പതിനൊന്നുകാരിയുടെ മരണത്തിൽ ദുരൂഹത

പതിനൊന്നുകാരിയുടെ മരണത്തിൽ ദുരൂഹത

പൗഡിക്കോണം സുഭാഷ് നഗറിൽ പതിനൊന്നുകാരിയെ കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ. ആരാധികയെന്ന ആറാംക്ളാസുകാരിയെ ജനാലയിൽ ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് കുട്ടി ഡാൻസ് ക്ലാസിൽപോയി വീട്ടിൽ തിരിച്ചെത്തിയ ശേഷം അനുജത്തി രുദ്രയെ അടുത്തവീട്ടിൽ ഭക്ഷണം കഴിക്കാൻ പറഞ്ഞുവിട്ടിരുന്നു. കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ ആരാധിക തോർത്തുമെടുത്ത് കുളിക്കാൻ പോയശേഷമാണ് അനുജത്തി ഭക്ഷണം കഴിക്കാൻ പോയത്. ഇതിനിടെ കിംസ് ആശുപത്രിയിലെ ജീവനക്കാരിയായ മാതാവ് അടുത്തവീട്ടിൽ ഫോൺ ചെയ്ത് കുട്ടികളെ തിരക്കിയിരുന്നു.

തുടർന്ന് അടുത്തവീട്ടിലെ വീട്ടമ്മ ആരാധികയെ വിളിച്ചു. പലപ്രാവശ്യം വിളിച്ചിട്ടും കുട്ടി എത്താത്തതിനെ തുടർന്ന് ചേച്ചിയെ വിളിച്ചു കൊണ്ടുവരുവാൻ ഇളയകുട്ടിയെ പറഞ്ഞുവിട്ടു. ഇളയകുട്ടി വീട്ടിലെത്തിയപ്പോൾ ആരാധിക ജനാലയ്ക്ക് സമീപം തോർത്തുമായി ചാരി നിൽക്കുന്നത് കണ്ടു. തിരികെ അടുത്ത വീട്ടിലെത്തിയ കുട്ടി ചേച്ചി വിളിച്ചിട്ട് വരുന്നില്ല, ജനാലയ്ക്കൽ തോർത്തുമായി നിൽക്കുന്നെന്നു പറഞ്ഞതിനെ തുടർന്ന് വീട്ടമ്മ പോയി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.

സച്ചിനും ജലജും പ്രതിരോധിക്കുന്നു; രഞ്ജി സെമിയില്‍ 100 കടന്ന് കേരളം, 3 വിക്കറ്റുകള്‍ നഷ്ടം

സച്ചിനും ജലജും പ്രതിരോധിക്കുന്നു; രഞ്ജി സെമിയില്‍ 100 കടന്ന് കേരളം, 3 വിക്കറ്റുകള്‍ നഷ്ടം

അഹമ്മദാബാദ്: ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി സെമിയില്‍ കേരളം പൊരുതുന്നു. ടോസ് നേടി ബാറ്റിങിനിറങ്ങിയ കേരളം ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയില്‍.

മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രന്‍ (30), രോഹന്‍ കുന്നുമ്മല്‍ (30) എന്നിവര്‍ ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് ചേര്‍ത്തു. ഇന്ത്യന്‍ താരം രവി ബിഷ്‌ണോയ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് തുടരെ രണ്ട് വിക്കറ്റുകള്‍ കൂടി കേരളത്തിനു നഷ്ടമായി. നിലവില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 36 റണ്‍സുമായും ജലജ് സക്‌സേന 18 റണ്‍സുമായും ക്രീസില്‍ തുടരുന്നു. കേരളത്തിനായി വരുണ്‍ നായനാരും അഹമ്മദ് ഇമ്രാനും സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. മൂന്നാമായി ക്രീസിലെത്തിയ വരുണിനു പക്ഷേ തിളങ്ങാനായില്ല. താരം 10 റണ്‍സുമായി മടങ്ങി.

ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന് അവകാശവാദം; പരാക്രമം കാണിച്ച് യുവാവ്

ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന് അവകാശവാദം; പരാക്രമം കാണിച്ച് യുവാവ്

ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം.

