by Midhun HP News | Feb 3, 2025 | Latest News, കേരളം
തൊടുപുഴ: മൂലമറ്റത്ത് തേക്കിന്‍ തോട്ടത്തില്‍ കണ്ടെത്തിയ മൃതദേഹം ഇടുക്കി മേലുകാവ് സ്വദേശി സാജന്‍ സാമുവലിന്റേതാണെന്ന് തിരിച്ചറിഞ്ഞു. സാജന്റെ മരണം കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. എട്ടംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സൂചിപ്പിച്ചു. ഇതില്‍ ആറു പേര്‍ പിടിയിലായതായാണ് സൂചന.
ഇന്നലെയാണ് മൂലമറ്റം തേക്കുംകൂപ്പ് മൃതദേഹം പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. കഴിഞ്ഞ 30 നാണ് സാജന്‍ സാമുവലിനെ കാണാതാകുന്നത്. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലുള്ളതിനാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎന്‍എ പരിശോധന നടത്തും. അതേസമയം മൃതദേഹം സാജന്റേതാണെന്ന നിഗമനത്തിലാണ് പൊലീസിന്റെ അന്വേഷണം മുന്നോട്ടു പോകുന്നത്.
എട്ടുപേരടങ്ങുന്ന സംഘമാണ് സാജനെ കൊലപ്പെടുത്തിയത്. മൂലമറ്റത്തെ മറ്റൊരിടത്തുവെച്ചാണ് കൃത്യം നടന്നത്. ഉറങ്ങിക്കിടന്ന സാജനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. കാപ്പ ഉള്‍പ്പെടെ ചുമത്തപ്പെട്ടിട്ടുള്ള, ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയാണ് സാജന്‍ സാമുവല്‍. 30 ഓളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.
ഓട്ടോറിക്ഷയിലാണ് മൃതദേഹം തേക്കിന്‍കൂപ്പിലെത്തിച്ചത്. പന്നിയിറച്ചി ഉപേക്ഷിക്കാനാണെന്ന് പറഞ്ഞാണ് ഓട്ടോയില്‍ പൊതിഞ്ഞുകെട്ടിയ മൃതദേഹം കയറ്റുന്നത്. ആദ്യം വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍, പ്രതികള്‍ ഏറെ നിര്‍ബന്ധിച്ചതോടെയാണ് കയറ്റാന്‍ അനുവദിച്ചത്. പിന്നീട് സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ കാഞ്ഞാര്‍ പൊലീസ് എസ്‌ഐയെ വിവരം അറിയിച്ചിരുന്നു. എസ്‌ഐ തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ഇന്നലെ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജീര്‍ണാവസ്ഥയിലായ മൃതദേഹം കണ്ടെത്തുന്നത്. സാജന്‍ തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്നും, അതിന് തിരിച്ചടിയായാണ് അയാളെ കൊലപ്പെടുത്തിയതെന്നുമാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. എന്നാല്‍ പ്രതികള്‍ പറയുന്ന കാരണം പൂര്‍ണമായി മുഖവിലയ്‌ക്കെടുക്കാനാകില്ലെന്നും, വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് സൂചിപ്പിച്ചു.
by Midhun HP News | Feb 3, 2025 | Latest News, ദേശീയ വാർത്ത
ലോസ് ഏഞ്ചൽസ്: 67-ാമത് ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച റാപ് ആൽബത്തിനുള്ള പുരസ്കാരം ഡോയിച്ചി സ്വന്തമാക്കി. അലിഗേറ്റർ ബൈറ്റ്സ് നെവർ ഹീൽ എന്ന ആൽബത്തിനാണ് ഡോയിച്ചിക്ക് പുരസ്കാരം ലഭിച്ചത്. ഇതോടെ റാപ്പ് ആല്‍ബത്തിനുളള പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയായി ഡോയിച്ചി. മികച്ച പോപ്പ് വോക്കൽ ആൽബത്തിനുള്ള പുരസ്കാരം ഷോർട്ട് ആൻഡ് സ്വീറ്റ് എന്ന ആൽബത്തിലൂടെ സബ്രീന കാർപന്റർ നേടി.
