

തിരുവനന്തപുരം: വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ലെന്നും രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ്. ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കുമെന്നും പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെട്ടിട നിര്‍മ്മാണ ചട്ടത്തിലുള്‍പ്പെടെ ജനോപകാരപ്രദമായ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും കാലോചിതമായ പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ശ്രദ്ധ സര്‍ക്കാര്‍ നല്‍കിയത് വ്യവസായ-വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

സംരംഭകത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് തദ്ദേശ ചട്ടങ്ങളില്‍ മാറ്റം വരുത്താനുള്ള തീരുമാനം. ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് 47 പരിഷ്‌കരണ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ഈ ഇടപെടല്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സേവന ഗുണമേന്‍മയില്‍ ഒന്നാം സ്ഥാനം കൈവരിക്കാന്‍ കഴിഞ്ഞു. കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് ഫീസില്‍ 60%വരെ കുറവ് വരുത്തുകയും ചെയ്തു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ കുതിപ്പിന് സുപ്രധാനമായ പങ്ക് വഹിക്കാന്‍ കെ സ്മാര്‍ട്ടിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുന്നതിനായി 1996-ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളില്‍ സമഗ്രമായ മാറ്റം കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായി നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍ നിന്നും ലൈസന്‍സ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. ഫാക്ടറികള്‍ പോലെയുള്ള സംരംഭങ്ങളെ കാറ്റഗറി 1 വിഭാഗമായും വാണിജ്യ വ്യാപാര സേവന സംരംഭങ്ങളെ കാറ്റഗറി 2 വിഭാഗമായും തിരിക്കും. നിലവില്‍ വീടുകളില്‍ പ്രവര്‍ത്തിക്കുന്ന കുടില്‍ വ്യവസായങ്ങള്‍ക്കും വീടുകളിലെ മറ്റ് വാണിജ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥയില്ല. ചെറുകിട സംരംഭങ്ങള്‍ക്ക് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാനാണ് അനുവാദമുള്ളത്. ഇത് സംരംഭങ്ങള്‍ക്ക് ബാങ്ക് ലോണ്‍, ജിഎസ്ടി രജിസ്‌ട്രേഷന്‍ കിട്ടാനുള്‍പ്പെടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതികളുണ്ട്. ഇത് പരിഹരിക്കാന്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ കാറ്റഗറിയില്‍ പെടുന്ന സംരംഭങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരമുള്ള ഉപയോഗ ഗണം നോക്കാതെ വീടുകളിലുള്‍പ്പെടെ ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.

വ്യവസായ മേഖലയില്‍പെട്ട കാറ്റഗറി 1 സംരംഭങ്ങള്‍ക്ക് പഞ്ചായത്തുകളുടെ ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ മാത്രം മതിയാകുമെന്നും മന്ത്രി പറഞ്ഞു. ഒരു അനുമതിയും പഞ്ചായത്തുകള്‍ക്ക് നിഷേധിക്കാന്‍ അധികാരമില്ല. ആവശ്യമെങ്കില്‍ നിബന്ധനകള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് അനുമതി നല്‍കണം. ഒരു സംരംഭത്തിന് ഒരിക്കല്‍ വാങ്ങിയ അനുമതി സംരംഭകന്‍ മാറുമ്പോള്‍ സംരംഭകത്വത്തില്‍ മാറ്റമില്ലെങ്കില്‍ ആ അനുമതി കൈമാറാം. സ്വയം സാക്ഷ്യപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ ഫാസ്റ്റ് ട്രാക്ക് ആയി ലൈസന്‍സ് റിന്യൂവല്‍ സാധ്യമാക്കും. നിലവിലുള്ള ഒരു ലൈസന്‍സ് പുതുക്കുന്നതിന് അന്നുതന്നെ സാധിക്കും.

ലൈസന്‍സ് ഫീസ് പൂര്‍ണ്ണമായും മൂലധനനിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ആക്കും. സ്ഥാപനങ്ങള്‍ക്കെതിരെ വരുന്ന പരാതികളില്‍ ബന്ധപ്പെട്ട വിദഗ്ധ സ്ഥാപനങ്ങളുടെ ഉപദേശം തേടി സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും. പഞ്ചായത്തുകളുടെയോ സെക്രട്ടറിമാരുടെയോ ചുമതലകളില്‍പെട്ട വിഷയങ്ങള്‍ക്ക് മാത്രമേ പരിശോധന നടത്താന്‍ പാടുള്ളൂ. എന്തിനും ഏതിനും കയറി പരിശോധിക്കുന്ന രീതി അനുവദിക്കില്ലെന്നും നല്‍കുന്ന ലൈസന്‍സില്‍ ലൈസെന്‍സിയുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായ ഫണ്ട് നൽകി

നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായ ഫണ്ട് നൽകി

കടയ്ക്കാവൂർ: എസ് എസ് പി ബി ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ ” തിരികെ 2002″ വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് വസ്ത്രങ്ങളും, നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. അധ്യാപകരെ ആദരിക്കൽ, നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായ ഫണ്ട് നൽകൽ എന്നിവയും നടന്നു.

