by Midhun HP News | Feb 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ ആശാവർക്കർമാരുടെ സമരം ആറാം ദിവസത്തിലേക്ക്. ശനിയാഴ്ച പ്രതിഷേധകുടുംബ സംഗമം നടത്തും. അഞ്ചാം ദിവസത്തിൽ ആലപ്പുഴയിൽ നിന്നെത്തിയ ഡോ. ഗോദകുമാർ ആശാവർക്കർമാർക്ക് സൗജന്യ ചികിത്സയും മരുന്നും നൽകി.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ആശാ വർക്കർമാർക്ക് സൗജന്യ ചികിത്സ നൽകിയത്. കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധ സംഗമത്തിന് ആഹ്വാനം ചെയ്തതെന്നും അവർ പറഞ്ഞു. അതിനിടെ, ആശാവർക്കർമാർക്ക് കൃത്യമായി ഓണറേറിയവും ഇൻസെന്റീവും നൽകാത്തത് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരാണെന്ന സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിന്റെ പ്രസ്താവന പിൻവലിക്കണമെന്നും സമരക്കാരെ അവഹേളിക്കുന്നതിനാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും അവർ കുറ്റപ്പെടുത്തി.
ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന സമരത്തിനെത്തിയവരുടെ ആരോഗ്യനില പരിശോധിക്കുന്ന ആലപ്പുഴയിൽ നിന്നെത്തിയ ഡോ. ഗോദകുമാർ. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തിയ ഡോക്ടർ മരുന്നുൾപ്പെടെ സൗജന്യ ചികിത്സയാണ് ആശാ പ്രവർത്തകർക്ക് നൽകുന്നത്
by Midhun HP News | Feb 15, 2025 | Latest News, കായികം
വഡോദര: എംഎസ് ധോനിയുടെ ഫിനിഷിങ് പവര്‍ പ്രസിദ്ധമാണ്. ഇന്ത്യയേയും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനേയും ധോനി അസാധ്യമായ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. വനിതാ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തിനു പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം റിച്ച ഘോഷിനെ ധോനിയോട് ഉപമിക്കുകയാണ് ആരാധകര്‍.
ഗുജറാത്ത് ജയന്റ്‌സിനെതിരായ ഉദ്ഘാടന പോരാട്ടത്തില്‍ 202 റണ്‍സ് വിജയ ലക്ഷ്യം അനായാസം ആര്‍സിബി മറികടന്നത് റിച്ചയുടെ വെടിക്കെട്ട് ബാറ്റിങിന്റെ ബലത്തിലാണ്. വനിതാ പ്രീമിയര്‍ ലീഗിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചെയ്‌സ് വിജയമായും പോരാട്ടം മാറി. മത്സരത്തില്‍ 27 പന്തുകള്‍ നേരിട്ട് 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നാണ് റിച്ച ആര്‍സിബിയെ വിജയത്തിലെത്തിച്ചത്. സിക്‌സടിച്ചാണ് താരം ടീമിന്റെ ജയം ഉറപ്പിച്ചത്. റിച്ച 7 ഫോറും 4 സിക്‌സും പറത്തി.
പിന്നാലെയാണ് റിച്ചയെ ധോനിയോട് ഉപമിച്ച് ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിപ്പുമായി എത്തിയത്. ആര്‍സിബിയ്ക്കു വേണ്ടി ധോനിയെ പോലെ റിച്ചയുടെ പ്രകടനം. ധോനിയുടെ തനിപ്പകര്‍പ്പാണ് റിച്ച ഘോഷ്. ധോനിയേക്കാള്‍ മികച്ച ഫിനിഷറാണ് റിച്ച ഘോഷ്… തുടങ്ങി ആരാധകര്‍ നിരവധി വിശേഷങ്ങളാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് നല്‍കുന്നത്.