‘കൗബോയ് കാർട്ടർ’ എന്ന ആൽബത്തിലൂടെ മികച്ച കൺട്രി ആൽബത്തിനുള്ള പുരസ്‌കാരം ബിയോൺസേക്ക് ലഭിച്ചു. ഇതോടെ 50 വർഷത്തിനിടെ കൺട്രി വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ കറുത്ത വർഗക്കാരിയായി ബിയോൺസേ മാറി. ഒപ്പം ഈ വർഷത്തെ ഗ്രാമി അവാർഡിൽ ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയെന്ന നേട്ടവും ബിയോൺസേക്കാണ്. പതിനൊന്ന് നോമിനേഷനുകളാണ് ഇത്തവണ ബിയോൺസേയുടെ പേരിലുള്ളത്. 33 ഗ്രാമി പുരസ്‌കാരങ്ങളാണ് ബിയോൺസേ ഇതുവരെ നേടിയിട്ടുള്ളത്.
6 നാമനിർദേശങ്ങളോടെ ടെയ്‌ലർ സ്വിഫ്റ്റ് രണ്ടാമതെത്തി. ലോസ് ഏഞ്ചൽസിലാണ് ഗ്രാമി പ്രഖ്യാപന ചടങ്ങുകൾ നടക്കുന്നത്. കാട്ടുതീയിൽ ദുരിതം അനുഭവിക്കുന്ന ജനതയെ സ്മരിച്ചു കൊണ്ടാണ് ഗ്രാമി പ്രഖ്യാപന ചടങ്ങുകൾ ആരംഭിച്ചത്. ഹാസ്യതാരവും എഴുത്തുകാരനും നടനും അവതാരകനുമായ ട്രെവർ നോവ ആണ് പ്രഖ്യാപനം നടത്തുന്നത്. 94 വിഭാഗങ്ങളിലേക്കാണ് മത്സരം നടന്നത്. പതിവുപോലെ സംഗീതവിജയങ്ങൾ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയല്ല ഈ വർഷത്തെ ഗ്രാമി.
ലോസ് ഏഞ്ചൽസിലെ കാട്ടുതീയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി പണം സ്വരൂപിക്കാനും ദുരിതത്തിൽ അകപ്പെട്ട സംഗീതകലാകാരന്മാർക്കു മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഒരുക്കാനും വേണ്ടിയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി റെക്കോർഡിങ് അക്കാദമി ഇതിനകം 3.2 മില്യൻ ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
by Midhun HP News | Feb 3, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത് ഇതോടെ സ്വർണവില സർവ്വകാല റെക്കോർഡിൽ നിന്നും താഴെയിറങ്ങി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 61,640 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2782 ഡോളറിലാണ്.
രൂപയുടെ വിനിമയ നിരക്ക് 87.17 രൂപയാണ്.കഴിഞ്ഞ ഒരാഴ്ചകൊണ്ട് 1,880 രൂപയാണ് സ്വർണത്തിനു വർദ്ധിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ ആയിരുന്നു ഇതുവരെ വ്യാപാരം. സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നുണ്ട്. സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 67000 രൂപയോളം നൽകേണ്ടി വരും. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,705 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6365 രൂപയാണ്. സ്വർണത്തിന്റെ വില കുറഞ്ഞെങ്കിലും വെള്ളിയുടെ വിലയിൽ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില കുത്തനെ ഉയർന്നിട്ടുണ്ട്. മൂന്ന് രൂപയുടെ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഇതോടെ വിപണി വില ഗ്രാമിന് 104 രൂപയായിട്ടുണ്ട്.
