സച്ചിനും ദ്രാവിഡും പിന്നില്‍; റെക്കോര്‍ഡുകള്‍ അടിച്ചെടുത്ത് ‘ഹിറ്റ്മാന്‍’

സച്ചിനും ദ്രാവിഡും പിന്നില്‍; റെക്കോര്‍ഡുകള്‍ അടിച്ചെടുത്ത് ‘ഹിറ്റ്മാന്‍’

കട്ടക്ക്: കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി ഇന്നിങ്‌സിന് പിന്നാലെ പുതിയ നേട്ടത്തിലെത്തി രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റിലെ മികച്ച റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഇടം നേടിയ താരം രാഹുല്‍ ദ്രാവിഡിനെ മറികടന്നു. 90 പന്തുകളില്‍ 12 ഫോറുകളും ഏഴ് സിക്‌സറുകളും ഉള്‍പ്പെടെ 119 റണ്‍സാണ് രോഹിത് കട്ടക്കില്‍ നേടിയത്.

കരിയറില്‍ ഇതുവരെ 267 ഏകദിനങ്ങളില്‍ നിന്ന് 49.26 ശരാശരിയിലും 92.70 എന്ന സ്‌ട്രൈക്ക് റേറ്റിലും 10,987 റണ്‍സ് രോഹിത് നേടിയിട്ടുണ്ട്. 32 സെഞ്ച്വറിയും 57 അര്‍ധസെഞ്ച്വറിയും താരത്തിന്റെ അക്കൗണ്ടിലുണ്ട്. 264 റണ്‍സാണ് ഏറ്റവും മികച്ച സ്‌കോര്‍.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ പത്താമനാണ് രോഹിത്. 344 മത്സരങ്ങളില്‍ നിന്നും 318 ഇന്നിങ്‌സുകളില്‍ നിന്നും 39.16 ശരാശരിയില്‍ 10,889 റണ്‍സാണ് ദ്രാവിഡിന്റെ നേട്ടം. 12 സെഞ്ച്വറിയും 83 അര്‍ധസെഞ്ച്വറിയും അടങ്ങുന്നതാണ് ദ്രാവിഡിന്റെ ഇന്നിങ്‌സ്. 153 മികച്ച സ്‌കോര്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറായി ഇറങ്ങി ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ കളിക്കാരനായി, ഇതിഹാസ സച്ചിന്‍ ടെണ്ടുല്‍ക്കറെയും രോഹിത് മറികടന്നു. 343 മത്സരങ്ങളില്‍ നിന്നും 45.43 ശരാശരിയില്‍ 15,404 റണ്‍സാണ് രോഹിതിന്റെ നേട്ടം. 44 സെഞ്ച്വറിയും 79 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു. മികച്ച സ്‌കോര്‍ 264 ആണ്.

സച്ചിന്‍ 346 മത്സരങ്ങളില്‍ നിന്നും 342 ഇന്നിങ്സുകളില്‍ നിന്നും 48.07 ശരാശരിയില്‍ 15,335 റണ്‍സ് നേടിയിട്ടുണ്ട്. 45 സെഞ്ച്വറിയും 75 അര്‍ധസെഞ്ച്വറിയും നേടിയിട്ടുള്ള അദ്ദേഹം, 200* റണ്‍സാണ് ഏറ്റവും മികച്ച സ്‌കോര്‍. ഓപ്പണര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് വീരേന്ദര്‍ സേവാഗാണ്. 321 മത്സരങ്ങളില്‍ നിന്നും 388 ഇന്നിങ്സുകളില്‍ നിന്നും 41.90 ശരാശരിയില്‍ 15,758 റണ്‍സ് നേടിയിട്ടുണ്ട്, ഇതില്‍ 36 സെഞ്ച്വറിയും 65 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു. സെവാഗിന്റെ മികച്ച സ്‌കോര്‍ 319 റണ്‍സാണ്.

