കല്ലമ്പലത്ത് കശുവണ്ടി ഫാക്ടറിക്കു തീ പിടിച്ചു

കല്ലമ്പലത്ത് കശുവണ്ടി ഫാക്ടറിക്കു തീ പിടിച്ചു

കല്ലമ്പലം ഡീസന്റ് മുക്ക് സ്ഥിതി ചെയ്യുന്ന ശ്രീലക്ഷ്മി കശുവണ്ടി ഫാക്ടറിക്കു ഇന്ന് രാവിലെ 11:30 ഓടെ തീപിടിച്ചു. ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ അഖിൽ എസ്സ് ബി യുടെ നേതൃത്വത്തിൽ പൂർണ്ണമായും കെടുത്തി. തീ അടുത്തുള്ള വീട്ടു മുറ്റത്തേക്കും പ്രവർത്തിക്കാതെ നിർത്തിയിട്ടിരുന്ന ഒമിനി വാനിലേക്കും പടർന്നു. വാൻ ഭാഗികമായി കത്തി നശിച്ചു.

പി സുരേന്ദ്രൻ ലക്ഷ്മിഭദ്ര, കടപ്പാക്കട കൊല്ലം എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ കശുവണ്ടി ഫാക്ടറി. ആറ്റിങ്ങൽ നിലയത്തിലെ ജി ആർ സ്റ്റേഷൻ ഓഫീസർ സജ്ജുകുമാർ, Gr. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ഉണ്ണികൃഷ്ണൻ.എസ്സ്. എൽ, അമൽജിത്ത്, മനീഷ് ക്രിസ്റ്റഫർ, വിക്രം രാജ്. ബി.,സാൻ. ബി. എസ്സ്, നന്ദഗോപാൽ. വി. ആർ, ഹോം ഗാർഡ് ബിജു. ബി. എസ്സ് എന്നിവർ പങ്കെടുത്തു

വേനൽ കടുത്തതോടെ ആറ്റിങ്ങൽ മേഖലയിൽ തീപ്പിടുത്തം വ്യാപകമായിരിക്കുന്നു. കാട് വൃത്തിയാക്കുന്നതിനു ആളൊഴിഞ്ഞ പറമ്പുകളിൽ ഉച്ചസമയത്തു ഉടമസ്ഥരോ തൊഴിലാളികളോ തീയിടുന്നതും അലക്ഷ്യമായി കത്തുന്ന സിഗരറ്റു കുറ്റി, തീപ്പെട്ടി കൊള്ളി എന്നിവ വലിച്ചെറിയുന്നതും ഒഴിവാക്കാൻ പൊതുജനങ്ങൾ ശ്രെദ്ധിക്കണമെന്ന് അറിയിപ്പും നൽകി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവിന് ​ഗുരുതര പരിക്ക്

ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവിന് ​ഗുരുതര പരിക്ക്

പാലക്കാട്: ഉപ്പുംപാടത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ഉപ്പുംപാടത്ത് താമസിക്കുന്ന ചന്ദ്രികയാണ് മരിച്ചത്. ഭര്‍ത്താവ് രാജനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കൽ കോളജിലേക്ക് മാറ്റി. തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചു വരുകയാണ്.

വീട്ടിനകത്ത് വെച്ച് പരസ്പരം വഴക്കിട്ടതിനിടെയാണ് സംഭവം. രാജൻ ചന്ദ്രികയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇതിനു ശേഷം രാജൻ സ്വയം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കുടുംബ വഴക്കിനെ തുടര്‍ന്ന് രാജൻ പലപ്പോഴായി ഭാര്യയെ പരിക്കേൽപ്പിച്ചിരുന്നു. താഴത്തെ നിലയിലാണ് ഇവര്‍ പരസ്പരം വഴക്കിട്ടത്.

