മിഹിറിന്റെ ആത്മഹത്യ; റാഗിങ് നടന്നോ?, ഒരു മാസമായിട്ടും എങ്ങുമെത്താതെ അന്വേഷണം

മിഹിറിന്റെ ആത്മഹത്യ; റാഗിങ് നടന്നോ?, ഒരു മാസമായിട്ടും എങ്ങുമെത്താതെ അന്വേഷണം

കൊച്ചി: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ തൃപ്പുണിത്തുറയിലെ ഫ്‌ളാറ്റിന്റെ 26ാം നിലയില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ ഒരു മാസമായിട്ടും അന്വേഷണം ഇഴഞ്ഞു തന്നെ. തിരുവാണിയൂരിലെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ കടുത്ത റാഗിങും പീഡനവും ആരോപിച്ച് കുട്ടിയുടെ അമ്മ രജ്‌ന പി എം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇതുവരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

അന്വേഷണത്തെക്കുറിച്ച് പരാതിയില്ലെന്നും സാധ്യമായ എല്ലാ വശങ്ങളും പരിശോധിച്ച് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുട്ടിയുടെ അമ്മാവന്‍ ഷെരീഫ് പറഞ്ഞു. എന്നാല്‍ റാഗിങ് നടന്നുവെന്ന കാര്യം അംഗീകരിക്കുകയോ നടപടിയെടുക്കുകയോ സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മിഹിറിന്റെ അമ്മ മാനസികമായി വളരെ തകര്‍ന്ന നിലയിലാണെന്നും അമ്മാവന്‍ പറഞ്ഞു.

അന്വേഷണം ശരിയായ രീതിയിലല്ല പോകുന്നതെന്ന് മിഹിറിന്റെ പിതാവ് ഷഫീഖ് മാടമ്പാട്ട് പ്രതികരിച്ചു. മിഹിറിന്റെ ലാപ്‌ടോപുകള്‍, ടാബ്‌ലറ്റുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുക്കുകയും ചാറ്റുകള്‍ വീണ്ടെടുക്കുകയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുകയും ചെയ്യണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും പൊലീസ് അതില്‍ വിമുഖത കാണിക്കുന്നുവെന്നാണ് പിതാവ് പറയുന്നത്. പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും റാഗിങ് ആരോപണത്തെക്കുറിച്ച് ഇതുവരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആരോപണ വിധേയരായ വിദ്യാര്‍ഥികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റാഗിങ് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും പൊലീസ് പറയുന്നു.

പുത്തന്‍കുരിശ് പൊലീസ് ആണ് അമ്മയുടെ പരാതിയില്‍ അന്വേഷണം നടത്തുന്നത്. ഹില്‍ പാലസ് പൊലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുന്നത്. കേസ് രണ്ടും രണ്ട് സ്റ്റേഷനില്‍ നടക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പിതാവ് പറയുന്നു.

അതേസമയം നടപടിയെടുക്കാന്‍ പരാജയപ്പെട്ടുവെന്ന മിഹിറിന്റെ രക്ഷിതാക്കളുടെ ആരോപണം ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ നിഷേധിച്ചു. ഇതിലുള്‍പ്പെട്ട കുട്ടികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. അസ്വാഭാവിക മരണത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.

കഠിനമായ വയറുവേദന; മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ മൂന്ന് വയസുകാരി മരിച്ചു

കഠിനമായ വയറുവേദന; മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ മൂന്ന് വയസുകാരി മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മൂന്ന് വയസുകാരി മരിച്ചു. കട്ടപ്പന കളിയിക്കല്‍ ആഷ അനിരുദ്ധന്‍-വിഷ്ണു സോമന്‍ ദമ്പതികളുടെ മകള്‍ അപര്‍ണിക ആണു മരിച്ചത്. ചികിത്സാപ്പിഴവ് മൂലമാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഒരാഴ്ച മുന്‍പ് കഠിനമായ വയറുവേദനയെ തുടര്‍ന്നാണു കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ ആദ്യം കൊണ്ടുവന്നത്. പ്രാഥമിക ചികിത്സ നടത്തിയ ശേഷം അധികൃതര്‍ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തതായി മാതാപിതാക്കള്‍ പറയുന്നു. വീട്ടിലെത്തി മരുന്നു കഴിച്ചിട്ടും അസുഖത്തിനു കുറവുണ്ടായില്ല. തുടര്‍ന്നു ഞായറാഴ്ചയും തിങ്കളാഴ്ചയും വീടിനു സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സ്ഥിതി ഗുരുതരമായതോടെ തിങ്കളാഴ്ച വൈകീട്ടോടെ കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്കു വീണ്ടുമെത്തിച്ചു.

