by Midhun HP News | Feb 7, 2025 | Latest News, കേരളം
എഴുത്തുകാരിയും കഥാകൃത്തും നോവലിസ്റ്റുമായ സലീന സലാവുദീന് സാഹിത്യ രംഗത്തെ സംഭാവനകൾ പ്രമാണിച്ച് ആദരിച്ചു. നിലയ്ക്കാമുക്ക് വക്കം ഖാദർ അസ്സോസിയേഷൻ ഹാളിൽ വച്ച് നടന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടയ്ക്കാവൂർ നോർത്ത് യൂണിറ്റിന്റെ മുപ്പത്തി മൂന്നാമത് വാർഷിക സമ്മേളനത്തിൽ പെൻഷൻ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. തങ്കപ്പൻനായർ മൊമെൻ്റോ നൽകി ആദരിച്ചു. ഡോ. കെ. എസ്. വിജയകുമാരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് എസ്. രാമദാസ്, യൂണിറ്റ് സെക്രട്ടറി പ്യാരിജ എന്നിവർ പങ്കെടുത്തു.
by Midhun HP News | Feb 7, 2025 | Latest News, കേരളം
കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബിഐ. മക്കളുടെ മുന്നിൽ വെച്ചാണ് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കി. പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് ഇപ്പോൾ കുറ്റപത്രം നൽകിയത്. പതിമൂന്നും ഒൻപതും വയസ്സുള്ള രണ്ട് പെൺകുട്ടികളെ 52 ദിവസത്തിന്റെ ഇടവേളയിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിലായിരുന്നു സിബിഐ അന്വേഷണം നടത്തിയത്. അമ്മയും അച്ഛനും അറിഞ്ഞുകൊണ്ട് തന്നെ രണ്ട് മക്കളെയും പ്രതികൾക്ക് പീഡനത്തിനായി ഇട്ടു കൊടുത്തെന്നാണ് സിബിഐ കണ്ടെത്തൽ.
കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ രണ്ട് പെൺകുഞ്ഞുങ്ങളും നേരിട്ട ക്രൂരമായ ദുരിതപർവ്വം അന്വേഷണസംഘം വിവരിക്കുന്നുണ്ട്. കുട്ടികളുടെ അമ്മ മക്കളുടെ മുന്നിൽ വെച്ച് ഒന്നാം പ്രതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇളയകുട്ടിയെ ഒന്നാംപ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് അമ്മ തന്നെ സാക്ഷിയാണ്. മൂത്തമകളുടെ മരണത്തിന് കാരണക്കാരൻ ഒന്നാം പ്രതിയാണെന്ന് അറിഞ്ഞിട്ടും ഇളയമകളെയും ക്രൂരതയ്ക്ക് ഇട്ട് കൊടുത്തു. കുട്ടികളുടെ അവധി ദിവസങ്ങളിൽ ഒന്നാംപ്രതിയെ അമ്മ വീട്ടിലേക്ക് വിളിച്ച് വരുത്തിയിരുന്നു. മദ്യം വിളമ്പി മൂത്തകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ സൗകര്യമൊരുക്കി നൽകി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അമ്മയെ രണ്ടാംപ്രതിയും അച്ഛനെ മൂന്നാംപ്രതിയുമാക്കിയാണ് സിബിഐയുടെ കുറ്റപത്രം.
2016ഏപ്രിലിൽ മൂത്തകുട്ടിയെ പ്രതി ബലാത്സംഗം ചെയ്യുന്നത് അമ്മയുടെ കൺമുന്നിൽ വെച്ചാണ്. രണ്ടാഴ്ച കഴിഞ്ഞ് അച്ഛനും ഈ ഹീനകൃത്യം കണ്ട് നിന്നു. പൊലീസ് അന്വേഷണത്തിൽ മാതാപിതാക്കൾ മറച്ച് വെച്ച ഈ കാര്യങ്ങളാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. മൂത്തകുട്ടിയ 2017 ജനുവരി 13നും, ഇളയകുട്ടിയെ മാർച്ച് നാലിനുമാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ വീഴ്ചയെന്ന് ആരോപിച്ച് അമ്മയുടെ നേതൃത്വത്തിൽ വലിയ സമരങ്ങളാണ് പിന്നീട് നടന്നത്.