കട്ടക്കിലെ നാല് വിക്കറ്റ് വിജയം ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ 36-ാം ഏകദിന വിജയമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന മൂന്നാമത്തെ ഇതിഹാസം വിവ് റിച്ചാര്‍ഡ്സിനൊപ്പമാണ് രോഹിത്. 39 വിജയങ്ങളുമായി ക്ലൈവ് ലോയ്ഡ്, റിക്കി പോണ്ടിങ്, വിരാട് എന്നിവരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രോഹിത് രണ്ടാം സ്ഥാനത്തേക്ക് കയറി. 338 സിക്സുകളായി രോഹിതിന്റെ അക്കൗണ്ടില്‍. 351 സിക്സുകളുമായി മുന്‍ പാകിസ്ഥാന്‍ നായകനും ഇതിഹാസവുമായ ഷാഹിദ് അഫ്രീദിയാണ് ഒന്നാം സ്ഥാനത്ത്.. 331 സിക്സുകളുള്ള വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിനെയാണ് രോഹിത് പിന്തള്ളിയത്. ഗെയ്ല്‍ മൂന്നാം സ്ഥാനത്ത്. 270 സിക്സുകളുമായി ലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയാണ് നാലാം സ്ഥാനത്ത്.

പട്ടാമ്പി നേര്‍ച്ചക്കിടെ ആന വിരണ്ടോടി, മധ്യ വയസ്‌കന്റെ കാലില്‍ കമ്പി തുളഞ്ഞു കയറി

പട്ടാമ്പി നേര്‍ച്ചക്കിടെ ആന വിരണ്ടോടി, മധ്യ വയസ്‌കന്റെ കാലില്‍ കമ്പി തുളഞ്ഞു കയറി

പാലക്കാട്: പട്ടാമ്പി നേര്‍ച്ചക്കിടെ ആന വിരണ്ടോടി നിരവധി പേര്‍ക്ക് പരിക്കേറ്റു. പട്ടാമ്പി ദേശീയോത്സവത്തിന്റെ ഭാഗമായ മതസൗഹാര്‍ദ-സാംസ്‌കാരിക ഘോഷയാത്ര അവസാനിക്കുമ്പോഴാണ് ‘പേരൂര്‍ ശിവന്‍’ എന്ന ആന ഇടഞ്ഞത്. രാത്രി പത്തുമണിയോടെയാണ് ആന വിരണ്ടോടിയത്.

മേലെ പട്ടാമ്പിയില്‍നിന്ന് ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. പഴയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമെത്തിയപ്പോഴേക്കും ആനയെ നിയന്ത്രണ വിധേയമാക്കി. പാപ്പാന്‍മാര്‍ ആനയുടെ വാലില്‍ തൂങ്ങി ഏറെ ദൂരം ഓടി ആനയെ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

ആനപ്പുറത്ത് മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി താഴെയിറക്കി. ആന ഓടിവരുന്നത് കണ്ടതോടെ ജനക്കൂട്ടം ഭീതിയോടെ ഓടുകയും നിരവധി പേര്‍ തിക്കിലും തിരക്കിലും പെട്ടു താഴെ വീഴുകയും ചെയ്തു.

അതിനിടെ, സമീപത്ത സ്‌കൂള്‍ ഗേറ്റ് എടുത്തു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മധ്യ വയസ്‌കന്റെ കാലിലൂടെ കമ്പി തുളഞ്ഞു കയറി. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കമ്പി മുറിച്ച് ഇയാളെ പ്രദേശവാസികളും പൊലീസും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.

കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവം; പ്രതി ഷെജില്‍ പിടിയില്‍

കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവം; പ്രതി ഷെജില്‍ പിടിയില്‍

കോയമ്പത്തൂര്‍: വടകരയില്‍ കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജില്‍ പിടിയില്‍. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഷെജില്‍ കസ്റ്റഡിയിലായത്. പ്രതിയെ വടകരയില്‍ നിന്നുള്ള പൊലീസ് സംഘത്തിന് കൈമാറും.

ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉള്ളതിനാല്‍ ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞ് വെച്ചു. തുടര്‍ന്ന് വടകര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി പുറപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഷെജില്‍ ഓടിച്ച കാര്‍ ഇടിച്ച് ഒന്‍പത് വയസുകാരിയായ ദൃഷാനയ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്.അപകടത്തില്‍ കുട്ടിയുടെ മുത്തശ്ശി മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുവരെയും ഷെജിലും കാറില്‍ ഒപ്പമുണ്ടായിരുന്നവരും ആശുപത്രിയിലെത്തിക്കാതെ മടങ്ങി. അപകടത്തെ തുടര്‍ന്ന് കോമയിലായ ഒന്‍പതുവയസുകാരി എട്ട് മാസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

പൊലീസിന് നേര്‍ക്ക് പ്രതിയുടെ ആക്രമണം; എഎസ്‌ഐയുടെ തലയില്‍ ഏഴു സ്റ്റിച്ച്

പൊലീസിന് നേര്‍ക്ക് പ്രതിയുടെ ആക്രമണം; എഎസ്‌ഐയുടെ തലയില്‍ ഏഴു സ്റ്റിച്ച്

കൊച്ചി: അക്രമാസക്തനായ പ്രതി എഎസ്‌ഐയുടെ തലയില്‍ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. എറണാകുളം തൃക്കാക്കര എഎസ്‌ഐ ഷിബി കുര്യനാണ് പരിക്കേറ്റത്. ഷിബിന്റെ തലയില്‍ ഏഴ് സ്റ്റിച്ച് ഇട്ടിട്ടുണ്ട്. ഇതരസംസ്ഥാനക്കാരനായ പ്രതി ധനഞ്ജയനെ പൊലീസ് പിടികൂടി.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തൃക്കാക്കര ഡിഎല്‍എഫ് ഫ്‌ലാറ്റിന് സമീപം മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ വാഹനങ്ങള്‍ തടയുകയും, റോഡില്‍ പരാക്രമം കാട്ടുകയും ചെയ്തത് അറിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.

തുടര്‍ന്ന് പ്രതി പൊലീസ് സംഘത്തിന് നേര്‍ക്ക് പാഞ്ഞടുത്തു. പൊലീസുകാരുടെ യൂണിഫോം വലിച്ചു കീറി. പൊലീസുകാരുടെ വിസില്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചു. തുടര്‍ന്ന് റോഡില്‍ കിടന്ന കല്ലെടുത്ത് എഎസ്‌ഐയുടെ നേര്‍ക്ക് എറിയുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എഎസ്‌ഐയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

കാറും ലോറിയും കൂട്ടിയിടിച്ചു; സിപിഎം നേതാവിന്റെ മകന്‍ മരിച്ചു

കാറും ലോറിയും കൂട്ടിയിടിച്ചു; സിപിഎം നേതാവിന്റെ മകന്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം പട്ടം ഉള്ളൂര്‍ കൃഷ്ണനഗര്‍ പൗര്‍ണമിയില്‍ ആര്‍ എല്‍ ആദര്‍ശ് (36) ആണ് മരിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകനാണ് ആദര്‍ശ്.

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ രാത്രി എട്ടരയോടെയാണ് അപകടം. കാറില്‍ യാത്ര ചെയ്യുകയായിരുന്നു ആദര്‍ശ്. നിയന്ത്രണം വിട്ട കാര്‍ എതിര്‍ വശത്തൂകൂടെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ അടുത്ത വീടിന്റെ ഗേറ്റിലിടിച്ചാണ് നിന്നത്. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. കാറില്‍ കുടുങ്ങിക്കിടന്ന ആദര്‍ശിനെ ഫയര്‍ഫോഴ്‌സെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആദര്‍ശ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ സമീപത്തെ വീടിന്റെ ഗേറ്റിനുള്ളിലേക്ക് കയറി. മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ലോറി ഡ്രൈവര്‍ക്കും സാരമായ പരുക്കുണ്ട്. ലുലുവിലെ ടെക്‌നിക്കല്‍ മാനേജരായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍. അമ്മ: ലീനാകുമാരി. ഭാര്യ: മേഘ. മകന്‍: ആര്യന്‍. സഹോദരന്‍: ഡോ. ആശിഷ്.