തൊപ്പിച്ചന്ത ഇന്ദിര റിജൻസി ആഡിറ്റോറിയത്തിൽ നടന്ന കൂട്ടായ്മയിൽ പൂർവ്വ വിദ്യാർത്ഥിയും പ്രവാസിയുമായ
എ അനസ്ഖാൻ അധ്യക്ഷത വഹിച്ചു. റിട്ട. മുൻ ഹെഡ്മിസ്ട്രസ് സുധർമ്മിണി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സജിത എസ് നായർ, സുരേഷ് കുമാർ, വിജയകുമാർ, ശോഭ എസ് കെ, റസൂൽ ഷാൻ, ഗോപാലൻ, അജിത് കുമാർ എന്നിവർ സംസാരിച്ചു. നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകുന്നതിന് 25,000 രൂപ ഹെഡ്മിസ്ട്രസ് സജിത എസ് നായർക്ക് കൈമാറി, സുമിതാ ഷാജിസ്വാഗതവും, നിതിൻ നന്ദിയും പറഞ്ഞു.

ചാംപ്യന്‍സ് ട്രോഫി; ഇന്ത്യക്കെതിരെ ടോസ് ബംഗ്ലാദേശിന്, ബാറ്റിങ്

ചാംപ്യന്‍സ് ട്രോഫി; ഇന്ത്യക്കെതിരെ ടോസ് ബംഗ്ലാദേശിന്, ബാറ്റിങ്

ദുബായ്: ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു.

ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ അണിനിരത്തിയാണ് ഇറങ്ങുന്നത്. കുല്‍ദീപ് യാദവ് പ്ലെയിങ് ഇലവനിലേക്ക് വന്നു. അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരും ടീമിലുണ്ട്. മുഹമ്മദ് ഷമി, ഹര്‍ഷിദ് റാണ എന്നിവരാണ് പേസര്‍മാര്‍.

ഇന്ത്യ ഇലവന്‍; രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ്.നിലവിലെ ടി20 ലോക ചാംപ്യന്‍മാരായ ഇന്ത്യ ഏകദിനത്തില്‍ 2011ലെ ലോക കിരീടത്തിനും 2013ലെ ചാംപ്യന്‍സ് ട്രോഫിക്കും ശേഷം മറ്റൊരു ഐസിസി കിരീടം നേടിയിട്ടില്ല. മൂന്നാം ചാംപ്യന്‍സ് ട്രോഫി കിരീടത്തിലൂടെ ആ കുറവ് നികത്തുകയാണ് രോഹിതും സംഘവും ലക്ഷ്യമിടുന്നത്.

ഗ്രൂപ്പ് എയില്‍ ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടം ഉച്ചയ്ക്ക് 2.30 മുതല്‍ ദുബായിലാണ് അരങ്ങേറുന്നത്. 2017ല്‍ അവസാന നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ചിരവൈരികളാണ് പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോടും പരാജയപ്പെട്ടു.

രോഹിത് ശര്‍മയുടെ അവസാന ടൂര്‍ണമെന്റാകും ചാംപ്യന്‍സ് ട്രോഫി എന്നാണ് വിലയിരുത്തപ്പെടുന്നത്. കിരീടം നേടി ക്യാപ്റ്റനു വീരോചിത യാത്രയയപ്പ് നല്‍കാന്‍ സഹ താരങ്ങള്‍ ഉത്സാഹിക്കുമെന്നു ഉറപ്പ്.

മദ്യനയം: അന്തിമ തീരുമാനം മാറ്റി

മദ്യനയം: അന്തിമ തീരുമാനം മാറ്റി

കൂടുതൽ ചർച്ചയും വ്യക്തതയും വേണമെന്നു സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് മദ്യനയത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് മന്ത്രിസഭാ യോഗം മാറ്റിവച്ചു. പുതിയ കള്ളുഷാപ്പുകൾ അനുവദിക്കുന്നതു സംബന്ധിച്ചും ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവയിൽ നിന്നു ഷാപ്പുകൾക്കു നിശ്ചയിച്ചിരിക്കുന്ന ദൂരപരിധിയുടെ കാര്യത്തിലും വ്യക്തത വേണമെന്ന് സിപിഐ നിലപാടെടുത്തു. ദൂരപരിധി സംബന്ധിച്ച നിയന്ത്രണത്തിൽ ഇളവു വേണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യത്തിൽ ഉചിത തീരുമാനമെടുക്കേണ്ടതുണ്ടെന്ന് സിപിഐയും ജനതാദളും (എസ്) ചൂണ്ടിക്കാട്ടി.

നിയമത്തിലെ നിയന്ത്രണങ്ങൾ മൂലം ആയിരത്തിലധികം ഷാപ്പുകൾ പൂട്ടിപ്പോയെന്നു ചൂണ്ടിക്കാട്ടി ട്രേഡ് യൂണിയനുകൾ രംഗത്തുവന്നിരുന്നു.കള്ളുഷാപ്പുകളുടെ ദൂരപരിധി നിയന്ത്രണം പൂർണമായി എടുത്തുകളയണമെന്ന് പുതിയ മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം.ബി.രാജേഷ് വിളിച്ച യോഗത്തിൽ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി ആവശ്യപ്പെട്ടിരുന്നു.