by Midhun HP News | Feb 15, 2025 | Latest News, കേരളം
തിരുവനന്തപുരം: സമാധി വിവാദത്തില്‍പ്പെട്ട നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൂക്ക്, തല, മുഖം എന്നിവിടങ്ങളില്‍ ചതവുകളുണ്ടെങ്കിലും അത് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതര രോഗങ്ങള്‍ ബാധിച്ച് കരള്‍, വൃക്ക എന്നിവ തകരാറിലായിരുന്നു. രാസപരിശോധനാഫലം ലഭിച്ചശേഷം മാത്രം മരണകാരണം കണ്ടെത്താനകൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗോപന്റെ ഹൃദയ വാല്‍വില്‍ 2 ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ചു കാലുകളില്‍ മുറിവുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. വായിലും ശ്വാസകോശത്തിലും ഭസ്മത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും അത് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മക്കള്‍ സമാധിയിരുത്തി വിവാദമായതോടെയാണ് ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ കല്ലറ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊലീസ് തുറന്നു മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം. അടുത്ത ദിവസം പുതിയ കല്ലറയില്‍ സന്യാസിമാരുടെ സാന്നിധ്യത്തില്‍ ഗോപനെ സംസ്‌കരിക്കുകയും ചെയ്തു. ഈമാസം 10ന് ഗോപന്‍ സമാധിയായെന്നു മക്കള്‍ പോസ്റ്ററുകള്‍ പതിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
by Midhun HP News | Feb 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നേമം കുളക്കുടിയൂർക്കോണത്ത് വീട്ടുമുറ്റത്തെ മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. സുമേഷ് – ആര്യ ദമ്പതിമാരുടെ മകൻ ധ്രുവൻ ആണ് മരിച്ചത്. പാവക്കുട്ടിയെ തിരയുന്നതിനിടെ കുട്ടി കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിക്കു സംസാരശേഷിയില്ലാത്തതിനാൽ കിണറ്റിൽ വീണത് ആരും അറിഞ്ഞില്ല.
മകനെ കാണാത്തതിനെത്തുടർന്ന് അമ്മ ആര്യ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് നഴ്‌സറി വിട്ടുവന്ന ശേഷം വീട്ടുമുറ്റത്ത് രണ്ടു വയസുള്ള സഹോദരി ധ്രുവികയോടൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ധ്രുവൻ. പെയിന്റിങ് തൊഴിലാളിയായ അച്ഛൻ സുമേഷ് ജോലിക്കു പോയിരിക്കുകയായിരുന്നു.
തുണി അലക്കിയതിന് ശേഷം അമ്മ ആര്യ വന്നു നോക്കിയപ്പോഴാണ് ധ്രുവനെ കാണാനില്ലെന്ന് മനസിലായത്. തിരച്ചിലിൽ കിണറിനു സമീപത്ത് കസേര കണ്ടതിനെ തുടർന്നാണ് കിണറ്റിൽ പരിശോധിച്ചത്. കുട്ടി കസേരയിൽ കയറിനിന്ന് കൈവരിക്കു മുകളിലൂടെ എത്തി നോക്കിയതാകാമെന്നാണ് സംശയിക്കുന്നത്. ഏകദേശം ഒരുമണിക്കൂറോളം കുഞ്ഞ് കിണറ്റിൽ കിടന്നു.
അഗ്നിരക്ഷാസേനയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ധ്രുവൻ വീടിനു സമീപത്തുള്ള സൈനിക് ഡേ പ്രീ പ്രൈമറി സ്‌കൂളിലാണ് പഠിക്കുന്നത്. ഒരാഴ്ച മുൻപ് ധ്രുവൻ തന്റെ പാവക്കുട്ടിയെ കിണറ്റിലെറിഞ്ഞിരുന്നു. അതെടുക്കാനായിരിക്കാം കുഞ്ഞ് കസേര വലിച്ചിട്ട് കിണറിലെത്തി നോക്കിയതെന്നു സംശയിക്കുന്നു. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ ഈ പാവക്കുട്ടിയും കിട്ടി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
by Midhun HP News | Feb 15, 2025 | Latest News, കേരളം
കൊച്ചി: വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് വലിയ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 800 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,120 രൂപയായി. ആനുപാതികമായി ഗ്രാമിന്റെ വിലയും കുറഞ്ഞു. 100 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 7890 രൂപയായി. നാലുദിവസത്തിനിടെ 1360 രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.
Recent Comments