by Midhun HP News | Feb 7, 2025 | Latest News, കേരളം
തൃശൂര്‍: ഭാസ്‌കരകാരണവര്‍ വധക്കേസിലെ ഒന്നാംപ്രതി ഷെറിനെതിരേ വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. അട്ടക്കുളങ്ങര ജയിലില്‍ ഷെറിന് വിഐപി പരിഗണന ലഭിച്ചുവെന്ന് സുനിത പറഞ്ഞു. ഷെറിന് ജയിലില്‍ മൊബൈല്‍ഫോണും കണ്ണാടിയും മേക്കപ്പ് സെറ്റും ലഭിച്ചതായും, വിഐപി പരിഗണന നല്‍കിയത് അന്നത്തെ ജയില്‍ ഡിഐജി പ്രദീപ് ആണെന്നും സുനിത ആരോപിച്ചു. ഷെറിന് ശിക്ഷായിളവ് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് സുനിതയുടെ വെളിപ്പെടുത്തല്‍.
2013ന് ശേഷമാണ് സുനിതയും ഷെറിനും അട്ടക്കുളങ്ങര വനിത ജയിലില്‍ ഒരുമിച്ചുണ്ടായിരുന്നത്. സുനിതയുടെ തൊട്ടടുത്ത സെല്ലിലായിരുന്നു ഷെറിന്‍. എന്നാല്‍, ഷെറിന് സ്വന്തം വസ്ത്രങ്ങളും മൊബൈല്‍ഫോണും ഉള്‍പ്പെടെ പലസൗകര്യങ്ങളും ലഭിച്ചു. പലദിവസങ്ങളിലും രാത്രി ഏഴുമണിക്ക് ശേഷം ഷെറിനെ സെല്ലില്‍നിന്ന് പുറത്തുകൊണ്ടുപോകാറുണ്ടെന്നും രണ്ടുമണിക്കൂറോളം കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ തിരികെവരാറുള്ളതെന്നും സുനിത ആരോപിച്ചു.
‘ഷെറിന് ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട. മൂന്നുനേരവും അവര്‍ പറയുന്ന ഭക്ഷണം ജയില്‍ ജീവനക്കാര്‍ പുറത്തുനിന്ന് വാങ്ങിനല്‍കും. സ്വന്തം മൊബൈല്‍ഫോണും ഉണ്ടായിരുന്നു. തടവുകാര്‍ക്കുള്ള വസ്ത്രമല്ല ഷെറിന്‍ ധരിച്ചിരുന്നത്. മേക്കപ്പ് സാധനങ്ങളും ലഭിച്ചിരുന്നു. പായ, തലയണ, മൊന്ത എന്നിവയാണ് തടവുകാര്‍ക്ക് ജയിലില്‍ നല്‍കുന്നത്. എന്നാല്‍, ഷെറിന് കിടക്ക, പ്രത്യേകം തലയണ, കണ്ണാടി, നിറയെ വസ്ത്രങ്ങള്‍, മേക്കപ്പ് സാധനങ്ങള്‍ തുടങ്ങിയവ കിട്ടിയിരുന്നു. ഇതില്‍ സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കൊച്ചി ബ്ലൂ ബ്ലാക്ക്മെയിലിങ് കേസിലെ പ്രതി ബിന്ധ്യ തോമസ് ജയിലിലെത്തി. ഷെറിന്റെ ഫോണ്‍ പിന്നീട് ബിന്ധ്യയ്ക്ക് കൊടുത്തു. ആ സമയത്ത് ഞാന്‍ ആ ഫോണ്‍ പിടിച്ചുവാങ്ങി അതിലെ നമ്പര്‍ എടുത്ത് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പിന്നീട് ജയിലിലെ പരാതിപ്പെട്ടിയിലും പരാതി എഴുതിയിട്ടു. അതിലും നടപടിയുണ്ടായില്ല.