പരിശോധന നടത്തിയെങ്കിലും മതിയായ ചികിത്സ നല്‍കിയില്ലെന്നു കുട്ടിയുടെ അമ്മ ആരോപിച്ചു. രാത്രി ഒന്നിനു കുട്ടിക്കു ഡ്രിപ്പ് ഇട്ടെങ്കിലും രാവിലെ ഏഴായിട്ടും പാതി പോലും ശരീരത്തില്‍ കയറിയില്ല. ഇന്നലെ രാവിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പക്ഷേ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിക്കു ഹൃദയാഘാതം സംഭവിച്ചെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍, ഭക്ഷ്യവിഷബാധയേറ്റതായി തങ്ങളോട് ആശുപത്രി അധികൃതര്‍ അനൗദ്യോഗികമായി പറഞ്ഞതായും മാതാപിതാക്കള്‍ പറയുന്നു. ഹൃദയാഘാതം മൂലമാണു കുട്ടി മരിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് കുട്ടികളുടെ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. കെ പി ജയപ്രകാശ് പറഞ്ഞു.

വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ 60 കാരനെ ചവിട്ടിക്കൊന്നു

വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ 60 കാരനെ ചവിട്ടിക്കൊന്നു

തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ തൃശൂര്‍ താമരവെള്ളച്ചാലില്‍ ഒരാള്‍ മരിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രഭാകരന്‍ എന്നയാളാണ് മരിച്ചത്. 60 വയസ്സായിരുന്നു.

വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ പ്രഭാകരനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. പീച്ചി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ താമരവെള്ളച്ചാലില്‍ വനത്തിനുള്ളില്‍ വെച്ചാണ് സംഭവമുണ്ടായത്. മകനും മരുമകനുമൊപ്പമാണ് പ്രഭാകരൻ വനത്തിൽ പോയത്. മക്കൾ നാട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. വിവരം അറിഞ്ഞ് പീച്ചി പൊലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും കാടിന് അകത്തേക്ക് പോയിട്ടുണ്ട്.

രാജ്ഭവൻ മാർച്ച്; സി.പി.ഐ എം ആറ്റിങ്ങൽ ഏര്യാക്കമ്മിറ്റി നടത്തുന്ന കാൽനട പ്രചരണ ജാഥയുടെ കുഴിമുക്ക് സ്വീകരണക്കമ്മിറ്റിയുടെ സംഘാടകയോഗം നടന്നു

രാജ്ഭവൻ മാർച്ച്; സി.പി.ഐ എം ആറ്റിങ്ങൽ ഏര്യാക്കമ്മിറ്റി നടത്തുന്ന കാൽനട പ്രചരണ ജാഥയുടെ കുഴിമുക്ക് സ്വീകരണക്കമ്മിറ്റിയുടെ സംഘാടകയോഗം നടന്നു

കേന്ദ്ര അവഗണനയ്ക്കെതിരെയുള്ള രാജ്ഭവൻ മാർച്ചിന്റെ പ്രചാരണാർഥം സി.പി.ഐ എം ആറ്റിങ്ങൽ ഏര്യാക്കമ്മിറ്റി 2025 ഫെബ്രുവരി 21,22,23 തീയതികളിൽ നടത്തുന്ന കാൽനട പ്രചരണ ജാഥയുടെ കുഴിമുക്ക് സ്വീകരണക്കമ്മിറ്റിയുടെ സംഘാടകയോഗം വിദ്യാധിരാജ സ്കൂളിൽ ഏര്യാ ക്കമ്മിറ്റി അംഗം ആർ രാജു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം വേണുഗോപാൽ അധ്യക്ഷത വഹിച്ചു.ലോക്കൽക്കമ്മിറ്റി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ, ഏര്യാ ക്കമ്മിറ്റി അംഗം സി ദേവരാജൻ, ലോക്കൽകമ്മിറ്റി അംഗങ്ങളായ എസ് സതീഷ് കുമാർ,അജിൻ പ്രഭ,ജോയി, സംഗീത്,വി വിശ്വംഭരൻ, വാർഡ് കൗൺസിലർ ജി ലേഖ എന്നിവർ സംസാരിച്ചു.