by Midhun HP News | Feb 20, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡോളറിനെതിരെ മൂല്യം ഉയര്‍ന്ന് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 86.86 എന്ന നിലയിലാണ് രൂപ. വ്യാപാര കമ്മി വര്‍ധിച്ചതും ഡോളര്‍ ശക്തിയാര്‍ജിച്ചതും അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.
ഇന്നലെ പത്തുപൈസയുടെ നഷ്ടത്തോടെ 86.98 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നത് അടക്കമുള്ള ഘടകങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യ ചുമത്തുന്ന തീരുവയ്ക്ക് സമാനമായി ഇറക്കുമതി തീരുവ ചുമത്തുമെന്ന അമേരിക്കന്‍ നിലപാടും രൂപയെ ദുര്‍ബലമാക്കുന്നതായും വിപണി വിദഗ്ധര്‍ പറയുന്നു.
ഓഹരി വിപണി നഷ്ടത്തിലാണ്. 400ലധികം പോയിന്റ് നഷ്ടത്തോടെയാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, ടിസിഎസ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിടുന്ന ഓഹരികള്‍. ഓഹരി വിപണി നഷ്ടത്തിലാണ്. 400ലധികം പോയിന്റ് നഷ്ടത്തോടെയാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, ടിസിഎസ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിടുന്ന ഓഹരികള്‍.
by Midhun HP News | Feb 20, 2025 | Latest News, കേരളം
പാലക്കാട്: നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. മയക്കു വെടി വയ്ക്കാതെ തന്നെ പുലിയ കൂട്ടിൽക്കയറ്റി പുറത്തെത്തിച്ചു. ആറര മണിക്കൂർ നീണ്ട ദൗത്യത്തിനു പിന്നാലെയാണ് പുലിയെ പുറത്തെത്തിച്ചത്. പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം കാടിനുള്ളിൽ വിടാനാണ് വനം വകുപ്പിന്റെ തീരുമാനം.
ഇന്നലെ രാത്രിയാണ് പുലയമ്പാറ സ്വദേശി ജോസിന്റെ വീട്ടിലെ കിണറ്റിൽ പുലി വീണത്. പിന്നാലെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ കിണറ്റിൽ നിന്നു പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. കിണറ്റിലേക്കിറക്കുന്നതിനായി കൂടും സ്ഥലത്തെത്തിച്ചിരുന്നു. പുലിയെ കൂട്ടിൽക്കയറ്റി പുറത്തെത്തിക്കാനുള്ള സാധ്യത അടഞ്ഞാൽ മയക്കു വെടി വച്ച് പുറത്തെത്തിക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി വെറ്ററിനറി ഡോക്ടർ ഡേവിഡ് എബ്രഹാം സ്ഥലത്തേക്ക് പുറപ്പെടുകയും ചെയ്തു. എന്നാൽ അർധ രാത്രി 12.20 ഓടെ പുലിയ കൂട്ടിൽ കയറ്റി പുറത്തെത്തിക്കുകയായിരുന്നു. ആറര മണിക്കൂർ നീണ്ട രക്ഷാ ദൗത്യത്തിനൊടുവിലാണ് പുലിയെ പുറത്തെത്തിച്ചത്.
by Midhun HP News | Feb 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പൊതു പരീക്ഷയിൽ മാർച്ച് 29നു നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷയുടെ സമയം പുനഃക്രമീകരിച്ചു. ഉച്ചയ്ക്കു ശേഷം നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ രാവിലെ 9.30 മുതൽ 12.15 വരെയായി പുനഃക്രമീകരിച്ച് സർക്കുലർ ഇറങ്ങി.
പരീക്ഷ സമയം പുനഃക്രമീകരിക്കണമെന്നു അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്ന രണ്ടാം വർഷ വിദ്യാർഥികൾ ഉൾപ്പെടെ കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് 29നാണ്. പുതുക്കിയ സമയം എല്ലാ വിദ്യാർഥികളും അറിഞ്ഞുവെന്നു ഉറപ്പു വരുത്തണം. നോട്ടീസ് ബോർഡുകളിൽ അവ പ്രദർശിപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു.
by Midhun HP News | Feb 20, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി എസ് സി) ചെയര്‍മാന്റെയും അംഗങ്ങളുടേയും ശമ്പളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വരുത്തിയത് 1.3 ലക്ഷം രൂപയുടെ വര്‍ധന. നിലവില്‍ പി എസ് സി ചെയര്‍മാന്റെ ആകെ ശമ്പളം 2.26 ലക്ഷം രൂപയാണ്. ഇത് 3.50 ലക്ഷമായി ഉയരും.