തുടര്‍ന്ന് സൂപ്രണ്ടും ജയില്‍ ഡിഐജി പ്രദീപും അടക്കമുള്ളവര്‍ എന്നെ ചോദ്യംചെയ്തു. ജീവിതകാലം ജയിലില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് ഭീഷണിപ്പെടുത്തിയതായും സുനിത പറഞ്ഞു. ‘പ്രദീപ് സര്‍ ആഴ്ചയിലൊരുദിവസമെങ്കിലും ഷെറിനെ കാണാന്‍വരും. വൈകീട്ടാണ് വരിക. ലോക്കപ്പില്‍നിന്ന് ഏഴുമണിക്ക് ശേഷം ഷെറിനെ ഇറക്കിയാല്‍ ഒന്നര-രണ്ടുമണിക്കൂറിന് ശേഷമാണ് തിരികെ കയറ്റാറുള്ളത്. ഒരുമാസത്തിന് ശേഷം ഞാന്‍ ജാമ്യത്തിലിറങ്ങിയശേഷം അന്നത്തെ ഡിജിപി സെന്‍കുമാറിന് എല്ലാവിവരങ്ങളും ഉള്‍പ്പടെ പരാതി നല്‍കി. എന്നാല്‍, അട്ടക്കുളങ്ങര ജയിലിലെ അന്തേവാസികളെ അപമാനിക്കുന്ന രീതിയില്‍ ഞാന്‍ പ്രസ്താവന നടത്തിയെന്നും എനിക്കെതിരേ നടപടിയെടുക്കുമെന്നും ചൂണ്ടിക്കാണിച്ച് ഒരു നോട്ടീസാണ് എനിക്ക് കിട്ടിയത്. ഇതോടെ വിവരാവകാശ നിയമപ്രകാരം ചില വിവരങ്ങള്‍ തേടി. ഷെറിനെതിരേ കൊലക്കുറ്റത്തിന് പുറമേ, കവര്‍ച്ചാക്കുറ്റവും ഉണ്ട്. അങ്ങനെയുള്ളവര്‍ക്ക് പരോളിന് നിയന്ത്രണമുണ്ട്. എന്നാല്‍, ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ഷെറിന് പരോള്‍ നല്‍കിയിരുന്നു. ഇത് വിവരാവകാശപ്രകാരം ചോദിച്ച് മനസിലാക്കിയതോടെ ഷെറിന് സൗകര്യങ്ങള്‍ നല്‍കിയതിന് ജയിലിലെ രണ്ട് ഉദ്യോഗസ്ഥരെ സെന്‍കുമാര്‍ സ്ഥലംമാറ്റി.പക്ഷേ, അത് താത്കാലികമായ നടപടി മാത്രമായിരുന്നു.
വിവരാവകാശ നിയമപ്രകാരം ഞാന്‍ കാര്യങ്ങള്‍ വീണ്ടും തിരക്കിയപ്പോള്‍ ഷെറിനെ അട്ടക്കുളങ്ങരയില്‍നിന്ന് വിയ്യൂരിലേക്ക് മാറ്റി. ജയിലില്‍ പെരുമാറ്റദൂഷ്യമൊന്നും കാണിക്കാത്തവര്‍ക്കാണ് പരോളിന് പരിഗണനയുള്ളത്. 20 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന അഞ്ചോ ആറോ സ്ത്രീ തടവുകാരുണ്ട്. അതില്‍ കണ്ണിന് കാഴ്ചയില്ലാത്തവര്‍ വരെയുണ്ട്. അവര്‍ക്കൊന്നും ഇളവ് ലഭിച്ചില്ല. ഷെറിന്‍ ഇറങ്ങുന്നതില്‍ പരാതിയില്ല, ഇറങ്ങിക്കോട്ടെ, പക്ഷേ, 20 വര്‍ഷമായി ജയിലില്‍ കിടക്കുന്നവരും ഉണ്ട്. അവര്‍ക്കും ഇളവ് ലഭിക്കണം’, സുനിത പറഞ്ഞു.
by Midhun HP News | Feb 7, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: വഴി തടസപ്പെടുത്തി പാര്‍ട്ടി സമ്മേളനം നടത്തിയതിലെ കോടതിയലക്ഷ്യ കേസില്‍ ഈ മാസം 12 ന് എം വി ഗോവിന്ദനോട് ഹാജരാകണമെന്ന് ഹൈക്കോടതി. കേസില്‍ മറ്റ് രാഷ്ട്രീയ നേതാക്കള്‍ ഈ മാസം 10ന് ഹാജരാകണം.