ആക്രമത്തിനിടയിൽ ഇയാൾ മൂന്നു യുവാക്കളെ മർദ്ദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തു. നെയ്യാറ്റിൻകര പൊലീസ് യുവാവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

നെയ്യാറ്റിന്‍കര ഗോപന്റെ മരണം വലിയ വിവാ​ദങ്ങൾക്ക വഴിവെച്ചിരുന്നു. ജനുവരി 16-ാം തിയതിയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്റെ മരണം ചര്‍ച്ചയായത്. പുറത്തെടുത്ത ഗോപന്റെ മൃതശരീരം പിന്നീട് സംസ്‌കരിച്ചിരുന്നു. പൊളിച്ച സമാധി തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കിയിരുന്നു.

കിടപ്പ് രോഗികൾക്ക് സാന്ത്വനമായി ‘നന്മ സാന്ത്വനം’ പദ്ധതി

കിടപ്പ് രോഗികൾക്ക് സാന്ത്വനമായി ‘നന്മ സാന്ത്വനം’ പദ്ധതി

പാരിപ്പള്ളി മുക്കട നന്മ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണം അനിവാര്യമായ കിടപ്പുരോഗികൾക്ക് ഫോൾഡിങ് ബെഡ്, വാട്ടർബെഡ് എന്നിവയും അപകടങ്ങൾ മൂലമോ മറ്റു രോഗാവസ്ഥകൾ മൂലമോ മെഡിക്കൽ ഉപകരണങ്ങളായ വീൽ വീൽചെയർ, വാക്കർ, വാക്കിംഗ് സ്റ്റിക്ക് തുടങ്ങിയവയും
ആവശ്യവുമായി വരുന്നവർക്ക് നന്മ സാന്ത്വനം എന്ന ഒരു നൂതന പദ്ധതിയിലൂടെ നൽകുന്നതാണ്.

ഈ പദ്ധതിയുടെ ഉദ്ഘാടനം കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ ഐപി യാദവ് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് മോഹനനുണ്ണിത്താൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി ക്യാപ്റ്റൻ എസ് സതീശൻ സ്വാഗതം പറയുകയും ജനപ്രതിനിധികളായ ആർ മുരളീധരൻ, വിജയൻ എസ്, അസോസിയേഷൻ ട്രഷറർ മധുസൂദനൻ നായർ എന്നിവർ ആശംസയും ജോയിൻ സെക്രട്ടറി മനുരാജ് കൃതജ്ഞതയും പറഞ്ഞു.

വൈദ്യുതി പോസ്റ്റിൽ നിന്നും ക്ലാമ്പ് ഇളകി തലയിൽ വീണു; കെഎസ്ഇബിക്കെതിരെ പരാതി

വൈദ്യുതി പോസ്റ്റിൽ നിന്നും ക്ലാമ്പ് ഇളകി തലയിൽ വീണു; കെഎസ്ഇബിക്കെതിരെ പരാതി

തിരുവനന്തപുരം: നടന്നുപോകുന്നതിനിടെ വൈദ്യുത പോസ്റ്റിൽ നിന്നും ഇരുമ്പ് ക്ലാമ്പ് ഇളകി തലയിൽ വീണ് പരിക്കേറ്റതായി പരാതി. തിരുവനന്തപുരം വിഴിഞ്ഞം അടിമലത്തുറ അമ്പലത്തുംമൂല സ്വദേശി വി. റിച്ചാർഡ് ആണ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. വീടിന് സമീപത്തെ പോസ്റ്റിൽ നിന്നുമാണ് ഇരുമ്പ് ക്ലാമ്പ് വീണതെന്നാണ് പരാതി.

കഴിഞ്ഞ ദിവസം രാവിലെയോടെ ആയിരുന്നു സംഭവം.ക്ലാമ്പ് പതിച്ച് തലയിൽ മുറിവേറ്റതിനെ തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നേടിയ ശേഷം റിച്ചാർഡ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ. കെഎസ്ഇബിയുടെ അശ്രദ്ധ കാരണമാണ് അപകടം പറ്റിയതെന്നും, മത്സ്യതൊഴിലാളിയായ തനിക്ക് ചികിത്സ കഴിയുന്നതു വരെ മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്തതിനാൽ നഷ്ടപരിഹാരം ലഭിക്കണമെന്നും കാണിച്ചാണ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരെ വിളിപ്പിക്കും. അന്വേഷിച്ച് നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.