നിലവില്‍ പി എസ് സി കമ്മീഷന്‍ അംഗങ്ങളുടെ ശമ്പളം 2.23 ലക്ഷമാണ്. ഇത് 3.25 ലക്ഷമായിട്ടാണ് വര്‍ധിക്കുന്നത്. ചെയര്‍മാന്‍ അടക്കം 20 അംഗങ്ങളാണ് നിലവില്‍ പിഎസ് സിയിലുള്ളത്. ഒരു സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ആറു വര്‍ഷം അല്ലെങ്കില്‍, 62 വയസ്സ് ആണ് പി എസ് സി അംഗങ്ങളുടെ കാലാവധി.
ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യവുമായിരിക്കും പുതുക്കിയ ശമ്പളമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുള്ളത്.
ശമ്പളം, പെന്‍ഷന്‍, ഒന്നാം ക്ലാസ് യാത്രപ്പടി, പിഎ, ഡഫേദാര്‍, ഡ്രൈവര്‍, ആശ്രിതര്‍ക്ക് അടക്കം ചികിത്സയ്ക്കു പണം, ചെയര്‍മാന് കാറും വീടും തുടങ്ങിയ ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ശമ്പള വര്‍ധനവിന് 2016 മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ പി എസ് സി ഉന്നയിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാല്‍ 35 കോടി രൂപയിലേറെ സര്‍ക്കാര്‍ കുടിശ്ശികയും നല്‍കേണ്ടി വരും.
പി എസ് സി അംഗങ്ങളുടെ പെന്‍ഷനിലും വര്‍ധനയുണ്ടാകും. ഒരു വര്‍ഷം പി എസ് സി അംഗമായിരുന്നാല്‍ ശമ്പളത്തിന്റെ 7.5 ശതമാനമാണ് അടിസ്ഥാന പെന്‍ഷന്‍. തുടര്‍ന്ന് ഓരോ വര്‍ഷവും 7.5 ശതമാനം വീതം പെന്‍ഷന്‍ വര്‍ധിക്കും. ആറുവര്‍ഷം കാലാവധി തികയ്ക്കുന്ന ആള്‍ക്ക് ശമ്പളത്തിന്റെ 45 ശതമാനം തുക അടിസ്ഥാന പെന്‍ഷനായി ലഭിക്കും. കൂടാതെ ഡിഎയും ഉണ്ടാകും.
പുതുക്കിയ വര്‍ധന പ്രകാരം, പി എസ് സി ചെയര്‍മാന്റെ പെന്‍ഷന്‍ 1.25 ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമായി ഉയരും. പി എസ് സി അംഗങ്ങളുടേത് 1.20 ലക്ഷത്തില്‍ നിന്ന് 2.25 ലക്ഷമായും വര്‍ധിക്കുകയും ചെയ്യും. സാമ്പത്തിക പ്രതിസന്ധി കാരണം പല തവണ മാറ്റിയ ശമ്പള വര്‍ധനയാണ് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം അംഗീകരിച്ചത്.
by Midhun HP News | Feb 20, 2025 | Latest News, കേരളം
കോഴിക്കോട്: കൊടുവള്ളി ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. ഓമശ്ശേരി പുത്തൂര്‍ പുറായില്‍ വീട്ടില്‍ ഷബീര്‍ അലിയെ (34)യാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയി പലയിടങ്ങളില്‍ വച്ച് മര്‍ദിച്ചത്. കൊടുവള്ളി ഓമശ്ശേരി അമ്പലക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ ജോലിക്കാരനാണ് ഷബീര്‍.
ബിസിനസ് സ്ഥാപനത്തിലെ തര്‍ക്കമാണ് തട്ടികൊണ്ടുപോകലിന് ഇടയാക്കിയതെന്നാണ് യുവാവിന്റെ ആരോപണം. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എംഡിയാണ് പിന്നിലെന്നുമാണ് ഷബീറലി പറയുന്നത്. മാര്‍ക്കറ്റിങ് ഏജന്‍സി ഉടമയായ ഫിറോസ് ഖാനെതിരെ ഷബീറലി കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. കോടഞ്ചേരിയിലെ റിസോര്‍ട്ടില്‍ എത്തിച്ചും താമരശ്ശേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ചും പൂര്‍ണ നഗ്നനാക്കിയ ശേഷം തന്നെ ഭീകരമായി ആക്രമിക്കുകയും തുടര്‍ന്ന് ശരീരത്തില്‍ മുളകുപൊടി തേച്ചതായും യുവാവ് പരാതിയില്‍ പറയുന്നു. അവശാനായ തന്നെ ഫിറോസ് ഖാന്‍ കഴിഞ്ഞ ദിവസം രാവിലെ താമരശ്ശേരി ടൗണില്‍ ഉപേക്ഷിച്ചതാണെന്നും ഷബീര്‍ പറയുന്നു.
പരിക്കേറ്റ ഷബീര്‍ ആദ്യം താമരശ്ശേരിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ആന്തരികമായ പരിക്കുകളൊന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല.
Recent Comments