വീട്ടിനകത്ത് വെച്ച് പരസ്പരം വഴക്കിട്ടതിനിടെയാണ് സംഭവം. രാജൻ ചന്ദ്രികയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇതിനു ശേഷം രാജൻ സ്വയം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കുടുംബ വഴക്കിനെ തുടര്‍ന്ന് രാജൻ പലപ്പോഴായി ഭാര്യയെ പരിക്കേൽപ്പിച്ചിരുന്നു. താഴത്തെ നിലയിലാണ് ഇവര്‍ പരസ്പരം വഴക്കിട്ടത്.

മാരകസിന്തറ്റിക് ലഹരിയുമായി യുവാക്കള്‍ പിടിയില്‍

മാരകസിന്തറ്റിക് ലഹരിയുമായി യുവാക്കള്‍ പിടിയില്‍

തൃശൂര്‍: വാഹനത്തില്‍ ലഹരമരുന്ന് കടത്തിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. കയ്പമംഗലം മതിലകത്ത് വീട്ടില്‍ ഫരീദ്(25), ചെന്ത്രാപ്പിന്നി ഈസ്റ്റ് പുതിയായിക്കാരന്‍ വീട്ടില്‍ സാബിത്ത്(21) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 13 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

രഹസ്യവിവരത്തെ തുടര്‍ന്ന് വാഹന പരിശോധന നടത്തിയപ്പോള്‍ റിയര്‍ വ്യൂ മിററിന്റെ ഉള്ളില്‍ കടലാസില്‍ പൊതിഞ്ഞു സീപ് ലോക്ക് കവറില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പ്രതികളില്‍ ഒരാളായ സാബിതിന് മുമ്പ് മയക്കുമരുന്ന് ഉപയോഗിച്ചതിന് കയ്പമംഗലം പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.

ബംഗളൂരുവില്‍ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ബിസിനസ്സിന്റെ മറവില്‍ വസ്ത്രങ്ങള്‍ വാങ്ങിക്കുവാന്‍ എന്ന വ്യാജേനയാണ് എഡിഎംഎ എത്തിക്കുന്നത്. ഇവര്‍ ആര്‍ക്കൊക്കെയാണ് ലഹരിമരുന്ന് വില്‍പന നടത്തിയതെന്നും, എവിടെ നിന്നാണ് ലഹരി മരുന്ന് കിട്ടിയതെന്നും, ലഹരി മരുന്ന് വാങ്ങുന്നതിന് പ്രതികള്‍ക്ക് ആരൊക്കെയാണ് സാമ്പത്തിക സഹായം ചെയ്യുന്നതെന്നും പൊലിസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി ആ.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പിമാരായ വി. കെ.രാജു, ഉല്ലാസ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കയ്പമംഗലം പൊലിസ് സ്റ്റേഷന്‍ ഐഎസ്എച്ചഒ ബിജു കെ ആര്‍, എസ്‌ഐ സൂരജ്, എസ്‌ഐ ഷൈന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

130-ാമത് മാരാമണ്‍ കണ്‍വെന്‍ഷന് ഇന്ന് തുടക്കമാകും

130-ാമത് മാരാമണ്‍ കണ്‍വെന്‍ഷന് ഇന്ന് തുടക്കമാകും

130-ാമത് മാരാമണ്‍ കണ്‍വെന്‍ഷന് കോഴഞ്ചേരി മാരാമണ്‍ മണല്‍പ്പുറത്ത് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനത്തിനാണ് പമ്പ മണപ്പുറത്ത് തുടക്കമാകുന്നത്.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ വിദേശത്ത് നിന്നു ഉള്‍പ്പെടെയുള്ള സുവിശേഷകര്‍ പങ്കെടുക്കും. പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുക.

വിശ്വാസികള്‍ക്ക് കണ്‍വെന്‍ഷനുകളിലേക്ക് എത്തുവാന്‍ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നുണ്ട്.

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; കൂടുതല്‍ സമയം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; കൂടുതല്‍ സമയം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ഉയര്‍ന്ന താപനില മുന്നറിയിപ്പ്

* പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗ പ്രോത്സാഹിപ്പിക്കുക.

* മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മാ മുതല്‍ 3 ുാ വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.

* പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

* യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.

* നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.

* അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.