by Midhun HP News | Feb 3, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡോളറിനെതിരെ രൂപയ്ക്ക് വന്‍മൂല്യത്തകര്‍ച്ച. 54 പൈസയുടെ ഇടിവ് നേരിട്ടതോടെ രൂപ ആദ്യമായി 87 കടന്ന് താഴ്ചയില്‍ സര്‍വകാല റെക്കോര്‍ഡ് ഇട്ടു. ഡോളര്‍ ഒന്നിന് 87.16 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് വിനയായത്. അമേരിക്ക വിവിധ രാജ്യങ്ങള്‍ക്കുമേല്‍ താരിഫ് ഏര്‍പ്പെടുത്തി വരികയാണ്. ചൈന, കാനഡ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് അമേരിക്ക താരിഫ് ചുമത്തിയത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേലും താരിഫ് ചുമത്തുമോ എന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയെയും ബാധിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 700ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. സെന്‍സെക്‌സില്‍ 77000ല്‍ താഴെയാണ് വ്യാപാരം പുരോഗമിക്കുന്നത്. എണ്ണ, പ്രകൃതി വാതക, മെറ്റല്‍, ക്യാപിറ്റല്‍ ഗുഡ്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ലാര്‍സന്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം രേഖപ്പെടുത്തുന്നത്.
by Midhun HP News | Feb 3, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: മഹാരാഷ്ട്രയ്ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) പടരുന്നു. ജിബിഎസ് ബാധിച്ച് നാലു സംസ്ഥാനങ്ങളിലായി അഞ്ചുപേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ പൂനെയില്‍ രോഗം ബാധിച്ച് നാലുപേര്‍ മരിച്ചു. പൂനെയില്‍ രോഗം ബാധിച്ച 140 പേരില്‍ 18 പേര്‍ വെന്റിലേറ്ററിലാണ്.
പശ്ചിമ ബംഗാളിനെ നോര്‍ത്ത് 24 പര്‍ഗാനായില്‍ ചികിത്സയിലായിരുന്ന 17 കാരന്‍ മരിച്ചത് ജിബിഎസ് രോഗം മൂലമാണെന്നാണ് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്. രോഗം ബാധിച്ച ഏഴും എട്ടും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികള്‍ വെന്റിലേറ്ററിലാണ്. അസുഖബാധിതരായി എത്തിയ നിരവധി കുട്ടികളില്‍ ജിബിഎസ് ബാധയുണ്ടെന്ന് സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.
തെലങ്കാനയില്‍ സിദ്ദിപ്പേട്ട് സ്വദേശിനിയായ 25 വയസ്സുള്ള യുവതിക്കാണ് രോഗം കണ്ടെത്തിയത്. അസമില്‍ 17 വയസ്സുള്ള പെണ്‍കുട്ടിക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും ആദ്യ ജിബിഎസ് കേസുകളാണിത്. രോഗം പടര്‍ന്നു പിടിക്കുന്ന മഹാരാഷ്ട്രയിലെ പൂനെയില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കുടിവെള്ളം മലിനമാണെന്ന് കണ്ടെത്തി. ഇതും രോഗപ്പകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
മഹാരാഷ്ട്രയിലെ നാന്ദേഡ്ഗാവ്, സിംഹഗഡ് റോഡ്, നാന്ദേഡ് സിറ്റി, ഖഡക്വാസ്‌ല, ധയാരി എന്നിവിടങ്ങളിലെ ക്ലസ്റ്ററുകളിലാണ് ജിബിഎസ് കേസുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോള്‍, തേര്‍ഗാവ്, മുന്ധ്വ, മാവല്‍, ഖേഡ്, ചിഖാലി, പിംപിള്‍ ഗുരവ്, വാഗോളി, ധങ്കാവ്ഡി, തലേഗാവ്, ചക്കന്‍, പിംപ്രി, കൊത്രൂഡ്, റാവെറ്റ്, മോഷി എന്നിവിടങ്ങളിലും സംശയാസ്പദമായ കേസുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ മേഖലയില്‍ 127 കേസുകള്‍ ജിബിഎസ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Recent Comments