കേസില്‍ ഹാജരാകുന്നതില്‍ ഇളവ് തേടി ഇന്നലെ എം വി ഗോവിന്ദന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഫെബ്രുവരി 10ന് ഹാജരാകണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചത്. എന്നാല്‍ അന്നേ ദിവസം തൃശൂരില്‍ പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍ മറ്റൊരു തിയതി തരണമെന്ന് കോടതിയോട് അപേക്ഷിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി അപേക്ഷ പരിഗണിച്ച് തീയതി മാറ്റിയത്.
തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് തടസപ്പെടുത്തി സിപിഎം സമ്മേളന വേദി നിര്‍മിച്ച സംഭവത്തിലുള്‍പ്പെടെയാണ് ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തിരിക്കുന്നത്. വഴി തടസപ്പെടുത്തി പാര്‍ട്ടിക്കാര്‍ പരിപാടി നടത്തിയതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിക്കുകയായിരുന്നു.
by Midhun HP News | Feb 7, 2025 | Latest News, കേരളം
മലപ്പുറം: പകുതി വിലയ്ക്ക് ലാപ്ടോപ്പ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയില്‍ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കേസ്. എംഎല്‍എയെ ഒന്നാം പ്രതിയാക്കിയാണ് പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുലാമന്തോള്‍ തിരുനാരായണപുരം കുന്നുമ്മല്‍പ്പടി അനുപമ നല്‍കിയ പരാതിയിലാണ് വഞ്ചനാക്കുറ്റത്തിനും സാമ്പത്തിക തട്ടിപ്പിനും കേസെടുത്തത്.
50 ശതമാനം തുക നല്‍കിയാല്‍ ലാപ്ടോപ്പ് നല്‍കാമെന്ന് എംഎല്‍എ വാര്‍ത്താക്കുറിപ്പിലൂടെയും വാട്സ് ആപ്പിലൂടെയും പരസ്യം നല്‍കി വിശ്വസിപ്പിച്ച് പണം വാങ്ങിയെന്നാണ് പരാതി. എംഎല്‍എ ഓഫീസില്‍ നേരിട്ടെത്തി 21,000 രൂപ കൈമാറിയത്, 40 ദിവസം കഴിഞ്ഞിട്ടും ലാപ്ടോപ്പ് ലഭിച്ചില്ലെന്നും പണം തിരിച്ചു നല്‍കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
മുദ്ര ഫൗണ്ടേഷന്‍ വഴി മണ്ഡലത്തിലെ നൂറുകണക്കിന് പേരില്‍ നിന്ന് പണം കൈപ്പറ്റിയത്. പകുതി വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം നല്‍കി തട്ടിപ്പുനടത്തിയ കേസില്‍ അനന്തു കൃഷ്ണന്‍ അറസ്റ്റിലായതോടെയാണ് എംഎല്‍എ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പ് പുറത്തായത്. പകുതി വിലയ്ക്ക് സ്‌കൂട്ടര്‍, ലാപ്ടോപ്പ്, തയ്യല്‍ മെഷീന്‍, സൈക്കിള്‍ എന്നിവ പണമടച്ച് 40 ദിവസത്തിനകം നല്‍കുമെന്നായിരുന്നു വാഗ്ദാനം. പണമടച്ചവര്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉല്‍പ്പന്നങ്ങള്‍ ലഭിച്ചില്ല. സമാന തട്ടിപ്പില്‍ അനന്തു കൃഷ്ണന്‍ അറസ്റ്റിലായതോടെയാണ് ഗുണഭോക്താക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.
Recent Comments